റമളാൻ ചിന്ത - 22
Dr.ജയഫർ അലി ആലിച്ചെത്ത്
*അനുഗ്രഹങ്ങളും, പരീക്ഷണവും*
ദൈവത്തിൻ്റെ ഇഷ്ട സൃഷ്ടി എന്ന നിലയിൽ മനുഷ്യൻ എത്ര അനുഗ്രഹീതനാണ്. *പ്രപഞ്ചത്തിലെ എല്ലാതര സൗകര്യങ്ങൾക്കും മേൽ ആധിപത്യം ഉറപ്പിച്ച്, അവ ആവശ്യാനുസരണം ഉപയോഗിച്ച് സംതൃപ്തി അണയാൻ അവന് സാധിക്കുന്നു.* എന്നാൽ എല്ലാ അനുഗ്രഹങ്ങൾക്കു മീധേ വിരാചിക്കുമ്പോഴും അതിന് കാരണഭൂതരായവരോട് കടപ്പാട് പ്രകടിപ്പിക്കാൻ, തൻ്റെ സൃഷ്ടികർത്താവിനോട് നന്ദി കാണിക്കാൻ അവൻ മറന്നു പോകുന്നു.
ശാരീരിക, സാമ്പത്തിക, മാനസിക ഉല്ലാസങ്ങളിൽ അർമ്മാദിക്കുമ്പോൾ, അതിന് അവസരമേകിയ വസ്തുകളെ കാണാതിരിക്കുകയും. ലഭ്യമായ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കണമെന്നത് ഒന്നോർത്തെടുക്കാനോ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവം നൽകിയ അവസരത്തിന് സ്തുതിയർപ്പിക്കാനോ അവൻ മെനക്കെടാറില്ല. *അനുഗ്രഹങ്ങളിൽ ആനന്ദം കണ്ടെത്തുകയും, അവസരങ്ങളെ സ്വാർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നന്ദികേടിൻ്റെ പേരാണ് പലപ്പോഴും മനുഷ്യൻ.*
തൻ്റെ അടിയാറുകൾക്ക് അർഹിക്കുന്നതിലും മീതേ തൻ്റെ കാരുണ്യത്തിൻ ഖജനാവ് തുറന്നെടുക്കാൻ അവസരം നൽകിയിട്ട്, പ്രത്യുപകാരമായി ഒരു നന്ദി വാക്കെങ്കിലും തിരിച്ച് കിട്ടുമെന്ന ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അനുഗ്രഹങ്ങൾ എത്രയൊക്കെ വെച്ചുനീട്ടിയിട്ടും നന്ദികേട് മാത്രം ബാക്കിയാക്കുന്ന മനുഷ്യർക്ക് മേൽ മറ്റൊരു പരീക്ഷണം ദൈവം നടത്തുന്നു. തൻ്റെ സൗഭാഗ്യങ്ങളെല്ലാം എങ്ങിനെ ലഭ്യമായി എന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട മനുഷ്യന് മേൽ ചില അഗ്നി പരീക്ഷണങ്ങൾ നടപ്പിലാക്കാൻ ദൈവം തീരുമാനിക്കുന്നു.
*ജീവിതാസ്വാദന സൗഭാഗ്യങ്ങളിൽ നീന്തിത്തുടിക്കുമ്പോൾ കാണിക്കാൻ മറന്ന നന്ദിയുള്ള വാക്കുകൾ, ചെറിയ വേദനാജനകമായ ഒരു പരീക്ഷണത്തിൽ തളർന്ന് പോകുമ്പോൾ തിരിച്ചെടുക്കാൻ മനുഷ്യർക്ക് സാധിക്കുന്നു.* പിന്നെ പ്രാർത്ഥനകളും, ആരാധനകളുമായി ദൈവപ്രീതി തേടിയുള്ള അലച്ചിലാണ്. അനുഗ്രഹത്തിൻ്റെ അത്തിപ്പഴങ്ങൾ ആവശ്യത്തിലധികം നുണഞ്ഞിട്ടും നന്ദി കാണിക്കാതെ പോയ മനുഷ്യന്, ചെറിയൊരു പരീക്ഷണത്തിലൂടെ അവബോധം നൽകാൻ ദൈവത്തിനാവുന്നു. *തൻ്റെ കാരുണ്യ ഖജനാവ് മലർക്കെ തുറന്ന് സൃഷ്ടികളെ ആനന്ദിപ്പിക്കുമ്പോൾ കിട്ടാത്ത പരിഗണന അവന് പ്രതികൂലമായൊരവസ്ഥ നൽകിയപ്പോൾ കിട്ടുന്നെങ്കിൽ ദൈവം ഏത് തിരെഞ്ഞെടുക്കും?.* അനുഗ്രഹങ്ങൾക്ക് പകരം കഷ്ടതയുടെ അഗ്നിപരീക്ഷണങ്ങൾ വഴി നന്ദിയുള്ളവരാക്കിത്തീർക്കുന്നു.
ഒരിക്കൽ പട്ടണത്തിലെ തിരക്കുള്ള തെരുവിൽ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂര പുതുക്കി പണിയുകയായിരുന്ന ആശാരി, തൻ്റെ മുഴക്കോൽ നോക്കുമ്പോൾ എടുക്കാൻ മറന്നിരിക്കുന്നു. മറ്റു ഉപകരണങ്ങൾ എടുത്ത് മുകളിലേക്ക് കയറിയപ്പോൾ താഴെ സഞ്ചിക്കരികിൽ വെച്ചു എടുക്കാൻ വിട്ടതാണ്. താഴെ ഇറങ്ങി അതെടുക്കുന്നതിൻ്റെ പ്രയാസം ഒഴിവാക്കാൻ അദ്ദേഹം തെരുവിലൂടെ പോകുന്ന ആളുകളെ വിളിച്ചു നോക്കി. ദൃതിപിടിച്ചോടുന്ന ഒരാളുടെ ശ്രദ്ധയിൽ പോലും അദ്ദേഹത്തിൻ്റെ വിളി എത്തിയില്ല. അവസാനം നിവർത്തിയില്ലാതെ മറ്റൊരു തന്ത്രം പ്രയോഗിക്കുന്നു. തൻ്റെ പോക്കറ്റിലുണ്ടായിരുന്ന നാണയമെടുത്ത് താഴേക്കിട്ട് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്നു. എന്നാൽ നാണയം കിട്ടിയവർ ചുറ്റുപാടും നോക്കി നാണയം എടുത്ത് സ്ഥലം വിടുന്നു. അവസാനം നിവർത്തിയില്ലാതെ വഴിയിലൂടെ പോയ ഒരാളുടെ തലയിലേക്ക് ചെറിയ കഷ്ണം ഓടെടുത്ത് എറിയുന്നു. തലയിൽ കല്ല് വീണ വേദനയിൽ അയാൾ ആശാരിയെ ശ്രദ്ധിക്കുന്നു. അങ്ങനെ ആശാരിക്ക് ആവശ്യമായ മുഴക്കോൽ എടുത്ത് നൽകി.
*ഈ ഗുണപാഠ കഥയിലെ തെരുവ് നമ്മുടെ ജീവിത പ്രയാണവും, അതിലെ കാൽനടക്കാർ നാമുമാണ്. അനുഗ്രഹത്തിൻ്റെ നാണയ തുട്ടുകൾ കൈക്കലാക്കി എവിടെ നിന്ന് കിട്ടി എന്ന് ശ്രദ്ധക്കാതെ എടുത്തു സ്വന്തമാക്കുന്ന മനുഷ്യർ നമ്മിലെ പ്രതീകങ്ങളാണ്. ഒടുവിൽ ആശാരിയെപ്പോൽ ദൈവവും അവസാനത്തെ അടവ് കാണിക്കുന്നു. അൽപ്പം വേദനിക്കാനാവശ്യമായ ഓട്ടിൻ കഷ്ണങ്ങൾ തലയിൽ വീഴ്ത്തി കഷ്ടപ്പെടുത്തുമ്പോൾ തന്നിലേക്ക് നോക്കുന്ന അടിമയെ കണ്ട് സംതൃപ്തനാകുന്നു. അങ്ങനെ എല്ലാ നന്മകളിലും ശരിയുള്ള പോൽ വേദനകളിലും ചില ശരികൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സന്തോഷത്തിലും, ദു:ഖത്തിലും നമുക്കൊപ്പം നിൽക്കുന്നവരെ മറക്കാതിരിക്കാം. നന്ദിയോടെ ദൈവത്തെ ഓർക്കാം.*
ശുഭദിനം
അഭിപ്രായങ്ങള്‍