റമളാൻ ചിന്ത 2

 *റമളാൻ ചിന്ത 2*


Dr. Jayafarali Alichethu



*അപര സ്നേഹത്താൽ ആനന്ദം പുൾകാം*


ഓരോ പ്രഭാതത്തിനും ഒരു ലക്ഷ്യമുണ്ട്. അന്നന്നു പുലരേണ്ട കാര്യങ്ങളെ പ്രകൃതിയിൽ കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. രാത്രിയുടെ യാമങ്ങളിൽ ഇരതേടിയിറങ്ങുന്ന വവ്വാലുകൾ തിരിച്ചെത്താനുള്ള വ്യഗ്രത കാണിക്കുന്നത് മുതൽ, സൂര്യകിരണങ്ങൾ തീരദേശ മണൽ തട്ടുകളെ വർണ്ണാഭമാക്കുന്ന അസ്തമയശോഭയടക്കം എണ്ണിയാലൊടുങ്ങാത്ത പ്രവർത്തികൾ കൃത്യവും, വ്യക്തവുമായി തിട്ടപ്പെടുത്തിയിരിക്കുന്നു. എന്നാൽ വ്യക്തമായ ലക്ഷ്യത്തോട് കൂടി എണീറ്റുണർന്ന് സ്വ പ്രയത്നങ്ങൾ ക്രോഡീകരിക്കുന്നതിൽ പ്രകൃതിയുടെ മര്യാദകളെ പാലിക്കുന്നതിൽ മനുഷ്യൻ എത്ര സൂക്ഷ്മത കാണിക്കുന്നുണ്ട്?. പ്രകൃതി നിയമങ്ങളെ ലംഘിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവനെന്ന നിലയിൽ മനുഷ്യൻ്റെ സ്വാർത്ഥത എടുത്തു കാണിക്കേണ്ടതാണ്... സർവ്വ ചരാചരങ്ങളിലുമുള്ള വിധേയ ഗുണഗണങ്ങളെ പാടെ നിരസിക്കുന്നവനെന്ന നിഷേധ മനോഭാവം വരുത്തിവക്കുന്ന അപമാനത്തെ കാണാതിരുന്നു കൂട, അവ അപകടകരവും, അലംഭാവവുമാണ്.


 എന്നാൽ ചിലരുണ്ട് തങ്ങൾക്ക് ഭൂമിയിൽ ലഭ്യമായ സമയത്തിന് നൂറ്റാണ്ടുകളിലെ കണക്കു പുസ്തകങ്ങൾ പറയാനില്ലാത്തവർ, ജീവിച്ച ചെറിയ കാലത്ത് തന്നെ ലോകത്തിന് മാതൃക സൃഷ്ടിച്ചു കാലയവനികക്കുള്ളിൽ മറഞ്ഞു പോയവർ... ലഭ്യമാകുന്ന ചുരുങ്ങിയ ദശകങ്ങളിൽ അർപ്പണബോധത്തിൻ്റെയും, നീതിബോധത്തിൻ്റെയും കരുത്തായി, ചുറ്റുപാടുകളിൽ നന്മ വിതച്ച് അവർ തീർക്കുന്ന ഇതിഹാസം അമൂല്യമാണ്. അത്തരം ചെറിയ ചില ജീവിതങ്ങളെ നമുക്കൊന്ന് കാണാം. വലിയ സേനാ വിജയങ്ങളോ, വിപ്ലവങ്ങളോ അല്ല ഇതിലെ ഇതിവൃത്തം... ഒരൽപ്പം മനുഷ്യത്വം നിലനിർത്താനായാൽ അതിനോളം മൂല്യം മറ്റൊന്നിന്യമില്ല!.


സൂഫി കഥയിലെ വൃദ്ധനെ നമുക്കങ്ങിനെ ഗ്രഹിക്കാം... തൻ്റെ വാർദ്ധക്യ അസ്വാസ്വരങ്ങളുടെ മൂർദ്ധന്യതയിൽ എന്നും പ്രഭാതത്തിൽ കയ്യിലൊരു തുമ്പയുമെടുത്ത് ഗ്രാമവഴികളിലെല്ലാം ചെറിയ കുഴികളെടുത്ത് അതിൽ വെച്ചുപിടിപ്പിച്ച ചെറിയ മരങ്ങൾ നനച്ചു കൊടുത്തും, അവയെ പരിപാലിച്ചും ദിനങ്ങൾ നീക്കുന്ന നിത്യ കാഴ്ച. സ്ഥിരമായി അദ്ദേഹത്തിൻ്റെ പ്രവർത്തനം വീക്ഷിച്ചിരുന്ന ഒരു കുട്ടി പതിയെ വൃദ്ധനരികിൽ വന്ന് അദ്ദേഹത്തിൻ്റെ വ്യർത്ഥമായ പ്രവർത്തനത്തിൻ്റെ കാതലന്വേഷിച്ചു. തൻ്റെ തുമ്പയുടെ താളത്തിനനുസരിച്ച് ചലിക്കുന്ന, വിറക്കുന്ന കരങ്ങൾക്കൽപ്പം വിശ്രമം നൽകി, മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ചു കൊണ്ടദ്ദേഹം പറഞ്ഞു: 'മരണത്തിനു മുമ്പ് എനിക്ക് നിങ്ങളുടെ തലമുറയോട് നന്ദികാണിക്കണം.' മനസ്സിലാകാത്ത പോലെ ബാലൻ വൃദ്ധനെ സൂക്ഷിച്ചു നോക്കി... കഴിഞ്ഞ ഒൻപതു പതിറ്റാണ്ട് ഈ ഗ്രാമത്തിൻ്റെ വായുവും, വെളിച്ചവും, വെള്ളവുമുപയോഗിച്ച് ജീവിച്ച എനിക്ക് അവയെ പ്രകൃതിക്ക് തിരിച്ചേൽപ്പിക്കണം. മാത്രമല്ല ഈ പാതയോരങ്ങളിലെ ഫലവൃക്ഷങ്ങളിൽ നിന്ന് ഞാനെടുത്തുപയോഗിച്ച പഴങ്ങളെ തിരിച്ചേൽപ്പിക്കേണ്ടതുണ്ട്, അതിനായി ഈ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്. ബാലൻ ശങ്കയടങ്ങാതെ വീണ്ടും വൃദ്ധനോട് പറഞ്ഞു; അങ്ങേക്കിനി ഈ ഫലവൃക്ഷങ്ങൾ ഉപയോഗപ്പെടില്ലെന്നറിഞ്ഞിട്ടും കഷ്ടപ്പെട്ടു ഇവ വെച്ച് പിടിപ്പിക്കുന്നതിലെ യുക്തി!. വൃദ്ധൻ, ഞാൻ പറഞ്ഞില്ലേ എനിക്ക് വേണ്ടി ഒരുക്കി വെച്ച പ്രകൃതി സൗഭാഗ്യങ്ങൾ സ്വാർത്ഥമായുപയോഗിച്ചു തീർത്ത് നന്ദികെട്ടവനായി മടങ്ങാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പുൽമേടുകളിൽ നിന്ന് ആവശ്യമുള്ളത് വയറു നിറച്ച് തിന്ന്, സുഗന്ധം വമിപ്പിക്കും കസ്തൂരി വിട്ടേച്ച് പോകുന്ന മാനിനെപ്പോൽ അപരനു നന്മയുപേക്ഷിച്ച് മടങ്ങാൻ; നിന്നെപ്പോലെ വരും തലമുറക്ക് ആസ്വദിച്ച് കഴിക്കാൻ, ഈ മരങ്ങളിലെ പഴങ്ങളെങ്കിലും ബാക്കി വെച്ചു മരിക്കണം. എനിക്ക് കഴിച്ചാസ്വദിക്കാൻ എൻ്റെ പൂർവ്വികർ നട്ടുവളർത്തിയുപേക്ഷിച്ചു പോയ പോൽ... 


ചെറിയ ചിന്ത, പക്ഷേ വലിയ തിരിച്ചറിവുകൾ ഉണ്ടാകേണ്ടത്. ചൂഷണമന്ത്രം വൃതമാക്കിയ മോഡേണിറ്റിയോട് കലഹിക്കപ്പെടേണ്ട ബോധം. തന്നിലേക്ക് ചുരുങ്ങുന്ന നവകാലഘടനയുടെ അന്ധതയിലേക്കുള്ള ചൂട്ടാകട്ടെ ഇന്നത്തെ ചിന്ത.

മനുഷ്യരുടെ ചെറിയ ഉദ്യമങ്ങൾ വരുത്തി വെക്കുന്ന സംതൃപ്തി വിവരണാതീതം തന്നെ... ഒന്നിനോടും അമിതാഭിനിവേഷം കാണിക്കാതെ, തൻ്റെ അനിവാര്യതകളെ മാത്രം നോക്കി കാണാൻ സാധിക്കുക എന്നുള്ളതിനോളം മഹത്തരമായ പാഠം മറ്റെന്തുണ്ട്. ആർത്തി മൂത്ത് അത്യാർത്ഥിയോടെ വരും തലമുറകൾക്ക് നീക്കിവെക്കേണ്ട വിഭവങ്ങളെ ചൂഷണം ചെയ്ത്, പ്രകൃതി താളത്തെ തന്നെ തകർത്തെറിയുന്ന മർത്യ കപടതയോട് സമരസപ്പെടുന്നതിനോളം വലിയ ദൗർഭാഗ്യത മറ്റെന്തിലുണ്ട്?. എത്രയോ മനുഷ്യർ നടന്നു തീർത്ത് വെടിപ്പാക്കിയ ദുർഘട പാതകളിലെ സൗകര്യങ്ങളിൽ അഹങ്കരിച്ചാനന്ദിക്കുമ്പോൾ ഒന്നാലോചിക്കണം, എന്ത് യോഗ്യതയുടെ ബലത്തിലാണ് ഈ ആനുകൂല്യങ്ങൾ നാം അനർഹമായി കൈപറ്റുന്നത്!. മുകളിലത്തെ കഥപോൽ പ്രധാന്യം തോന്നുന്ന മറ്റൊരനുഭവം,  തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപക മാഡം ബ്ലാവറ്റ്‌സ്‌ക്കിയുമായും ഇത്തരം ഒരു സംഭവം നമുക്ക് വായിക്കാം... തൻ്റെ സംഘടനാ പ്രവർത്തനങ്ങൾക്കായി നടത്തുന്ന ദീർഘദൂര തീവണ്ടിയാത്രകൾക്കായി ഒരുക്കുന്ന ലഗ്ഗേജുകളിൽ പ്രധാനമായി അവർ കരുതുന്ന ഒന്നാണ് വിത്യസ്ഥ ചെടികളുടെ വിത്തുകൾ. യാത്രക്കിടയിൽ ആ പൊതികളിൽ സൂക്ഷിച്ച വിത്തുകൾ കയ്യിലെടുത്ത് റെയിൽ പാളത്തിൻ്റെ ഇരുവശങ്ങളിലേക്കും വിതറി കൊണ്ടവർ നിർവൃതിയണയും. വില പിടിപ്പുള്ള വിത്തുകൾ അനാവശ്യമായി കളയുന്ന അവരുടെ പ്രവർത്തികണ്ട സഹയാത്രിക ഒരിക്കലവരോടന്വേഷിച്ചു.. ജീവിതത്തിൽ ഇനിയൊരിക്കലും വരാൻ സാധ്യതയില്ലാത്ത ഈ ' പാതയോരത്ത് വിത്തുകൾ പാകുന്നതിലെ യുക്തിയെന്താണ്?. അതിനവർ കൊടുത്ത മറുപടി ചിന്തനീയം തന്നെ!. താൻ പാകുന്ന വിത്തുകൾ അടുത്ത മഴക്കാലത്ത് മുളച്ചുയരുകയും, അവയിൽ ഭംഗിയുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കണ്ടാനന്ദിക്കുന്ന ഒരു പറ്റം മനുഷ്യർ ഇതുവഴി സഞ്ചരിക്കും... അന്നാ കണ്ണുകളിൽ വിരിയുന്ന ആനന്ദം ഓർത്താനന്ദിക്കുവാനാവുന്നത് തന്നെ ഒരു സൗഭാഗ്യമല്ലേ?. താൻ നടന്നു പോയ വഴികളിൽ എന്നോ വരാനിരിക്കുന്ന ഒരു പറ്റം മനുഷ്യരിലുണ്ടായേക്കാവുന്ന സന്തോഷം കാണാനാവുമെന്ന് പ്രതീക്ഷിച്ച് സന്തോഷിക്കുക!. എത്ര മഹത്തരം!. 

വല്ലാത്ത മനുഷ്യര്, ചൂഷണം ചെയ്യാനില്ല, ഭൂഷണമായത് ബാക്കി വെക്കാനായി ജീവിക്കുക...

 അപരന് ആനന്ദകരമായി ജീവിക്കാനാവുന്നതിനപ്പുറം എന്താനന്ദമുണ്ട് ഈ ഭൂമിയിലെ കുറഞ്ഞ യാത്രക്കിടയിൽ ഒരു മനുഷ്യന്?.  വൃതത്തിൻ്റെയും, വിഷുവിൻ്റേയും നാളുകൾ അപര സ്നേഹത്താൽ, സാഹോദര്യ കാരുണ്യത്താൽ ആനന്ദകരമാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR