*റമദാൻ ചിന്ത - 1*
*പശ്ചാതാപവും, ക്ഷമയും*
Dr.ജയഫർഅലി ആലിച്ചെത്ത്
പ്രശസ്തമായൊരു പ്രാർത്ഥനയുടെ വരികൾ ഇങ്ങനെയാണ് , " കർത്താവേ ഞങ്ങൾ എന്തായിരുന്നുവെന്നത് ക്ഷമിക്കുക, ഞങ്ങൾ എന്താണെന്നത് ശരിപ്പെടുത്തുക, ഞങ്ങൾ എന്തായിരിക്കണമെന്ന് വഴി കാട്ടുക". ഭൂതവും, വർത്തമാനവും, ഭാവിയും ജീവിതത്തിൻ്റെ പ്രധാന വശങ്ങളാവണമെന്ന താൽപര്യത്തിൽ നിന്നുള്ള തേടൽ.
മൂന്ന് വാചകങ്ങളിലും ഉന്നതമായ തത്വമുൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കാം സംഭവിച്ചേക്കാവുന്ന തെറ്റുകളിൽ പശ്ചാതപിക്കാനാവുന്നതും, അതിലൂടെ പ്രീതി സമ്പാദിക്കാനാവുക എന്നതും മഹത്തരമാണ്. ജീവിതത്തിൽ വന്നിട്ടുള്ള ചെറിയ താളപ്പിഴകൾക്ക് ആജീവനാന്തം പഴി കേൾക്കേണ്ടി വരുക എന്നത് എത്ര നീതികേടാണ്. പശ്ചാതാപിക്കുവാനവസരം നൽകി എന്നത് കാരുണ്യവാനായ സൃഷ്ടാവിന് തൻ്റെ അടിമകളോടുള്ള താൽപര്യത്തെ കാണിക്കുന്നല്ലോ!. വിശുദ്ധ ഖുർആൻ വിവരിക്കുന്നു, "അജ്ഞയോടെ പ്രവർത്തിക്കുകയും, ഉടൻ തന്നെ തൻ്റെ പശ്ചാതാപം നിർവ്വഹിക്കുകയും ചെയ്യുന്നവരുടെ പശ്ചാതാപമാണ് പശ്ചാതാപം". തെറ്റുകൾ സംഭവിക്കുന്നതിലല്ല, ചെയ്തതിൽ ഖേദിക്കാനാകുന്നില്ലെങ്കിൽ അതിനോളം വലിയ പരാജയമില്ല, എന്നാൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള സൂക്ഷ്മത ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണ്.
ഒരിക്കൽ ഒരു ഗുരു ധ്യാനത്തിലിരിക്കെ കള്ളൻ അകത്ത് കയറി. വന്നപാടെ പണം അല്ലെങ്കിൽ ജീവനെടുക്കുമെന്ന ഭീഷണി മുഴക്കി. ഗുരു പറഞ്ഞു, " ധ്യാനം മുടക്കരുത് പണം പെട്ടിയിലുണ്ട്", പണമെടുത്ത് മടങ്ങുന്ന കള്ളനെ നോക്കി ഗുരു പറഞ്ഞു, ഒരാൾ ഉപകാരം ചെയ്താൽ നന്ദി പറയുന്ന മര്യാദയില്ലെ?.കള്ളൻ നന്ദിയും പറഞ്ഞ് സ്ഥലം വിട്ടു. കുറച്ച് ദിവസങ്ങൾക്കകം, മറ്റൊരു കളവിനിടക്ക് കള്ളൻ പിടിയിലായി, വിസ്താരത്തിനിടയിൽ ഗുരുവിൻ്റെ ആശ്രമത്തിൽ കയറിയതും പറയുകയുണ്ടായി. രാജ ഭടന്മാർ ഗുരുവിനെ കണ്ട് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു, കുറച്ച് നാൾ മുമ്പ് അദ്ദേഹം എന്നോട് പണമാവശ്യപ്പെട്ടു, ഞാനത് നൽകുകയും അദ്ദേഹം നന്ദി പറയുകയും ചെയ്തു. ചെയ്ത പാപത്തിൽ പ്രയാസം തോന്നിയ കള്ളൻ ശിക്ഷാ കാലാവധിക്ക് ശേഷം ഗുരുസന്നിധിയിലെത്തി ശിഷ്യത്വം സ്വീകരിച്ചു.
പാപം ചെയ്തതിന് കല്ലെറിയുന്നതും, തിരുത്താൻ അവസരം നീഷേധിക്കുന്നതും അതിലേറെ വലിയ പാപമാണെന്ന് പറയാം. കൊലപാതകം ചെയ്ത വ്യക്തി ശിക്ഷ കിട്ടിയിട്ടും കൊലപാതകി എന്നറിയപ്പെടുന്നതിലെ യുക്തി എന്താണ്?. ആയിരം തവണ സ്വയം കൊന്നിട്ടും, ചെയ്ത പാപക്കറ കഴുകാൻ സാധിക്കുന്നില്ലെന്ന അനീതിയോളം വലിയ തെറ്റില്ല. അതിനാൽ മേൽ പ്രാർത്ഥന പോലെ പാപങ്ങൾ ക്ഷമിക്കാനും, പിഴവുകൾ തിരുത്താനും, മുന്നോട്ടുള്ള ജീവിതത്തിൽ നേർമാർഗ്ഗം കാണിക്കാനും' വഴിതേടുക, ജീവിതത്തിൽ സംഭവിക്കാവുന്ന ദൗർഭാഗ്യ നിമിഷങ്ങളെ പഴിചാരി നിരുൽസാഹപ്പെടുത്താതിരിക്കാം, ക്ഷമയുടെ, പ്രതീക്ഷയുടെ പുതിയ വാതായങ്ങൾ തുറക്കാം.
ശുഭദിനം
അഭിപ്രായങ്ങള്‍