റമളാൻ ചിന്ത - 28
Dr.ജയഫർ അലി ആലിച്ചെത്ത്
*റഫ്ളീസിയ*
2017 ൽ മുന്നൂറിൽ പരം ബെസ്റ്റ് സെല്ലർ പുസ്തകങ്ങളിൽ നിന്ന് മികച്ചതായി തിരെഞ്ഞെടുത്ത ജോർജിയൻ എഴുത്തുകാരി ആലീസ് ഡോഡ്ജ്സണിൻ്റെ 'റഫ്ളീസിയ' എന്ന നോവൽ മനുഷ്യബന്ധങ്ങളുടെ ദൃഢവും, സൗന്ദര്യാത്മകവുമായ ആഖ്യാനമാണ്. *റഫ്ളീസിയ എന്നാൽ ഒരു പൂവാണ്, ചോരചുവപ്പു നിറവും അസാധാരണ വലിപ്പവുമുള്ള സുന്ദരമായ പൂവ്. ലോകത്തിലെ തന്നെ ഏറ്റവും വലുത്.* ഇതളുകളിൽ വെള്ളയും മഞ്ഞയും പുള്ളികൾ, തുറന്ന കേസരം, തടിച്ച കനത്ത ഇലകൾ. *എന്നാൽ മറ്റുപൂവുകളിൽ നിന്നും വിഭിന്നമായി ചീഞ്ഞളിഞ്ഞ ശവത്തിന്റെ നാറ്റമാണതിന്.*
തൻ്റെ രചനക്ക് നോവലിസ്റ്റ് കണ്ടെത്തിയ പേര് പോലെ പ്രത്യേകതയാർന്നതാണ് മനുഷ്യബന്ധങ്ങൾ എന്ന് നോവലിൻ്റെ കഥാതന്തു മനസ്സിലാക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. *അത്രമേൽ സുന്ദരമെന്നു തോന്നുന്ന മനുഷ്യബന്ധങ്ങളിൽ നിന്നും വമിക്കുന്നത് പകയും വിദ്വേഷവും കാമവും വിരക്തിയുമാണെന്ന് ഒരു റഫ്ളീസിയ പൂവിനെ മുൻനിർത്തി നോവലിസ്റ്റ് ആലിസ് ഡോഡ്ജ്സൺ പുഷ്പം പോലെ സമർഥിക്കുന്നു.*
*കാഴ്ചയിൽ സൗന്ദര്യാത്മകമെങ്കിലും, ഉള്ളറകളിൽ നിഗൂഢത നിറഞ്ഞതാണല്ലോ ഓരോ മനുഷ്യ ബന്ധങ്ങളും. പുറമെ ചിരിച്ചാനന്ദം പ്രകടിപ്പിക്കുന്നവർ തന്നെയാണ് ഇരുട്ടിൻ്റെ മറവിൽ കൊലക്കത്തിയുമായി ജീവനെടുക്കുന്നത്.* മനുഷ്യ മനസ്സിനോളം സുഗന്ധവും, ദുർഗന്ധം വമിക്കുന്ന ഒരിടം ഭൂമിയിൽ കണ്ടെത്താനാവുമോ?. നിസ്വാർത്ഥ സ്നേഹത്തിൻ്റെയും, കരുതലിൻ്റെയും ഉദാത്ത മാതൃകൾ തീർത്തവർ എന്ന് ലോകം വാഴ്ത്തുന്നവർ തന്നെ, ചതിയുടെയും, വഞ്ചനയുടെയും പിന്നാമ്പുറങ്ങളിൽ നിറമുള്ള കഥാപാത്രങ്ങളായി മാറുന്നതും നാം എത്രയോ കണ്ടതാണ്. *അതെ അധരങ്ങളിൽ വിടരുന്ന മന്ദസ്മിതങ്ങൾക്കിടയിൽ നെരുങ്ങുന്ന ദന്തങ്ങൾ നാം കാണാതെ പോകുന്നു.*
മനുഷ്യനോളം ആത്മാർത്ഥത പുലത്താനാവുന്ന ഒരു ബന്ധവും ഭൂമിയിലുണ്ടാവില്ല, എന്നാൽ അതിനോളം അപകടം പിടിച്ചതും നമുക്ക് ദർശിക്കാനാവില്ല. *സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവൻ തന്നെയാണല്ലോ, ക്രോധിച്ചാൽ കഴുത്തറുക്കുന്നതും.* ഊട്ടുന്ന കൈ തന്നെ ഉയിരെടുക്കുന്ന വൈരുദ്ധ്യം. ഇഷ്ടപ്പെടുന്നയതെ മനസ്സുകൊണ്ട് ദുഷ്ടത കാട്ടാൻ ഒരുമടിയുമില്ലാത്ത തരത്തിൽ ആത്മാർത്ഥത നഷ്ടപ്പെടുന്നു ആധുനിക മനുഷ്യരിൽ. സ്നേഹവും, ആത്മാർത്ഥതയും പാടെ വറ്റിയെന്നല്ല ഉദ്ദേശിച്ചത്, പക്ഷെ അത്തരം മാതൃകകൾ ആഘോഷിക്കപ്പെടുന്നിടത്തേക്ക് നാം ചുരുങ്ങിയിരിക്കുന്നു. *ഒരേ സമയം കാഴ്ചക്ക് ഭംഗിയാകുമ്പോൾ തന്നെ, വാസനയിൽ ദുർഗന്ധം വമിപ്പിക്കുന്ന ബന്ധങ്ങൾ.*
അസാധാരണമായ സൗന്ദര്യമുണ്ടായിട്ടും മിക്ക ആളുകളും അവരുടെ പൂന്തോട്ടത്തിൽ വളർത്താൻ ആഗ്രഹിക്കാത്തവയാണ് യഥാർത്ഥത്തിൽ ഇത്തരക്കാരെ. താൽക്കാലിക ലാഭം നേടാനാവുമെങ്കിലും പക്ഷെ, ആത്യന്തികമായി പടുകുഴിയിൽ വീണണയുകയാവും ഫലം.
ഗ്രാമത്തിൽ വളരെ സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന രണ്ട് കൂട്ടുകാർ. നല്ല കലാകാരന്മാർ, ഗായകർ, ഒരാൾ മറ്റൊരാളേക്കാൾ മികച്ചതോ, പതിച്ചതോ അല്ല. പക്ഷെ ഗ്രാമക്കാർ ഒരാളുടെ കഴിവുകൾ മാത്രം മാനിച്ചു കൊണ്ട് ഒരു പ്രതിമ ഉണ്ടാക്കി ഗ്രാമ കവാടത്തിൽ സ്ഥാപിക്കുന്നു. അപരനോട് പ്രത്യക്ഷത്തിൽ സ്നേഹം കാണിക്കുമ്പോഴും ഉള്ളിൽ നുരഞ്ഞുയരുന്ന പക. തൻ്റെ കഴിവുകൾ അംഗീകരിക്കപ്പെടാൻ തടസ്സമാകുന്ന പ്രതിമയെ ഇരുട്ടിൻ മറവിൽ നശിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ താനാണ് അതിന് പിന്നിലെന്ന് ഗ്രാമക്കാരോ, സുഹൃത്തോ അറിയുകയുമരുത്!. അവസാനം, ചെറിയ, ചെറിയ ചീളുകൾ അടർത്തി എടുത്ത് പ്രതിമ നശിപ്പിക്കാൻ തീരുമാനിക്കുന്നു. പലവുരു ശ്രമിച്ച് പ്രതിമയെ തകർക്കാനുള്ള പദ്ധതി തുടർന്നു കൊണ്ടിരുന്നു, ഗ്രാമക്കാർക്ക് ആരായിരിക്കും അതിന് പിന്നിലെന്ന് മനസ്സിലാക്കാനായില്ല.
ഒരു പ്രഭാതത്തിൽ തകർന്നു വീണ പ്രതിമയെ കണികണ്ടാണ് ഗ്രാമം ഉണർന്നത്, എന്നാൽ വീണു കിടക്കുന്ന പ്രതിമക്കടിയിൽ രക്തം വാർന്നു കിടക്കുന്ന ആളെ കണ്ടപ്പോൾ എല്ലാവരിലും ആശ്ചര്യം ഉണ്ടായി.
കൂടെപ്പിറപ്പിനെപ്പോൽ സ്നേഹിച്ചവൻ, ആത്മമിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങി പുറപ്പെട്ട് സ്വയം നശിച്ച ഈ ഗുണപാഠ കഥ നിസ്സാരമെങ്കിലും, ഉൾകൊള്ളേണ്ടതാണ്. *ഒന്ന്, കാഴ്ചയിൽ ഭംഗി തോന്നുമെങ്കിലും ദുർഗന്ധം വമിക്കുന്ന റഫ്ളീസിയ പൂക്കളെ നമ്മുടെ സൗഹൃദങ്ങളിൽ തിരിച്ചറിയേണ്ടതുണ്ട്.രണ്ട്, അത്തരം റഫ്ളീസിയ റിലേസൻഷിപ്പുകൾ താൽക്കാലിക ലാഭം നേടുമെങ്കിലും, സ്വയം കുഴിക്കുന്ന കുഴിയിൽ വീണൊടുങ്ങുക തന്നെ ചെയ്യും.* ബന്ധങ്ങൾ നയന ഭംഗിയേകുമ്പോൾ തന്നെ ഹൃദ്യമായ സുഗന്ധം പരത്തുന്നതുകൂടിയാവട്ടെ എന്നാശംസിക്കുന്നു.
ശുഭദിനം
അഭിപ്രായങ്ങള്‍