*റമളാൻ ചിന്ത 5*


Dr. Jayafar ali Alichethu



*കാലാതീതനായി ജീവിക്കാം*


സെൻ ചിന്തയിലെ പ്രശസ്തമായൊരു കവിതയിലെ വരികൾ ഇങ്ങനെ വായിക്കാം:


*"കഴിഞ്ഞ കാലം കഴിഞ്ഞു പോയി, അതിനെ വീണ്ടെടുക്കാൻ നോക്കരുത്;*


*വർത്തമാനകാലം നീണ്ടു നിൽക്കില്ല, അതിലനു നിമിഷമള്ളിപ്പിടിക്കരുത്;*


*ഭാവികാലമിനിയുമെത്തിയിട്ടില്ല,  അതിനെക്കുറിച്ച് ഇപ്പോഴേ വിചാരമരുത്."*


ചിന്തനീയമായ വരികൾ , മനുഷ്യൻ്റെ നിസ്സഹായതയെ വരച്ചിടുന്നു. ചിന്തയുടെ വികാസ ഘട്ടം മുതൽ കാലഗണത്തിലേക്ക് ബന്ധിതനാകുക എന്ന ദൗർബല്യത്തെ സ്വീകരിക്കുന്നതാണല്ലോ ഓരോ ജീവിതവും. പ്രശ്നങ്ങളെ കാലത്തോട് കെട്ടിവെച്ച് സ്വയം ന്യായീകരിക്കുക എന്നത് പലരുടേയും ഒരു ശീലമാണ്. ഭൂതകാലത്തിൻ്റെ അമിതഭാരം പേറി അഭിമാനബോധം നഷടപ്പെടുത്തുന്ന ഒരു തരം ദുർബലത. പാരമ്പര്യ മഹിമയിലൂന്നിയോ, ൻ്റെ ഉപ്പൂപ്പാൻ്റെ ആനയിൽ പിടിച്ച് മായികമായൊരു സഞ്ചാരം. യഥാർത്ഥ്യങ്ങളെ ഭൂതകാലത്തിലേക്കാവാഹിച്ച് കഴിവുകേടുകളോട് രാജിയാകുന്ന ബലഹീനത. കഴിഞ്ഞ കാലം നടന്നു നീങ്ങിയെന്ന ബോധം രൂപപ്പെടുത്താനെങ്കിലും ശ്രമിച്ചാൽ തീരാവുന്ന അഹന്തതയേ നമ്മിലവശേഷിക്കുന്നുള്ളൂ എന്ന് ബോധ്യപ്പെടുത്താം...


ജീവിക്കുന്ന കാലം, അത് ഇന്നാണ്; ഇന്നിൻ്റെ ദൈർഘ്യം എത്രയെന്ന് ഉൾകൊണ്ടാൽ ലോകം എൻ്റെ കാൽക്കീഴിലാണെന്ന ഗർവ്വിനെ മറികടക്കാം. ജീവിച്ചിരുന്ന കാലത്ത് ലോകത്തെ വിറപ്പിക്കാനായി, എന്നഹങ്കരിച്ചവർക്കും ഒരവസാനം ഒരുക്കി പ്രകൃതി. നന്മയും, സ്നേഹവും, കാരുണ്യവും പങ്കുവെച്ചവർ നിത്യഹരിത ജന്മങ്ങളായി വാഴ്ത്തപ്പെട്ടു. തൻ കോഴ്മക്കാർ ചരിത്രത്തിൻ്റെ വികൃതത്താളുകളിൽ അപഹാസ്യരായി ചുരുക്കപ്പെട്ടു. *ഇന്നിൻ്റെ പ്രവർത്തികൾ നാളെയുടെ ഓർമ്മകളാണെന്ന ലളിത തത്വമെങ്കിലും ഓർത്തു ജീവിക്കാം നമുക്ക്...*


ഭാവിയിലേക്കുള്ള സ്വപ്ന സഞ്ചാരത്തിലാണല്ലോ, പ്രാണനുള്ളോടുത്തോളം മർത്യൻ. സ്വന്തമാക്കേണ്ടതിൻ്റെ, എത്തിപ്പിടിക്കേണ്ടതിൻ്റെ നീണ്ട നിര തന്നെ തീർത്തുള്ള പരക്കംപാച്ചിൽ. ഓരോ ദിനത്തെയും ചിട്ടപ്പെടുത്തി വെക്കാനുതകുന്നത്, നാളെയുടെ സുരക്ഷിതത്തിന് വേണ്ടിയാണ്. എന്നാൽ നാളെ താനെന്ത് എന്ന യഥാർത്ഥ്യത്തേ മനസ്സിലാക്കാനാവാത്ത പ്രതീക്ഷ. ലോകത്ത് ഒന്നിനും അവകാശവാദമുന്നയിക്കാൻ മനുഷ്യനധികാരമില്ല!. കാരണം *'എൻ്റേതായോ, നിൻ്റേതായോ ഒന്നുമില്ലാത്ത'* ലാകത്ത്, ജീവിക്കുന്ന കാലഘണത്തെ സ്വായത്തമാക്കി ഞാനെന്ന ഭാവം നടിച്ചിട്ടെന്തു കാര്യം?.


*ഇന്നലേകളിൽ ആരോ ജീവിച്ചിടവും, കാലവും; ഇന്ന് എൻ്റേതായി തോന്നുന്നു, നാളെയവ മറ്റാരേ സ്വന്തമാക്കുമെന്നറിയാതെ...*


ഹാറൂൻ അൽ റഷീദിൻ്റെ കൊട്ടാരത്തിലെത്തിയ സൂഫി, ചക്രവർത്തിയോട് അങ്ങാരാണെന്നാരായുന്നു?. കോപാകുലനെങ്കിലും സുൽത്താൻ സൗമ്യമായി;ഞാനീ രാജ്യത്തിൻ്റെ അധിപൻ എന്ന് മറുപടി നൽകി. ചിരിച്ചു കൊണ്ട് ദിവ്യൻ; താങ്കളെന്തൊരഹങ്കാരിയാണ്; *ഇന്നലേ കളിൽ ഇവിടെ താങ്കളില്ല, ഇന്നിൻ്റെ കേവലതയിൽ അഭിരമിക്കുമ്പോൾ, നാളെ ആരുടേതെന്നറിയാത്ത ഒന്നിൻ്റെ ആധിപത്യം സ്ഥാപിക്കുന്ന* അജ്ഞതയെ പഴിച്ച് യാത്രയായി. ഖലീഫ നിശബ്ദനായി കണ്ണീർ പൊഴിച്ചു തൻ്റെ തെറ്റിന് മാപ്പിരന്നു...


അതെ ഇന്നലേകളിലെ മായാലോകം ഉപേക്ഷിക്കാം, ഇന്നിൻ്റെ നൈമിഷികതയിൽ അമിതാവേശം കാണിക്കാതെ, സ്വപ്നമാം നാളെയിലേക്ക് കണ്ണും നട്ട് അന്യായമായി, അനീതിയേന്തി കയ്യടക്കി എന്ന അഹന്തത ഉപേക്ഷിക്കാം. യഥാർത്ഥ ബോധ്യത്തിനൊപ്പം സഞ്ചരിക്കാം... ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR