റമളാൻ ചിന്ത - 23
Dr.ജയഫർ അലി ആലിച്ചെത്ത്
*തിരക്ക്*
സ്വന്തത്തോട് അൽപ്പനേരം സംവദിക്കാൻ, കുടുംബത്തോടൊപ്പം സ്വസ്ഥമായി ഒരഞ്ചു മിനിട്ട് ചിലവഴിക്കാൻ, സൗഹൃദങ്ങളിൽ സമ്മർദ്ദങ്ങളില്ലാതെ സന്തോഷിക്കാൻ, സംതൃപ്തിയോടെ ദൈവത്തിന് മുന്നിൽ നന്ദിയർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?. ആത്മാർത്ഥത നഷ്ടപ്പെട്ട ഒരു യാന്ത്രിക ജീവിതമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഉത്തരാധുനിക മനുഷ്യർ ജീവിച്ച് തീർക്കുന്നത്. സ്വസ്ഥത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സാരം. *എല്ലാത്തിലും കൃത്രിമത്വം നിറഞ്ഞിരിക്കുന്നു, സ്വന്തത്തിനെ തൃപ്തിപ്പെടുത്താൻ പോലും കപട മൂല്യങ്ങളിൽ അഭയം തേടേണ്ടി വരുന്നു. അർത്ഥവത്തല്ലാത്ത ജീവിതം എന്നറിഞ്ഞിട്ടും ജീവിച്ച് തീർക്കണമല്ലോ ഈ ആയുസ്സ് എന്ന ലളിത സമവാക്യത്തിലഭയം പ്രാപിക്കുകയാണ് അധികപേരും.*
*എന്തിന് വേണ്ടി ജീവിക്കുന്നു എന്ന ചോദ്യം തമാശയായിട്ടെങ്കിലും നമ്മോട് ചോദിച്ചാൽ, "മരിക്കാൻ വേണ്ടി ജീവിക്കുന്നു" എന്ന വിചിത്ര മറുപടിയായിരിക്കും ഭൂരിപക്ഷത്തിൻ്റേയും. ജീവിതത്തിൻ്റെ ലക്ഷ്യം ജീവിക്കുക എന്നതിനപ്പുറം ജീവനില്ലാതാക്കുക എന്ന നിഷ്ക്രിയ ചിന്തയിലഭിരമിക്കുന്നു. മരിക്കാൻ വേണ്ടി ജീവിക്കുന്നവർക്ക് എങ്ങനെ ക്രിയാത്മകമായൊരു ജീവിത ചിന്ത രൂപപ്പെടുത്താനാവും?.* ചലനാത്മകമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ ജീവിച്ച് കാണിക്കേണ്ടതില്ലെ? അങ്ങിനെ *ജീവിതത്തിൻ്റെ സമ്പൂർണ്ണതയിൽ ആത്മനിർവൃതിയോടെ സമീപിക്കേണ്ടതല്ലെ മരണം. അല്ലാതെ ജീവിക്കാൻ മറന്ന് മരിച്ച് ജീവിച്ച് മരണം ലക്ഷ്യമാക്കുന്ന ജീവനുള്ള ജഡങ്ങളാകുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്!.*
എല്ലാത്തിനുമപ്പുറം *ഏറെ തമാശ തോന്നുന്നത് മരണമെന്ന നിശ്ചലത മുന്നിൽ കണ്ട് ജീവിക്കുന്ന മനുഷ്യർക്ക് ജീവിതത്തിൽ വിശ്രമിക്കാനാകുന്നില്ല എന്നതാണ്.* എങ്ങുമെപ്പോഴും ധൃതി പിടിച്ചുള്ള ഓട്ടമാണ്, *ഒരു ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറാണ് എന്ന ഉത്തമ ബോധ്യമുണ്ടായിട്ടും, അതിനപ്പുറം പദ്ധതികൾ തെയ്യാറാക്കി ജീവിക്കുന്നു പലരും.* "എന്തിനാണ് മരിക്കുവോളം ജീവിക്കാനീ പെടാപ്പാട്, അങ്ങനെയെങ്കിൽ ഇപ്പോൾ തന്നെ മരിച്ചു കൂടെ" എന്ന് ചോദിക്കരുത്, അത് വൻ പാപമാകും!. അങ്ങനെ ഓടടാ ഓട്ടം കൊണ്ട് സ്വസ്ഥമായി മരിക്കാനവസരം നഷ്ടപ്പെടുകയാണ് ബഹുഭൂരിപക്ഷമാളുകൾക്കും. *ഓടുന്ന തീവണ്ടിയിലോ, ഒഴുകുന്ന കപ്പലിലോ, പറക്കുന്ന വിമാനത്തിലോ വെച്ച് തിരക്കുകൾ കൊണ്ട് മാറ്റിവെക്കാനാവാതിരുന്ന നിത്യവിശ്രമം അവരെ തേടി രംഗബോധമില്ലാതെ കടന്നു വരുന്നു.* അതോടെ ആത്മാർത്ഥതയില്ലാതെ കെട്ടിയാടിയിരുന്ന കോമാളി വേഷം അഴിഞ്ഞു വീഴുന്നു.
യഥാർത്ഥത്തിൽ കാരണങ്ങൾ കണ്ടെത്തുകയാണ് പലപ്പോഴും അസ്വസ്ഥമാക്കാൻ വേണ്ടി നാം. *എല്ലാ കെട്ട് പാടുകളിലും സ്വസ്ഥമായി, സമാധാനത്തോടെ ആസ്വദിക്കേണ്ട ജീവിത നിമിഷങ്ങൾ 'ഒഴിച്ചുകൂടാനാവാത്ത' എന്ന സ്വയം നിർമ്മിത അച്ചിലിട്ട് ആട്ടിക്കൊണ്ടിരിക്കുന്നു. എന്താണ് യാഥാർത്ഥ്യം, ആർക്ക് വേണ്ടിയാണ് ഈ നിലയില്ലാ കയത്തിൽ മുങ്ങിത്താവുന്നത്.* മനുഷ്യനിലെ ആർത്ഥിമൂത്ത ആഗ്രഹങ്ങളല്ലെ ഒരു പരിധിവരെ അവനെ അസ്വസ്ഥതയിലേക്ക് തള്ളിവിടുന്നത്?. അതിലൂടെ നഷ്ടപ്പെടുന്ന ജീവിതചൈതന്യം നാം കാണാതിരിന്നു കൂടാ.
സമയമില്ലായ്മയിൽ, സ്വസ്ഥത നഷ്ടമാകുന്നതിൽ നന്മയെക്കാൾ തിന്മയുടെ കയ്യൊപ്പു നമുക്ക് കണ്ടെത്താനാവും. നേരത്തെ സൂചിപ്പിച്ച പോൽ കപടമായ ഒരു ജീവിതക്രമം നാമറിയാതെ അത് വാർത്തെടുക്കും. *ദൈവപ്രീതിക്കെന്ന് നാം ധരിക്കുന്ന പലതും, പൈശാചിക പൂജകളായി പരിവർത്തിക്കും.* അങ്ങനെ സമയമില്ലായ്മ തീർക്കുന്ന തിരക്കുപിടിച്ച യാന്ത്രിക ജീവിതം സമ്പൂർണ്ണമായും അരാചകത്വം നിറഞ്ഞതാകുന്നു. അവിടെ ആത്മചൈതന്യം നഷ്ടപ്പെട്ട്, ജീവിത ലക്ഷ്യം മറമാടപ്പെടുന്നു.
പ്രമുഖ ചിന്തകനും, എഴുത്തുകാരനുമായ സി.എസ് ലൂയിസിൻ്റെ 'സ്ക്രൂടേപ്പ് ലെറ്റേഴ്സിൻ്റെ' ചുവടുപിടിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള കഥയിൽ, മനുഷ്യ ജന്മത്തിൻ്റെ ആത്യന്തികലക്ഷ്യത്തിൽ നിന്നവനെ വഴി തിരിച്ചുവിടാൻ പരിശ്രമിക്കുന്ന പിശാചിൻ്റെ കുതന്ത്രങ്ങളെ കാണാനാവും. പിശാചുക്കളുടെ നേതാവ് ഒരു ആഗോള സമ്മേളനം വിളിച്ചു കൂട്ടിയിട്ട് മനുഷ്യരെ വഴിപിഴപ്പിക്കാൻ ഉപയോഗിക്കേണ്ട ലളിത സമവാക്യങ്ങൾ വിവരിച്ചു കൊടുക്കുന്നതാണ് അതിൻ്റെ ഇതിവൃത്തം.സമ്മേളനത്തില്‍ ആമുഖ പ്രസംഗത്തില്‍ തന്നെ സാത്താന്‍ ഇങ്ങനെ പറഞ്ഞു: *"ആളുകള്‍ മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകുന്നതില്‍ നിന്നു തടയാന്‍ നമുക്കു കഴിയുകയില്ല. അവര്‍ പള്ളിയില്‍ പൊയ്‌ക്കോട്ടെ. അവിടുത്തെ പരിപാടികളിലെല്ലാം പങ്കെടുത്തോട്ടെ. എന്നാല്‍ അവരെ യഥാര്‍ഥ ആത്മീയതയില്‍ എത്തിച്ചേരാതെ തടയാന്‍ നമുക്കു കഴിയണം. അവര്‍ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാതെ, തങ്ങളുടെ രക്ഷകനുമായി അര്‍ഥപൂര്‍ണവും സജീവവുമായ ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ അവരെ വ്യര്‍ഥമായ കാര്യങ്ങളില്‍ തളച്ചിടാന്‍ നമുക്കു കഴിയണം."* അതെങ്ങനെ എന്ന അനുയായി വൃന്ദത്തിൻ്റെ ജിജ്ഞാസ നിറഞ്ഞ അന്വേഷണത്തിൽ സന്തുഷ്ടനായ പിശാച് മുന്നോട്ട് വെക്കുന്ന ചില നിസ്സാര തന്ത്രങ്ങളിൽ പ്രധാനപ്പെട്ടത് ഇതായിരുന്നു; '' *ജീവിതത്തിലെ അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ അവരെ തിരക്കുള്ളവരാക്കുക. അവരുടെ മനസ്സ് സദാ ഓരോ കാര്യങ്ങളില്‍ വ്യാപൃതമായിരിക്കട്ടെ."* ശേഷം അതിസൂക്ഷ്മതയോടെ തൻ്റെ വാക്കുകൾ ശ്രവിക്കുന്ന അണികളെ ശ്രദ്ധിച്ചു കൊണ്ട് പിശാച് ഇടക്കൊന്ന് നിർത്തി, എന്നിട്ട് കൂടുതൽ വ്യക്തത വരുത്താനായി തൻ്റെ വിശദീകരണം തുടർന്നു;
*"നിങ്ങള്‍ പണം ചെലവു ചെയ്യാന്‍ അവരെ പ്രേരിപ്പിക്കു. അവര്‍ ചെലവാക്കട്ടെ. പിന്നെ കടം വാങ്ങട്ടെ. അവരുടെ ഭാര്യമാരെ നീണ്ട മണിക്കൂറുകളിലേക്കു ജോലിക്കു പോകാന്‍ പ്രേരിപ്പിക്കുക. ഭര്‍ത്താക്കന്മാരും ഓരോ ആഴ്ചയും ആറും ഏഴും ദിവസം ജോലിക്കു പോകട്ടെ. അതും പത്തും പന്ത്രണ്ടും മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ജോലി! കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ അവര്‍ക്കു സമയം കിട്ടരുത്. അവരുടെ കുടുംബങ്ങള്‍ ജോലിയുടെ സമ്മര്‍ദ്ദം കൊണ്ടു വീര്‍പ്പു മുട്ടട്ടെ. അപ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ക്രമേണ വിള്ളലുകള്‍ വീഴും. അവരുടെ മനസ്സിനെ സദാ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുക. അപ്പോള്‍ അവര്‍ക്കു രക്ഷകന്റെ നേര്‍ത്ത മന്ദമായ സ്വരം കേള്‍ക്കാന്‍ കഴിയാതെ പോകും."* അങ്ങിനെ നിത്യജീവിതത്തിൽ മനുഷ്യരെ എങ്ങിനെയൊക്കെ തിരക്കുപിടിച്ചവരാക്കാൻ സാധിക്കുമെന്നതിൻ്റെ നുറുങ്ങു വിദ്യകളുടെ നീണ്ട നിര തന്നെ നേതാവ് വിവരിക്കുന്നു. പിശാച് തൻ്റെ ഉപദേശ ഭാഷണം ഉപസംഹരിക്കും മുമ്പ്, ആത്മീയ കപടതയുടേയും, പ്രകൃതി വിരുദ്ധതയുടേയും, മനുഷ്യബന്ധതകർച്ചയുടെയും, അമിതാഘോഷങ്ങളിലൂടെയും, വിനോദങ്ങളുടെയും വഴി തെറ്റിക്കാനുള്ള സൂത്രങ്ങളും, കുടുംബ ബന്ധങ്ങൾ ശിഥിലമാക്കി വാണിജ്യവത്കരിക്കപ്പെട്ട ആത്മീയതയിൽ അഭയം പ്രാപിച്ച് നിരാശയുടെ പടുകുഴിയിൽ ആത്മഹുതി നടത്തുന്ന ജീവിതങ്ങളെ വാർത്തെടുക്കാനുള്ള സമവാക്യങ്ങളുമെല്ലാം വിവരിക്കുന്നു. അങ്ങനെ നിത്യജീവിതത്തിൽ തൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾ മറന്ന് നിരാശ പൂണ്ടവനായി തിരക്കെന്ന മഹാവിപത്തിലൊടുങ്ങേണ്ടി വരുന്ന യാന്ത്രിക ജീവിയായൊടുങ്ങുന്നു മനുഷ്യർ. അത് പിശാചിൻ്റെ പദ്ധതികൾക്ക് ചൂട്ടു പിടിക്കുന്നവർ അനുഭവിക്കേണ്ട ദുർവിധിയാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.
ജീവിതത്തിൽ എല്ലാം തികഞ്ഞവനെന്ന് സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യർക്ക് തൻ്റെ സമയക്രമം പോലും ക്രിയാത്മകമായി ഉപയോഗിക്കാനും, ജീവിത ലക്ഷ്യങ്ങൾ സ്വായത്തമാക്കാനും പ്രാപ്തനല്ല താനെന്ന അടിസ്ഥാന ബോധ്യം വരേണ്ടതുണ്ട്. *"തിരക്കുകൾ തീർക്കുന്ന തിരക്കിനാൽ തീരുന്നതാവരുത് തിരക്കില്ലായ്മയിലേക്ക് പോകുമീ തിരക്കുപിടിച്ച ജീവിതം."*
ശുഭദിനം
അഭിപ്രായങ്ങള്‍