*കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം*
*റമളാൻ ചിന്ത 17*
Dr. Jayafar ali Alichethu
*കണ്ടം വെട്ടാതെ തുന്നിക്കൂട്ടാം*
ലോകത്തിൻ്റെ പൊതുവായി കാണാവുന്ന സ്വഭാവമാണല്ലോ താൽപര്യങ്ങൾക്ക് വേണ്ടി അപരനിൽ വെറുപ്പ് സൃഷ്ടിക്കുന്നത്. സ്വാർത്ഥത മുറ്റിയ ആധുനികതയിൽ സ്നേഹവും, കരുണയും, സൗഹൃദവുമെല്ലാം നിരന്തരം ഓർമ്മപ്പെടുത്തേണ്ടി വരുന്നു. *മനുഷ്യ മനസ്സുകൾ അടുക്കുന്നതിനേക്കാൾ അകലാൻ അവസരം തേടുന്നു.*
*തന്നിലേക്ക് ചുരുങ്ങുക എന്നതിൽ തെറ്റ് കരുതേണ്ട, പക്ഷേ താനാണ് മുഖ്യമെന്ന് വിചാരിക്കുന്നത് അപകടം വരുത്തും.*
ജാതിയും, മതവും, വംശവും, രാഷ്ട്രവും, രാഷട്രീയവും, നിറവും, തൊഴിലും, ഗോത്രവുമെല്ലാം മനുഷ്യനെ വേർത്തിരിക്കാനുള്ള മാനദണ്ഡങ്ങളാക്കുന്ന ഇക്കാലത്ത് ഓർക്കേണ്ടത്. *"പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി വിവിധ ഗോത്രവും, വംശവുമാക്കി"* എന്ന വേദവാക്യത്തിനെ. എന്നാൽ, ഭൂമിയിൽ അവകാശവും, അധികാരവും സ്ഥാപിക്കാൻ തങ്ങളെ നിയോഗിച്ചിരിക്കുന്നു എന്ന സ്വയം പ്രഖ്യാപിത നയങ്ങളിലേക്ക് മനുഷ്യർ ചുരുങ്ങി.
എൻ്റെ ആശയവും, എൻ്റെ നിലപാടും മാത്രം ശരിയാണെന്നുറപ്പിക്കുമ്പോൾ, മറിച്ചുള്ളതെല്ലാം അന്യവത്കരിക്കപ്പെടേണ്ടതും അപകടകരവുമാക്കി പുതിയ സംജ്ഞ രുപീകരിക്കുന്നു. പിന്നീട് മറ്റുള്ളവയെ നിഗ്രഹിക്കുക എന്ന അപകടകരമായ അവസ്ഥ സൃഷ്ടിച്ചെടുക്കുന്നു.
*ആശയങ്ങളുടെ പരസ്പര പൂരണങ്ങളാണ് ബ്രഹത് സംസ്കാരങ്ങളുടെ മഹനീയത എന്നത് മറന്ന്. ഇതര ആശയങ്ങൾ നിർമ്മാർജ്ജനം ചെയ്യേണ്ടതാണെന്ന ബോധം ഉണ്ടാക്കുന്നു.*
അങ്ങിനെ സൃഷ്ടിച്ചെടുക്കുന്ന *വെറുപ്പിനാൽ തീർക്കുന്ന മതിൽ കെട്ടുകൾ അറപ്പായി വളർത്തുന്നു മനസ്സുകളിൽ.* പിന്നെ പരസ്പര സ്നേഹത്തേക്കാൾ, സ്വന്തത്തിൻ്റെ സ്വസ്ഥതക്ക് പ്രാധാന്യം കാണുന്നു. തൻ്റെ സ്വസ്ഥതക്ക് ഭംഗം വരുത്തുന്നതെല്ലാം നശിക്കേണ്ടതാണെന്ന ലളിത തത്വം പ്രാവർത്തികമാക്കുന്നു.
മനുഷ്യൻ എന്നതിന് വിത്യസ്ഥ നിർവചനങ്ങൾ കാണാം. അതിൽ തത്വചിന്താ ഉൽഭവ കാലത്തെ മൂന്ന് വ്യാഖ്യാനങ്ങൾ ഒന്ന് മനസ്സിലാക്കാം. *അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം മനുഷ്യൻ സംസാരിക്കുന്ന മൃഗമാണ്.* അതെ
മനുഷ്യൻ സംസാരിക്കേണ്ടവനാണ്, സാമൂഹിക സംസ്കരണത്തിൻ്റെ അമൂല്യ ഘടകം ചാർത്തിയവനാണെന്നർത്ഥം. പരസ്പര സംവാദങ്ങൾക്ക് സാധ്യത കാണുന്നവൻ, അകന്നു നിൽക്കേണ്ടവനല്ല !.
*മനുഷ്യൻ ന്യായമായ മൃഗമാണെന്ന് പ്ലേറ്റോ സൂചിപ്പിച്ചു.* ന്യായം തീർക്കേണ്ടവനെന്ന് ചുരുക്കം. ന്യായം സ്വന്തത്തിലൊതുങ്ങേണ്ടതല്ലല്ലോ. അത് അളന്നെടുക്കാൻ, തിട്ടപ്പെടുത്താൻ ഉണ്ടാവേണ്ട വിശാലമാം ചുറ്റുപാടുകളുണ്ട്.
അവസാനമായി, *ഗെസ്റ്റാൾട്ട് തത്ത്വചിന്ത അനുസരിച്ച്, മനുഷ്യൻ സ്വന്തം നിലനിൽപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, അതിനെക്കുറിച്ച് അവനറിയാം.* നിലനിൽക്കാനനുയോജ്യമായ ഘടകങ്ങൾ രൂപപ്പെടുത്തേണ്ടതിലും ചുറ്റുപാട് നിർണ്ണായകം.
പരിസരങ്ങളുടെ സംവേദനക്ഷമത വാർത്തെടുത്ത് പൂർണ്ണത നൽകുന്നതാണ് അടിസ്ഥാനമായി മനുഷ്യൻ. അതിനുതകും വിധം വൈരുദ്ധ്യങ്ങൾ ഒരനിവാര്യതയാണ്. അതിനെ അറുത്ത് മാറ്റി നിലനിൽക്കാം എന്ന വ്യാമോഹം അരുത്.
അതായത് *അറുത്ത് മാറ്റുന്നതിനേക്കാൾ അണച്ചു പിടിക്കേണ്ടവനാണ് മനുഷ്യനെന്ന്.*
സൂഫി ഗുരുവിനെ സന്ദർശിക്കാൻ വന്ന പ്രഭു ഒരു സ്വർണ്ണ കത്രിക സമ്മാനമായി കരുതി. സമ്മാനം സ്വീകരിച്ച് ഗുരു അതിൻ്റെ ഉപയോഗമെന്തെന്ന് അന്വേഷിച്ചു. ആഗതൻ ബഹുമാനത്തോടെ: " തുണികൾ മുറിക്കാം ഗുരോ". ഗുരു ശിഷ്യനെ വിളിച്ച് വില പിടിപ്പുള്ള കുറച്ച് തുണികൾ വരുത്തി അയാളോട് മുറിക്കാനാവശ്യപ്പെട്ടു. അയാൾ നിമിഷങ്ങൾക്കകം നിഷ്പ്രയാസം അത് കഷണങ്ങളാക്കി.
ഗുരു ചോദിച്ചു; " *ഒന്നിച്ചിരിക്കുന്നതിനെ പലതാക്കുകയാണോ താങ്കളുടെ ജോലി?!.* ഗുരുവിൻ്റെ ചോദ്യം അയാളിൽ ഒരാളലുണ്ടാക്കി.
ഗുരു ശിഷ്യനോട് സൂചിയും, നൂലും എടുത്തു വരാൻ പറഞ്ഞു. എന്നിട്ട് മുറിച്ചിട്ട തുണികൾ തുന്നിച്ചേർക്കാൻ തുടങ്ങി. മണിക്കൂറുകൾ കൊണ്ട് തൻ്റെ ശ്രമം പൂർത്തിയാക്കി പുഞ്ചിരിയോടെ അതിഥിയോട് പറഞ്ഞു:
*" ഒരു കത്രികയാവുക എളുപ്പമാണ്. എന്നാൽ സൂചിയാവുക ഏറെ ശ്രമകരവും."*
വലിയൊരു പാഠമാണ് ഈ കഥ മുന്നോട്ട് വെക്കുന്നത്. *ബന്ധങ്ങളുടെ വേരറുക്കാൻ നിസ്സാരമാണ്, എന്നാൽ അവ കുട്ടിയോജിപ്പിക്കാൻ എടുക്കേണ്ട ശ്രമം കഠിനമാണ്.*
*വെറുപ്പും വിദ്വേഷവും കൊണ്ട് തീർക്കുന്ന മതിൽ കെട്ടുകൾ നൽകിയേക്കാവുന്ന സ്വാർത്ഥ ലാഭങ്ങൾ വെടിഞ്ഞ്. സ്നേഹവും, കാരുണ്യവും തീർക്കുന്ന ഹൃദ്യത നുകരാൻ സാധിക്കട്ടെ* എന്നാശംസിക്കുന്നു. ശുഭം
അഭിപ്രായങ്ങള്‍