റമളാൻ ചിന്ത - 4

*സഹാനുഭൂതി*

                   *Dr.ജയഫർ അലി ആലിച്ചെത്ത്*


സഹാനുഭൂതിയുടെ ലളിതമായ ഒരു നിർവ്വചനം ബൈബിളിൽ  ഇങ്ങനെ വായിക്കാം, *"സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ, കരയുന്നവരോടുകൂടെ കരയുവിൻ... ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്ക് ഇറങ്ങുവിൻ". (റോമ - 12:15).* സഹജീവികളോട് അനുഭവജ്ഞാനത്തിലൂടെ സഹവസിക്കാനാവുക എന്നത് വല്ലാത്തൊരനുഭൂതി തന്നെ. അനുഗ്രഹങ്ങൾ എല്ലാം ഉണ്ടായിട്ടും അസംതൃപ്ത ജീവിതം നയിക്കുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അല്ല, നാം തന്നെ അതിലൊരംഗമല്ലെ ?.


ആഢംബര ജീവിതങ്ങൾ നൽകുന്ന ആത്മ സംതൃപ്തിയേക്കാൾ വലിയ ആനന്ദം സഹജീവികളുടെ വ്യഥകൾ കണ്ടറിഞ്ഞ് സമാധാനിപ്പിക്കാനായാൽ ലഭ്യമാകാറില്ലെ?. ചെറിയ പ്രവർത്തികളിൽ പോലും വല്ലാതെ നിർവൃതിയണയാൻ സാധിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങൾ. സഹായം ആവശ്യമായിട്ടും, നീട്ടി കിട്ടുന്ന കാരുണ്യഹസ്തങ്ങൾ മറ്റുള്ളവരെ ചൂണ്ടിക്കൊണ്ട് നടന്നകലുന്ന എത്രയൊ മഹാമനീഷികളെ നമുക്ക് ചുറ്റും കാണാനാവും!.

*മറ്റുള്ളവൻ്റെ വേദനയേക്കാൾ വലുതല്ല തൻ്റെ ദുരിതങ്ങൾ എന്ന് സ്വയം തീരുമാനിക്കുന്നവർ.* വിദ്യാർത്ഥി സഹോദരങ്ങൾക്കൊപ്പം കാളികാവിലെ ഹിമ കെയർ ഹോം അടുത്ത കാലത്ത് സന്ദർശിച്ചപ്പോൾ കാണാനായ ചില സന്തോഷ മുഖങ്ങൾ. കയ്യിലേക്ക് വെച്ച് നീട്ടിയ ചോക്ലേറ്റ് മിഠായികൾ കാത്തുവെക്കുന്നത് കൂടെയുള്ള കിടപ്പ് രോഗികൾക്ക് നൽകാൻ. പകുത്ത് നൽകുന്ന സന്തോഷങ്ങൾ, തൻ്റെ ഇഷ്ടങ്ങൾ സഹോദരൻ്റെ ഇഷ്ടങ്ങളാകും വരെ ഒരാൾ വിശ്വാസിയാകുന്നില്ല എന്ന പ്രവാചക വാക്യമൊക്കെ ഇതിനോട് ചേർത്ത് വായിക്കാം.


കൊൽക്കത്ത നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ പ്രയാസമനുഭവിക്കുന്ന ഒരു കുടുംബത്തെ കാണാനും, അവർക്കുള്ള ഭക്ഷണമെത്തിക്കാനും പുറപ്പെട്ടതായിരുന്നു മദർ തെരേസ. അവിടെയെത്തി അവരുടെ ദയനീയമായ ജീവിതത്തിൽ വിഷമം തോന്നിയ മദറിൻ്റെ കണ്ണിൽ നിഴൽ പടർത്തി കണ്ണുനീർ തളം കെട്ടി നിന്നു. കയ്യിലെ ഭക്ഷണപ്പൊതികൾ ഓരോരുത്തരുടെയും കൈകളിൽ വെച്ച് നൽകി. താൻ വെച്ച് നീട്ടിയ പൊതികളിൽ പകുതി എടുത്ത് വീടിന് പുറത്തിറങ്ങിയ കുടുംബനാഥനോട് മദർ എവിടെ പോകുന്നു എന്നന്വേഷിക്കുന്നു. തൻ്റെ കുടുംബത്തേക്കാൾ മുമ്പേ ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്ന തൊട്ടടുത്ത കുടിലിലേക്ക് തങ്ങളുടെ ഭക്ഷണപ്പൊതികൾ പകുത്തെടുത്ത് ഓടുകയാണയാൾ എന്നറിഞ്ഞപ്പോൾ, സഹജീവി സ്നേഹത്തിൻ്റെ ലോക മുഖമായ മദറിൻ്റെ ഹൃദയം പോലും വിങ്ങിപ്പൊട്ടി. സ്വന്തം മക്കൾ ദിനങ്ങളോളം പട്ടിണി കിടന്ന് കിട്ടിയ അൽപ്പം ഭക്ഷണത്തിൽ നിന്ന് സമാന ദുരിതം നേരിടുന്ന സഹോദരൻ്റെ കുടുംബത്തിലേക്ക് എത്തിക്കാൻ കാണിച്ച ആ വലിയ മനസ്സ്!, അതെന്താണോ അതാണ് സഹാനുഭൂതി.


അപരൻ്റെ പ്രയാസങ്ങളോട് അനുകമ്പ പുലർത്തുകയല്ല, പകരം തൻ്റെ പ്രയാസമാണെന്ന് കരുതി അതിന് പരിഹാരം എത്തിച്ചു നൽകുക എന്നതാണ് സഹജീവി സ്നേഹം. രോഗാവസ്ഥയിലുള്ളവരെ കാണാൻ പോയി വിഷമിച്ചിരിക്കലല്ല, പകരം കരം പിടിച്ച് അവരെ സമൂഹത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന ഗുണഫലങ്ങളും. വെള്ളമില്ലാത്ത കുന്നിൻ മുകളിലെ വീടുകളിലേക്ക് സ്വന്തം ചിലവിൽ വെള്ളം എത്തിച്ചു നൽകുന്ന മാതൃകാ പ്രവർത്തനങ്ങളൊക്കെയല്ലേ നമ്മിൽ ഉണ്ടാവേണ്ടത്. അതെ അങ്ങനെ അനുകമ്പയോടെയുള്ള സമീപനം മാറ്റി, സഹാനുഭൂതി പ്രകടമാക്കുക എന്ന ലളിതമായ തത്വം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കാനും, അവ ജീവിത ചിട്ടയായി നിലനിർത്താനുമാകട്ടെ എന്നാശംസിക്കുന്നു.


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR