*റമളാൻ ചിന്ത 4*

 

Dr. Jayafar ali Alichethu



*നമ്മൾ മരിച്ചാൽ ആര് കരയും*


കനേഡിയൻ എഴുത്തുകാരനും, ലോക പ്രശസ്ത ലീഡർഷിപ്പ് എക്സ്പേർട്ടുമായ റോബിൻ ശർമയുടെ പ്രശസ്തമായ ഒരു രചനയാണ് *"നിങ്ങൾ മരിച്ചാൽ ആര് കരയും?"* എന്നത്. ഈ ഗ്രന്ഥത്തിൻ്റെ അകക്കാമ്പ് പരിശോധിക്കലല്ല ഈ എഴുത്തിൻ്റെ ലക്ഷ്യം. പകരം ആ ഗ്രന്ഥത്തിൻ്റെ തലക്കെട്ട് മുന്നോട്ട് വെക്കുന്ന ചോദ്യം വളരെ പ്രധാന്യമുള്ളതല്ലെ?. ഒരു മനുഷ്യൻ്റെ ശരാശരി ആയുസ്സായ ആറു മുതൽ എട്ടു പതിറ്റാണ്ടുകൾ അത്ഭുതങ്ങളുടെ കലവറയായ ഈ പ്രപഞ്ചത്തിൽ ജീവിക്കാനവസരം ലഭിച്ചിട്ടും, ഒരു കരിയിലയുടെ  അത്ര പോലും അടയാളപ്പെടുത്താതെ മരിച്ചു പോകുന്ന മനുഷ്യർ!. 


ദൈവ സൃഷ്ടിപ്പുകളിൽ അതിസങ്കീർണ്ണമായ നിർമ്മാണത്തിന് ഉദാഹരണമായ മനുഷ്യൻ പക്ഷേ തൻ്റെ സൃഷ്ടിപ്പിൻ്റെ അകക്കാമ്പറിയാതെ പോകുന്നു. വേണ്ടപ്പെട്ടവരിൽപ്പോലും ഒരു തരത്തിലുള്ള മതിപ്പും സൃഷ്ടിക്കാനാവാതെ പരിഹാസ്യനായി മണ്ണണയേണ്ടി വരുന്നതിനോളം ദുരന്തം മറ്റെന്തുണ്ട്?.


ചെറിയ കാലത്തിനിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ചു, മാലോകരെ നഷ്ടത്തിൻ്റെ വിലയറിയിച്ചു പോയ എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റും ദർശിക്കാനാവും.എന്നാൽ മരിച്ചു കിടക്കുമ്പോഴും അറപ്പോടെ നോക്കി, ഒരിറ്റു കണ്ണുനീർപോലും പൊഴിക്കാൻ അവകാശികളില്ലാതെ, ചുറ്റുമാളുകൾ കൂടിയിട്ടും അജ്ഞാത ജഡമാകേണ്ടി വരുന്ന ദൗർഭാഗ്യത്തെക്കാൾ വലിയ പരാജയം മറ്റെന്തുണ്ട് ഒരു മനുഷ്യന്?. മേൽ പറഞ്ഞ പോൽ ഭൂമിയോടുള്ള പൊക്കിൾകൊടി ബന്ധം അറുത്ത് മറഞ്ഞ് പോയ ചിലരുണ്ട്, വീട്ടടകത്തു നിന്ന് ഗ്രാമാന്തരങ്ങളിലൂടെ അതിർത്തി ഭേതിച്ച് മനുഷ്യ സ്നേഹത്തിൻ കണ്ണീർ ചാലുകളാൽ ആറടി മണ്ണിലലിഞ്ഞവർ. ചില മഹത്തായ മരണങ്ങൾ തീർത്ത ജന്മങ്ങൾ... ഗാന്ധിയും, മദർ തരേസയും, മാൻഹോളിൽ വീണലിഞ്ഞ നൗഷാദ് പോലുള്ള ചിലരെങ്കിലും...


തൻ്റെ പിറന്ന മണ്ണിന് വിലയിട്ട കോർപ്പറേറ്റ് താൽപര്യങ്ങളോട് ഏറ്റുമുട്ടി അധികാരികളുടെ ശിക്ഷയിൽ നിന്ന് രക്ഷനേടാൻ നാടുവിടേണ്ടിവന്ന ഒരു യുവതിയുടെ ഇതിഹാസ സമാനമുള്ള ജീവിതം നാമൊന്ന് വായിക്കണം. ദൗർഭാഗ്യകരമായി തൻ്റെ ജോലിക്കാരനാൽ വധിക്കപ്പെട്ട് ഒരു ഗ്രാമത്തിനും അല്ല ഒരു രാജ്യത്തിനും ദുഖ:മായി ജീവിതം അടർത്തിമാറ്റപ്പെട്ടവൾ.

അതെ ആ നാൽപ്പത്തിമൂന്നുകാരി അഭയാർത്ഥി ദത്തുപുത്രിയുടെ മരണത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾ യാദൃശ്ചികതയല്ല!. അത് ജീവിതം പ്രയത്നങ്ങളാൽ അടയാളപ്പെടുത്തിയതിനുള്ള ആദരവായിരുന്നു.


 *അഗിതു ഇദിയോ ഗുദേറ്റ* എന്ന അഭയാർത്ഥി നാടിൻ്റെ പ്രിയപ്പെട്ട 'അഗി'. എത്യേപിയൻ ഉൾഗ്രാമത്തിൽ ജനിച്ച്, ഇറ്റലിയിൽ നിന്ന് സോഷ്യോളജി ബിരുദം കരസ്ഥമാക്കി, ജന്മനാടിൻ്റെ ചൂഷണം ചെയ്ത കോർപറേറ്റ് ഭീമന്മാർക്കെതിരെ സമരം ചെയ്തു നാടുവിടേണ്ടി വന്നവൾ. പിന്നീട് എത്തപ്പെട്ട ഇറ്റാലിയൻ ഗ്രാമമായ ട്രെൻ്റിനോയിലെ തരിശ് നിലങ്ങളിൽ പ്രത്യാശനഷടപ്പെട്ട ഒരു ജനതക്ക് ലോക ചരിത്രത്തിൽ ഇടം തീർത്ത പ്രയത്ന വിജയി.

 

സാമ്പത്തിക പ്രതിസന്ധിയിൽ എല്ലാം ഉപേക്ഷിച്ചു കുടിയേറി കൊണ്ടിരിക്കുന്ന പ്രദേശവാസികളിൽ, ഒരു രക്ഷയുമില്ലാതെ ബാക്കിയായ 350 പേർ മാത്രം ഉള്ള ട്രെൻ്റിനോയിൽ എത്തപ്പെട്ട അഗി, 27 ഏക്കർ തരിശുഭൂമിയിൽ പൈബാൾഡ് മൊചേന എന്ന പ്രത്യേക ജനുസ്സിൽപ്പെട്ട ആടുകളെ വളർത്താൻ ലൈസൻസ് ലഭ്യമാക്കുന്നു. അങ്ങനെ തൻ്റെ അമ്മ പകർന്നു നൽകിയ എത്യേപിയൻ രീതിയിൽ എണ്ണയും, തൈരും കടഞ്ഞെടുക്കുന്ന നാടൻ വിദ്യ ഉപയോഗിച്ച് ചെറിയ സംരഭം തുടങ്ങുന്നു. ദിനേന അവശ്യക്കാർ കൂടിവരികയും, ഗ്രാമാതിർത്തിക്കപ്പുറം ഉൽപ്പന്നത്തിൻ്റെ വ്യാപനം ഉണ്ടാകുകയും ചെയ്യുന്നു. ഗ്രാമീണരെ തൻ്റെ വ്യവസായത്തിൻ്റെ ഭാഗമാക്കി നാടിനെ സാമ്പത്തിക ഉയർച്ചയിലേക്ക് കൊണ്ട് വരുന്നു. പ്രതീക്ഷയറ്റ ഗ്രാമ ജനതയിൽ നിന്ന് ഇറ്റലിയിലെ ക്ഷീര വിപ്ലവത്തിൻ്റെ ഐതിഹാസികത രചിച്ച വ്യവസായകരാക്കി പരിവർത്തിച്ച്, രാജ്യ പുരസ്കാരം സ്വന്തമാക്കിയ മാന്ത്രികത!. നാട്ടിൽ നിന്നന്യമാക്കപ്പെട്ടവൾ ഒരു ജനതയുടെ പ്രതീക്ഷകളെ ആകാശത്തോളം വളർത്തി, ഇതര പട്ടണങ്ങളിലേക്കും വ്യവസായം വികസിപ്പിച്ചു. ട്രെൻറിനോ എന്ന വരണ്ട ഭൂമിയെ വ്യവസായ വിപ്ലവത്തിൻ്റെ ഈറ്റില്ലമാക്കി വളർത്തിയ ദത്തുപുത്രി പക്ഷേ ദൗർഭാഗ്യകരമെന്ന് പറയാം, തൻ്റെ 43 മത് പിറന്നാൾ ദിനത്തിന് ദിനങ്ങൾ ബാക്കി നിൽക്കെ ഫാമിലെ തൊഴിലാളി ഗാനക്കാരൻ സുലൈമാനാൽ വധിക്കപ്പെടുന്നു. അരാരുമില്ലാതെ കുടിയേറിയവൾ, പട്ടിണി കിടന്ന് ആ ഗ്രാമ തെരുവിൽ മരിച്ചുവീണ് ഒരു മൺകൂനയാകേണ്ടവൾക്ക് വേണ്ടി, അന്നാ രാജ്യം കരഞ്ഞ ദിവസം. അതെ അവൾ മരിച്ചപ്പോൾ അന്യതാ ബോധമില്ലാതെ പതിനായിരങ്ങളുടെ കവിളിലൂടെ കണ്ണീർ ചാലൊഴുകി.


 മരിക്കുമ്പോൾ കരയാൻ ചിലരുണ്ടാകണമെങ്കിൽ ജീവിക്കുമ്പോൾ ചിലർക്കായി നാമും ദയയുടെ കണ്ണീർ പൊഴിക്കണം. ഒന്നുമില്ലായ്മയിൽ നിന്ന് ഒരായിരം പേർക്ക് തങ്ങായി, തണലായി. ആരുമല്ലായ്മയിൽ നിന്ന് ആർക്കൊക്കെയോ ആരൊക്കയോ ആയി മരിക്കുമ്പോൾ കിട്ടുന്ന മനോഹാരിത. അതൊരു വല്ലാത്ത നിർവൃതി തന്നെയല്ലേ?. മരിക്കുമ്പോൾ കരയിപ്പിക്കാനെങ്കിലും ചിലരിൽ കയറിപ്പറ്റാൻ സാധിക്കുമാറ് നമുക്ക് ഒരു തിരിയായി പ്രകാശിക്കാനാവട്ടെ എന്നാശംസിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR