*റമളാൻ ചിന്ത 1*

 


*ജീവിതം വെളിച്ചമാക്കാം*

Dr.ജയഫർ അലി ആലിച്ചെത്ത്

മനുഷ്യൻ!

 എത്ര മഹത്തരമായ വചനം... പാതാളത്തോളം താഴാന്നും, ആകാശത്തോളം ഉയരാനും പ്രാപ്തിയുള്ളവൻ... പിശാചിനോളം അധപതിക്കാനും, മാലാഖയോളം പരിശുദ്ധി കൈവരിക്കാനുമാകുന്നവൻ... 


ഭൂമിയിലെ നന്മകളും, തിമ്മകളും നിശ്ചയിക്കപ്പെടുന്നത് മാനവ ചിന്തയും, പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിലാണല്ലോ!. അപരൻ്റെ സ്വാതന്ത്രം തൻ്റെ അസ്വസ്ഥതയെ വിളിച്ചോതുന്നെങ്കിൽ ഓർക്കുക നമ്മൾ അപകടകരമായ ഒരവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല സമാധാന ലംഘനത്തിന് വെമ്പുന്ന മനസ്സ് നമ്മിൽ ഉടലെടുക്കാൻ തുടങ്ങിയിരിക്കുന്നു എന്ന്.


 സെൻ കഥയിലെ ഗുണപാഠം പോൽ നാം എന്ന സത്തയെ അംഗീകരിക്കും പോൽ അപരൻ്റെ അസ്ഥിത്വം മാനിച്ചാൽ എത്ര മനോഹരമായിരിക്കും ഈ ചെറുജീവിതം. ഒരിക്കൽ സെൻ സന്യാസി തൻ്റെ പ്രഭാത ധ്യാനത്തിലിരിക്കുമ്പോൾ, പുറത്ത് നിന്ന് ഒരു തവളയുടെ ഉച്ചത്തിലുള്ള കരച്ചിൽ ചുറ്റുമുള്ള നിശബ്ദതയെ കീറി മുറിച്ച് അസ്വസ്ഥമായി ഉയർന്ന് വന്നു. തൻ്റെ ധ്യാനത്തിൻ്റെ ഏകാകൃത നഷടപ്പെടുന്നെന്ന് തോന്നിയ അദ്ദേഹം പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് വന്ന് തവളയോട് അജ്ഞാപിച്ചു, "ഞാൻ ധ്യാനിക്കുകയാണ്, ഒന്നു നിശബ്ദമായിരിക്കൂ." സെൻ ഗുരുവിൻ്റെ ആത്മശുദ്ധിയുടെ ബലത്താൽ, ഇത് കേട്ട മാത്രയിൽ തവള കരച്ചിൽ നിർത്തി. അങ്ങിനെ മൗനത്തിൻ്റെ  അവിശ്വസിനീയമായൊരന്തരീക്ഷം വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നുണ്ടായ നിശബ്ദതയിൽ അദ്ദേഹത്തിൻ്റെ ചിന്തയിലേക്ക് തൻ്റെ നിർബന്ധം കാരണം നിശബ്ദനാകേണ്ടി വന്ന  തവളയുടെ നിസ്സഹായാവസ്ഥ കടന്നു വന്നു. തൻ്റെ സ്വസ്ഥതക്കു വേണ്ടി ത്യജിക്കേണ്ടതാണോ തവളയുടെ സ്വാതന്ത്രം എന്ന ചോദ്യം അദ്ദേഹത്തെ അസ്വസ്ഥതമാക്കി. മാത്രമല്ല തൻ്റെ മൗന ധ്യാനം പോൽ പ്രാധാന്യമുള്ളതല്ലെ പ്രകൃതിയിൽ കഠോരമായ തവളയുടെ കരച്ചിലെന്നും അദ്ദേഹത്തിന് ഉൾവിളിയുണ്ടാവുന്നു. തന്നെ അസ്വസ്ഥപ്പെടുത്തുന്ന ശബ്ദം ഹൃദ്യമാക്കുന്ന ഒരു മറുവശം കൂടി ദൈവാനുഗ്രഹത്തിൽ അദ്ദേഹം ദർശിക്കുന്നു. കാരണം ദൈവത്തിന് ഇഷ്ടമായതിനാലാണല്ലോ തവളക്ക് അത്തരമൊരു ശബ്ദം ഏകിയത്. തൻ്റെ തിരിച്ചറിവിനെ ഉൾക്കൊണ്ട് ഗുരു പതിയെ എണീറ്റ് പുറത്തേക്ക് നോക്കി വിനയത്തോടെ തവളയുടെ നേരേ പറഞ്ഞു: പാടൂ! മതി വരുവോളം പാടൂ!

ഗുരുവിൻ്റെ അഭ്യർത്ഥന കേട്ട മാത്രയിൽ തൻ്റെ ശങ്കയെല്ലാം മാറ്റി തവള കൂടുതൽ ഉച്ചത്തിൽ ശബ്ദിക്കാൻ തുടങ്ങി, മാത്രമല്ല അതിൻ്റെ അലയൊലിയെന്നോളം മറ്റു തവളകളും 'പോക്രോം ' എന്നലറാൻ തുടങ്ങി... തൻ്റെ നിശബ്ദ ധ്യാനത്തിനേക്കാൾ അനുഭാവത്തോടെ തനിക്കു ചുറ്റുമുള്ള ശബ്ദസാഹചര്യം ഉൾക്കൊണ്ട ഗുരുവിന് അതുവരെ തോന്നിയ പരുക്കൻ ഗതി മാറി മാധുര്യമുള്ളതായി തോന്നി...

ചിലതിങ്ങനെയാണ് ആദ്യാനുഭവത്തിൽ നമുക്കസ്വസ്ഥത തോന്നുന്നത് പുനരാലോചനക്ക് വിധേയമാക്കാനുള്ള മനസ്സുണ്ടെങ്കിൽ അപര സ്നേഹത്താൽ ഊഷ്മളമാകും ഈ നൈമിഷിക ജീവിതം. സമകാലീന രാഷ്ട്രീയ വൈര്യങ്ങളിൽ പൊലിഞ്ഞു പോകുന്ന അപര സ്നേഹത്തിനെ തിരിച്ചെടുക്കാൻ ഇത്തരം ലളിതമാം മാനുഷിക ഗുണങ്ങളെ പ്രചോദിപ്പിക്കാനാകുന്നതിലൂടെ സാധ്യമാകും. ആശയ വൈരുദ്ധ്യങ്ങളുടെ അനിവാര്യതയെ മാനിക്കുമ്പോൾ ബഹുസ്വരമായ സാമൂഹിക ഘടനയോട് താതാത്മ്യം പ്രാപിക്കാൻ സാധിക്കും. അങ്ങനെ നമ്മുടെ നിശബ്ദമായ സമീപനം പോലും സൂഫി കഥയിലെ എരിഞ്ഞു തീരുന്ന മെഴുകുതിരിയുടെ പ്രത്യാശപോൽ പ്രശോഭിതമാകും. കഥയിങ്ങനെ ഗ്രഹിക്കാം...

ആഘോഷങ്ങൾക്കായി വാങ്ങിയ വർണ്ണത്തിരികൾക്കിടയിൽപ്പെട്ട ഒരു സാധാരണ മെഴുകുതിരിയെ ആരും ശ്രദ്ധിക്കുന്നില്ല!. തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട അവഗണനയിൽ മനം നൊന്ത് തൊട്ടടുത്തു കത്തിയൊരിയുന്ന വർണ്ണ തിരിയേനോക്കി പരാതി പറയുന്നു. അപ്പോൾ നിൻ്റെ സമയമാകുമ്പോൾ നിന്നെ ഉപയോഗപ്പെടുത്തുമെന്ന ഉപദേശം. നിരാശയോടെ സമയം കഴിച്ചുകൂട്ടുന്ന മെഴുകുതിരിയെ, ആൾത്താരയിലെ പ്രധാന ഭാഗത്ത് വെക്കുന്നതിനായി എടുക്കുന്നു. അഭിമാനം കൊണ്ട് ആവേശഭരിതനായ ആ മെഴുകുതിരി പക്ഷേ പെട്ടന്ന് തന്നെ ഒരു കാര്യം മനസ്സിലാക്കുന്നു. തന്നിൽ നിന്നുത്ഭവിക്കുന്ന വെളിച്ചത്തിൻ്റെ ആനന്ദത്തേക്കാൾ വലിയ യഥാർത്ഥ്യം താനെന്ന മെഴുക് ഉരുകുത്തീരുന്നു എന്നാണ്. തനിക്ക് ചുറ്റുമുള്ള ചെടികളും, പക്ഷികളുമെല്ലാം കലാ ക്രമേണ വളർച്ച പ്രാപിക്കുന്നത് കണ്ടനുഭവിച്ചറിഞ്ഞതിൽ നിന്ന് വിഭിന്നമായി താൻ എന്തേ ഇങ്ങനെ എരിഞ്ഞില്ലാതയാകുന്നത്? വർണ്ണത്തിരിയോടായി വീണ്ടും തൻ്റെ ഉത്കണ്ഠപങ്കുവെച്ചു... അന്നേരം വർണ്ണത്തിരി പറഞ്ഞു: നീയെന്തിനു പേടിക്കണം? നിൻ്റെ ശരീരം ഉരുകുന്നതിൽ നിന്നുയരുന്ന പ്രകാശം ഇവിടെമിൽ പരക്കുന്നത് നീ കാണുന്നില്ലേ?. നിന്നിൽ നിന്ന് പരക്കുന്ന ഈ വെളിച്ചം ലോകത്തിൻ്റെ, അതിലെ അഹങ്കാരികളായ മനുഷ്യൻ്റെ അന്ധകാരത്തെ തുടച്ചു മാറ്റുന്നു... നീ എരിഞ്ഞു തീർന്ന്, ലോകത്തെ ദീപ്തമാക്കുന്നു, പ്രത്യാശയുടെ പൊൻനാമ്പ് വിരിയിക്കുന്നു. അതിനാൽ നാം എരിഞ്ഞു തീരണം, കാരണം നാമാണ് പ്രകാശത്തിൻ്റെ പ്രചാരകന്മാർ...


സ്വന്തം ജീവിത ലക്ഷ്യത്തിൽ നീതി പുലർത്താനാവാതെ എരിഞ്ഞടങ്ങലുകളിൽ പഴിചാരി സൃഷ്ടികർത്താവിനെ ശപിച്ചിരിക്കാതെ, പ്രസരിപ്പിക്കാവുന്ന പ്രകാശ സാധ്യതകൾ കണ്ടെത്തിയാനന്ദം കൊള്ളാനും, അപര സ്നേഹം ആസ്വാദിച്ചും, പകർന്നാടിയും സമാധാനപരമായി ജീവിക്കാൻ നമുക്കാവട്ടെ എന്നാശംസിക്കുന്നു.

അഭിപ്രായങ്ങള്‍

kphsonline പറഞ്ഞു…
നല്ല പോസ്റ്റ് , നല്ല ഉപസംഹാരം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi