*റമളാൻ ചിന്ത 10*




Dr. Jayafar ali Alichethu


*സ്വപ്നങ്ങൾ ഹനിക്കാം പര നന്മക്കായ്*


പ്രതീക്ഷയുടെ നൂൽപ്പാലങ്ങളിൽ കോർത്ത മനുഷ്യജീവിതം, എത്ര ലളിതവും, ഊഷ്മളവുമാണ്!. സ്വയം അറിഞ്ഞു ജീവിക്കുമ്പോൾ നാം ചുറ്റുപാടുകളെ ബഹുമാനിക്കാൻ പഠിക്കുന്നു. അവനവൻ്റെ ആവശ്യങ്ങൾ അപ്രാധാനവും, അപര താൽപര്യ നിർവ്വഹണം മഹത്തരവുമായി തോന്നുന്നു. അങ്ങനെ സ്വാർത്ഥത മാറ്റി, നിസ്വാർത്ഥ സേവകനായി സ്വയം പരിവർത്തിക്കാനും, ജന്മ സാഫല്യം ആർജ്ജിച്ചെടുക്കാനുമാകുന്നു.


ലോകം അവനവനിലേക്കു ചുരുങ്ങുന്ന മഹാദുരിത കാലത്ത്, എൻ്റേതെന്നതിൽ നിന്ന് നമ്മുടേതെന്ന തോന്നലുണ്ടാകുക എന്നത് തന്നെ മഹത്തരമാണ്. അപ്പോഴേ മനസ്സ് വിശാലമാകൂ, അങ്ങനെയെ ജീവിതം ആനന്ദകരമാകൂ. എല്ലാവരും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക, തൻ്റേതുകളെ മാറ്റിനിർത്തുക. 


ഒരിക്കൽ ഒരു സൂഫിയുടെ ശിഷ്യൻ ഗുരുവിൻ്റെ അദ്ധ്യാപനങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കാൻ തീരുമാനമെടുത്തു. വളരെ ചിലവേറിയ ഒരുദ്യമമായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ ഉടലെടുത്തത്.  പിന്നീടുള്ള തൻ്റെ ആയുസ്സിൻ്റെ ഒരു ദശകം അദ്ദേഹം ഈ ആഗ്രഹ സഫലീകരണത്തിനുള്ള പ്രയത്നത്തിലായി. നാടുകൾ തോറും അലഞ്ഞ്, ഭിക്ഷയാചിച്ച് അദ്ദേഹം പണം സ്വരൂപിച്ചു. ചിലവിനാവശ്യമായ തുകയിലേക്കെത്തിയപ്പോൾ സന്തോഷം കൊണ്ടു. എന്നാൽ അന്നേ ദിവസം തുടങ്ങിയ പേമാരി, ശക്തമായ പ്രളയമായി. നാടാകെ ദുരിതത്തിൽ, അഭയാർത്ഥികളായ ജനത സഹായത്തിനായി കെഞ്ചി. ഭക്ഷണം പോലും ലഭ്യമല്ലാത്തയവസ്ഥ. തൻ്റെ ചിരകാല സ്വപ്നത്തിനായി സ്വരൂപിച്ച സമ്പാദ്യം, ദുരിന്ത നിവാരണ യജ്ഞക്കൾക്കായി വിനിയോഗിക്കാൻ ആ മനുഷ്യസ്നേഹിക്ക് മടിയുണ്ടായില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തൻ്റെ സ്വപ്നം പദ്ധതി അദ്ദേഹം ഉപേക്ഷിച്ച്, പണം ചിലവഴിച്ചു. തൻ്റെ സ്വപ്നത്തിൻ്റെ തൂവൽ പൊഴിച്ച് അശരണരുടെ കണ്ണീർ ഒപ്പി.


 വർഷങ്ങളെടുത്ത് നാട് സാധാരണ നിലയിലായപ്പോൾ തൻ്റെ ദൗത്യപൂർത്തീകരണത്തിന് ആശിഷ്യൻ നാടുചുറ്റി. പത്തു വർഷത്തെ നിരന്തര ശ്രമത്തോടെ, ആവശ്യമായ തുക കണ്ടെത്തി. എന്നാൽ ഇപ്രാവശ്യം നാടാകെ ദുരന്തം വിതച്ച് മഹാമാരി പടർന്നു. തൻ്റെ പുസ്തക അച്ചടി മാറ്റി വെച്ച്, രോഗികളെ പരിചരിക്കാൻ താൻ സ്വരൂപിച്ച നാണയ സഞ്ചിയുമായി ഇറങ്ങി പുറപ്പെട്ടു.  സമ്പാദ്യമെല്ലാം ചിലവിട്ട് നാടിനെ നടുക്കിയ  വിപത്തിൽ ആളുകൾക്കാശ്വാസമേകി. നാട് സാധാരണ സ്ഥിതി പ്രാപിച്ചു.


ഒരിക്കൽ കൂടി തൻ്റെ ശ്രമം പൂർത്തിയാക്കാൻ ഇറങ്ങിയ ശിഷ്യൻ ഇരുപത് വർഷത്തോളം പ്രയത്നിച്ച് തൻ്റെ ഗുരുവിൻ്റെ അധ്യാപനങ്ങൾ അച്ചടിക്കാനുള്ള പണം കണ്ടെത്തി. അങ്ങനെ തടസ്സങ്ങൾ കൂടാതെ ലക്ഷ്യം നേടി സംതൃപ്തി നേടാൻ അദ്ദേഹത്തിനായി. 


ഈ ശിഷ്യനെക്കുറിച്ച് നാട്ടുകാർ പിന്നീട് പറയാറുള്ളത്. "അദ്ദേഹം മൂന്ന് കൂട്ടം പുസ്തകങ്ങളാണ് തയ്യാറാക്കിയത്. ആദ്യത്തെ രണ്ടു അദൃശ്യ പാഠങ്ങളാണ്, മൂന്നാമത്തേതിലും മികച്ചതെന്നും".  


അതെ നമ്മുടെ സ്വകാര്യതാൽപര്യങ്ങൾ നൽകുന്ന ആനന്ദം എത്ര വലുതെന്ന് തോന്നിയാലും അത് സ്ഥായിയല്ല. ചിലപ്പോൾ താനും തൻ്റെ കുടുംബവും ആനന്ദിച്ചേക്കാം. എന്നാൽ സമൂഹത്തിനായ് മാറ്റിവെക്കാൻ സാധിക്കുന്ന ഇഛകൾ ഒരു ജനത മാത്രമല്ല, തലമുറകളിലേക്കാനന്ദംപകർന്നേക്കാം.


സാഹോദര്യ സ്നേഹത്തിനു വേണ്ടി സ്വയാവശ്യങ്ങൾ മാറ്റി നിർത്താൻ തെയ്യാറാകുക. അങ്ങിനെയെങ്കിൽ കൂടുതൽ ആനന്ദകരമായ കടപ്പാട് കാണിച്ച് ലോകം നിന്നെ നമിക്കും. നിൻ്റെ ആവശ്യം നിൻ്റേതു മാത്രമാകാം, ത്യജിച്ചാൽ നഷ്ടബോധം അലട്ടിയേക്കാം. പക്ഷേ അതുപകരിക്കുന്ന മനുഷ്യർ തീർക്കുന്ന കാരുണ്യത്തിൻ്റെ പ്രാർത്ഥനകൾ മതിയാകും ഒരു ജന്മം ജീവിച്ചതിൻ്റെ നിർവൃതി നേടാൻ. 


അൽപ്പം ഉപേക്ഷിച്ചാലും, ഒരുപാട് നേടാനാകും എന്ന ലളിതസാരം. ഈ മഹാമാരി കാലത്ത് നമുക്കും മാറ്റിവെക്കാം, ആവശ്യക്കാരനൽപ്പം ആശ്വാസം പകരാൻ.


 സ്വപ്ന പദ്ധതികൾ തകർന്നു പോയ നൈമിഷിക വിശമതകൾ തുടച്ചു മാറ്റുന്ന, ആയിരക്കണക്കിന് മനുഷ്യരുടെ ആനന്ദ കണ്ണീരിൽ നിന്നുയരുന്ന പ്രാർത്ഥനകൾ ലഭ്യമാക്കി ജീവിത സാഫല്യം നേടാം... ശുഭദിനം

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
👍✌️

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi