*റമളാൻ ചിന്ത 9*



Dr. Jayafar ali Alichethu


*സൽകർമ്മം വാഴ്ത്തപ്പെടും*


*"ആ അമ്മക്ക് കാഴ്ചയില്ലായിരുന്നു, കുഞ്ഞിൻ്റെ ജീവനായിരുന്നു മുഖ്യം"*


ലോകത്തിലെ മാതൃകാ ജന്മങ്ങളുടെ അടയാളപ്പെടുത്തലുകളിൽ ഒരാളാകാൻ ഒരായുസ്സിൻ്റെ നിതാന്ത പരിശ്രമമൊന്നും വേണ്ട!. കേവലം ഒരു നിമിഷത്തെ ആർജ്ജവവും, നന്മയുറ്റുന്ന മന: പ്രവർത്തിയും മതിയാകും. അത്തരക്കാർ ചരിത്രത്തിൽ വാഴ്ത്തപ്പെട്ടരായി മാറുമെന്നതിൽ അത്ഭുതപ്പെടേണ്ടതില്ല!. പക്ഷേ, ആ സൽകർമ്മത്തിൻ്റെ ആഴവും, പരപ്പും അത്രത്തോളം ആത്മാർത്തമാകണമെന്നു മാത്രം. 


ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒരു വിഡിയോ കാണുന്ന ഏതൊരു ഹൃദയത്തിലും അറിയാതെ ഒരു നമ്മയുടെ പുഞ്ചിരി പടരും. മനുഷ്യൻ തീർക്കുന്ന  മഹനീയ മാതൃകയുടെ നേർക്കാഴ്ച. 


പകച്ചു നിൽക്കലുകളിൽ സ്തംഭിച്ചു പോകുന്ന മനുഷ്യക്കൂട്ടങ്ങളിൽ, തൻ്റെ ധർമ്മം എന്തെന്ന്  മനസ്സിലാക്കാനാകുന്ന അപൂർവ്വത വല്ലപ്പോഴുമെസംഭവിക്കൂ... സംഭവിച്ചാൽ അത് അതിമഹത്തായ ഒരു കർമ്മമായി അടയാളപ്പെടുത്തും. പലപ്പോഴും സ്വാർത്ഥത വാഴും കാലത്ത് യാദൃശ്ചികമായി കാണാനാവുന്ന ഇത്തരം കാഴ്ചകൾ മനസ്സിന് കുളിരേകുന്നു. 


സ്വന്തം ജീവൻ മറന്ന്, ഒരു കുഞ്ഞിൻ്റെ ജീവനും, കുതിച്ചു വരുന്ന ട്രൈനിനുമിടയിൽ സെക്കൻ്റുകളുടെ വിത്യാസത്തിൽ ഒരു മാലാഖയായി പറന്നിറങ്ങിയ ആ മനുഷ്യൻ, ഒരത്ഭുതം തീർക്കുകയായിരുന്നു. 


മുംബൈ ഡിവിഷനിലെ വംഗണി റയിൽവെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നുള്ള ദൃശ്യങ്ങൾ കാണുന്ന ആരുടേയും ശ്വാസം ഇരുപത് സെക്കൻ്റ് നേരത്തേക്ക് നിലച്ചു പോകും തീർച്ച. കാഴ്ചയില്ലാത്ത അമ്മയുടെ കൈപിടിച്ച് നടന്ന് വരുന്ന ഒരു കുട്ടി പെട്ടെന്ന് റയിൽവേ ട്രാക്കിലേക്ക് കാലു തെന്നി വീഴുന്നു. സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത എക്സ്പ്രസ് ട്രൈയിൻ നിമിഷങ്ങൾ കൊണ്ട് കുതിച്ചടുക്കുന്നു. മോൻ്റെ കരച്ചിൽ കേട്ട് നിസ്സഹായയായ അമ്മ കാഴ്ചയില്ലാത്ത തൻ്റെ വിധിയെ പഴിച്ചിരിക്കും. മുന്നിൽ പരന്നു കിടക്കുന്ന ഇരുട്ടിൽ ദിശയറിയാതെ കൈ വീശിപ്പരതി നിസ്സഹായയായി അലമുറയിടുന്നു. ചുറ്റുമുള്ളവർ എന്ത് ചെയ്യുമെന്നറിയാതെ പകച്ചുപോയ അവസ്ഥ. കുതിച്ചു വരുന്ന ട്രൈനിൽ നിന്ന് രക്ഷനേടാൻ വെപ്രാളം കാണിക്കുന്ന കുഞ്ഞ്. വെറും ഇരുപത്തി ഏഴ് സെക്കൻ്റുള്ള വീഡിയോയിൽ നാലു സെക്കൻ്റുകളിൽ സംഭവിക്കുന്ന അത്ഭുതമെന്നൊക്കെപ്പറയാം...


മയൂർ ഷെൽഖെ എന്ന പോയിൻ്റ്സ്മാൻ, ട്രൈയിൻ പാസ്സ് ചെയ്യാനുള്ള ഫ്ലാഗ് വീശി കൊണ്ടിരിക്കുമ്പോഴാണ് ഈ രംഗം കാണുന്നത്. "ഒരു നിമിഷം ഞാൻ എൻ്റെ ജീവനെപ്പറ്റി ഓർത്തു, പിന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്ന ഉൾവിളിയുണ്ടായി, പ്ലാറ്റ്ഫോമിലൂടെ കുതിച്ച്, അവനെ കോരിയെടുത്ത് മുകളിലിട്ടു, വലിഞ്ഞു കേറി". അദ്ദേഹത്തിൻ്റെ വാക്കുകൾ. കേവലം രണ്ട് സെക്കൻ്റ് കൊണ്ട് ട്രൈയിൻ കുതിച്ചു പായുന്നു. രണ്ട് ജീവനുകൾ, സെക്കൻ്റുകൾക്കകം സുരക്ഷിതമാകുന്നു. 


കാഴ്ചയില്ലാത്ത ആ അമ്മ, മുഖം കാണാനായില്ലെങ്കിലും, തൻ്റെ കുഞ്ഞിൻ്റെ രക്ഷകന് രണ്ടുറ്റ് കണ്ണുനീരിനാൽ പറയുന്ന നന്ദി വാക്കിനോളം നിർവൃതി മറ്റെന്തിന് ലഭ്യമാക്കാനാവും.


സ്വന്തം ജീവൻ മറന്ന്, ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞിൻ്റെ ജീവനു വേണ്ടി  കുതിച്ച ആ മനുഷ്യൻ്റെ പ്രവർത്തിയെ എന്ത് വിളിക്കും?. നാലു സെക്കൻ്റുകൾ ഒരു ജനതയുടെ ഹൃദയം കവരുന്ന കാഴ്ച. ജന്മം കൊണ്ട് മനുഷ്യനെങ്കിലും കർമ്മം കൊണ്ട് മാലാഖയായവൻ.  വാഴ്ത്തപ്പെടേണ്ട സൽക്കർമ്മങ്ങളിൽ മയാതെ ചേർക്കുന്ന മഹനീയ മാതൃക. അതെ ചിലരങ്ങനെയാണ്, ഒരു നിമിഷത്തിന് വേണ്ടി ഒരായുസ്സ് സമർപ്പിക്കാൻ മടി കാണിക്കാത്തവർ. അവർ തീർക്കുന്ന നമ്മകൾ ഒരിക്കലും മായ്ച്ചു കളയാനാവാത്ത മഹത്തരഗാഥയായിരിക്കും. പിറകെ വരുന്ന ഒരാൾക്കും ഒരിക്കലും തിരുത്താനാവാത്ത ഉദാത്ത മാതൃക. ശുഭദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR