*അറബി മലയാളം, മാപ്പിള സംസ്കൃതിയുടെ ഭാഷ*






കേരള മുസ്ലിം: ചരിത്ര വായനയിൽ 'മാപ്പിള' എന്ന വാക്കിനാൽ അടയാളപ്പെടുത്തിയവർ. ഇന്ത്യയുടെ ചരിത്രത്താളുകളിൽ സുവർണ്ണ ലിപിയിൽ ചേർത്തുവെച്ച മലയാളി മുസ്‌ലിം ചരിത്രം തികച്ചും വിത്യസ്ഥമായൊരു അടയാളപ്പെടുത്തലാണ്.പ്രാചീന കാലം മുതൽ അറബിക്കടലിൻ്റെ ഓളപ്പരപ്പിൽ വന്നണഞ്ഞ പായ കപ്പലിൻ്റെ ഖിസ്സയോളം പഴക്കമുള്ള തലമുറ. കാരശ്ശേരി മാഷിൻ്റെ അഭിപ്രായം പോലെ, "ചരിത്ര രേഖകളിലും, ഔദ്യോഗിക വ്യവഹാരങ്ങളിലും മലബാർ മുസ്ലിം, 'മാപ്പിളമാർ' എന്നാണ് പരാമർശിക്കപ്പെടുന്നത്. 


ഈ ജനത കോർത്തിണക്കിയ വാമൊഴി ശീലങ്ങൾ, കാലക്രമേണ  വരമൊഴിയായി വികാസം പ്രാപിക്കുന്നു.


 'മാപ്പിളമലയാളം' അല്ലെങ്കിൽ 'അറബി മലയാളം' എന്ന പേരിലറിയപ്പെടുന്ന പ്രത്യേക ഭാഷയായത് ഒരു സംസ്കാരത്തിനൊപ്പം വളർച്ച പ്രാപിക്കുന്നു. 


 മലയാള ഭാഷയുടെ സത്ത നിലനിർത്തി കൊണ്ട് തന്നെ മുസ്ലിം അസ്ഥിത്വത്തെ അടയാളപ്പെടുത്തുന്ന പ്രത്യേകതകളേറെയുള്ള ഭാഷ. പ്രൊഫസർ  ബി.മുഹമ്മദ് അഹമ്മദ് തൻ്റെ 'മാപ്പിള ഫോക്ലോർ' എന്ന ഗ്രന്ഥത്തിൽ മലയാളത്തനിമ ഉയർത്തിപ്പിടിക്കുന്ന ഒരു പിടി വാക്കുകൾ വരച്ചിടുന്നുണ്ട്.


 ഉദാഹരണം; തക്കാരം - വിരുന്ന്, അനക്ക് - നിനക്ക് , പോകുക - പോവുക, മുണുങ്ങ്വ- വിഴുങ്ങുക, പയ്ച്ച - വിശക്കുക മുതലായവ. 


മപ്പിള മാതൃഭാഷ മലയാളത്തിന് പുറമേ, അറബി, സംസ്കൃതം, ഉറുദു, പേർഷ്യൻ, ഹിന്ദുസ്ഥാനിയുമടക്കം, ചില തെക്കേ ഇന്ത്യൻ ഭാഷകളുടേയും ശക്തമായ സ്വാധീനം അറബി - മലയാള പദപ്രയോഗങ്ങളിൽ ദർശിക്കാൻ സാധിക്കുന്നു. ഇത്തരം ബഹുമുഖ സംസ്കൃതിയെ പ്രതിനിധാനം ചെയ്യുന്ന ഭാഷ എന്ന നിലയിൽ മാപ്പിള മലയാളം കേവലമൊരു 'വാമൊഴി' ഭാഷക്കപ്പുറം സാഹിത്യരൂപങ്ങൾ ജന്മമെടുത്ത സുന്ദരമായ സാഹിത്യ ഭാഷകൂടിയായി കണക്കാക്കാവുന്നതാണ്.


*അറബി - മലയാള ഭാഷാ പരിണാമവും വളർച്ചയും*


അറബി - മലയാളത്തിൻ്റെ ഉറവിട കാലഗണനം സാധ്യമല്ലാത്ത നിഗൂഢത ഇതിൻ്റെ ചരിത്രാതീത അന്വേഷണങ്ങളെ പരിമിതപ്പെടുത്തുന്നു. ഒരു ലിപിയായി തുടക്കം കുറിക്കുന്നത് ഏത് ഘട്ടത്തിലെന്ന കൃത്യമായ നിർണ്ണയം മാപ്പിളമലയാളത്തിനെ സംബന്ധിച്ചടുത്തോളം സാധ്യമല്ല. ഇസ്ലാമികാഗമനകാലത്തിന് മുമ്പ് തീരമണഞ്ഞ കച്ചവട സംഘമോ, അതെല്ലങ്കിൽ പിന്നീട് വന്ന മത പ്രചാരകരോ തങ്ങളുടെ സംഘ പ്രവർത്തന സൗകര്യാർത്ഥം പ്രദേശിക സഹകരണത്തോടെ തുടക്കമേകിയതാവാം ഇത്തരമൊരു എഴുത്തു രീതി എന്നൊരഭിപ്രായം കാണാം. " അറബികൾ ചെന്നെത്തിയടുത്തെല്ലാം പ്രദേശിക ഭാഷ അറബി ലിപിയിലെഴുതുന്ന സമ്പ്രദായം നടപ്പാക്കിയിരുന്നു", എന്നത് അത്തരം ഒരു നിഗമനത്തിന് ബലമേകുന്നു. 


 ഇതര ഭാഷയുടെ ഉത്ഭവ രീതിയിൽ നിന്ന് വിത്യസ്ഥമായി പ്രദേശിക ഭാഷയുടെ ലിപി ഉപയോഗിക്കാതെ അറബി ലിപിയിൽ പ്രാദേശിക ഭാഷയെ എഴുതുന്ന രീതി പിന്തുടർന്നു എന്നതാണ് ഈ ഭാഷയുടെ മറ്റൊരു പ്രത്യേകത. കൂടാതെ ആദ്യ അഭിപ്രായത്തോട് ചേർത്ത് വായിക്കേണ്ട മറ്റൊരു പ്രബല വാദമായി കാണാനാവുന്നത്; അറബി - മലയാളം പുരോഗതി പ്രാപിച്ചതിന് പ്രാദേശിക പണ്ഡിതന്മാരുടെ ഭാഷാ നവീകരണ ശ്രമങ്ങൾ വലിയ സഹായകമായിട്ടുണ്ടെന്നാണ്.  ഈ അഭിപ്രായത്തിന് ഉപയുക്തമായ ചരിത്ര തെളിവുകൾ മനസ്സിലാക്കി തരുന്നത്,  അറബി ഭാഷക്ക് ഖുർആനിൻ്റെ ലിപി എന്ന നിലയിൽ കേരളക്കരയിൽ ലഭ്യമായിരുന്ന പ്രത്യേക പരിഗണയാണ്. മതപരമായ ഒരു ബഹുമാനം തെന്നിന്ത്യൻ തീരദേശ സമൂഹം നിലനിർത്തിയിരുന്നു എന്നത് ചരിത്രപരമായി വസ്തുതയാണ്. അങ്ങനെ അറബി അക്ഷരങ്ങളിലൂടെ നാട്ടുഭാഷയെ ഹൃദ്യമാക്കാൻ നടപ്പിലാക്കിയ പരിശ്രമത്തിൻ്റെ ഭാഗമാവാം പുതിയ ലിപിയുടെ തുടക്കമെന്നതും അനുമാനിക്കാം. മാത്രമല്ല ഇത്തരം ഒരു സമീപനം വളരുന്നതിന് കാരണമായിപ്പറയാവുന്നത്, മലയാളി മുസ്ലിംകളുടെ കൊളോണിയൽ വിരുദ്ധ മനോഭാവത്തിന് പ്രചോദനമാകും വിധം മലയാള - ഇംഗ്ലീഷ് ഭാഷകളോട് പുലർത്തിയിരുന്ന പ്രത്യേക അവമതിപ്പും ഒരു കാരണമായിക്കാണാം.


 അതോടൊപ്പം സാമ്രാജ്യത്യവിരുദ്ധ സമരങ്ങളിൽ മുഖ്യസ്ഥാന മലങ്കരിച്ചിരുന്ന മലയാളി മുസ്ലിം. തങ്ങളുടെ സമരനയങ്ങൾ രൂപപ്പെടുത്തി, പരസ്പരം കൈമാറാൻ കണ്ടെത്തിയ ഒരു നിഗൂഢ ഭാഷയായും കണക്കാക്കാം. മലയാളത്തിലും, അധിനിവേശ ഭാഷയിലുമുള്ള എഴുത്തുകൾ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കണ്ട്, ഭാഷാപണ്ഡിതമ്മാർ പ്രാദേശികമായി കണ്ടെത്തിയ ഒരെഴുത്ത് ശാഖയായും മാപ്പിളമളയാളത്തെ മനസ്സിലാക്കാം. 


മതകീയ ബോധത്തിൻ്റെയും, പരിസരത്തിൻ്റെയും പവിത്രത സംരക്ഷിക്കുന്നതിനും, മതഗ്രന്ഥത്തിൻ്റെ മഹനീയത പരിപാലിക്കുന്നതിനും അറബി - മലയാളലിപിയുടെ വളർച്ച കാരണമായിരിക്കാം എന്നത് അടുത്തതായി എത്താവുന്ന നിഗമനമാണ്.


കേവലം എഴുത്തിൻ്റെ അറബി ഭാഷാ സാദൃശ്യം കൊണ്ടു മാത്രമല്ല അറബി - മലയാളത്തിന് അറബ് ഭാഷയോടുള്ള ബന്ധം. അറബി എഴുത്ത് രീതിയെപ്പോലെ, വലത് ഭാഗത്ത് നിന്നും ഇടത്തോട്ട് എഴുതുന്നതാണ് ഈ മലബാരി ഭാഷയുടെ ശൈലി. 


അതുപോലെ ഉച്ചാരണ ശൈലിയിയലും അറബി - മലയാളം തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു. മലയാള ഭാഷാക്ഷരങ്ങളിൽ പതിനഞ്ച് എണ്ണത്തിന് മാത്രമാണ് അറബി അക്ഷരങ്ങളിൽ സമാനതയൊള്ളൂ. ബാക്കിയുള്ള അക്ഷരോച്ചാരണത്തിന് സമാനമലയാള പദങ്ങൾ ലഭ്യമല്ല. ഈ ഭാഷാ പരിമതി മറികടക്കുന്നതിന് ആവശ്യമായ നൂതന മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി വാർത്തെടുത്തതാണ് അറബി - മലയാളം എന്നത് യുക്തിഭദ്രമായ നിലപാടാണ്. ആയതിനാൽ, കേവല മലയാള ഭാഷയുടെ വിപരീത ദിശയിൽ നിൽക്കുന്ന ഒരെഴുത്ത് ശാഖയല്ല മാപ്പിള - മലയാളം. എഴുത്ത് സമ്പ്രാദയത്തിനപ്പുറം, ഉച്ചാരണത്തിലും, പദപ്രയോഗത്തിലും മലയാളത്തെ പരിപൂർണ്ണമായി ഉൾകൊള്ളുന്ന ഒരു ഭാഷയായേ അറബി - മലയാളത്തെ കാണേണ്ടതൊള്ളൂ. ഈ ഭാഷയുടെ സാഹിത്യ കലവറകളിലേക്ക് ഊളിയിട്ട് ഇന്ത്യൻ - മലയാളി സംസ്കാരത്തിന് ഒരു പുതിയ ബോധം നൽകാം എന്നത് നിസ്സംശയം പറയാം.


Dr. Jayafar ali Alichethu

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR