റമളാൻ ചിന്ത - 13
https://www.evernote.com/shard/s436/sh/3a0a7b14-51bf-c31f-4528-d76757c3b8fb/dbfe53e097102000945d809f606a0ef3
" ആളുകൾ എല്ലാത്തിനും പരസ്പരം പണം നൽകാൻ തുടങ്ങിയാൽ, ലോകം മുഴുവൻ ഒരു കടയായി മാറും," ആൽബെർട്ട ലിഖനോവയുടെ കഥാനായികയുടെ ഒരു ഡയയോഗ്. യുദ്ധമുഖത്ത് പരിക്കേറ്റു വീണ സൈനികരെ പരിചരിക്കുന്നതിനിടയിൽ ചുറ്റുപാടുകളിൽ നില നൽക്കുന്ന സ്വാർത്ഥ താൽപര്യങ്ങളോട് കലഹിക്കുകയാണവർ. ചെയ്യുന്ന നന്മക്ക് കണക്ക് പറഞ്ഞ് പ്രതിഫലം ലഭിക്കണം എന്ന ചിന്ത വളർന്ന് വരുന്നത് എങ്ങിനെ ഗുണകരമാകും ഒരു സമൂഹത്തിന്. ലാഭമുണ്ടെങ്കിൽ മാത്രം സഹോദര സ്നേഹം കാണിക്കുന്ന ലാഭക്കൊതി ഈ ചെറു ജീവിതത്തിന് എന്ത് നേട്ടമേകും?. കടപ്പാടുകളും, നിബന്ധനയില്ലാ സഹകരണങ്ങളല്ലെ ലോകത്തിൻ്റെ സൗന്ദര്യവും, മനുഷ്യൻ്റെ നന്മയും. അവക്ക് കണക്കുകളുടെ ചങ്ങലക്കെട്ട് വരുത്തി ലാഭം കണക്കാക്കുന്നെങ്കിൽ പിന്നെ എന്ത് മനുഷ്യത്വം!
ലോകത്ത് എല്ലാം നേടിയെടുക്കാനും, അതിൽ അഭിമാനം നടിക്കാനുമാണ് നമ്മിൽ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കച്ചവട താൽപര്യത്തിന് എന്ത് മൂല്യമാണ് ഉള്ളത്?. എത്ര തന്നെ സമ്പാദിക്കാനായാലും അത് ഉപയോഗിക്കാൻ നമുക്കാവണമെന്നില്ലല്ലോ?. അതിനാൽ നന്മകൾ മന:സംതൃപ്തിതിക്കായി ചെയ്യാം. ഉണക്കയില കൊഴിയാനിരിക്കും കണക്കെയുള്ള ഈ ജീവിതം നശ്വരവും, ഹ്രസ്വവുമാണെന്ന യഥാർത്ഥ്യം മറക്കരുതല്ലോ?. ഈ ചുരുങ്ങിയ കാലത്ത് നമ്മിലെ നന്മകൾ വളർത്തിയെടുക്കേണ്ടതുണ്ട്. ആർദ്രമായൊരു നോട്ടമോ, സ്നേഹത്തോടെയുള്ള നമ്മുടെ സംസാരമോ മതി ദുരിതക്കയത്തിൽ നിന്നൊരാൾക്ക് ഉയർന്ന് വരാൻ. അതിനാൽ കരുണ വറ്റാത്ത ലോകത്തിന്, കച്ചവടക്കണ്ണില്ലാത്ത സേവനം മതിയാകും. എല്ലാം തികഞ്ഞിട്ട് ഞാൻ സേവനപാദയിലിറങ്ങും; അന്ന് എനിക്ക് പര നന്മകൊണ്ട് സന്തോഷം കണ്ടെത്താം എന്ന് വിചാരിക്കരുത്. അങ്ങനെയായാൽ സമ്പാദിച്ചത് ആസ്വദിക്കാൻ ഭാഗ്യം കിട്ടാത്ത ധനികനായ പിശുക്കൻ്റെ ജീവിതം പോലെയാവും!
പിശുക്കു കൊണ്ട് സമ്പാദ്യങ്ങൾ കൂട്ടി വെച്ച് ആനന്ദം കണ്ടെത്തിയ ഒരു ധനികൻ. കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പാദ്യം കുന്നുകൂട്ടിക്കൊണ്ടിരുന്നു. മറ്റുള്ളവരിലേക്ക് കരുണയുടെ ഒരു നോട്ടമിടാനോ, സഹായത്തിന് കരം നീട്ടുന്നവരെ കരം ഗ്രഹിച്ച് സഹാനുഭൂതി കാണിക്കാനോ സമയം കിട്ടാത്തയാൾ. തൻ്റെ സൗകര്യങ്ങൾക്ക് പോലും ആവശ്യമായ പണം ഉപയോഗിക്കാൻ മടിക്കുന്ന ഒരു ജന്മം.
കച്ചവടത്തിൽ ലാഭം കൂടിക്കൂടി കോടികളുടെ ആസ്തി ഉണ്ടാകുന്നു. വരുമാനം കുമിഞ്ഞു കൂടിയപ്പോൾ തനിക്കായി കോടികൾ ചിലവഴിച്ച് ഒരത്യാധുനിക കൊട്ടരം പണിയാൻ പദ്ധതിയിടുന്നു. എന്നാൽ പുതിയ വീട്ടിൽ താമസമാക്കിയ അന്ന് രാത്രി കാലൻ അദ്ദേഹത്തിനടുത്ത് എത്തുന്നു. ഭയപ്പാടോടെ അൽപ്പ ദിനം കൂടി നീട്ടി കിട്ടാൻ കേഴുന്നു. ഓരോ പ്രാവശ്യവും പറയുമ്പോൾ സമ്പാദ്യങ്ങൾ മരണദേവന് നൽകാം എന്നേറ്റിട്ടും വിധി നടപ്പാക്കാതെ തനിക്ക് നിവൃത്തിയില്ലെന്ന് ദേവൻ അറിയിച്ചു. എങ്കിൽ ഒരു മരണമൊഴി എഴുതാനെങ്കിലും എനിക്കവസരം തരണമെന്ന അഭ്യർത്ഥന സ്വീകരിക്കപ്പെട്ടു.
അയാൾ ആ കുറിപ്പിൽ ഇങ്ങനെ എഴുതി:
"ഓ മനുഷ്യ സമൂഹമേ, നിങ്ങൾ നന്മയുള്ളവരായി ജീവിക്കുക. സമയം വളരെ അമൂല്യമാണന്ന് നിങ്ങൾ മനസ്സിലാക്കുക. കാരണം, എനിക്ക് മുന്നൂറ് കോടി ദീനാറിനു പകരം ഒരു നിമിഷം പോലും വാങ്ങാൻ കഴിഞ്ഞില്ല."
അതുവരെ അറു പിശുക്കനായി ഒരാൾക്കും ഒന്നും നൽകാതെ ജീവിച്ച അയാൾ തന്റെ മുഴുവൻ സമ്പത്തും മറ്റുള്ളവർക്കായി ഉപേക്ഷിച്ചു കൊണ്ട് മരണം പുൾകുന്നു.
ജീവിതത്തിൽ എല്ലാം ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യന് സ്വന്തം ശരീരത്തിൽ പറ്റുന്ന ഒരു ചെറു മുറിവിൻ്റെ വേദനയെ തടയാനാവണമെന്നില്ല. എല്ലാത്തിനും എനിക്ക് ലാഭമുണ്ടാക്കണമെന്ന സ്വാർത്ഥത അവസാനം ഒന്നിനുമുപകരിക്കാത്ത അൽപ്പം കടലാസു നോട്ടുകൾ മാത്രവശേഷിപ്പിക്കും. അതിൽ നിന്ന് ചിലത് ചിലർക്കൊക്കെ അർഹതപ്പെട്ടതായിരുന്നെന്ന് ബോധ്യപ്പെടുമ്പോഴേക്കും നമ്മെത്തേടി മാത്രം ഒരഥിതി വീട്ടുപടിക്കലുണ്ടാവും. ആരോടും ചോദിക്കാനോ, പറയാനോ പോലും സമയം നൽകാതെ കൂട്ടികൊണ്ടു പോകാൻ. അപ്പോഴാവും ചെയ്തു വെച്ച പ്രവർത്തനങ്ങൾക്കെല്ലാം കണക്ക് പറഞ്ഞ് ഇടപാട് തീർത്തതിനാൽ ഉപകാരപ്പെടുന്ന ഒരു കർമ്മവും ബാക്കിയില്ലെന്ന ബോധ്യം വരിക. ജീവിതത്തിനും, മരണത്തിനുമിടക്ക് ഭൗതിക ലാഭം തുലോം ലഭ്യമാകാത്ത ചില വലിയ കണക്കുകൾ അവശഷിപ്പിക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥന.
അഭിപ്രായങ്ങള്‍