*റമളാൻ ചിന്ത 8*
Dr. Jayafar ali Alichethu
*ലോല വികാരം, ഉടയാതെ പകരാം*
സെൻ ചിന്തകളിലെ ആകർഷകമായൊരു കഥയുണ്ട് ;
ഗുരുവിനടുത്തെത്തിയ ശിഷ്യൻ പരിതാപത്തോടെ പറയുന്നു: പെട്ടെന്ന് പൊട്ടിപ്പോകുന്ന രീതിയിൽ അത്ര ലോലമാണല്ലോ ജപ്പാനിലെ ചായക്കപ്പുകൾ. മറുപടിയായി ഗുരു ഇങ്ങനെ പറഞ്ഞു: 'അവ വളരെ ലോലമാണെന്നല്ല അർത്ഥം;നിങ്ങൾക്കവയെ കൈകാര്യം ചെയ്യാനറിഞ്ഞുകൂടാ എന്നാണ്. സന്ദർഭത്തോട് ഒക്കുക, തിരിച്ചല്ല.'
അതെ ഓരോ മനുഷ്യൻ്റെയും ദൗർബല്യത്തെ കാണിക്കുന്ന ചെറിയൊരു ചിന്ത. തന്നെ സുരക്ഷിതമാക്കി സാഹചര്യങ്ങളെ പഴിചാരുന്ന ലളിതമായ തന്ത്രം. പലപ്പോഴും നമ്മുടെ വികാരങ്ങളും ഇങ്ങനെയൊക്കെ തന്നെയല്ലേ?.
ചിന്തകളിൽ രൂപപ്പെടുത്തിയെടുക്കുന്ന ആശയങ്ങൾക്കനുസരിച്ച്, ചുറ്റുപാടുകളെ പ്രതീക്ഷിക്കുന്ന മാന്ത്രികത. തൻ്റെ പ്രതീക്ഷകൾക്കൊത്ത് വന്നാൽ സന്തോഷിക്കുകയും, മറിച്ചായാൽ കുറ്റപ്പെടുത്തി രക്ഷ നേടുകയും ചെയ്യുന്ന പ്രകൃതം.
അവനവനെ ശരിയാക്കിയെടുക്കുന്നതിന് പകരം അപരനെ പഴിചാരി ആനന്ദം കണ്ടെത്തുന്ന അപാരത. ഇത് മനുഷ്യ സഹചമാണ്, തന്നിലെ കുറവുകളെ അംഗീകരിക്കുന്നതിലേക്ക് വളർച്ച നേടാനാകാതെ, ആർക്കെങ്കിലും മേലെ ദൗർബല്യ ഭാരം കെട്ടിവെക്കാനുള്ള വെമ്പൽ. അവിടെ യുക്തിയെക്കാൾ, നൈമിഷിക വികാരങ്ങൾക്കാണ് പ്രധാന്യം. ബോധ്യത്തിലെത്തുമ്പോഴേക്കും, കൈവിട്ട് പോയിട്ടുണ്ടാവും ഫലങ്ങൾ!.
സെൻ ഗുരു പറഞ്ഞ പോലെ, കപ്പിൻ്റെ ദുർബലതയല്ല, കപ്പെടുക്കുന്ന കരങ്ങളുടെ ശക്തിക്കുറവോ, മന:ശക്തിയില്ലായ്മയോ ആവാം യഥാർത്ഥ കാരണം. പക്ഷേ നിർമ്മാണത്തിലെ അപാകതയിൽ കണ്ണും നട്ട് സ്വയം ദുർബലപ്പെടുന്ന ഭീമാബദ്ധം. അല്ല തൻ്റെ പരിമിതിയംഗീകരിക്കാനാവാത്ത കുടിലത.
ചിന്തകളും, വികാരങ്ങളും പ്രകടിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാവണം. അല്ലാതെ അപക്വമായി ഉപയോഗിച്ചിട്ട്, അവ പരത്തുന്ന ദുർഗന്ധങ്ങളെ നോക്കി നെടുവീർപ്പിടുകയല്ല വേണ്ടത്. പ്രതീക്ഷിക്കാത്ത പ്രതിഫലനം ഉണ്ടാവുമ്പോൾ;ശരിതെറ്റുകളെ അളന്നെടുത്തിട്ട് കാര്യമുണ്ടാകില്ല. അപ്പോഴേക്കും വരുത്തിവെച്ച വിനകൾ ഒരു യാത്ര കഴിഞ്ഞെത്തിയിരിക്കും. പിന്നെ എവിടെപ്പോയി തിരുത്താനാകും, ആരിലൊക്കെ ആശ്വാസം പകരാനാകും?.
കപ്പിനെ സ്വന്തം വികാരങ്ങളോടും, അതു പയോഗിക്കുന്നവനെ സ്വന്തത്തോടും ചേർത്തുവെക്കുക. വികാരങ്ങൾ നേർത്ത ചരടിൽ കോർത്ത ഇരുതലമൂർച്ചയുള്ള വാളുകളാണ്. അവ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിപരീത ഫലം സൃഷ്ടിക്കും. ഒരിക്കലും തിരുത്താനാവാത്ത തരത്തിൽ നമ്മെ തന്നെ വേട്ടയാടാൻ പാകത്തിന് തലക്കു മുകളിൽ തൂക്കിവെച്ച വാളുപോൽ.
*ചിന്തിച്ചു പ്രവർത്തിക്കുക. പ്രവർത്തനം ഗുണകരമാക്കുക.* ശുഭദിനം
അഭിപ്രായങ്ങള്‍