*കപട ലോകത്ത് പ്രതീക്ഷയാകാം*
*റമളാൻ ചിന്ത 15*
Dr. Jayafar ali Alichethu
മനുഷ്യർ മേധാവിത്വം പുലർത്തുന്ന ഈ ഭൂമിയിൽ കപടതയുടെ വേലിയേറ്റമാണ്. വഞ്ചനയും, സ്വാർത്ഥതയും അടിസ്ഥാന ചോതനയാക്കി ലോകം കപട സഞ്ചാരം നടത്തുമ്പോൾ അതിനോട് സമരസപ്പെടുന്നത് എത്ര ഭയാനകം!. സ്വന്തം കാപട്യം മറച്ചുവെച്ച് മറ്റുള്ളവരുടെ കുറവു ചികയുന്ന ഉത്തമ പൗരബോധം!. അത് വല്ലാത്തൊരു ദൗർബല്യം തന്നെ...
കുഞ്ഞുണ്ണി മാഷ് പാടിയ പോലെ: *"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം".*
സത്യസന്ധനാണെന്ന് ബോധ്യപ്പെടുന്നത് പഴഞ്ചനാക്കപ്പെടുന്ന കാലം!. അറിഞ്ഞു കൊണ്ട് അപരനോട് അതിക്രമം കാണിക്കുമ്പോഴും കുറ്റബോധം തോന്നാത്ത പ്രകൃതം!. എന്താ നാമൊക്കെ ഇങ്ങനെ ആയത്?.
തന്നെ ഒരാൾ പറ്റിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ടാലും, നിസ്സാരമാക്കുന്ന അവസ്ഥ. അല്ലെങ്കിൽ അതിന് പകരം തന്നോട് ബന്ധപ്പെടുന്നവരിലേക്ക് അവ അടിച്ചേൽപ്പിച്ച് പകരത്തിന് പകരം ചെയ്യാനുള്ള വ്യഗ്രത.
*"Break the chain"* ഈ മഹാമാരിക്കാലത്ത് കൂടുതൽ കേൾക്കാനായ വചനം. ലോകം വളർച്ച പ്രാപിക്കുന്നു എന്നഹങ്കരിക്കുമ്പോഴും അന്യനെ ദ്രോഹിക്കുന്നതിൽ ഇളവ് നേടാൻ നമുക്കാവുന്നില്ല. *പുഞ്ചിരിക്കുമ്പോഴും, അകപ്പല്ല് ഉരുമ്മുന്ന ഭീകരത*. അവസരം കാത്തിരിക്കുന്നു, താൻ പറ്റിക്കപ്പെട്ടതിന് പകരം വീട്ടാനായ്. എന്നാൽ പകർച്ചവ്യാധി പോലെ പടരുന്ന ഈ കളങ്കിത ദൂഷ്യത്തെ തന്നിലൂടെ പകരാതിരിക്കാൻ ഒന്നു break ചെയ്തു കൂടെ?. അങ്ങനെയെങ്കിലും കാപട്യത്തോട് സമരം ചെയ്യാം.
പട്ടുനൂലുകൊണ്ട് മനോഹരമായി അലങ്കാര പ്രവർത്തി ചെയ്യുന്ന ഒരു സൂഫി ഗുരു ഉണ്ടായിരുന്നു. നല്ല ഭംഗിയോടെ അദ്ദേഹം കോർക്കുന്ന പട്ടുപകരങ്ങൾക്ക് വല്ലാത്തൊരാകർഷണം. സൂഫിയുടെ കലാ ചാരുതയുടെ മഹാത്മ്യം അയൽനാടുകളിലും പരന്നു. ഇത് കേട്ടറിഞ്ഞ പട്ടണത്തിലെ ഒരു പട്ടു കച്ചവടക്കാരൻ സൂഫിയുടെ അടുക്കൽ വന്നു. വലിയ വില കൊടുത്തു തനിക്ക് കുറച്ചേറേ പട്ടു നിർമ്മിതി വേണമെന്നയാൾ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തിൻ്റെ ആവശ്യപ്രകാരമുള്ള തുണികൾ തയ്യാറാക്കി നിർമ്മിച്ചു നൽകി. എന്നാൽ വഞ്ചകനായിരുന്ന ആ വ്യാപാരി കള്ളനാണയങ്ങൾ നൽകിയാണവ കൈപ്പറ്റിയത്. ഗുരു അത് വാങ്ങിച്ച് ആരും കാണാതെ കുഴിയെടുത്ത് അതിലിട്ടു മൂടി. പലപ്പോഴായി വ്യാപാരി ഈ ചതി തുടർന്നെങ്കിലും ഗുരു അതിനെക്കുറച്ച് അറിഞ്ഞ ഭാവം നടിച്ചില്ല.
ഒരിക്കൽ ഗുരു തീർത്ഥാടനത്തിലാകുമ്പോൾ വ്യാപാരി സാധനങ്ങൾ കൈപ്പറ്റാൻ വന്നു. മുഖ്യശിഷ്യൻ്റെ അടുക്കൽ പണമേൽപ്പിച്ച് സാധാരണ പോലെ അയാൾ മടങ്ങുമ്പോൾ, താൻ പറ്റിക്കപ്പെട്ട വിവരം ശിഷ്യന് ബോധ്യമായി. അദ്ദേഹം കപടനായ വ്യാപാരിയെ ഭർത്സിച്ച്, നൽകിയ പണം തിരിച്ചേൽപ്പിച്ച് ചരക്ക് പിടിച്ചു വെച്ചു. ഗുരു തിരിച്ചെത്തി അഭിമാനത്തോടെ തൻ്റെ ധീര പ്രവർത്തി വിവരിച്ചു കൊടുത്തു ശിഷ്യൻ. എല്ലാം കേട്ട് ശാന്തനായി ഗുരു മൊഴിഞ്ഞു: "നിനക്കാ നാണയങ്ങൾ വാങ്ങി വെക്കാമായിരുന്നു. ഇനിയദ്ദേഹമത് വേറെ ആർക്കെങ്കിലും കൊടുത്ത് അവരെയും വഞ്ചിക്കും. അത് കിട്ടിയ വർ അടുത്ത ആളെയും. *അങ്ങനെ വഞ്ചനയുടെ വലിയ ചങ്ങലയായി അത് മാറും.* അതില്ലാതാക്കാനായിരുന്നു ഞാൻ കൈപ്പറ്റുന്ന നാണയങ്ങൾ കുഴിച്ചുമൂടിയിരുന്നത്. തീർച്ചയായും *നമുക്കത് നഷ്ടം വരുത്തിയിരിക്കാം, എന്നാൽ നമ്മുടെ നഷ്ടം ഉണ്ടാക്കുന്ന ലാഭം തിട്ടപ്പെടുത്താനാവില്ല.* കാരണം *വഞ്ചനയുടെ ചങ്ങലയറുത്ത് അതെന്നേക്കുമായി മാഞ്ഞു പോകുന്നു.* അതിലൂടെ സത്യസന്ധമായൊരു സമൂഹത്തിനെ വാർത്തെടുക്കുന്നു."
കാപട്യം ജീവത ശീലമായി മാറുമ്പോൾ മനുഷ്യ ചെയ്തികൾ അർത്ഥശൂന്യവും, പൊള്ളയുമായി മാറും. *കപട്യം മനുഷ്യകുലത്തിൻ്റെ നികൃഷs ശത്രുവാണെന്ന* ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ മറന്നു കൂട.
വിശുദ്ധ ഖുർആൻ കാപട്യക്കാരെ ഉപമിക്കുന്നത് *"യാത്രക്കിടയിൽ വഴിയറിയാതുഴലുന്ന യാത്രികാരോടാണ്".* താൽക്കാലിക ലാഭങ്ങൾ ഉണ്ടാകാം എന്നാൽ അവ സ്ഥായിയാണെന്ന് പ്രതീക്ഷിക്കരുത്. ഇടപെടലുകൾ സത്യസന്ധമാക്കുക, കാപട്യമില്ലാത്ത ലോകം വാർത്തെടുത്ത് സംതൃപ്ത ജീവിതം നയിക്കാം. ശുഭദിനം
അഭിപ്രായങ്ങള്‍