*ജീവിതത്തോടുള്ള അമിത പ്രതീക്ഷ നല്ലതോ?*
*റമളാൻ ചിന്ത 14*
Dr. Jayafar ali Alichethu
*ജീവിതത്തോടുള്ള അമിത പ്രതീക്ഷ നല്ലതോ?*
പുരാണങ്ങളിൽ ധർമരാജാവെന്ന് പുകൾ നേടിയ യുധിഷ്ഠിര രാജാവിൻ്റെ കൊട്ടാരത്തിലേക്ക് ഒരു ദരിദ്രൻ കടന്നു വന്നു. അയാൾ അത്യാവശ്യമായ ചില സഹായങ്ങൾ രാജാവിനോടഭ്യർത്ഥിക്കുന്നു. ദർബാറിലെ പണ്ഡിത ശ്രേഷ്ഠരുമായി ചില പ്രധാന കാര്യങ്ങളിൽ നിപുണനായിരുന്ന അദ്ദേഹം, അതിഥിയോട് അനുഭാവ പൂർവ്വം നാളെ വരാൻ പറയുന്നു.
ഈ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഭീമസേനൻ ഉടൻ തന്നെ കൊട്ടാരത്തിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണമണിയുടെ നേരേ ഓടി!. പൊതുവെ രാജ്യത്തിൻ്റെ വൻ വിജയങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ മാത്രം മുഴക്കാറുള്ള ആ മണിയടിക്കാൻ തുടങ്ങി.
അപ്രതീക്ഷിതമായി വിജയമണി മുഴങ്ങിയത് കേട്ട് പ്രചകൾ അത്ഭുതം കൂറി. കാര്യമറിയാൻ അവർ കൊട്ടാരത്തിലേക്കോടി. യുധിഷ്ഠിര രാജാവും, രാജ്യസഭയിലുണ്ടായിരുന്ന പണ്ഡിതന്മാരും കാര്യമറിയാതെ പരസ്പരം നോക്കി. കാരണം മണിയടിച്ചാഘോഷിക്കേണ്ട ആനന്ദകരമായ സന്ദർഭമോ, മഹാ വിജയമോ ഉണ്ടായതായിട്ടില്ലല്ലോ!.
രാജാവ് അനിയനടുത്തെത്തി എന്താണ് ഈ പ്രത്യേക സാഹചര്യം ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നു. അതിന് ഭീമസേനൻ്റെ മറുപടി തീർച്ചയായും ഒന്നിരുത്തി ചിന്തിക്കും.
ജീവിതത്തിൻ്റെ അറ്റമില്ലാ കയത്തിലേക്ക് ഊളിയിട്ട് പ്രതീക്ഷകളെന്ന കുമിളയെത്തേടുമ്പോൾ, അശ്രദ്ധമായി നാം നൽകി കൊണ്ടിരിക്കുന്ന പൊള്ളവാഗ്ദാനങ്ങളുടെ ദുർബലത ബോധ്യപ്പെടുത്തുന്ന മറുപടി. *ഇയ്യാംപാറ്റ ജന്മങ്ങൾ പടുത്തുയർത്തുന്ന ഉപ്പുകൊട്ടാരങ്ങളുടെ അമിത പ്രതീക്ഷ*, മഴ വരും വരെയല്ലെ അതുണ്ടാകൂ...
*മർത്യൻ പ്രകൃതിയുടെ ചിലവില്ലാത്ത തമാശ തന്നെ*
ഭീമൻ പറഞ്ഞു: "നാം ഇന്നിവിടെ മഹത്തായൊരു വിജയം നേടിയിരിക്കുന്നു, ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് രണ്ട് ജീവനുകൾ മരണത്തിന് മീതെ വിജയം വരിച്ചിരിക്കുകയാണ്. ധർമ്മ രാജ, ആ മനുഷ്യനോട് അയാളുടെ ആവശ്യ നിവർത്തിക്ക് അടുത്ത ദിവസം വരാൻ പറഞ്ഞിരിക്കുന്നു. അതായത് നാളെ ഇതേ സമയം വരെ രാജാവും, ആ മനുഷ്യനും ഇതുപോലെയുണ്ടാകുമെന്ന്!. നമ്മൾ മരണത്തെ തോൽപ്പിച്ചിരിക്കുന്നു! ഇത് മഹത്തായൊരു വിജയം തന്നെ!."
തൻ്റെ പിഴവ് മനസ്സിലാക്കിയ ധർമ്മരാജാവ് ആ മനുഷ്യനെ വരുത്തി ആവശ്യമായ സഹായം നൽകി എന്നതാണ് പൊരുൾ.
ജീവിതത്തിൻ്റെ വരുംവരായ്കകളെ കൃത്യമായി കണക്കാക്കാൻ മർത്യൻ-മരിച്ചുപോകുന്നവന് - എത്രത്തോളം സാധ്യമാകും!. *ഭൂമിയിൽ ജനിക്കുന്നവൻ മരിക്കുമെന്നത് മാത്രമാണല്ലോ പ്രകൃതിയിലെ ഓരേ ഒരു സത്യം.*
ജനിച്ചാൽ മരിക്കണം, അതിന് ഇളവ് നേടാൻ പ്രാപ്തിയുള്ള ശക്തി ആരിലുണ്ട്?. *മരിച്ചു വീഴും മുമ്പ് ചെയ്തു തീർക്കുവാൻ വേണ്ടി ഒരുക്കി വെക്കുന്ന സ്വപ്നങ്ങളും, വാഗ്‌ദാനങ്ങളും എത്രത്തോളം യാഥാർത്ഥ്യമാണ്?.* എന്നിട്ടും എന്തൊക്കെ പ്രതീക്ഷകളാണ് നമ്മിലൂടെ ആന്തരികമായി കടന്നു പോകുന്നത്. ഉടലെടുക്കുന്ന അര ലക്ഷത്തിൽപരം പ്രതീക്ഷകളിൽ എത്രയെണ്ണത്തിന് വളർച്ച നൽകാനാകും!.
തീർച്ചയായും എല്ലാത്തിനെ കുറിച്ചും ശുഭ ചിന്ത വെക്കുന്നത് ആവശ്യം തന്നെ... എന്നാൽ അവ നടപ്പിലാക്കാനാകുമെന്ന് നാം വിചാരിക്കുന്നതിൻ്റെ ദൈർഘ്യമാണ് പ്രശ്നം.
*എത്ര കാലം ഇനിയും?. എന്ന ചോദ്യത്തിന് ഈ നിമിഷം മാത്രം എന്ന ചിന്ത ഉണ്ടാവണം.* ചെയ്യുന്നതും, നൽകുന്നതും നാളെ, നാളെ, നീളെ, നീളെ ആക്കാതെ, ഈ നിമിഷം എന്നതിലേക്ക് ചുരുക്കാം. ജീവിക്കുന്നതിൻ്റെ ദൈർഘ്യമില്ലായ്മ ഉൾകൊണ്ട് പ്രവർത്തിക്കാം. അങ്ങനെ എങ്കിൽ, *നാളെ നൽകാം എന്നേൽക്കുന്നത് ഇന്ന് നൽകാം, ഇന്നെന്നുള്ളത് ഇപ്പോഴും, ഇപ്പോൾ എന്നത് ഈ നിമിഷവുമായി പരിവർത്തിക്കാം.*
അതെ *ഇപ്പോളുകൾക്ക് എത്ര ദൈർഘ്യമുണ്ടെന്നത് ചിന്തിക്കുമ്പോഴാണ് ഞാനെന്തല്ലാമോ എന്ന അഹന്തത നശിക്കുന്നത്.* ശുഭദിനം
അഭിപ്രായങ്ങള്‍