റമളാൻ ചിന്ത - 26



Dr.ജയഫർ അലി ആലിച്ചെത്ത്


*അസൂയ*


ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ പരാജയം അയാൾ മറ്റൊരാളോടു വെച്ചു പുലർത്തുന്ന അസൂയയാണെന്ന് പറയാം. *തൻ്റെ നിലപാടുകളെ, വ്യക്തിത്വത്തെ വികൃതമാക്കുന്ന ഈ ദൂശ്യത്തെ പലപ്പോഴും മറികടക്കാൻ ഒരു ശരാശരി മനുഷ്യർക്കാവാറില്ല എന്നതാണ് യാഥാർത്ഥ്യം.* താൻ ഏറെ ഇഷ്ടപ്പെടുന്നവരോട് പോലും ശത്രുത പുലർത്തുന്നതിന് അസൂയ ഒരു കാരണമായേക്കാം. *ഒരാൾ മറ്റൊരാളോട് വെച്ചു പുലർത്തുന്ന അസൂയ വാസ്തവത്തിൽ അയാൾ സ്വന്തത്തിനോട് പുലർത്തുന്ന നീതികേടാണെന്ന് മനസ്സിലാക്കാം.* അപരനോട് അസൂയ വെച്ചു പുലർത്തി സ്വന്തത്തെ ദുശിപ്പിക്കുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് ചിന്തിക്കാവുന്നതാണ്. *സ്വന്തം മനസ്സിൻ്റെ കുടിലത വെച്ച് വളർത്തുന്ന ഈ ദുർഗുണത്തിന് അപരനെയല്ല തളർത്താനാവുന്നത്, പകരം എവിടെയാണോ അത് ഉടലെടുക്കുന്നത് അവിടെ തന്നെ ദുർഗന്ധം വമിപ്പിക്കാനെ സാധിക്കൂ...*


സൂഫി ചിന്തകളിലെ കഴുകന്മാരുടെ കഥ വലിയ ഗുണപാഠമാണ് അസൂയ എന്ന മാറാരോഗത്തിൻ്റെ അനന്തര ഫലം മനസ്സിലാക്കുന്നതിന്. കഥയുടെ സാരം ഇങ്ങനെയാണ്, വളരെ സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന രണ്ട് കഴുകന്മാർ വളർന്നു വലുതാവുന്നതിനനുസരിച്ച് ഒരാൾ മറ്റൊരാളേക്കാൾ ചിറകിന് ഭംഗിയും, കൂടുതൽ ഉയരത്തിൽ പറക്കാനുള്ള പ്രാപ്തിയും കൈവരിക്കുന്നു. തനിക്കൊപ്പം വളർന്നു വലുതായ കൂട്ടുകാരൻ ആർജ്ജിച്ച പ്രത്യേക കഴിവിൽ അസൂയ പൂണ്ട കുള്ളൻ കഴുകൻ സുഹൃത്തിൻ്റെ അവസാനം കാണാൻ ഗ്രാമത്തിലുള്ള വേടനെ തേടി യാത്ര പുറപ്പെട്ടു. അവസാനം കുള്ളൻ കഴുകൻ്റെ അഭ്യർത്ഥന കേട്ട വേടൻ തൻ്റെ സജ്ജീകരണങ്ങളുമായി കാട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ പല തവണ ശ്രമിച്ചിട്ടും ഉയരത്തിൽ പറക്കുന്ന കഴുകനെ അപകടപ്പെടുത്താൻ പോയിട്ട്, അടുത്തേക്ക് പോലും അമ്പെത്തിക്കാൻ വേടന് സാധിക്കുന്നില്ല.


പലവുരു ശ്രമിച്ചിട്ടും ലക്ഷ്യം കാണാനാവാതെ പരാജയപ്പെട്ട വേടൻ കുള്ളൻ കഴുകനോട് അമ്പ്  ഉയരത്തിൽ പറക്കാൻ അൽപ്പം തൂവൽ വേണമെന്നറിയിക്കുന്നു. അങ്ങനെ സുഹൃത്തിനെ ഇല്ലാതെയാക്കാൻ തൻ്റെ ചിറകുകളിൽ നിന്ന് അസഹ്യമായ വേദന സഹിച്ച് തൂവൽ കൊത്തിയെടുത്ത് വേടന് നൽകുകയാണ് കുള്ളൻ. പക്ഷെ ഓരോ ഘട്ടത്തിലും നിരാശയോടെ മടങ്ങിവന്ന വേടൻ കൂടുതൽ തൂവലുകൾ കഴുകനിൽ നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ദിവസങ്ങളോളം വേടനൊപ്പം സുഹൃത്തായ കഴുകന് അപകടം വരുത്താൻ ആഗ്രഹിച്ചു കൊണ്ട് ഇരപിടിക്കാൻ മറന്ന്, തൻ്റെ നിലനിൽപ്പിൻ്റെ അനിവാര്യമായ തൂവലുകൾ പൊഴിച്ചെടുത്ത് വേടനെ സഹായിച്ചു കൊണ്ടിരുന്ന കുള്ളൻ കഴുകൻ ക്രമേണ ക്ഷീണിക്കുന്നു. ഈ സമയമത്രയും തനിക്ക് ചുറ്റും സംഭവിക്കുന്ന അപകടങ്ങൾ അറിയാതെ ഉയരത്തിൽ പറന്നുല്ലസിച്ച്, ആവശ്യമുള്ളപ്പോഴെല്ലാം ചെറുജീവികളെ വേട്ടയാടി ഭക്ഷിച്ച് സാധാരണ ജീവിതം നയിക്കുകയായിരുന്നു ഭംഗിയുള്ള കഴുകൻ.


ഒടുവിൽ തൻ്റെ ദിനങ്ങളോളം ഉള്ള പരിശ്രമം ലക്ഷ്യത്തിലെത്തിക്കാനാവാതെ ദേഷ്യത്തിലായ വേടൻ, തൂവലുകൾ പൊഴിച്ച് നൽകി പറക്കാനോ, വേട്ടയാടാനോ സാധിക്കാതെ അവശതയിലായ കുള്ളൻ കഴുകനെ പിടിച്ചു കൊന്ന് ഗ്രാമത്തിലേക്ക് തിരിച്ചു പോകുന്നതോടെ കഥ പര്യവസാനിക്കുന്നു.


ഗഹനമായ ചിന്തകൂടാതെ തന്നെ ലളിതമായി മനസ്സിലാക്കാവുന്ന ഈ കഥ നമുക്ക് നൽകുന്ന പാഠങ്ങൾ എന്താെക്കെയാണ്?. *തൻ്റെ വളർച്ചയിൽ അക്കാലമത്രയും നിഴലായി നിന്നിരുന്ന ആത്മമിത്രത്തെ അപായപ്പെടുത്താൻ മാത്രം അസൂയ ഒരാളെ പ്രാപ്തനാക്കുന്നു. സ്വന്തം സുഹൃത്തിനെ ഇല്ലാതെയാക്കാൻ പൊതു ശത്രുവിനെ ഉപയോഗപ്പെടുത്തി സ്വയം അപകടം വരുത്തുന്നു കുള്ളൻ കഴുകൻ. തനിക്ക് ഒരു അപകടവും വരുത്താത്ത സുഹൃത്തിൻ്റെ കഴിവിൽ അസൂയപ്പെട്ട് സ്വന്തം കഴിവുകൾ നഷ്ടപ്പെടുത്തുന്നു. ഭംഗിയുള്ള കഴുകനോട് ശത്രുത കാരണം തൻ്റെ സമാധാനം നഷ്ടപ്പെടുത്തി, അവസാനം താൻ കുഴിച്ച കുഴിയിൽ തന്നെ വീണവസാനിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും, ഭംഗിയുള്ള കഴുകന് എന്തെങ്കിലും തരത്തിൽ പ്രയാസം സൃഷ്ടിക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചോ?. അസൂയപ്പെടുന്നയാളുടെ ചിന്തകളും, പ്രവർത്തനങ്ങളും  അയാളെ തന്നെയാണ് ദുശിപ്പിക്കുന്നത്. അത് സ്വയം നാശത്തിലേക്കുള്ള കുഴിമാടം കുഴിച്ചു വെക്കലാണെന്ന് ഓർമ്മിക്കുന്നത് നന്ന്.*


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR