*പരിത്യാഗം പരസ്യത്തിനാകരുത്*
*റമളാൻ ചിന്ത 28*
Dr. Jayafar ali Alichethu
പരസഹായം കൈമുതലാക്കി ജീവിത നന്മ ഉയർത്തിക്കൊണ്ടിരിക്കണമെന്നാണല്ലോ വേദ അധ്യാപനങ്ങൾ ഉണർത്തുന്നത്. *തന്നിലുള്ളതിനെ അപര ഗുണത്തിനേകി, നഷ്ടമായതിനെക്കാൾ ഉയർന്ന കൃപ ലഭ്യമാക്കുക എന്നത് പരിത്യാഗത്തിൻ്റെ ഉത്തമ ഗുണമാണല്ലോ.* ത്യാഗത്തിൻ്റെ അതി ലളിതവും -മൂർത്തി രൂപവും 'ദാനം നൽകു'വാനുള്ള ഒരാളുടെ മനോഗതിയിൽ നമുക്ക് ദർശിക്കാനാകും.
ദാനത്തിൻ്റെ മൂന്ന് തരങ്ങൾ ഗീതോപദേശങ്ങളിൽ കാണാനാകുന്നു. *സാത്വികദാനം, രാജസീകദാനം, താമസീകദാന* മെന്നിങ്ങനെ ദാന ലക്ഷ്യത്തെ മുൻനിർത്തി വേർത്തിരിക്കാനാകും.
അനുയോജ്യമായ കാലത്ത്, അർഹതയുള്ള വ്യക്തിക്ക്, പ്രതിഫലേഛ കൂടാതെ, നന്മ പ്രതീക്ഷിച്ച് നൽകാനാകുന്നത് സാത്വിക ദാനം.
എന്നാൽ അതിൽ നിന്ന് വിഭിന്നമായി അനർഹമായി, പൂർണ്ണമനസ്സ് സമർപ്പിക്കാതെ, നിർബന്ധിതാവസ്ഥയിൽ, ലാഭലാക്കോടെ നൽകുന്ന ദാനത്തെ രാജസീക ദാനം എന്ന് മനസ്സിലാക്കാം.
താമസീക ദാനത്തെ ആദ്യത്തെ രണ്ടിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് നൽകുന്നവൻ്റെ മനോദ്ദേശം തന്നെയാണ്. അതൃപ്ത മനസ്സോടെ, നിർബന്ധങ്ങൾക്ക് വിധേയപ്പെട്ട്, അനർഹകരായവർക്ക്, നിർണ്ണിതമല്ലാത്ത വ്യവസ്ഥയിൽ, കൂടുതൽ ലാഭം പ്രതീക്ഷിച്ച്, ഗുണത്തേക്കാൾ ഏറെ ദോഷം ഭവിക്കുന്നതുമായ ദാനമെന്നിതിനെ വിവക്ഷിക്കാം.
പറഞ്ഞു വന്നത് *'വലത് കൈ നൽകുന്നത് ഇടത് കൈ അറിയരുതെന്ന'* കൃത്യമായി നിർദ്ദേശിച്ചിട്ടുള്ള ദാനശീല ഗുണത്തിനെ, അപഹാസ്യമായ വഴികളിൽ, വ്യക്തിപൂജക്ക് പ്രാധാന്യം നൽകി കൊണ്ട് നടത്തപ്പെടുന്ന മാമാങ്കങ്ങളിലെ മനോവൈകൃതമാണ്.
*ഉപകാരം ലഭ്യമാകുന്നവന്, ഗുണത്തേക്കാളേറെ ദോഷവും, അപമാനവും സഹിക്കേണ്ടി വരുന്ന ദൗർഭാഗ്യ മേളകളായി സോഷ്യൽ മീഡിയ കാലത്തെ പരോപകാരങ്ങൾ മാറുന്നു.*
കപട ഉദാരമനസ്ക്കരുടെ പുഴുത്തു നാറുന്ന പബ്ലിസിറ്റി മനോരോഗ പ്രകടനങ്ങളെന്ന് വിശേഷിപ്പിക്കേണ്ടി വരും. *കൊടുക്കുന്നത് കിട്ടുന്നവന്, താൻ നൽകുന്ന ഔദാര്യമാണെന്ന ഉൾഭയം സൃഷ്ടിച്ച് കാര്യലാഭം കൊയ്യുന്ന ധർമ്മേന്ദ്രന്മാർ.* നാലാൾ കാണാതെ കാരുണ്യ മനസ്സിന് തൃപ്തി ലഭിക്കില്ലെന്ന് വെക്കയാൽ ഇത്തരം കാട്ടിക്കൂട്ടലുകൾ ധർമ്മ ഫലം നൽകുമോ?.
ഇത്ര മഹനീയമായൊരു കർമ്മത്തിനെ നൽകുന്നവൻ്റെ ഉദ്ദേശ്യം പോലെ പ്രേക്ഷകാനന്ദമടിസ് സ്ഥാനപ്പെടുത്തിയുള്ളതാണെങ്കിൽ അത് നേടി സന്തുഷ്ടി പുൽകാം. എന്നാൽ ആത്യന്തിക ലക്ഷ്യം എത്രയോ അകലെയാണെന്ന തിരിച്ചറിവ് നേടാനതു പോര.
ഒരിക്കൽ സമ്പന്നയായ ഒരു ഭക്തൻ പേർഷ്യയിലെ സൂഫി ഗുരുസന്നിധിയിലെത്തി പറഞ്ഞു. "തൻ്റെ സമ്പാദ്യത്തിൽ നിന്ന് കണക്കാക്കിയ ഒരു വിഹിതം ദാനധർമ്മം ചെയ്യാൻ ഉദ്ദേശിക്കുന്നു. അത് ഗുരുവിൻ്റെ ഇഷ്ടപ്രകാരം ചിലവഴിക്കാം". അങ്ങനെ നിശ്ചയിക്കപ്പെട്ട സമ്പാദ്യത്തിൻ്റെ മൂല്യം പണമായി ഒരു സഞ്ചിയിലാക്കി ഗുരുവിന് സമർപ്പിച്ചു.
ഗുരു സ്നേഹത്തോടെ അവ സ്വീകരിച്ചതറിയിക്കുകയും, എന്നിട്ട് ആ നാണയങ്ങൾ സഞ്ചിയിൽ നിന്നെടുത്ത് തെട്ടടുത്ത നദിയിൽ ഒഴിക്കി കളഞ്ഞു പെട്ടെന്നു മടങ്ങി വരാൻ പറയുകയും ചെയ്തു. ആശ്ചര്യത്തോടെ ഗുരുവിൻ്റെ നിർദ്ദേശം ശ്രവിച്ച ഭക്തൻ, മനസ്സില്ലാ മനസ്സോടെ നദിക്കരയിലേക്ക് നടന്നു. പാവപ്പെട്ടവർ താമസിക്കുന്ന ഗ്രാമത്തിനടുത്താണ് ആശ്രമവാസികൾ ഉപയോഗിച്ചിരുന്ന നദി. അങ്ങനെ പണസഞ്ചിയുമായി നടന്നു നീങ്ങുന്ന ഭക്തൻ്റെ ഉദ്ദേശ്യമറിഞ്ഞ് ഗ്രാമീണർ പിന്തുടരുന്നു. അതോടെ തന്നിലെ താൻ ഭാവം തലയുയർത്തിയ ഭക്തൻ ഓരോ നാണയങ്ങൾ ആളുകൾ കാൺകെ എടുത്ത് നദിയിലേക്കെറിഞ്ഞു കൊടുത്തു. നാണയങ്ങൾ സ്വന്തമാക്കാൻ തിരക്കുകൂട്ടുന്ന ഗ്രാമീണരുടെ ആയാളോടുള്ള വിധേയഭാവം നന്നായി ആസ്വദിച്ചുകൊണ്ടിരുന്നു.
സമയം ഏറെയായിട്ടും ഭക്തനെ കാണാതായപ്പോൾ ഗുരു ഒരു ശിഷ്യനെ കാര്യമറിയാൻ നദിക്കരയിലയച്ചു. ശിഷ്യൻ മടങ്ങി വന്ന് ദർശിക്കാനായ സാഹചര്യം വിവരിച്ചു. അതു കേട്ട മാത്രയിൽ ശിഷ്യരോടായി ഗുരു പറഞ്ഞു: "മറ്റൊരാൾക്ക് ദാനമായി നൽകിയതിനെ തൻ്റേതായി കാണുമ്പോൾ, ആ ദാനത്തിൻ്റെ മൂല്യം നശിക്കുന്നു. എന്നാലേക്ക് സമർപ്പിച്ച ദാനത്തെ മനസ്സുകൊണ്ട് ത്യജിക്കാൻ ആ ഭക്തൻ തെയ്യാറാകാത്തതാണ് അദ്ദേഹമിപ്പോൾ ചെയ്യുന്ന പ്രവർത്തിയിലേക്ക് നയിച്ചത്. ഭൗതികമായി ഉപേക്ഷിച്ചാലും, തൻ്റേതാണെന്ന ചിന്ത അയാളുടെ ഉള്ളിൽ അവശേഷിക്കുന്നിടത്തോളം കാലം, അയാൾ നൽകിയത് അപരനിൽ എത്തുന്നില്ല. വ്യക്തമായിപ്പറഞ്ഞാൽ മറ്റുള്ളവർ കാണാൻ വേണ്ടി ചെയ്യുന്ന ഇത്തരം ദാനങ്ങൾ ഇഛിച്ച ഫലം ലഭ്യമാക്കില്ല".
വമ്പൻ ഫ്ലക്സുകളാലും, ചാനൽ ലൈവുകളാലും, സോഷ്യൽ മീഡിയ പ്രചരണങ്ങളാലും ആളെക്കാട്ടൽ ചടങ്ങുകളായ പരസഹായങ്ങളും, ദാനധർമ്മങ്ങളും നൽകുന്ന സന്ദേശവും, ഉദ്ദേശവും എന്താണ്?.
ഏതുതരം ദൈവ പ്രീതി പ്രതീക്ഷിക്കാനാവും ഈ പ്രകടനപരതക്ക്!. *ലഭിക്കുന്നവന് ഉപകരിക്കുന്നവനേക്കാൾ കൊടുക്കുന്നവന് ലഭിക്കുന്ന പബ്ലിസിറ്റിയിൽ പ്രാധാന്യം കാണുന്ന അൽപ്പത്തരമെന്ന് വിനീതമായി ഓർമ്മിപ്പിക്കേണ്ടി വരുന്നു...* നൽകുന്നവൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിൻ്റെ നിശ്ചയം പോലെയാണ്, സ്വാർത്ഥലാഭത്തിനാക്കി നഷ്ടമാക്കരുതതിൻ പ്രതിഫലങ്ങളെ. കൊടുക്കൽ, വാങ്ങലുകൾ നിർണ്ണയിക്കേണ്ടത് അവ ലഭ്യമാക്കുന്ന മാനസിക തൃപ്തിയാലാ കട്ടെ, അല്ലാതെ കിട്ടുന്ന ലൈക്കുകൾക്കാവരുത്!. ശുഭദിനം
അഭിപ്രായങ്ങള്‍