*റമളാൻ ചിന്ത 7*




Dr. Jayafar ali Alichethu


*നിശബ്ദതയാണെൻ ശബ്ദം*


ബഹളമായ ലോകത്ത് ഒന്നും മനസ്സിലാക്കാനാവാതെ ജീവിക്കുക എന്നത് വല്ലാത്തൊരസ്വസ്ഥത തന്നെ. വാക്കുകൾ ലക്ഷ്യം തെറ്റിപ്പോകുന്നത് ഒരപചയമല്ലാതെ മാറിയിരിക്കുന്നു. രാഷട്രീയ, സാംസ്കാരിക, സാമൂഹിക നേതൃത്വങ്ങളിൽപ്പോലും പക്വമായ ശബ്ദം നിലച്ചിരിക്കുന്നു. അത്മീയത കുടികൊള്ളുന്നത് നിശബ്ദതയിലാണെന്നതിന് ഉദാഹരണമാണല്ലോ താപസ്യന്മാർ ശാന്തമായ ചുറ്റുപാടുകളിലേക്ക് ഉൾവലിയുന്നത്. ഹോറെബ് മലയില്‍, ഏലിയാ പ്രവാചകന് ദൈവം പ്രത്യക്ഷപ്പെടുന്നത് ബൈബിളില്‍, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ 19-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നത് നാം ശ്രദ്ധിക്കുക. മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കടന്നുപോയ കൊടുങ്കാറ്റിലും, അതിനുശേഷം വന്ന ഭൂകമ്പത്തിലും, പിന്നീട് ആളിക്കത്തുന്ന അഗ്നിയിലും കര്‍ത്താവ് പ്രത്യക്ഷനായില്ല. പിന്നെയോ, ഒരു മൃദുസ്വരം അതിലാണ് കര്‍ത്താവ് സംസാരിക്കുന്നത്. മനുഷ്യന് ദൈവാനുഭവം ലഭ്യമാകുന്ന സാഹചര്യത്തിന്‍റെ അടിസ്ഥാനസ്വഭാവത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ബഹളങ്ങളിലല്ല ദൈവസ്വരം കേള്‍ക്കപ്പെടുന്നത്, മറിച്ച്, മൃദുലതയിലാണ്, നിശബ്ദതയിലാണ്.

എന്നാൽ നിശബ്ദതയുടെ സൗന്ദര്യത്തെ മനസ്സിലാക്കാൻ സാധിക്കാതെ, ജീവിത സങ്കീർണ്ണതകളിലേക്ക് ബഹളങ്ങളാൽ എടുത്തുചാടുന്നു പലപ്പോഴും നമ്മൾ. അപരന് അപകടം വരുത്തുമാർ തൻ്റെ വാക്കുകൾ കൂരമ്പുകളാകുന്നു.


 വാക്കുകൾ വെള്ളിയും, വെള്ളിടിയുമാകാം എന്ന ഇമാം ഗസ്സാലിയുടെ ഓർമ്മപ്പെടുത്തൽ ഉണ്ടാക്കേണ്ട ബോധം വലുതാണ്. ബന്ധങ്ങളിലും, സൗഹൃദങ്ങളിലും വാക്കിനെ ഉപയോഗിക്കാനാവുന്നില്ലെങ്കിൽ നിശബ്ദതക്കാണ് മാധുര്യം. ഒരു വാക്ക് തീർക്കുന്ന അകൽച്ചയേക്കാൾ, നിശബ്ദമായി കഴിഞ്ഞു കൂടലുകൾക്ക് പ്രാധാന്യം നൽകാം. വാക്കിനാൽ തീർക്കുന്ന മുറിപ്പാടുകൾക്ക് മറവിയുടെ പടയങ്കിയണിയാനാവില്ല. അവ കൂടുതൽ ആഴത്തിൽ പതിഞ്ഞു കൊണ്ടിരിക്കും, ഒരു നോവായ്, പേക്കിനാവായ്... വാക്കുകൾ കുറഞ്ഞതിൻ്റെ പേരിൽ ലോകത്തൊരിക്കലും സമാധാന ലംഘനം ഉണ്ടായിട്ടില്ലല്ലോ?. എന്നാൽ ഒരു വാക്കു കൊണ്ട് വരുത്തിവെച്ച വിപത്തുകൾ ധാരാളമുണ്ട് താനും. 

ഒരു ദിവസം ബുദ്ധൻ തൻ്റെ പ്രഭാത ധർമ്മഭാഷണം കുറഞ്ഞ വാക്കുകളിൽ പറഞ്ഞൊതുക്കി. ഓരോ വാക്കിനിടയിലും ധാരാളം മൗനത്തിൻ്റെ ഇടവേളകളുണ്ടായിരുന്നു. അതിനാൽ പറഞ്ഞ വാക്കുകളത്രയും ശിഷ്യരുടെ ചിന്തകളിലേക്കാഴ്ന്നിറങ്ങി ഹൃദയത്തിൻ കോറിയിട്ടു. ഗുരുവിൻ്റെ പ്രഭാഷണം തീർന്നിട്ടും ഇനിയുമെന്തോ കേൾക്കാനുണ്ടെന്ന പ്രതീക്ഷയോടെ അവർ ഇരുന്നയിരുപ്പിൽ തുടർന്നു. ബുദ്ധൻ തൻ്റെ കൈകൾ നീട്ടീ അടുത്തുള്ള കുട്ടയിൽ നിന്ന് കുറച്ചിലകൾ എടുത്തു.എന്നിട്ട് ശിഷ്യരോടായി ആശ്രമത്തിന് ചുറ്റുമുള്ള വനത്തിലേക്ക് ചൂണ്ടി ഇതിൽ തൻ്റെ കൈകളിലോ, വനത്തിലോ കൂടുതൽ ഇല എന്നാരായുന്നു. തീർച്ചയായും വനത്തിലെന്ന് ശിഷ്യർ മൊഴിയുന്നു. ബുദ്ധൻ പറഞ്ഞു എൻ്റെ അറിവിൽ നിന്ന് അൽപ്പം മാത്രമാണ് നിങ്ങൾക്ക് പകർന്നു നൽകിയത്. വനത്തിൽ ഇത്ര ഇലകളുണ്ടായിട്ടും, കർമ്മങ്ങൾക്കാവശ്യമായവ മാത്രം എടുത്ത പോൽ.... എൻ്റെ അറിവിൽ നിന്ന് നിങ്ങൾക്കുപകാരപ്രദമെന്ന് തോന്നിയത് പങ്ക് വെയ്ക്കുന്നു. ബാക്കിയുള്ളവ നമുക്കിടയിലെ സംഭാഷണത്തിന് ഗുണകരമല്ലെന്ന് തോന്നിയതിനാലാണ് ഞാൻ പറയാതിരുന്നത്.


ഇതിൽ നിന്ന് ലഭ്യമാകുന്ന പാഠം; സാഹചര്യം ആവശ്യപ്പെടുന്നത് മാത്രം പറയാൻ ശ്രമിച്ചാൽ ലഭ്യമാകുന്ന അനുഭൂതി അനിർവ്വചനീയമാണ്, അവ പരത്തുന്ന ബോധ്യം അപാരവും. വാക്കുകളെക്കാൾ, നിശബ്ദതയുടെ സൗന്ദര്യത്തെ ആസ്വദിക്കാൻ സാധിച്ചാൽ, സമാധാനത്തിൻ്റെ ലോകം സൃഷ്ടിക്കാം എന്നതാവട്ടെ ഇന്നത്തെ ഗുണപാഠം. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR