*തങ്ങാവാം, തണലേകാം: നല്ല ലോകത്തിന്നായ്*

 *റമളാൻ ചിന്ത 11*


Dr. Jayafar ali Alichethu



മനുഷ്യന്മാരെ കുറിച്ചാണല്ലോ ഭൂമിയിൽ ഏറ്റവും കൂടുതൽ എഴുതുന്നതും, വായിക്കുന്നതും. വേദങ്ങൾ ഇറക്കപ്പെട്ടതും മനുഷ്യർക്കുള്ള ബോധനങ്ങളുമായി. സന്തോഷം,  സ്നേഹം, കരുണ, ക്ഷമ, വിനയം, സഹനം, ദയ, ആദരവ്... തുടങ്ങിയ എത്രയെത്ര വികാര, വിചാരങ്ങൾ നിത്യജീവിതത്തിൽ പുലർത്താനായി മനസ്സിലാക്കിത്തരുന്നു. നന്മകളെ ഉയർത്തി തിന്മകൾ വർജ്ജിച്ചു വിജയം വരിക്കാനാഹ്വാനം ചെയ്യാത്ത ഏത് സംഹിതയെയാണ് ലേകം വാഴ്ത്താറുള്ളത്?. എല്ലാം എല്ലാവർക്കുമറിയാം,  എന്നിരുന്നാലും ചുറ്റുപാടുകളിൽ നിന്നുയരുന്നത് കാണാനും, കേൾക്കാനും, അറിയാനുമിഷ്ടപ്പെടാത്ത കാര്യങ്ങൾ!.


പ്രളയകാലത്ത് മലയാളിക്ക് അഭിമാനമായവൻ സാമ്പത്തിക അധാർമ്മികതയിലൂടെ  ലാഭം തേടുന്നു. ആർഭാടവും, ദൂർത്തും വരുത്തിയ ബാധ്യതകൾക്ക് സ്വന്തം മകളുടെ പുഞ്ചിരിക്കുന്ന മുഖത്ത് നോക്കി കഴുത്തെരിക്കുന്നു. ഒരൽപ്പം സ്വർണ്ണത്തിന് നിത്യവും കാണുന്ന കൂട്ടുകാരിയുടെ ജീവനെടുക്കുന്നു. കാഴ്ചയില്ലാതെ വളർത്തി വലുതാക്കിയ പിതാവിനെ നിത്യാന്ധതയുടെ ലോകത്തേക്ക് അയക്കുന്ന മകൻ... എന്താ ഈ ദൈവത്തിൻ്റെ നാടിന് പറ്റിയത്?. എവിടെയാ മലയാളിയുടെ മനുഷ്യത്വം നശിച്ചത്?.


സ്വന്തക്കാരും,ബന്ധക്കാരും ഏന്നൊക്കെ ഊഷ്മളത കൊണ്ടിരുന്ന മലായാളി ധാർമികത വേരറുത്ത് പോകുന്ന കാലത്ത് ചൈനയിലെ രണ്ട് സുഹൃത്തുക്കളെ നമുക്കൊന്ന് പരിചയപ്പെടാം. ഒരാൾ മറ്റൊരാൾക്ക് കയ്യും, കണ്ണുമായ പ്രചോദനമേകുന്ന ജന്മങ്ങൾ.

നിസ്വാർത്ഥതയോടെ പരസ്പര സഹകരണവും, സ്നേഹവും പകർന്നാൽ വരും തലമുറകൾക്കുപകരിക്കും വിധം നല്ല നാളെകൾ തീർക്കാമെന്നതിനുദാഹരണം.


ചൈനയിലെ യെലി എന്ന ഹരിത ഗ്രാമത്തിലെ രണ്ട് മനുഷ്യർ ജിയാ ഹെയ്ക്സിയായും അദ്ദേഹത്തിന്റെ ആത്മമിത്രം ജിയാ വെൻക്വിയും. 


വെൻക്വിയി ജനിക്കുന്നത് തന്നെ ഇരുകരങ്ങളുമില്ലാതെ. ഹെയ്ക്സിയായ്ക്ക് 16 വർഷം മുമ്പ് തൻ്റെ കണ്ണിൻ്റെ പ്രകാശം നഷ്ടപ്പെടുന്നു. കയ്യില്ലാത്തവനും, കാഴ്ചയില്ലാത്തവനും, വിധിയെ പഴിച്ച് ജന്മം തുലക്കേണ്ടവർ. എന്നാൽ രക്ത ബന്ധങ്ങൾ, ബാണ്ഡങ്ങളാകുന്ന കാലത്ത് സൗഹൃദത്തിൻ്റെ കാനനഭംഗി തീർത്തിരിക്കുന്നു ഈ ഭിന്നശേഷിക്കാർ.


കണ്ണില്ലാത്തവൻ്റെ കൈകൾ തോളിലേന്തി കൈകളില്ലാത്തവൻ പച്ചപ്പു വരണ്ട ഗ്രാമത്തെ വർണ്ണിക്കുന്നു. സൗഹൃദം ഇല്ലായ്മയുടെ കഥന ഭാരം പങ്കുവെച്ച് പ്രതീക്ഷകെട്ടവസാനിപ്പിക്കേണ്ടതല്ലെന്ന് ബോധ്യമായ ആ സുഹൃത്തുക്കൾ പരസ്പരം തങ്ങാവുന്നു.


ആ ദിനം മുതൽ ഗ്രാമത്തിൻ്റെ പ്രഭാതം ആ സുഹൃത്തുക്കളുടെ പ്രത്യാശയുടെ വിളനിലമായി. ഗ്രാമത്തിൻ്റെ വരണ്ടു നിൽക്കുന്ന മുഖത്തേക്ക് കാഴ്ചയില്ലാത്തവനായി കണ്ണുള്ളവൻ്റെ കാഴ്ചയും, കയ്യില്ലാത്തവനായി കയ്യുള്ളവൻ്റെ കൈകളും സമർപ്പിക്കുന്നു. ഓരോ ദിനവും വെച്ചു പിടിപ്പിക്കുന്ന ചെടികൾ വളർന്ന് ഇന്ന് മൂന്ന് ഹെക്ടർ പരിധിയിൽ, പതിനായിരത്തിൽപരം മരങ്ങൾ പന്തലിച്ചു നിൽക്കുന്ന ആരണ്യകം വരും തലമുറക്കായി തീർത്തവർ. സൗഹൃദവും, സമർപ്പണവും തീർത്ത അഭിമാന ജീവിതങ്ങൾ. 


 അതെ ബന്ധങ്ങൾ കേവലതയല്ല, ഊഷ്മളമെങ്കിൽ പ്രതീക്ഷയുടെ വിളനിലമാണ്. നൈമിക വികാരങ്ങളിൽ കെടുത്തിക്കളയേണ്ട പ്രാകൃതയുടെ തിരിച്ചു നടത്തമല്ല. ആത്മാർത്ഥത കവചമാക്കി സാംസ്കാരികോന്നമനം കൈവരിക്കലാണ്. വേദങ്ങൾ പകർന്ന നിർലോഭ നന്മ ചൊരിച്ചിലിൻ്റെ അത്യുന്നതിയിലേക്കുള്ള പ്രയാണം. അവിടെ സ്വാർത്ഥത വിളഞ്ഞു നിൽക്കില്ല, വികാരങ്ങൾ അനിയന്ത്രിതമാകില്ല. പകർന്നും, നുകർന്നും സ്നേഹമങ്ങനെ പന്തലിച്ചു നിൽക്കും. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi