*പ്രത്യുപകാരമില്ലാതെ പരോപകാരം*
*റമളാൻ ചിന്ത 16*
Dr. Jayafar ali Alichethu
*പ്രത്യുപകാരമില്ലാതെ പരോപകാരം*
ഇടശ്ശേരിയുടെ ഒരു കവിതയിൽ അദ്ദേഹം വരച്ചിടുന്ന വരികൾ ഇങ്ങനെ:
*പ്രത്യുപകാരം പ്രതീക്ഷിക്കാത്ത പരോപകാരത്തിൻ്റെ നമ്മയാണ് പ്രകൃതി പോലും പഠിപ്പിക്കുന്നത്.*
*ഒന്നിനും കൊള്ളാത്ത ഒന്നും പ്രകൃതിയുടെ നിഘണ്ടുവിൽ രേഖപ്പെടുത്തിയിട്ടില്ല.* എല്ലാത്തിനും ചില ലക്ഷ്യങ്ങൾ, ആവശ്യ നിവർത്തിയുണ്ട്. അവ കനിഞ്ഞേകുക എന്ന തത്വത്തിൽ അധിഷ്ഠിതമാണല്ലോ പ്രപഞ്ച സൃഷ്ടിപ്പ്...
മുറ്റത്തെ മാവിൻ കൊമ്പിൻ പാകമായിരിക്കുന്ന മാമ്പഴം നാവിൻ്റെ രുചിക്കൂട്ടിനാനന്ദം നൽകുവാൻ കനിഞ്ഞേകുമ്പോൾ നമ്മിൽ നിന്ന് തിരിച്ചെന്തെങ്കിലും മാവ് പ്രതീക്ഷയർപ്പിക്കുന്നോ?!. ഇല്ല ഒന്നും തിരിച്ചാഗ്രഹിച്ചല്ല പ്രപഞ്ചം നമ്മെ പരിപാലിക്കുന്നത്.
രാവന്തിയോളം തൻ്റെ വിളനിലത്തുഴുതു മറിച്ച് ലോകത്തിന് ഊട്ടാൻ വിതക്കുന്ന കർഷകൻ തിരിച്ചെന്ത് പ്രതീക്ഷിക്കുന്നു?. തനിക്കുണ്ണാനുള്ള രണ്ട് പിടിച്ചോറിൻ്റെ എത്രയോ പതി മടങ്ങ് ഉത്പാദിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദത്തോളം വരില്ലല്ലോ അർദ്ധപട്ടിണി ബാക്കിയാക്കുന്ന തുഛ വേതനം.... അതെ ചൂഷണം ചെയ്യുമെന്നറിഞ്ഞിട്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ആത്മസംതൃപ്തി കണ്ടെത്തുന്ന മഹിതമാം ഉദാഹരണങ്ങൾ...
മലയാളത്തിൻ്റെ നിലപാടിനാൽ ധിക്കാരിയായ പ്രിയ എഴുത്തുകാരൻ പൊൻകുന്നൻ വർക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' എന്ന ചെറുകഥ. വായനക്കാരൻ്റെ ഹൃദയാന്തരങ്ങളിൽ നിസ്വാർത്ഥ സ്നേഹത്തിൻ്റെ വായനാനുഭവം കോറിയിട്ട രചനയാണല്ലോ!.
ഓസേപ്പെന്ന കർഷകനും, കണ്ണനെന്ന ഉഴവ് കാളയും തീർക്കുന്ന അപൂർവ്വ ആത്മബന്ധത്തിൽ പിറക്കുന്ന മഹനീയ എഴുത്ത്. തൻ്റെ ഇല്ലായ്മയിൽ താങ്ങായ കണ്ണനെന്ന കാളയെ നിവർത്തികേടുകൊണ്ട് ഹൃദയം വിങ്ങുന്ന നോവിനാൽ വിൽക്കേണ്ടി വന്ന കർഷകൻ. പിന്നീട് അറവ് മാടുകളിൽ കണ്ണനെ കാണേണ്ടി വരുമ്പോൾ വന്ന ആവശ്യം മറന്നവനെ സ്വന്തമാക്കി വീട്ടിലെത്തുന്ന ഹൃദ്യത. എല്ലും കോലുമായ ആ കാളയിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ലല്ലോ ഔസേപ്പവനെ കൊണ്ടുവരുന്നത്. കണ്ണടക്കും മുമ്പ് തൻ്റെ തലോടലിൽ ലഭിക്കേണ്ട ശാന്തത പകർന്നു നൽകാൻ. അതിലൂടെ തൻ്റെ നരജന്മത്തോട് നീതി പുലർത്താനായെന്ന് ബോധ്യം നേടാൻ. *ചില നിമിഷങ്ങൾ മതിയാകും ഒരു ജന്മം സഫലമാകാൻ. ഒരു ചെയ്തി മതി ഒരു കാലം ഓർക്കാൻ*
മാനവരാശിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ചില മനുഷ്യരുടെ സേവനം കാണുമ്പോൾ വല്ലാത്ത നിർവൃതി. കുട്ടികളേയും, കുടുംബത്തേയും ത്യജിച്ച്, ജീവിതത്തിൻ്റെ ഏറ്റവും അപകടകരമായ ഒരവസ്ഥയിലേക്ക് സ്വയം സമർപ്പിക്കുന്നവർ. അവർക്ക് ലഭിക്കുന്ന ശമ്പളത്തിൻ്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കേണ്ട. അതിനപ്പുറം പ്രതിബദ്ധത എന്നൊരു വാക്കിനു കൂടി പ്രാധാന്യം നൽകാം...
പ്രയാസമനുഭവിക്കുന്ന മനുഷ്യരോട് തനിക്കുള്ള ഉത്തരവാദിത്വം മനസ്സിലാക്കിയ മാനവീയത. തിരിച്ചൊരു നന്ദികാണിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ടല്ല, ജീവിതത്തിൽ ഇന്നുവരെ കാണാത്ത ആളുകൾക്ക് വേണ്ടി അവർ റിസ്ക് ഏറ്റെടുക്കുന്നത്. പകരം *പ്രത്യുപകാരത്തേക്കാൾ പ്രകൃതി പഠിപ്പിച്ച പരോപകാരത്തിന് പ്രാധാന്യം നൽകിയാണ്.*
മഹാമാരി കാലത്ത് കാണാനായ ഒരു പാട് നല്ല മനസ്സുകളിൽ വല്ലാതെ സ്പർശിച്ച ഒരു മുഖമാണ് ഗുജറാത്തിലെ സൂരത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തക *നാന്‍സി അയേസ മിസ്‌ത്രി.* തൻ്റെ ഗർഭാവസ്ഥയിലെ ആരോഗ്യ സംരക്ഷണത്തിന് പ്രാമുഖ്യം കാണേണ്ട സമയത്ത് നിസ്വാർത്ഥ സേവനത്തിൻ്റെ മാതൃക തീർക്കുന്നവർ. മരിച്ചുവീഴുന്ന മനുഷ്യരുടെ ദീനരോധനങ്ങൾക്കിടയിലൂടെ വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോഴും റംസാൻ വൃതം മുടക്കാത്തവൾ. പുണ്യമാസത്തിൽ ആരോഗ്യ പ്രയാസങ്ങളില്ലാതെ പ്രത്യാശ നഷടപ്പെട്ടവർക്ക് പ്രതീക്ഷയാകാനാവുന്ന തിന് അവസരം തന്ന ദൈവത്തെ സ്തുതിച്ച് കർമ്മമണ്ഡലത്തിൽ സജീവമാകുന്നവൾ. *ഒന്നും നേടാനല്ല, ഉള്ളത് പകരാൻ അതിലൂടെ തന്നിലുള്ള അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കുന്ന എത്രയോ മനുഷ്യരുണ്ട് നമുക്ക് ചുറ്റും.*
ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ പരോപകാരപ്രവൃത്തികൾ ചെയ്തു തീർക്കാൻ സാധിക്കുന്നത് തന്നെ വല്ലാത്തൊരനുഭൂതിയല്ലേ?!. *പ്രതീക്ഷയറ്റവർക്ക് പ്രത്യാശയുടെ കെട്ടു വഞ്ചിയാകാൻ സാധിക്കുന്നൊരു മാതൃകാ ജീവിതം. ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയിൽപ്പോലും പരോപകാരമുണ്ടെന്ന അടിസ്ഥാന ജ്ഞാനമെങ്കിലും മനസ്സിൽക്കുറിച്ച്* നന്ദി പ്രകടിപ്പിക്കാനാവട്ടെ ഈ ജീവിതം എന്നാശംസിക്കുന്നു. ശുഭദിനം
അഭിപ്രായങ്ങള്‍