ഈ ലോകം പ്രതീക്ഷയുടേതാണ്
*റമളാൻ ചിന്ത 13*
Dr. Jayafar ali Alichethu
ചിലരുണ്ട് മണ്ണിൽ വന്മരം കണക്കെ വളർന്ന് പന്തലിച്ചു നിൽക്കുന്നവർ. അവർ ഭൂമിയിൽ അധികാര സ്ഥാനങ്ങൾ കയ്യേറിയവരോ, സാമ്പത്തിക നിയന്ത്രണം കയ്യാളിയവരോ അല്ല. തങ്ങളുടെ പരാധീനതകളിൽ ജീവിതം തള്ളിനീക്കി, അന്നന്നത്തെ അന്നത്തിനായ് ഉലകം ചുറ്റുന്നവർ. ലളിതമായി പറഞ്ഞാൽ പച്ച മനുഷ്യർ.
കുന്നുകൂടുന്ന സമ്പാദ്യങ്ങളിൽ ആർത്ഥി പൂണ്ടവരല്ല!. അധികാരഭ്രമത്താൽ അന്ധത വന്നവരുമല്ല!. ഞാൻ പറഞ്ഞില്ലേ പച്ചമനുഷ്യർ. ഒരു പക്ഷേ ലോകത്തിൻ്റെ ഐതിഹാസിക ചരിത്ര ഏടുകളിൽ അവരുടെ പേരുകൾ സുപരിചിതമല്ല. അടുത്തവർക്കു പോലും അവരുടെ മൂല്യം അറിയാനാവില്ല. പക്ഷേ അവർ കൺകണ്ട ദൈവങ്ങളാണ്. *കർമ്മം കൊണ്ട് ധർമ്മം തീർത്തവർ.* അല്ലല്ല, *കർമ്മമാണ് ധർമ്മത്തിൻ്റെ മർമ്മമെന്ന്* ലേകത്തെ പടിപ്പിച്ചവർ.
മനുഷ്യർ നിസ്സാരന്മാരായ വർത്തമാന സമയത്ത്. പ്രതീക്ഷകളിൽ ഭയത്തിൻ്റെ നിഴ(ലാ)ലോട്ടം നടക്കുമ്പോൾ, കർമ്മ നന്മയാൽ മനുഷ്യന്മാർക്ക് വല്ലാത്ത പ്രചോദനമായ മുംബൈയിലെ ദമ്പതികളെ പരിചയപ്പെടാം. അതെ കർമ്മം കൊണ്ട് ധർമ്മം തീർത്ത പച്ചമനുഷ്യരെ.
രാജ്യത്തിൻ്റെ ആഢംബര സിറ്റി ഇന്ന്, വൈറസിനാൽ മനുഷ്യക്കുരുതിയുടെ വിളനിലമാണല്ലോ. എങ്ങും ഭീതിജനകമായ അന്തരീക്ഷം. മരണത്തിൻ്റെ മണമേറ്റു നീങ്ങുന്ന മേഘക്കൂട്ട്. പ്രതീക്ഷയസ്തമിച്ച അവിടമിൽ മനുഷ്യനന്മയുടെ ഉത്തമ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ.
ബോറിവ്ലി തെരുവിലെ സെൻ്റ് സേവ്യേഴ്സ് സ്കുളിലെ അധ്യാപികയായ 51 കാരി റോസിയും ഭര്‍ത്താവ് പാസ്‌കല്‍ സാല്‍ഡാന്‍ഹയുമാണ് മഹാമാരി കാലത്ത് മാതൃകയാവുന്നത്.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇരു വൃക്കകളും തകരാറിലായി ജീവിതം ഒരു പരീക്ഷണ വസ്തുവായി. രക്തസ്രാവം തലച്ചോറിൻ്റെ പ്രവർത്തത്തെ ബാധിച്ചു, നാലു തവണ കോമയിലാണ്ടു. രണ്ടു കോടിയോളം ചികിത്സ ചിലവ് വരുത്തിയ കൊടിയ ദുരന്തം. തളർന്നു പോകാൻ മറ്റെന്ത്?.
*മരിച്ചു ജീവിക്കുന്നതിലും ഭേധം, ജീവിച്ചു മരിക്കുന്നതാണെന്ന്* ഈ ആധ്യാപിക എത്ര തവണ വിദ്യാർത്ഥികളോട് പറഞ്ഞിരിക്കുന്നു. അതെ അവർ ഇഛാശക്തി കൊണ്ട് നിവർന്നിരുന്നു. അല്ല ജീവിതം തിരിച്ചുപിടിച്ചു. എങ്കിലും ശ്വസിക്കാനുള്ള ഓക്സിജനും, അണുവിമുക്തമായ ചുറ്റുപാടുകളും അവരുടെ പുറം കാഴ്ചകൾ നിയന്ത്രിച്ചു.
കോവിഡ് വൈറസ് താണ്ഡവമാടുന്ന ചുറ്റുപാടുകളിൽ മനുഷ്യർ സ്വാശിക്കാൻ വായുവില്ലാതെ മരിച്ചു വീഴുന്നു. റോസിയുടെ സഹപ്രവർത്തക ശബാനാ മാലിക്കിൻ്റെ ഭർത്താവിന് ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലിടുന്നത് പ്രിൻസിപ്പളിൽ നിന്നറിഞ്ഞ പാസ്കൽ. ഭാര്യക്കായി കരുതിയ സിലിണ്ടറുകൾ അവളോട് പറയാതെ കൈമാറുന്നു. സിലിണ്ടർ കാണാനില്ലാത്തത് ശ്രദ്ധയിൽ പെട്ട റോസി ഭർത്താവിനോട് കാര്യം അന്വേഷിച്ചു. ലോകം ജീവൻ നിലനിർത്താൻ ഓക്സിജൻ തേടിയലയുന്ന ദയനീയതയുടെ വിവരണങ്ങൾ അത്ഭുതത്തോടെ കേൾക്കേണ്ടി വന്ന റോസി. തൻ്റെ വിളറിയ ശരീരത്തിനലങ്കാരമായി അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരിയെടുത്ത് നല്ല പാതിയുടെ കൈകളിൽ വെച്ച് കൊടുത്ത് പറഞ്ഞു:
*‘ഞാന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. യാതൊരു ഉപയോഗവുമില്ലാതെ എന്റെ കൈവശം കുറച്ച് ആഭരണങ്ങളുണ്ടായിരുന്നു. അവ വിറ്റാല്‍ കുറച്ചുപേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും’.*
സ്വർണ്ണം വിറ്റു കിട്ടിയ കാശു കൊണ്ട്, ഭക്ഷണക്കറ്റുകളും, ഓക്സിജൻ സിലിണ്ടറുകളുമായി പാസ്കൽ ആവശ്യക്കാർക്ക് അത്താണിയായി. ഏഴു ജീവനുകൾ, ഈ നന്മ ലോകം അറിയുമ്പോൾ രക്ഷിച്ചെടുക്കാനായ സംതൃപ്തിയിലും, ഒരാളെ യമകരങ്ങൾ കവർന്നതിൻ്റെ നിരാശയുണ്ടവർക്ക്. എങ്കിലും പ്രതീക്ഷ നഷടമായവർക്ക് ജീവൻ്റെ പുതുവായു നിറക്കാനായ നിർവൃതിയാൽ തെരുവിലേക്ക് കണ്ണും നട്ടവർ ലോകത്തിൻ്റെ പ്രതീക്ഷയാവുന്നു.
കർമ്മമാണ് ധർമ്മത്തിൻ്റെ മർമ്മം എന്നത് ചെറിയ വാക്കല്ല. റോസിയും, പാസ്കലും ന്യൂസ് മുറികളിലെ സ്ക്രീനിന് അലങ്കാരമല്ലായിരിക്കാം... പക്ഷേ *പ്രതീക്ഷയാണ്, എരിഞ്ഞണയുന്ന അനാഥ ജഡങ്ങൾ ഒരു രാജ്യത്തിന് ഭാരമാകുമ്പോൾ. മനുഷ്യസ്നേഹം എന്ന മഹത്തായ മന്ത്രം വിളിച്ചോതി.* ശുഭം
അഭിപ്രായങ്ങള്‍