ചുറ്റുമുള്ളവ നൽകുന്ന പാഠങ്ങൾ: നായയിലെ മാതൃക


 *റമളാൻ ചിന്ത 19*


Dr. Jayafar ali Alichethu



ഭൂമിയുടെ ഉത്ഭവം മുതൽ മനുഷ്യൻ്റെ വികാസം വരെ ധാരാളം പരിണാമ ഘട്ടങ്ങളിലൂടെ കടന്നു വന്നതാണല്ലോ ആധുനിക വ്യവസ്ഥ. ഇതിനിടക്ക് ജനിച്ചും മരിച്ചും എത്രയോ ജീവജാലങ്ങൾ കടന്നു പോയി. 


 *വൈവിദ്ധ്യമുറ്റുന്ന ജൈവവ്യവസ്ഥയുടെ ഗുണഭോക്താക്കളായി അതിൻ്റെ നിയന്ത്രണാധികാരം കയ്യാളിയവനാണല്ലോ മനുഷ്യൻ!.*


 വിവേചനാധികാരവും, നിവർന്ന നട്ടെല്ലുമായി ലോകാധിപനായുള്ള വാഴ്ചയെ പക്ഷെ നീതിയുക്തമായിട്ടാണോ ഉപയോഗപ്പെടുത്തുന്നത്?.  

ഭൂമിയിൽ ഉടലെടുത്ത ജൈവവ്യവസ്ഥയിലേക്ക് അവസാനമെത്തിയവനെന്ന മാനഹാനി അംഗീകരിക്കാനാവാതെ മേധാവിത്തം അടിച്ചേൽപ്പിച്ച് ദുരഭിമാനം കാക്കാൻ സംഹാര താണ്ഡവമാടുന്നവൻ.   *ഭക്ഷണത്തിനും, വസ്ത്രത്തിനും, വാഹനത്തിനുമായി അടിസ്ഥാന ആവാസവ്യവസ്ഥയെ ചൂഷണം ചെയ്തു തന്നെ തന്നെ ഇല്ലാതാക്കുന്നു എന്ന ബോധം നഷ്ടപ്പെട്ടവൻ.*


എല്ലാത്തിലും മേൽക്കോഴ്മ കാണിച്ചവസാനം സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യച്ചിഹ്നമാകുമ്പോഴും തിരിച്ചറിവ് ലഭിക്കുന്നില്ല. സ്വാർത്ഥമായി കെട്ടിപ്പൊക്കുന്ന അഹന്തതയുടെ ആകാശക്കൊട്ടാരങ്ങൾ മണൽതിട്ട കണക്കെ ദുർബലപ്പെതാണെന്ന ബോധം നഷ്ടപ്പെട്ടതിനോളം വെറെന്ത് ഹതഭാഗ്യത. 


മനുഷ്യനും, ജന്തുജാലങ്ങളും തുല്യാധികാരമുള്ളവരായി ഭൂമിയിലേക്കയക്കപ്പെട്ടിട്ടും, *തൻ്റെ ഇടത്തിൻ്റെ നിയന്ത്രണരേഖക്കപ്പുറം കടന്നു കയറി വേലി തീർക്കുന്ന അധിനിവേശ പരത.* ഒന്നിനേയും അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല, *ആയുസ്സ് തീരുംമുമ്പ് അധികാരോന്മാദത്തിലാറാടി ഇരിക്കും കൊമ്പ് വെട്ടാനുള്ള വ്യഗ്രത പ്രപഞ്ചത്തിൽ മനുഷ്യന് മാത്രമേ ഉണ്ടാവൂ.*


എല്ലാം അറിയുന്നവൻ, സർവ്വഗുണസമ്പുഷ്ടൻ, എന്നൊക്കെയഹങ്കരിക്കുമ്പോൾ ഇതര ജീവികളിൽ നിന്നും  പകർത്താനാവുന്ന ചില ഗുണങ്ങളുണ്ടെന്ന് മനസ്സിലാക്കണം. ആവാസ വ്യവസ്ഥയിൽ ഒളിഞ്ഞിരിക്കുന്ന ചില പാഠങ്ങൾ പകർന്നെടുക്കുന്നതിലൂടെ കൂടുതൽ കരുത്താർജ്ജിക്കാൻ നമുക്കാവുന്നു.


 ചുറ്റുപാടുകളിൽ ഇടപെടുന്ന ചെറു ജീവികളുടെ കാര്യബോധവും, സ്വഭാവ ഗുണങ്ങളും പുരാതന കാലം തൊട്ടെ  മനുഷ്യർക്കിടയിൽ സുപരിചതമാണല്ലോ. പഞ്ചതന്ത്ര കഥകളിലൂടെയും, നാടോടിക്കഥകളിലൂടെയും കൈമാറ്റം ചെയ്ത ഗുണപാഠങ്ങൾ പുസ്തക ഷെൽഫുകൾക്ക് അലങ്കാരമാക്കാനാവരുത്. അവ വായിച്ചറിഞ്ഞ് ജീവിതമെന്ന അരങ്ങിൽ  പകർന്നാടണം. അത്തരം ഗുണപാഠകഥകളിലെ നായകന്മാരിൽ മുഖ്യ നാണല്ലോ നായ. നായയിൽ നിന്ന് പരിഷ്കാരിയായ മനുഷ്യന് പകർത്താവുന്ന ഗുണഗണങ്ങൾ വിവരിക്കുന്നു ഹസനുൽ ബസരി എന്ന സൂഫി ഗുരു.


ശിഷ്യ ഗണങ്ങളോടൊത്ത് ഒരു യാത്രക്കിടെ ശാന്തനായി കിടക്കുന്ന നായയെ ചൂണ്ടിയദ്ദേഹം പറഞ്ഞു *നായകൾക്ക് ഒൻപത് സ്വഭാവങ്ങൾ ഉണ്ട്, മനുഷ്യരിൽ അപൂർവ്വമായെ അത് കാണാറുള്ളൂ.*


ഒന്നാമതായിട്ടദ്ദേഹം പറഞ്ഞത്: *"നായകൾ വിശപ്പ് സഹിച്ചിരിക്കും. അവ നല്ല മനുഷ്യരുടെ സ്വഭാവമാണ്".*

വിശന്നിരക്കുന്നതിനേക്കാൾ വലിയ അപമാനം മറ്റെന്തുണ്ട് ഭൂമിയിൽ?!, എന്ന കവി ചോദ്യമാണ് ഓർമ്മയിൽ വരുന്നത്.


രണ്ടാമതായി: " *നായകൾ രാത്രി കുറച്ചേ ഉറങ്ങാറൊള്ളൂ.അത് ഭക്തന്മാരുടെ ഗുണമാണ്.* പ്രാർത്ഥനാ മുഖരിതമായ രാത്രികൾ, കർമ്മനിരതയുടെ പുലർച്ചേകളൊക്കെ നൽകുന്ന ആനന്ദം ആസ്വദിക്കുന്നവരാണല്ലോ നമ്മൾ.


മൂന്നാമതായി : *നായകൾക്ക് സ്വത്തില്ല. ഇത് വിരക്തിതരുടെ ഗുണമാണ്.* ദാരിദ്രവും, ആർത്ഥിയില്ലായ്മയും നൽകുന്ന സ്വസ്ഥതയോളം വേറെന്തുണ്ട് നേടാൻ.


നാല്: *നായകൾ യജമാനനോട് കൂറുപുലർത്തും. ഇത് വിശ്വാസിയുടെ ലക്ഷണമാണ്.* നന്ദികേട് മുഖമുദ്രയാക്കുന്ന കപട ലോകത്തിന് പകർത്താനാകുന്ന മാതൃക.


അഞ്ച്: *നായകൾ ഏറ്റവും മോശമായ സ്ഥലങ്ങളിലാണ് കിടക്കുക.ഇത് വിനയശാലികളുടെ സ്വഭാവമാണ്.* കടഭാരത്താൽ പടുത്തുയർത്തിയ കൊട്ടാരങ്ങളിൽ ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടാകുന്നതിലും ഭേതമല്ലെ കടത്തിണ്ണയിലെ സുഖനിദ്ര.


ആറ്: *നായകളെ ഉറങ്ങുന്ന സ്ഥലത്ത് നിന്ന് ഓടിച്ചാൽ ശബ്ദമുണ്ടാക്കാതെ അവ മറ്റൊരിടത്ത് പോയി കിടക്കും. ഇത് സംതൃപ്തരുടെ ലക്ഷണമാണ്.* സമ്പത്തിൻ്റെ പേരിൽ പോരു നടത്തി ബന്ധങ്ങളുടെ അടിവേര് അറുത്തുമാറ്റുന്നവർ കേൾക്കാൻ.


ഏഴ്: *നായകളെ തല്ലിക്ക ഴിഞ്ഞ് സ്നേഹം കാണിച്ചാൽ അവ എല്ലാം മറന്ന് വാലാട്ടിക്കൊണ്ടടുത്ത് വരും. ഇത് വിശുദ്ധരുടെ സ്വഭാവം.* നിസ്സാര കാര്യങ്ങൾ വരുത്തുന്ന വിടവുകൾ നികത്താനാവാതെ കഴിഞ്ഞുകൂടുന്നവർക്കുള്ള ഉപദേശം.


എട്ട്: *യജമാനൻ ഭക്ഷിക്കുമ്പോൾ ദൂരെ നിന്ന് നോക്കിയിരിക്കും. ഇത് ആത്മീയാന്വേഷകരുടെ ഗുണം.* പരാതികളുടെ ഭണ്ഡാരങ്ങൾ തീർക്കുന്ന സ്വൈര്യമില്ലായ്മ വല്ലാത്തൊരു മടുപ്പാണ്


ഒൻപത് : *ഒരു സ്ഥലം വിട്ടു പോയതിന് ശേഷം നായകൾ ആ സ്ഥലത്തെ കുറിച്ച് ചിന്തിക്കുകയെ ഇല്ല. ഇത് പരിത്യാഗികളുടെ ലക്ഷണമാണ്.* കഴിഞ്ഞ പ്രവർത്തികളിലെ ന്യൂനതയിൽ ചിന്തയുടക്കി ഉത്സാഹം നഷടപ്പെടുത്തുന്നവനോളം പരാചിതന്മാരുണ്ടോ?.


ചുറ്റുമുള്ളവയെ നശിപ്പിക്കാതെ, സ്വന്തം ജീവിതക്രമത്തിൻ്റെ അനിവാര്യതയാണെന്ന ബോധ്യത്തിൽ പകർന്നെടുക്കാവുന്നവ സ്വായത്തമാക്കി ജീവിതവിജയം തേടി മുന്നേറാവാട്ടെ. *പരിസരങ്ങൾ പരിപാലിച്ച്, പകർത്താനാവുന്നത് പരിശീലിച്ച്, പരിപൂർണ്ണ പരിശ്രമത്തിലൂടെ പാരിൽ പൊൻപ്രഭ തീർക്കാൻ നമുക്കാവട്ടെ.* ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi