*കേൾക്കാനാളുണ്ടെങ്കിലെ പാട്ടിന് മാധുര്യമൊള്ളു*


 *റമളാൻ ചിന്ത 12*


Dr. Jayafar ali Aichethu


സെൻ പാരമ്പര്യങ്ങളിൽ വിവരിക്കുന്ന രണ്ടു സ്നേഹിതന്മാരുടെ കഥ ഇങ്ങനെ.  ഒരാൾ കിന്നരം വായിക്കാൻ മിടുക്കനായിരുന്നു.മറ്റയാൾ അതു കേൾക്കാനും. ആദ്യത്തെയാൾ മലയെ കുറിച്ചു പാടുമ്പോൾ, കേൾക്കുന്നവൻ പറയും, ഹാ, ഞാൻ മലയെ കണ്മുന്നിൽ കാണുന്ന പോലെ!. പാട്ടുകാരൻ പുഴയെ വർണ്ണിക്കുമ്പോൾ കേൾവിക്കാരൻ പറയും: ഇതാ പുഴ ഒഴുകുന്നു!. 

പാടിയും, കേട്ടും കുറേ നാളുകൾ കഴിഞ്ഞു പോയി. പെട്ടെന്ന് ഒരു ദിവസം കേൾവിക്കാരൻ ദീനം പിടിച്ചു മരിച്ചു. പാട്ടുകാരൻ കിന്നരത്തിൻ്റെ കമ്പികൾ അറുത്തെറിഞ്ഞു. പിന്നീടൊരിക്കലും അയാളത് ഉപയോഗിച്ചിട്ടില്ല.


കേൾക്കാൻ ആളുണ്ടെങ്കിലെ പാട്ടിനൊരിമ്പമൊള്ളു... വായിനക്കാനാളുണ്ടെങ്കിലെ എഴുത്തുകാരന് തൃപ്തിയുണ്ടാകൂ...


വ്യക്തി ജീവിതത്തിൻ്റെ വിത്യസ്ഥ കർമ്മമേഖലകളിലും നാം ഇങ്ങനെയൊക്കേ തന്നെയല്ലേ?.


 ലഭ്യമായ അധികാര സ്ഥാനങ്ങളിൽ അള്ളിപ്പിടിക്കുമ്പോൾ നമുക്കു ചുറ്റും തീർക്കപ്പെടുന്ന വിധേയത്വ വലയങ്ങളിൽ അമിതാവേശം തോന്നിയേക്കാം. എന്നാൽ തന്നിലെ കർത്തവ്യങ്ങൾ തീർക്കുന്ന ഉത്തരവാദിത്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നവർക്കെ ജീവിതത്തിൽ വിജയിക്കാനാവൂ... തൻ്റെ അധികാരത്തിനെ അലങ്കാരമായി കാണാതെ, ഒരു മുൾ കിരീടമായി അണിയാനാകുമ്പോഴേ, യതാർത്ഥ നേതാവ് രൂപപ്പെടുകയൊള്ളൂ. *ഭരിക്കുന്നവനെക്കാൾ, സേവിക്കുന്നവനാകുക*.  തൻ്റെ ചുറ്റുപാടുകളിൽ സഹകരിക്കുന്നവരിൽ അതൃപ്തി ഉളവാക്കുന്നവനായി എന്ന് ബോധ്യപ്പെട്ടാൽ നിർത്തിയേക്കണം നേതാവ് ചമച്ചിൽ. *പിന്നീട് പ്രവർത്തിക്കുന്നത് കർത്തവ്യ ബോധമായിരിക്കില്ല, പകരം കാര്യബോധമില്ലായ്മയാണ്.*


സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക എന്ന പോൽ, തന്നിലെ സംതൃപ്ത തലം ചോർന്നു പോകുന്നത് വരെ ഒരു പ്രവർത്തനത്തിലേർപ്പെടാവൂ. അതല്ലെങ്കിൽ ആത്മാഭിമാനം അടിയറവു വെച്ച് ആരാൻ്റെ ചുമട്ടുകാരനാവും.


തൻ്റെ വിദ്വൽ സഭയുടെ നേതൃത്വം വഹിച്ചിരുന്ന മഹാജ്ഞാനി മരണപ്പെട്ടപ്പോൾ, തത്സ്ഥാനം അലങ്കരിക്കാൻ പറ്റിയ സമർത്ഥനെ തേടിയിറങ്ങി ഹാറൂൻ ഖലീഫ. ദിനങ്ങളോളം തേടിയലഞ്ഞ അദ്ദേഹം, തെരുവിൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും, ബാക്കി സമയം പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു ഫക്കീറിനെ കാണുന്നു. ഹാറൂൻ അദ്ദേഹത്തിനടുത്തെത്തി മൂന്ന് ചോദ്യങ്ങൾ ചോദിച്ച് ജ്ഞാനം പരീക്ഷിക്കുന്നു. ആദ്യത്തേ ചോദ്യം; *"മനുഷ്യൻ മഹത്ത്വമുള്ളവനാകുന്നത് എപ്പോഴാണ്?"*


പെട്ടെന്നായിരുന്നു ഫക്കീറിൻ്റെ മറുപടി:


 "കണ്ണീരിനിടക്കും ചിരിക്കുന്നയാൾ, ദുരിതത്തിലും ക്ഷമ വിടാത്തവൻ, വേതനം കുറവാണെന്നറിഞ്ഞിട്ടും ആത്മാർത്ഥമായി ജോലിയെടുത്തു കൊണ്ടിരുന്നാൽ".


''സത്രീയുടെ മഹത്വം എപ്പോഴാണ് വർദ്ധിക്കുന്നത്". ഖലീഫയുടെ രണ്ടാം ചോദ്യം!


*"തൻ്റെ മരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിൻ്റെ പിള്ളത്തൊട്ടിലിനരികെ ഇരിക്കുമ്പോഴും, ദൈവ പ്രതീക്ഷ കൈവെടിയാതിരിക്കുമ്പോൾ"*. ഫക്കീർ മറുപടി മൊഴിഞ്ഞു.


മൂന്നമത്, "ഈശ്വര മഹിമയുടെ ഔന്നിത്വം ഏതിലാണ്", എന്ന ചോദ്യമുയർത്തി.

ഫക്കീറിൻ്റെ മറുപടി, *" സദാ മഹത്തമനാണ് ദൈവം, അതിൽ വകഭേങ്ങളില്ല"*,എന്ന് മറുപടി നൽകി. ഖലീഫസംതൃപ്തനായി. ആ ജ്ഞാനിയെ കൊട്ടാരത്തിലേക്കാനയിച്ചു.


തൻ്റെ പരിമിതികളിൽ പരിതപിച്ചു തീർക്കേണ്ടതല്ല ജീവിതം. കദനങ്ങളിലും, പ്രതീക്ഷ നിലനിർത്താനാവണം. ദുരിതങ്ങളെ മനശ്ശക്തി കൊണ്ട് നേരിടണം. തളർന്ന് പോകരുത്, കരുത്താർജ്ജിക്കണം കാരിരുമ്പിനെപ്പോൽ. പരീക്ഷണങ്ങളുടെ തീച്ചൂളയിൽ കടഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അപമാനിക്കപ്പെടുമ്പോഴും, ആത്മാർത്ഥത കൈവെടിയാതിരിക്കാം. ഈ സമയവും കടന്നു പോകുമെന്ന പ്രതീക്ഷയോടെ. എടുക്കുന്ന ജോലിയുടെ കൂലിയിലല്ല, ഏറ്റെടുക്കുന്ന ഉത്തരവാദിത്വ നിർവ്വഹണത്തിലാവണം ശ്രദ്ധ. വലിയ തിരിച്ചടികളിലും പതറാതെ പിടിച്ചു നിൽക്കാനാകുന്നെങ്കിൽ അതിൽപ്പരം മറ്റെന്ത് നേടാൻ!. അവിടെ വകഭേദങ്ങളില്ലാത്ത, സ്ഥായിയായ വ്യക്തിത്വം പിറക്കും. ദൈവ സത്തയിൽ ലയിച്ചലിയുന്ന മഹാത്മാക്കളെപ്പോലെ. 


നേതാവായാലും, അനുയായിയായാലും കൈവരിക്കേണ്ടത ഔന്നിത്യം *പരസ്പര ബഹുമാനവും, ആത്മനിയന്ത്രണവുമാണെന്ന* ലളിത വാക്യം ഇന്നത്തെ ദിനത്തിന് കരുത്തേകട്ടെ. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi