*റമളാൻ ചിന്ത 3*



Dr. Jayafarali Alichethu


*ശുഭകരമല്ലാത്ത ദിനങ്ങൾ*


കഴിഞ്ഞ ഒരു വർഷത്തോളം മനുഷ്യകുലം അതിൻ്റെ ഏറ്റവും തീക്ഷണമായ പരീക്ഷണഘട്ടത്തെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ!. അതിസൂക്ഷ്മമായ ഒരു വൈറസിനാൽ ചുറ്റുപാടുകളിൽ അകറ്റപ്പെട്ടു സ്വന്തത്തിലേക്ക് ചുരുങ്ങിയപ്പോൾ നാം നേടിയ വലിയ തിരിച്ചറിവുകളോട് ഇന്ന് സാധാരണ നിലയിൽ സമരസപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ ലോക ജനത. ഭീതിജനകമായ സാഹചര്യങ്ങൾ പതിയെ നമ്മിലെ ശീലങ്ങളോട് താദാത്മ്യം പ്രാപിച്ച്, അപകടനിലകളിൽ അസാധാരണത്വം നഷsപ്പെട്ടവരായി ഓരോരുത്തരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്നു പൊങ്ങുന്ന നിസ്സഹായതയുടെ രോധനങ്ങൾ കഴിഞ്ഞ ഒരാണ്ടിൻ്റെ അനുഭവജ്ഞാനത്തെ വേണ്ട വിധം തിരിച്ചറിയാത്തതിൻ്റെ മകുടോദാഹരണം തന്നെ. ചികിത്സാ സാഹചര്യങ്ങൾ നിഷേധിക്കപ്പെട്ട് കൂട്ടത്തോടെ തെരുവുകളിൽ കുന്നുകൂടുന്ന മനുഷ്യ ജഡങ്ങൾക്ക് നമ്മിലെ നിസ്സാരമാക്കലുകളെ മറികടക്കാനാകുന്നില്ലെന്നോ?. 


ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കുന്നതിന് ഓരോ വ്യക്തിയിലും ദർശിക്കേണ്ട ഉത്തരവാദിത്വബോധമുണ്ട്, അല്ല ഉറപ്പായും ഉണ്ടാകേണ്ട സൂക്ഷ്മതയുണ്ട്. അപകടരമായ സാഹചര്യങ്ങൾ തരണം ചെയ്യുന്നതിന് സ്വയം ഉത്തരവാദിത്തത്തിൻ്റെ പടച്ചട്ട അണിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ നിയന്ത്രിക്കപ്പെട്ട മഹാവിപത്തിൻ്റെ സംഹാരാഗമനത്തെ മറികടക്കാനും, ദുരന്തങ്ങൾ അകറ്റാനും സാധിക്കുകയൊള്ളു...


സൂഫി കഥയിൽ കാണാനാകുന്ന ഒരു വായന പങ്കു വെക്കാം. അറേബ്യയിലെ മഹാനായ സൂഫിയുടെ പ്രശസ്തമായ പർണ്ണശാല അദ്ദേഹത്തിൻ്റെ മരണത്തോടെ ആത്മീയ സൗരഭ്യം നഷ്ടപ്പെട്ട്, കേവലതയിലലയുന്ന ഒരു കൂട്ടമായി ശിഷ്യഗണങ്ങൾ മാറി. സൂഫീ സാന്നിദ്ധ്യത്തിൽ ആത്മീയ തൃപ്തി നേടുന്നതിന് എത്തിയിരുന്ന ഭക്ത നിബിഢത വൈകാതെ കുറഞ്ഞ് വന്നു. ചൈതന്യം നഷടപ്പെട്ട അവിടം ആത്മ തലത്തിൻ ഊഷരഭൂമിയായി മാറി. ദിനംപ്രതി വഷളായി കൊണ്ടിരിക്കുന്ന കാൻ ഹയുടെ ചൈതന്യം തിരിച്ചെടുക്കാൻ പ്രയത്നിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയ സൂഫിയുടെ പ്രമുഖ ശിഷ്യൻ, അതിനാവശ്യമായ പരിഹാരം അന്വേഷിച്ചു പ്രമുഖ പണ്ഡിതന്മാരെ സമീപിച്ചു. എന്നാൽ കൃത്യമായ മാർഗ്ഗ നിർദ്ദേശം ലഭിക്കാതെ നിരാശനായ അദ്ദേഹം മഹാനായ ഒരു സൂഫിയെ കേട്ടറിഞ്ഞ് യാത്രയായി. ദിനങ്ങളെടുത്ത് കഷ്ടതയും, യാതനയും സഹിച്ചുള്ള യാത്രക്കവസാനം ഗുരുവിനെ കാണാനവസരം ലഭിക്കുന്നു. കാര്യങ്ങൾ വിശദീകരിച്ച് കേട്ട സൂഫി 'നിങ്ങളുടെ മുഖ്യ പ്രശ്നം അജ്ഞത' യാണെന്ന് മൊഴിയുന്നു; മാത്രമല്ല പർണ്ണശാലയിൽ തന്നെ ഉള്ള നിങ്ങളുടെ രക്ഷകനെ കണ്ടെത്തിയാൽ പ്രശ്നത്തിന് ഒരു പരിഹാരമാകുമെന്ന് നിർദ്ദേശിച്ച് ശിഷ്യനെ മടക്കിയയച്ചു. തിരിച്ചെത്തിയ ശിഷ്യൻ ആശ്രമ അന്തേവാസികളെ വിളിച്ചു കൂട്ടി തനിക്ക് ലഭ്യമായ നിർദ്ദേശങ്ങൾ അറിയിക്കുന്നു. ആ സമയം മുതൽ അടുക്കള മുതൽ തോട്ടം പണിയിൽ വ്യാപൃതരായിരുന്നവർ തങ്ങളുടെ രക്ഷകനെ പരസ്പരം ദർശിക്കാൻ തുടങ്ങുകയും ഓരോരുത്തരുടേയും ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെ പെട്ടന്ന് ചോർന്ന് പോയ ആത്മീയ സംതൃപ്തി വീണ്ടെടുത്ത് ആ പർണ്ണശാല സൂഫിവര്യൻ്റെ കാലത്തുള്ള പ്രശസ്തിയിലേക്ക് തിരിഞ്ഞു നടന്നു. ശിഷ്യൻ സന്തോഷകരമായ ഒരു മന്ദസ്മിതത്തോടെ എല്ലാം നോക്കി കണ്ടു.


അതെ ഈ പർണ്ണശാല നമ്മുടെ പരിസരമാണ്. പ്രവർത്തനങ്ങൾ ഫലമില്ലാതെയാകുമ്പോൾ പരസ്പരം പഴിചാരി, വിമർശനത്തിലാനന്ദം കണ്ടെത്തി വിധിയെ പഴിച്ചിരിക്കാതെ. തന്നത്താൻ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി ചെയ്തു തീർത്ത്, ഉണ്ടാവേണ്ട കരുതൽ നടപടികൾ വിട്ടുവീഴ്ചയില്ലാതെ ചെയ്തു തീർത്താൽ തീരാവുന്ന പ്രതിസന്ധിയെ ഈ മഹാമാരിയുടെ പുനരാഗമന ദുരന്ത നിയന്ത്രണങ്ങൾക്കാവശ്യമൊള്ളു. ഭരണാധികാരികളേയും, സുരക്ഷാ പ്രവർത്തനങ്ങളെയും കുറ്റപ്പെടുത്തിയും, ഒറ്റപ്പെടുത്തിയും, തൻ്റെ കർമ്മ ബാധ്യതകളെ നിറവേറ്റാതെ മരണത്തിൻ്റെ വ്യാപാരികളാകാൻ, മഹാമാരികാലത്ത് നാം മുതിരാതിരിക്കുക. സ്വന്തം ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കാൻ ഓരോരുത്തരും മുന്നോട്ടു വന്നാൽ ഉണ്ടാവുകുന്ന സംരക്ഷണമാണ് മുഖ്യം എന്നോർമിക്കുക, അല്ല വകതിരിവുണ്ടാക്കുക. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR