*റമളാൻ ചിന്ത 6*



Dr. JayafaraIi Alichethu


*വിശ്വാസമാണ് സംതൃപ്തി*


വിശുദ്ധ ഖുർആനിൻ്റെ അദ്ധ്യാപനങ്ങളിൽ, മനുഷ്യർ പരസ്പര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് വലിയ പ്രാധാന്യം ഉൾക്കൊള്ളുന്നു. മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ സമാധാനപരമായ വളർച്ചാ സാഹചര്യം നിലനിർത്തി മുന്നേറാൻ പലപ്പോഴായി അവ ഓർമ്മപ്പെടുത്തുന്നു. എന്നാൽ പരസ്പരം കൊണ്ട്, കൊടുക്കലുകളാൽ വിജയം കൈവരിക്കേണ്ട ജീവിതങ്ങൾ, പ്രകൃതിക്കിണങ്ങാത്ത  സംശയങ്ങളിലും അതിലൂടെ ഉടലെടുക്കുന്ന വൈരാഗ്യബുദ്ധിയിലും ജീവിതം ഹോമിക്കുന്നു. 


ഊഹങ്ങളും, സംശയങ്ങളും വളർത്തി പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നതിനെ കൃത്യമായി ഓർമ്മപ്പെടുത്തുന്നു പരിശുദ്ധ വചനം 49:12. *"വിശ്വസിച്ചവരെ ഊഹങ്ങളൊക്കെയും വർജ്ജിക്കുക.ഉറപ്പായും ഊഹങ്ങളിൽ ചിലത് കുറ്റമാണ്".* 


ലോകത്തിന് മാതൃക തീർക്കേണ്ട പുണ്യ പ്രവാചകരിൽ പലരുടേയും ജീവിതം ഊഹങ്ങളിൽ തീർത്ത ശത്രുത കൊണ്ട് തീക്ഷണമായ പരീക്ഷണങ്ങളിലൂടെ കടന്നു പോയത് മനുഷ്യർക്കൊരു പാഠമാകാം... പ്രവാചകൻ പത്നി ആയിശയിൽ സംശയം ജനിപ്പിച്ചത്, സീതക്ക് വനവാസം തേടേണ്ടി വന്നതെല്ലാം ചിന്തകളിലുടെലെടുത്ത ഊഹങ്ങളുടേയും, സംശയത്തിൻ്റെയും ബലത്തിലാണല്ലോ?. ഒരു ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ബന്ധത്തിന്റെ നിലനിൽപ്പുതന്നെ സംശയത്തിലാകും. 


ഊഹങ്ങൾ തീർക്കുന്ന പ്രശ്‌നങ്ങൾ നൈമിഷികവും, സ്ഥായിയായുള്ളതുമാകാം. ചിലത് വൻ വിപത്തുകളിലേക്ക് വഴിതെളിക്കുന്നു. പുത്രനാൽ രക്ഷിതാക്കളും, ഭർത്താവിനാൽ ഭാര്യയും, മക്കളും, സുഹൃത്തിനാൽ സഹോദരികളുമൊക്കെ വേരറുത്ത് പോകുമാറ് ശക്തമായ ഭാവമാണ് ഊഹമെന്ന് മനസ്സിലാക്കാം. അടുത്ത ബന്ധങ്ങൾ അറുത്തുമാറ്റാനും, ആത്മമിത്രങ്ങൾക്കിടയിൽ നിത്യ ശത്രുത വളർത്താനും, സഹോദര്യത്തിൽ വിള്ളൽ വരുത്താനും, കുടുംബ ബന്ധങ്ങൾ അനർത്ഥമാക്കാനുമെല്ലാം, എവിടെ നിന്നോ നാമ്പെടുക്കുന്ന ഒരു തരി ഊഹം മതി. അവ വളർന്ന് പൊന്തി അനിയന്ത്രിതമായൊരു വിസ്ഫോടനമായി അത്യാപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. താൽക്കാലികാവേശങ്ങൾ വരുത്തി വെക്കുന്ന വൻ വിപത്തുകളിൽ ജീവിതം നരകതുല്യമാക്കിയ എത്രയൊ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. വാർത്താ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ കാണുന്നതും, അറിയുന്നതും ശുഭകരമല്ലാത്ത വാർത്തകൾ. എല്ലാത്തിനും ഹേതുവാക്കുന്നത് ആരുടെയോ മനസ്സിനുള്ളിൽ വാർത്തെടുക്കുന്ന കേവല തോന്നലുകൾ. തികച്ചും നിസ്സാരമായി ഉണ്ടാവുന്ന ചിന്തകൾ പിന്നീട് ചരിത്രാബദ്ധങ്ങളായി മാറുന്ന നിർഭാഗ്യത.


പ്രവാചക വചനങ്ങളിൽ മുന്നറിയിപ്പ് ലഭ്യമായ ഒരപകടകരമായ ദൃശ്യ സ്വഭാവമാണ് ഊഹങ്ങൾക്കടിമപ്പെട്ട് പ്രവർത്തിക്കുക എന്നത്. പ്രവാചകന്‍ (സ)പറയുന്നു: 'നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. ഊഹം ഏറ്റം കള്ളമായ ഭാഷണമാണ്.' അതിനാൽ ഊഹത്തിന് അടിമപ്പണി ചെയ്യാതെ യഥാർത്ഥ്യങ്ങൾക്ക് വില നൽകുക. അത് ദൃഢവും, ശക്തവുമായ പരസ്പര വിശ്വാസവും, ബഹുമാനവും പ്രധാനം ചെയ്യും. മുല്ല നസറുദ്ധീൻ്റെ നർമ്മം നൽകുന്ന പാഠം പോലെ ഊഹത്തിന് വില നൽകുന്നതിനെ എതിർത്ത് പ്രവർത്തിക്കാം... 


നാസറുദ്ദീന്‍ ഒരു ജോഡി കാലുറ വാങ്ങാനാണ് പീടികയില്‍ ചെന്നത്. പെട്ടെന്ന് മനസ്സ് മാറി കാലുറയ്ക്ക് പകരം അദ്ദേഹം മേലങ്കി വാങ്ങി.

മേലങ്കിയുമെടുത്ത് മുല്ല പീടികയ്ക്ക് പുറത്ത് കടന്നു.

'നിങ്ങള്‍ പണം തന്നില്ല'-പീടികക്കാരന്‍ തൊള്ളയിട്ടു.

'കാലുറ അവിടെ വെച്ച് അതേ വിലയ്ക്കുള്ള മേലങ്കിയാണ് ഞാന്‍ വാങ്ങിയത്.'

'പക്ഷേ, നിങ്ങള്‍ കാലുറയുടെ വില തന്നിരുന്നില്ല.'

'അതെ.' മുല്ല ചോദിച്ചു: 'വാങ്ങാത്ത സാധനത്തിന് ഞാന്‍ വില തരണോ?'.


 വാങ്ങാത്ത, നമ്മുടെ ജീവിത യാഥാർത്ഥ്യങ്ങളുമായി പുലബന്ധമില്ലാത്ത. നമുക്ക് തന്നെ ഉറപ്പില്ലാത്ത കാര്യത്തിൽ കടിച്ചു തൂങ്ങി ജീവിതത്തിലെ നന്മകളും, തൃപ്തിയും കളയാതെ സൂക്ഷിക്കാം. ഊഷ്മളമായ സ്നേഹവും, സൗഹൃദവും കാത്തിടാനാകട്ടെ ഒരുറപ്പുമില്ലാത്ത കുറഞ്ഞ ജീവിത ദിനങ്ങൾ... ശുഭദിനം

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
Yaatharthiyangale muruke pidikkuka.....Kappa oru sandhesham💯❤💪

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR