റമളാൻ ചിന്ത - 9



Dr.ജയഫർ അലി ആലിച്ചെത്ത്



*വിനയം*




ഭൂമിയുടെ മേൽ മനുഷ്യർക്കുള്ള നിയന്ത്രണാധികാരം അവിതർക്കമാണല്ലോ?. വെട്ടി പിടിച്ചും, വെട്ടി തെളിച്ചും തൻ്റേതാണെല്ലാം എന്ന മൗഢ്യ ധാരണയിൽ അവൻ ജീവിച്ചു കൊണ്ടിരിക്കുന്നു. സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി ഏത് നീച വഴിതേടാനും മടിയില്ലാതായിരിക്കുന്നു മനുഷ്യർക്കിപ്പോൾ. ജീവിതത്തിൽ എന്തെല്ലാമോ ആണെന്ന് നടിക്കാൻ ചെയ്തു കൂട്ടുന്ന പാരാക്രമങ്ങൾ!


*ഒന്നിനും കൊള്ളാത്ത മണ്ണിലലിഞ്ഞളിയേണ്ട ഒരു പിടി മാംസപിണ്ഡവും, എല്ലിൻ കഷ്ണങ്ങളുമാണെന്ന ബോധ്യം ഒട്ടുമില്ല.* 


എങ്ങിനെ ലാഭം കൊഴിയാം എന്ന ചോദ്യവും, അതിനുത്തരമായി ചെയ്തു കൂട്ടുന്ന അധാർമ്മിക ചെയ്തികളും. വല്ലാതെ വീർപ്പുമുട്ടുന്ന പരിസരങ്ങളും, ചുറ്റുപാടുകളും വളർന്നു വരുന്നു.


 മറ്റുള്ളവരെ ബഹുമാനിക്കാനും, അംഗീകരിക്കാനും വല്ലാത്ത മടിയാണ്. വാശികൾക്കതീതമായി, വിട്ടുവീഴ്ചകൾ ഉണ്ടാകുന്നില്ല എന്ന യഥാർത്ഥ്യം. തൻ കോയ്മയിൽ നഷ്ടമാകുന്നത് അനല്പമായ ജീവിതസന്തോഷങ്ങളല്ലെ?. 


*ചേർത്ത് നിർത്താൻ, സമാശ്വസിപ്പിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്?. ജീവനുള്ളപ്പോൾ അണച്ചു പിടിക്കാൻ സാധിക്കുന്നതാണ് മനുഷ്യ നന്മ. അല്ലാതെ മടുപ്പുളവാക്കുന്ന വെറുപ്പിൻ നോട്ടങ്ങളിലല്ല.*


കൊട്ടാരത്തിൽ സഹായം തേടി വന്ന വൃദ്ധനെ ബഹുമാനത്തോടെ ശിരസ്സ് നമിച്ച് സ്വീകരിച്ച രാജാവിനോട് മന്ത്രി ചോദിച്ചു. "മഹാരാജൻ, ഒരു സാധാരണ പ്രജക്ക് മുന്നിൽ ഇങ്ങനെ തല താഴ്ത്തി വണങ്ങി നിൽക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല." രാജാവ് മന്ത്രിയെ നോക്കി പുഞ്ചിരിച്ച് അകത്തേക്ക് പോയി.


അടുത്ത ദിവസം രാവിലെ മന്ത്രി രാജസദസ്സിൽ എത്തിച്ചേർന്നപ്പോൾ, മൂന്ന് തളികകൾ പട്ടിനാൽ മൂടി വെച്ചത് ശ്രദ്ധയിൽപ്പെട്ടു. മന്ത്രി എത്തിയതറിഞ്ഞ രാജാവ് അദ്ദേഹത്തെ കണ്ട് ഈ വസ്തുക്കൾ ചന്തയിൽ കൊണ്ട് പോയി നേരിട്ട് വിൽപ്പന നടത്തി വരാനാവശ്യപ്പെട്ടു. തളികകളിൽ എന്താണെന്ന് പരിശോധിച്ച മന്ത്രി ഞെട്ടി. ഒരു ആട്ടിൻ തലയും, മീൻ തലയും, മനുഷ്യ തലയുമായിരുന്നവ. ഭൃത്യരെ വിളിച്ച് മന്ത്രി രാജകൽപ്പന പാലിക്കാൻ വേഷം മാറി ചന്തയിലെത്തി. കുറഞ്ഞ സമയം കൊണ്ട് തന്നെ മനുഷ്യ തലയല്ലാത്ത രണ്ടും വിറ്റൊഴിഞ്ഞു. മണിക്കൂറുകൾ കാത്തിരിന്നിട്ടും ഒരാൾ പോലും മനുഷ്യ തല ആവശ്യപ്പെട്ട് വന്നില്ല എന്ന് മാത്രമല്ല, അത് വിൽപ്പനക്ക് വെച്ച മന്ത്രിയെ വെറുപ്പോടെ നോക്കാനും തുടങ്ങി. 


നിരാശയോടെ കൊട്ടാരത്തിലെത്തിയ മന്ത്രിയോട് രാജാവ് പുഞ്ചിരിച്ചു പറഞ്ഞു. "മന്ത്രീ, അങ്ങേക്ക് തെറ്റ് ബോധ്യപ്പെട്ടിരിക്കും എന്ന് നാം പ്രതീക്ഷിക്കുന്നു.  *ജീവനില്ലാതായാൽ മൂല്യം നഷ്ടപ്പെടുന്ന ഒന്നാണ് ഈ കഴുത്തിന് മുകളിലെ തല.  ഗർവ്വ് കാണിക്കുന്ന തലകൾ ജീവിച്ചിരിക്കുമ്പോൾ തന്നെ  മരണപ്പെട്ടിരിക്കുന്നു. ജീവൻ വെടിഞ്ഞ തലയോട് അറപ്പും, വെറുപ്പും, ഭയമുമാണ് മനുഷ്യർക്ക്. ശിരസ്സുകൾക്ക് വിലയുണ്ടാവുന്നത് അത് ജീവനുള്ളപ്പോൾ കാണിക്കുന്ന വിനയത്തിനും, സ്നേഹത്തിനുമാണ്. വിനയമില്ലാത്ത ശിരസ്സുകൾ ജഡങ്ങളിൽ നിന്നറുത്തെടുത്ത തലകൾ പോലെയാണ്. അതിനാൽ ജീവനുള്ളപ്പോൾ വിനയം കാണിക്കുക, പുഞ്ചിരിയുതിർക്കുക."*


സ്ഥാനമാനങ്ങൾ എത്ര വലുതാണെങ്കിലും, വിനയാന്വിതനാവുക. വിനയം സൂക്ഷിക്കുന്ന ശിരസ്സുകളെ മൂല്യമുള്ളതാകൂ. അതിനാൽ അപരന്ന് ആനന്ദം നൽകാനാകുന്ന മൂല്യവത്തായ ഒരു തലയാവട്ടെ നമ്മുടെ തലകൾ.അഹങ്കാരം കൊണ്ട് ആരിലും അവമതിപ്പുണ്ടാക്കാതിരിക്കാൻ സൂക്ഷിക്കുക.


ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi