റമദാൻ ചിന്ത - 11
Dr.ജയഫർ അലി ആലിച്ചെത്ത്
*ശുഭാപ്തി വിശ്വാസം*
പ്രതിസന്ധികളിൽ പരാതിപ്പെടാൻ മാത്രം ശീലിച്ചവരിൽ നിന്ന് എന്ത് പരിഹാര നിർദ്ദേശങ്ങളാണ് നമുക്ക് പ്രതീക്ഷിക്കാനാവുക!
പ്രമുഖ അമേരിക്കൻ കമ്പനി ഫോർഡിൻ്റെ ചെയർമാനായ ഹെൻട്രി ഫോർഡിൻ്റെ ഒരു വചനം ഇങ്ങനെ വായിക്കാം, "തെറ്റുകണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പരിഹാരം കണ്ടെത്തുക". അല്ലാതെ
"തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് ഒരാൾ വിചാരിക്കുന്നതിലൂടെ" സ്വാമി വിവേകാനന്ദൻ പറഞ്ഞ ലോക പാപം പേറി നടക്കുകയല്ല വേണ്ടത്. "പരാജയം എന്നത് ഞാൻ അംഗീകരിക്കുന്നു എല്ലാവരും പലപ്പോഴായ് പരാജയപ്പെടാറുണ്ട്. എന്നാൽ വീണ്ടും പരിശ്രമിക്കാതെ ഇരിക്കുന്നതിനെ ഒരിക്കലും ഞാൻ അംഗീകരിക്കില്ല" ബാസ്കറ്റ്ബോളിൻ്റെ ദൈവം മൈക്കൽ ജോർഡൻറെ വാക്കുകൾ ഇത്തരം സമീപനങ്ങളിൽ നാം എന്ത് നിലപാടെടുകളെടുക്കണമെന്ന് ബോധ്യപ്പെടുത്തുന്നു.
*ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് എനിക്കതിനാവില്ല (Unless until you try you cannot say No) എന്ന് പറയുന്നതിൽ* എന്ത് യുക്തിയാണുള്ളത്?. പ്രവത്തിക്കാതിരുന്നിട്ട് അതിൻ്റെ ഭവിഷ്യത്ത് ഭയപ്പെടുന്നതിൽ എന്താണ് കാര്യം?. മാറണമെന്ന് ആഗ്രഹിച്ചിട്ടും മാറ്റത്തിനാവശ്യമായ ഒന്നും ചെയ്യാതിരിക്കുന്നതിനോളം വലിയ വിഡ്ഢിത്തം എന്താണുള്ളത്?. ഒരേ പ്രശ്നത്തിനെ പലതായി സമീപിക്കാനാവുമെന്നത് യാഥാർത്ഥ്യമാണല്ലോ?. എന്നാൽ അതിൻ്റെ നെഗറ്റീവ് വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, ചെയ്യാനാവുന്ന പരിഹാരമാർഗ്ഗങ്ങൾ മറന്ന് പോകുന്നു. ഇത്തരം നിരുത്സാഹപ്പെടുത്തലുകൾ ക്രിയാത്മക വശങ്ങളെ കാണാതാക്കുന്നു എന്ന് മാത്രമല്ല, അങ്ങനെ സമീപിക്കുന്നവരെപ്പോലും പിന്തിരിപ്പിക്കുന്നു.
ശുഭാപ്തി വിശ്വാസത്തെ വളർത്തിയെടുക്കുക എന്ന ലളിതമായ പ്രക്രിയ ജീവിതത്തിൻ്റെ നിലനിൽപ്പിനടിസ്ഥാനമാണെന്ന ബോധ്യം നമ്മിലുണ്ടാവണം. അതിന് ഇഡബ്ല്യു സ്റ്റീവൻസ് പറഞ്ഞപോലെ,
*"ശുഭാപ്തിവിശ്വാസം പുലർത്തുന്നതിനുള്ള ഏറ്റവും അനിവാര്യമായ വ്യവസ്ഥ നിങ്ങളിൽ സമ്പൂർണ്ണ ആത്മവിശ്വാസം പുലർത്തുക എന്നതാണ്."*
സേത്ത് ഗോഡിൻ്റെ വാക്കുകൾ കടമെടുത്താൽ,
*"ശുഭാപ്തിവിശ്വാസം ഏറ്റവും പ്രധാനപ്പെട്ട മനുഷ്യ സ്വഭാവമാണ്, കാരണം ഇത് നമ്മുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ഒരു നാളെയെ പ്രതീക്ഷിക്കുന്നതിനും അനുവദിക്കുന്നുണ്ട്".*
യുദ്ധത്തിനിടക്ക് കണ്ണിന് പരിക്ക് പറ്റി കാഴ്ചശക്തി നഷ്ടപ്പെട്ട രാജാവ് ദർബാർ ഹാളിലെ മുൻഗാമികളുടെ ചിത്രങ്ങൾ നോക്കി നിൽക്കുകയായിരുന്നു. എന്ത് കൊണ്ട് തൻ്റെ ഒരു ഫോട്ടോകൂടി ഇത് പോലെ വെച്ച് കൂടാ എന്ന വല്ലാത്ത ആഗ്രഹം അദ്ദേഹത്തിനുണ്ടായി. രാജ്യത്തെ ചിത്രകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു, കൂലങ്കശ ചർച്ചകൾ രൂപപ്പെട്ടു. എന്നാൽ രാജാവിൻ്റെ ഒറ്റക്കണ്ണുള്ള ചിത്രം അദ്ദേഹത്തിനെ ദേശ്യപ്പെടുത്തുമോ എന്ന് ഭയന്ന് ആരും ആ ഉദ്യമം ഏറ്റെടുത്തില്ല. മന്ത്രിമാർ നിരാശയിലായി, പരിഹാരമാർഗ്ഗം തേടിയവർ നെട്ടോട്ടമോടി. അപ്പോഴാണ് അപരിചിതനായ ഒരാൾ കടന്ന് വന്നത്. രാജാവിൻ്റെ ആഗ്രഹം താൻ പൂർത്തീകരിക്കാമെന്നേറ്റത്. കൊട്ടാരത്തിലെ മറ്റ് ചിത്രകാരന്മാർ വരച്ചാലുണ്ടാവുന്ന ഭവിഷ്യത്തുക്കൾ പറഞ്ഞു കൊണ്ടേയിരുന്നു. ഒന്നും ശ്രദ്ധിക്കാതെ നിന്നയാൾ തൻ്റെ ജോലി തുടർന്നു. ദിവസങ്ങൾ കഴിഞ്ഞു, ചിത്രം പൂർത്തിയാക്കിയ വാർത്ത ആഘോഷത്തിമിർപ്പോടെയാണ് രാജ്യം ഏറ്റെടുത്തത്". പണി പൂർത്തിയാക്കിയ ചിത്രപ്രദർശനം ദർശിക്കാൻ ഉന്നത ഉദ്യേഗസ്ഥർക്കൊപ്പം രാജാവെത്തി.കൂടെയുള്ളവരെല്ലാം ചിത്രകാരൻ്റെ ഭാവിയോർത്ത് സങ്കടപ്പെട്ടുകൊണ്ടിരുന്നു. അവസാനം ചിത്രം അനാഛാദനം നടത്തിയ രാജാവ് സൂക്ഷിച്ചു നോക്കി. പരിക്ക് പറ്റിയ കണ്ണ് അടച്ച് പിടിച്ച്, മറ്റേ കണ്ണുകൊണ്ട് ഉന്നം പിടിച്ച് അമ്പെയ്യുന്ന മനാേഹരമായ ചിത്രം. ധാരാളം പാരിതോഷികങ്ങൾ നൽകി, തൻ്റെ ആസ്ഥാന ചിത്രകാരനെന്നപദവി നൽകിയാണ് രജാവ് ആ കലാകാരനെ യാത്രയാക്കിയത്.
ചിത്രകാരൻ്റെ രണ്ട് ഗുണങ്ങളാണ് വിജയത്തിലേക്ക് നയിച്ചത് എന്ന് പറയാം. *ഒരു പ്രശ്നം മുന്നിൽ വന്നപ്പോൾ അത് ഏറ്റെടുക്കാം എന്ന ശുഭാപ്തി വിശ്വാസം, അതുപോലെ മറ്റുള്ളവരെല്ലാം പ്രവർത്തിക്കും മുമ്പേ ശിക്ഷ ഭയന്ന് പിന്മാറിയപ്പോൾ, പ്രവർത്തിയുണ്ടെങ്കിലെ വിജയിക്കാനവസരമൊരുങ്ങൂ എന്ന വിശ്വാസവും.* നമ്മിൽ നാം വളർത്തുന്ന ധാരണകളാണ് നമ്മുടെ വിജയ -പരാജയങ്ങൾ നിർണ്ണയിക്കുന്നത്. ബിൽ മേയർ പറഞ്ഞ പോലെ, *"എല്ലാ ചിന്തകളും ഒരു വിത്താണ്. നിങ്ങൾ ചീഞ്ഞ വിത്തുകൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ, രുചികരമായ ആപ്പിൾ കഴിക്കാമെന്ന് പ്രതീക്ഷിക്കരുത്".* നല്ലതിനെ നടുകയെങ്കിൽ നല്ല വിളകൊയ്യാനാകും. "നേട്ടത്തിന് ശുഭാപ്തിവിശ്വാസം അനിവാര്യമാണ്, അത് ധൈര്യത്തിന്റെയും യഥാർത്ഥ പുരോഗതിയുടെയും അടിസ്ഥാനം കൂടിയാണെന്ന് (നിക്കോളാസ് എം. ബട്‌ലർ) ഓർമിപ്പിക്കട്ടെ.
ശുഭദിനം
അഭിപ്രായങ്ങള്‍