റമളാൻ ചിന്ത - 14



Dr. ജയഫർ അലി ആലിച്ചെത്ത്


*തേടുന്ന ജീവിതം*


എത്രയോ വൈവിദ്ധ്യമാർന്നതാണ് നാം ജീവിക്കുന്ന പരിസരം. പ്രകൃതി ഒരുക്കുന്ന വ്യത്യാസങ്ങൾ, ചുറ്റുമുള്ള പലതരം ജീവജാലങ്ങൾ, മനസ്സിലാക്കാൻ അത്ര എളുപ്പം സാധിക്കാത്ത ധാരാളം ജീവിതങ്ങൾ. ചിലപ്പോൾ പോസിറ്റീവ് സൂക്ഷിക്കുന്നവർ മറ്റു ചിലപ്പോൾ ചിന്താ പ്രതിസന്ധികളുടെ നിലാ കയത്തിൽ മുങ്ങി ക്ഷീണിക്കുന്നവർ. ചിലരാണെങ്കിലോ പ്രാരാബ്ധ ജീവിതത്തിൻ്റെ തീചൂളയിൽ ഉരുകുമ്പോഴും മനസ്സിൽ സന്തോഷം കണ്ടെത്താൻ പ്രാപ്തിയുള്ളവർ, സമൃദ്ധമെന്ന് പുറംമോടി കാണിക്കുമ്പോഴും ഉള്ളകം പുകഞ്ഞ് പൊള്ളുന്നവർ. അങ്ങനെയങ്ങനെ എത്രയോ വ്യത്യസ്ഥ കാഴച്ചകളും, കാഴ്ച്ചപ്പാടുകളും!


ഇത്രയധികം വൈവിദ്ധ്യങ്ങൾ തീർക്കാൻ പ്രാപ്തിയുള്ള ഈ ചുറ്റുപാടിൽ ജീവിക്കുന്ന മനുഷ്യരുടെ വൈരുദ്ധ്യ ജീവിതം രൂപപ്പെടുത്തുന്നത് അവനവൻ തന്നെയല്ലേ?. തന്നിലെ കഴിവുകൾ കണ്ടെത്താനും, ഉചിതമായ സാഹചര്യത്തിൽ അവ പ്രയോഗവത്കരിച്ച് ആത്യന്തിക വിജയം കരസ്ഥമാക്കാനും പലപ്പോഴും സാധിക്കാതെ പോകുന്നു. *ഏത് ജയ-പരാജയങ്ങളുടെ അടിസ്ഥാന കാരണം സ്വന്തത്തെ വിശ്വാസത്തിലെടുക്കുക എന്നതാണ്. തന്നിൽ അന്തർലീനമായ പ്രാപ്തികൾ ഓരോന്നും ചികഞ്ഞെടുത്ത് ഒരു പെർഫെക്ട് മാൻ ജീവിതം കണ്ടെത്താനാവുക എന്നതല്ലെ വിജയം?. എന്നാൽ, ബഹുഭൂരിപക്ഷം വ്യക്തികളും *ഏതോ ഒരിടത്ത് സൂക്ഷിക്കപ്പെട്ടതോ, ആരൊക്കെയോ കണ്ടെത്തി കൊണ്ടുവന്ന് കയ്യിൽ വെച്ച് തരുന്നതോ ആണ് ജീവിതവിജയം എന്ന ധാരണക്കാരാണ്.* അതിനാൽ തനിക്കൊന്നും ചെയ്യാനില്ല, താൻ നിസ്സഹായനാണ്, തനിക്കായി ഒരുക്കി വെച്ചിട്ടുള്ള വിജയമെന്ന ലക്ഷ്യം ഒരിക്കൽ എത്തുമെന്ന് സ്വപ്നം കണ്ട് ജീവിതം തള്ളിനീക്കുന്നു. തൻ്റെ നിത്യജീവിതത്തിൽ ദർശിക്കുന്ന കാര്യങ്ങൾ തന്നെയാണ് തൻ്റെ ഭാവി നിശ്ചയിക്കാനുതകുന്ന പണിയായുധങ്ങൾ എന്നറിയാതെ, നിധിയെറിഞ്ഞ് തുലച്ച ദൗർഭാഗ്യവാനെപ്പോലെ പരിതപിക്കാനെ നമുക്ക് നേരമൊള്ളൂ...


ശക്തമായ പ്രകൃതി ക്ഷോഭത്താൽ വരുമാനം നിലച്ച്, ദാരിദ്രത്തിലും, പ്രയാസത്തിലുമായ ഒരാൾ തൻ്റെ കുടുംബത്തെ തനിച്ചാക്കി വീട് വിട്ടിറങ്ങി. തൻ്റെ പ്രയാസങ്ങൾ മറികടക്കാനുള്ള നിധി കണ്ടെത്താൻ വേണ്ടി. പല യോഗീ - സൂഫി ഗുരുക്കൻമാരുടെ അഭിപ്രായം തേടുകയും, "നിധി നിങ്ങളിൽ തന്നെയുണ്ടെന്ന" മറുപടികളും ലഭിച്ചു. എങ്കിലും അത് ദൂരെ എവിടെയാേ താൻ തേടിചെല്ലാൻ കാത്തു വെച്ചിരിക്കുന്നെന്ന മിഥ്യാ ധാരണയിൽ കാതങ്ങൾ താണ്ടി ഒരു ദേശാടനക്കിളിയെപ്പോൽ തൻ്റെ യാത്ര തുടർന്നു. വീട് വിട്ടിറങ്ങുമ്പോൾ തൻ്റെ പിതാവ് സൂക്ഷിച്ചിരുന്ന ചെറിയ കല്ലുകൾ നിറച്ച ഒരു കിഴി മാത്രമാണ് അയാൾ എടുത്തിരുന്നത്. ജീവിതവിജയത്തിനുള്ള നിധി കണ്ടെത്താനാകാതെ വിഷണ്ണനായി ഒരു ഭ്രാന്തനെപ്പോലെ അയാൾ കാതങ്ങൾ താണ്ടി, കാലം കഴിച്ചു. പിന്നെപ്പിന്നെ ആത്മനിയന്ത്രണം നഷsപ്പെട്ട ഒരു ഭ്രാന്തനെപ്പോലെ പെരുമാറാൻ തുടങ്ങി. അവസാനം വിശന്നൊട്ടിയ വയറുമായി അടുത്തു കണ്ട പുഴക്കരയിൽ തളർന്നിരുന്നു. നിരാശയും, സങ്കടവും നിറഞ്ഞ ആ നിമിഷത്തിൽ കയ്യിലെ സഞ്ചിയിൽ ഉണ്ടായിരുന്ന കല്ലുകൾ എടുത്ത് ശക്തമായി ഒഴുകുന്ന വെള്ളത്തിലേക്കെറിയാൻ തുടങ്ങി. നീണ്ട നേരത്തെ കുത്തിയിരുപ്പ് മടുത്ത അയാൾ എണീറ്റപ്പോൾ താഴെ വീണ ഒരു കല്ലിൻ്റെ തിളക്കം ശ്രദ്ധിക്കുന്നു. വില പിടിപ്പുള്ള രത്ന കല്ലുകളായിരുന്നു അതെന്ന് മനസ്സിലാക്കാതെ, അല്ലെങ്കിൽ തിരിച്ചറിയാതെ വർഷങ്ങളായി വെറും കല്ലു കഷ്ണങ്ങളായി കരുതിയ നിധി കണ്ടെത്താനാവാതെ നശിപ്പിച്ചതിൻ്റെ ഭാരം താങ്ങാനാവാതെ അയാൾ ഹൃദയം പൊട്ടി മരിക്കുന്നു.


വലിയ *പളുങ്കുപാത്രങ്ങളിൽ പൊതിഞ്ഞുവെക്കുന്ന സൗന്ദര്യവസ്തുവല്ല ജീവിത വിജയത്തിൻ്റെ ടൂളുകൾ. അവ നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായി, പലപ്പോഴും കല്ലാണെന്ന് കരുതി നിസ്സാരമാക്കിയ പോൽ ശ്രദ്ധിക്കാതെ കളയുന്ന കാര്യങ്ങൾ തന്നെയാണ്. അത് സമയമാകാം, ആരോഗ്യമാകാം, സമ്പാദ്യമാകാം, സന്തോഷമാകാം, സമ്പുഷ്ടിയാകാം. അതിൽ അനുയോജ്യമായത് കൃത്യ സമയത്ത് പ്രയോഗിക്കാനാകുന്നു എങ്കിൽ അതു തന്നെയാണ് നമ്മുടെ വിജയത്തെ നിർണ്ണയിക്കുന്നത്‌. *വിജയിക്കാനുളള മന്ത്രം തത്വ പാഠശാലകളിൽ നിന്നല്ല, അനുഭവ വഴിയിൽ നിന്നാണ് കണ്ടെടുക്കേണ്ടത്.*


ശുഭ ദിനം...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi