*വഴിതേടിയലയുന്ന ജന്മങ്ങൾ*
*റമളാൻ ചിന്ത 18*
Dr. Jayafar ali Alichethu
*വഴിതേടിയലയുന്ന ജന്മങ്ങൾ*
🌷🌷🌷
*വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അർത്ഥത്തെ നല്ലപോലെ അറിയാത്തവൻ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു* - ഋഗ്വേദം
ജീവിതത്തിൻ്റെ അനുഭവജ്ഞാനം എമ്പാടും ലഭ്യമായിട്ടും, ജീവിതം മാത്രം എന്താണെന്ന് മനസ്സിലാക്കാത്ത മനുഷ്യർ വല്ലാത്തൊരത്ഭുതമാണ്!.
അനുഭവിച്ചറിയാൻ മനുഷ്യനോളം ഭാഗ്യം സിദ്ധിച്ച മറ്റെന്തുണ്ട് ഭൂമിയിൽ!. എന്നാൽ അനുഭവങ്ങളെ അനുഭൂതിയാക്കി ആരവം തീർക്കാൻ സാധിക്കാത്ത നിർഭാഗ്യവാനെന്ന് വിശേഷിപ്പിക്കാം.
സൃഷ്ടി സംവിധാനത്തിലെ താക്കോൽ സ്ഥാനമലങ്കരിക്കേണ്ടി വന്നിട്ടും, നിസ്സാര ചിന്തകളിൽ പതർച്ച കാണിക്കുന്ന ദൗർഭല്യത്തിനുടമകളാണല്ലോ മർത്യൻ, ലജ്ജാകരം!.
*അറിവുണ്ടായാൽ പോര, അറിവിനെ തിരിച്ചറിവാക്കാൻ സാധിക്കണം.* അല്ലെങ്കിൽ പുസ്തകെട്ടുകൾ ചുമക്കുന്ന കഴുതയുടെ ജന്മമാകും. *ജീവിതമെന്ന അമൂല്യ ജ്ഞാനത്തിൻ്റെ അനുഭൂതിയറിയാതെ കേവല ഭാരത്തെ പഴിചാരി കാലം തീർക്കാം.*
എല്ലാ ജ്ഞാനശാഖകളും വികാസം പ്രാപിച്ച ഇക്കാലത്തും പക്ഷേ മനുഷ്യൻ്റെ ദുർബലതക്കു ബലമേകാൻ കരുത്തായി ഒന്നും മതിയാകുന്നില്ലന്നോ?!. *ഉൾഭയവും, സമാധാനഭംഗവും തീർത്ത തീച്ചൂളയിൽ സ്വയം വെന്തുരുകി ഇടയനെ നഷടപ്പെട്ട ആട്ടിൻപറ്റത്തെപ്പോൾ ദിശയറിയാതെ അലയുന്നവനെ നിന്നെയാണോ ബുദ്ധിജീവി എന്ന് വിശേഷിപ്പിക്കുന്നത്?!.*
ശരീരബലം ശാസ്ത്രീയമായി നിലനിർത്താൻ സൂക്ഷ്മത കാണിക്കുന്നവൻ, മനസ്സാന്നിദ്ധ്യം കൈവിടാതെ ആത്മധൈര്യം വീണ്ടെടുകാൻ നിസ്സഹായനാകുന്നു. എവിടെയൊ തിരിച്ചറിവ് നഷ്ടപ്പെട്ട് നാടോടിത്തത്തിലേക്ക് ചേക്കേറുന്ന ആധുനിക ജന്മങ്ങൾ. പ്രശ്നങ്ങളെ പർവ്വതീകരിച്ച്, പ്രതീക്ഷയസ്തമിപ്പിച്ച് ആത്മഹുതിയിലാനന്ദം തേടുന്നവൻ. ഹാ, കഷ്ടം! എന്നല്ലാതെ എന്ത് പറയാൻ?.
*'മരണം നിൻ്റെ ചെരിപ്പിൻവാറു പോലെ അടുത്താ'* ണെന്നറിഞ്ഞിട്ടും തിരക്കൊഴിയുന്നില്ല മർത്യന്!. അറ്റമില്ലാത്ത ആർത്ഥിപൂണ്ടലയുകയാണ് സമാധാനമെന്തെന്ന് ആസ്വദിക്കാനാവാതെ. *അത്യാർത്ഥിയുടെ വാൽക്കഷണത്തിനു വേണ്ടി താണ്ടുന്ന മൈലുകൾ തിരിച്ചു നടക്കാനാവാതെ കിതപ്പറ്റു വീഴുന്നു.*
*ഒന്നും കൈപ്പിടിയിലേന്തി വന്നവനല്ല എന്ന ബോധം ഉണ്ടായിട്ടും എല്ലാം കയ്യാളണമെന്ന അമിതാവേഷം. അവസാനം ഒന്നും കയ്യിലൊതുങ്ങാതെ മണ്ണോട് ചേരുന്നു.*
മനശ്ശാന്തിയുടെ ഇളംക്കാറ്റേറ്റു കുളിരേണ്ട ആയുസ്സ് ദുരാഗ്രഹക്കനലിൽ വെന്തുരുകുന്ന ദൗർഭാഗ്യത.
മഹാനായ സെൻ ഗുരു ഗാസൻ്റെ ആശ്രമത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ കഠിനമായിരുന്നു. വിദ്യാർത്ഥിയുടെ സ്വഭാവം, സമീപനവുമെല്ലാം നിരീക്ഷിച്ചതിന് ശേഷമാണ് പ്രവേശനം. ഒരിക്കൽ തണ്ടായി എന്ന പ്രഭു പുത്രൻ ഗാസൻ്റെ ശിഷ്യത്വം തേടി വരുന്നു. അധികാരവും, സമ്പത്തും നൽകിയ ആർഭാട ജീവിതത്തിനോട് തോന്നിയ വിരക്തിയാണ് ആ ബാലനെ അവിടെ എത്തിച്ചത്. മതാപിതാക്കളുടെ പിന്തിരിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളെ വകഞ്ഞ് മാറ്റിയാണ് അവൻ ആശ്രമത്തിലേക്ക് എത്തിയത്. എങ്കിലും രക്ഷിതാക്കൾ അവരുടെ നിലയും, വിലയും കാക്കുന്നതിൽ നിർബന്ധം കാണിച്ചു. അക്കാലത്തെ രീതിയനുസരിച്ച് ഗുരു ദക്ഷിണയായി അമൂല്യ രത്നങ്ങളും, സ്വർണ്ണവുമടക്കം വൻ പരിവാരസമേതം മകനെ യാത്രയാക്കി.
ആശ്രമ കവാടത്തിലെത്തിയ പുതിയ അതിഥിയെ പതിവുപോലെ ഒരു ചോദ്യവുമായി ഗുരു നേരിട്ടു: "നീയെന്താണ് കൂടെ കൊണ്ട് വന്നിരിക്കുന്നത്"?.
തികച്ചും സ്വാഭാവിക ചോദ്യമെന്ന നിലക്ക് ബാലൻ അഭിമാനത്തോടെ രത്നവും, സ്വർണ്ണവും എന്നുത്തരം പറഞ്ഞു.
ഇതു കേട്ട ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു: *''ഈ ലോകത്ത് ആരും സമ്പന്നരായല്ല വരുന്നത്, തൻ്റെ കൂടെ തിരിച്ചു കൊണ്ടു പോകുന്നുമില്ല. അവയൊന്നും ഒരിക്കലും ആരുടേതുമായിരുന്നിട്ടുല്ല."*
ചുറ്റുമുള്ളവരുടെ ജിജ്ഞാസ മനസ്സിലാക്കി ഗുരു തുടർന്നു: *"പലപ്പോഴും മനുഷ്യൻ കൊണ്ടുവരുന്നത് തെറ്റായ കുറേ ഭാവനയും, അഹങ്കാരവും, ധിക്കാര, കോപ - വിദ്വേഷങ്ങൾ, സ്വാർത്ഥത, അജ്ഞത എന്നിങ്ങനെയുള്ള കാര്യങ്ങളാണ്" അവയോ ലോകത്തൊന്നും ബാക്കി വെച്ചിട്ടില്ല!.*
ഹൗ!. വല്ലാത്തൊരു തത്വം!... *അതെ അധമ വികാരങ്ങൾക്കടിമയാകുന്ന മനുഷ്യൻ ഒരു ജന്മം മുഴുവൻ തെണ്ടിയിട്ടും സ്വന്തമാണെന്ന് പറയാൻ ഒന്നുമില്ലാതെ മടങ്ങുന്നു. ആരോ പുതപ്പിച്ച തുണിക്കഷണങ്ങളുമായി.*
യഥാർത്ഥത്തിൽ *സത്യവും, ജ്ഞാനവും, സൽക്കർമ്മങ്ങളും, സ്നേവായ്പ്പുകളും തീർക്കുന്ന ബന്ധങ്ങൾ പൊഴിക്കുന്ന ഒരു തുള്ളി കണ്ണുനീരോർമ്മകൾ ബാക്കിയാക്കി.*
പ്രിയരെ *ജീവിക്കുക, ജീവിതമെന്നത് അമൂല്യ അവസരമാണ്, ഒരിക്കൽ മാത്രം ലഭ്യമാകുന്ന ഒന്ന്. വെറുപ്പും, വിദ്വേഷവും തീർക്കുന്ന മനോഭാരം ഇറക്കി സ്നേഹവും, സൗഹൃദവും നൽകുന്ന സംതൃപ്തിയെന്ന സമ്പാദ്യം കൂടെക്കരുതാം. ശുഭദിനം
അഭിപ്രായങ്ങള്‍