റമളാൻ ചിന്ത 14
                                        🌹🌹🌹


              *തൃപ്തിയാവാത്ത തൃപ്തി*

സംതൃപ്തമായ ജീവിതം നയിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹമാണല്ലോ. ഭൂമിയിൽ സംതൃപ്തി കൈവരിച്ച് സ്വസ്ഥതയോടെ പരിസമാപ്തി കുറിക്കാൻ എത്ര പേർക്ക് സാധിക്കുന്നു. സംതൃപ്തിയോടെ ജീവിച്ചു - മരിക്കാൻ ഒരാൾക്കാവുന്നത് എങ്ങനെ സാധിക്കും. എൻ്റെ സാമ്പാദ്യങ്ങളും നേട്ടങ്ങളുമെല്ലാം നൽകാം സമാധാനത്തോടെയും, സംതൃപ്തിയോടെയും ജീവിക്കാൻ എന്നെ സഹായിക്കാമോ?.
നീണ്ടുപോകുന്ന ചിന്തകൾ, ഉയരുന്ന ചോദ്യങ്ങൾ.... എല്ലാം നേടിയിട്ടും ഒന്നിലും ആത്മ നിർവൃതിയണയാൻ കഴിയാത്ത ദുരവസ്ഥ. ജീവിതത്തിനിടക്ക് എപ്പോഴെങ്കിലും എൻ്റെ ആഗ്രഹപൂർത്തീകരണം സംഭവിച്ചിരിക്കുന്നു എന്നൊന്ന് സമാധാനിക്കാൻ മനുഷ്യന് സാധിച്ചിട്ടുണ്ടോ?. ഇച്ഛകൾ പൂർത്തീകരിച്ച സംതൃപ്തിയിൽ മരണം വരിക്കാനാവുന്നെങ്കിൽ എത്ര മനോഹരമാണീ ജീവിതം!!!.
സ്വന്തം ആഗ്രഹങ്ങളെ പാതി വഴിയിൽ ഉപേക്ഷിച്ചു, നിരാശയുടെ പടു കുഴിയിലേക്കെടുത്തെറിയപ്പെടുന്ന എത്രയൊ ആളുകൾ നമുക്ക് ചുറ്റും. പണവും, പത്രാസുമെല്ലാം ആവോളമുള്ളപ്പോഴും മനസ്സറിഞ്ഞ് സന്തോഷിക്കാൻ, ഞാൻ തൃപ്തനാണെന്ന് സ്വയം ബോധ്യപ്പെടുത്താനാവാത്ത മനുഷ്യർ. പ്രസക്തമായ ഒരു ചോദ്യം ആരായുന്നവർക്ക് കൊടുക്കാനാവുന്ന ഉത്തരം, സംതൃപ്തി എങ്ങിനെ സ്വായത്തമാക്കാം എന്നതാവും. ആവശ്യങ്ങളുടെ അനന്തതയിലേക്ക് ദിക്കറിയാതെ തേരോട്ടുന്നതാണ് മനുഷ്യജീവിതത്തിൻ്റെ പരാജയം. ലഭിച്ചതിനേക്കാൾ, ലഭ്യമാക്കാനുള്ള അമിത പ്രേരണ... ഒരിക്കലും പൂർത്തിയാക്കാൻ സാധിക്കാത്ത ജീവിത പ്രയത്നം. സംതൃപ്‌തി എന്നത്‌ വാങ്ങാൻ കിട്ടുന്ന ഒന്നല്ല . . . ജീവിതത്തിൽ സമ്പത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുന്നവർക്കിടയിൽ കടുത്ത ഉത്‌കണ്‌ഠയും വിഷാദവും ഒപ്പം മോശമായ ആരോഗ്യസ്ഥിതിയും കണ്ടുവരുന്നു.”​—⁠ (ഇന്റർനാഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ).
മഹാനായ ഇബ്റാഹീമുബ്നു അദ്ഹം ഹജ്ജിന് പുറപ്പെട്ടു. കാല്‍നടയായാണ് യാത്ര. അപ്പോള്‍ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന മറ്റൊരാളെ കണ്ടുമുട്ടി.
അയാള്‍: "ഇബ്റാഹീം, എങ്ങോട്ടാണ് യാത്ര?''
ഇബ്റാഹീം: "ഹജ്ജിനാണ്''.
അയാള്‍: "വാഹനമെവിടെ? ദൂരം കുറെയുണ്ടല്ലോ.''
ഇബ്റാഹീം: "എനിക്ക് ഒരുപാട് വാഹനങ്ങളുണ്ട്. താങ്കള്‍ കാണുന്നില്ല എന്നേയുള്ളൂ.''
അയാള്‍: "കേള്‍ക്കട്ടെ, ഏതൊക്കെ വാഹനങ്ങളാണ്?''
ഇബ്റാഹീം: "എനിക്കൊരു ആപത്ത് പറ്റിയാല്‍ ക്ഷമയായിരിക്കും എന്റെ വാഹനം. അനുഗ്രഹം വന്നാലോ അപ്പോള്‍ ഞാന്‍ നന്ദിയുടെ വാഹനത്തില്‍ കയറും. വഴിയില്‍ വെച്ച് പടച്ചവന്‍ വിധിച്ചത് എന്തൊക്കെ വന്നാലും സംതൃപ്തിയുടെ വാഹനത്തിലാവും എന്റെ യാത്ര.''
അയാള്‍:".ദൈവകടാക്ഷത്തിലേറിയാണ് താങ്കളുടെ യാത്ര. യഥാര്‍ഥത്തില്‍ വാഹനം കയറിയവന്‍ താങ്കളാണ്; ഞാന്‍ വെറും കാല്‍നടക്കാരന്‍.''
വാക്കുകൾ നൽകുന്ന വിചിന്തനം !... ഉള്ളതിൽ ആനന്ദം കണ്ടെത്താനാവുന്നതാണ് യഥാർത്ഥ സംതൃപ്തി. ആഗ്രഹങ്ങളെ നിയന്ത്രിക്കാനാവാത്തവൻ എങ്ങിനെ സംതൃപ്തനാവും... അവൻ നിരാശ ബാധിച്ചവൻ തന്നെ...
സൂഫി സന്നിധിയിൽ എത്തിയ ധനികനായ വ്യക്തി, എല്ലാം ഉണ്ടായിട്ടും സംതൃപ്തിയും, സമാധാനവും ലഭിക്കുന്നില്ല എന്ന് പരാധിപ്പെട്ടു. ഗുരു ഒരു കുട്ടിയെ വിളിച്ച് വലുതു കയ്യിൽ ഒരു പഴം നൽകി അതുമായി പോകാൻ നിന്ന കുട്ടിയെ വിളിച്ച് ഇടതു കയ്യിലും ഒരെണ്ണം നൽകി. തൃപ്തിയോടെ മടങ്ങുന്ന കുട്ടിയെ വിളിച്ച് മൂന്നാമതൊരെണ്ണം നൽകുന്നു. അത് കൈപിടിയിലൊതുക്കാൻ ശ്രമിക്കുമ്പോൾ സാധിക്കാതെ രണ്ടും താഴെ വീഴുമ്പോൾ കുട്ടി കരയുന്നു. അപ്പോൾ ഗുരു ധനികനോട് പറഞ്ഞു ഇതാണ് മനുഷ്യൻ്റെ ആഗ്രഹങ്ങളും - സംതൃപ്തിയും. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നതിന് പകരം കൂടുതൽ നേടണമെന്ന അത്യാഗ്രഹം, നേട്ടത്തേക്കാൾ നഷ്ടമാണ് വരുത്തുക.
ഉള്ളതിൽ തൃപ്തിയണയുമ്പോൾ വ്യക്തിക്ക് ആത്മീയനിർവൃതി ലഭ്യമാകുന്നു. അതിലൂടെ സന്തോഷവും സമാധാനവും.
അമിതമായ ആഗ്രഹം നഷ്ടപ്പെടുത്തിയ സന്തോഷത്തെ കാണിക്കാൻ പറയുന്നൊരു കഥ സംതൃപ്തിയുടെ ആലോചനയിൽ വായിക്കേണ്ടതുണ്ട്...
ഈ രണ്ട് കർഷകരുടെ കഥ നൽകുന്ന പാഠം വലുതാണ്.
അയൽവാസികളായ രണ്ടു കൃഷിക്കാർ ആദ്യത്തേയാൾ കൃഷിയിൽ നിന്നുള്ള ചെറിയ വരുമാനം കൊണ്ട് ദിനങ്ങൾ തള്ളിനീക്കുന്നു. രണ്ടാമത്തേ വ്യക്തി ധാരാളം സമ്പാദ്യങ്ങളുമായി ആർഭാട പുർവ്വജീവിതവും. എന്നാൽ രണ്ടാമത്തേ ആൾക്ക് തൻ്റെ സമ്പാദ്യത്തെ നഷ്ടപ്പെടുമെന്ന് ഓർത്ത് രാത്രികളിൽ ഉറക്കവും സമാധാനവും നഷ്ടപ്പെടുന്നു.  ഒന്നാമൻ ഒരു പ്രയാസവുമില്ലാതെ സുഖനിദ്രയിലാണ്ടു സമാധാനവും, ദൈവഭക്തിയാലും ജീവിക്കുന്നു.  കുട്ടികാരനോട് അസൂയ തോന്നിയ ധനികൻ ഒരു ദിനം തൻ്റെ സമ്പാദ്യങ്ങളടങ്ങിയ പെട്ടി ദരിദ്രനെ ഏൽപ്പിക്കുന്നു. അന്നദ്ദേഹം സ്വസ്ഥമായുറങ്ങി, എന്നാൽ തൻ്റെ കയ്യിലെ സമ്പാദ്യപ്പെട്ടിയുടെ സുരക്ഷ യോർത്ത് ദരിദ്രനുറങ്ങാനാകുന്നില്ല. വെളിച്ചം പരക്കും മുമ്പ് സുഹൃത്തിനെ പണപ്പെട്ടി ഏൽപ്പിച്ച് രക്ഷപ്പെടുന്ന കർഷകൻ സ്വസ്ഥത തിരിച്ചെടുക്കുന്നു...
ഉള്ളതാണ് ഉണ്മ, അത് നൽകുന്നത് യഥാർത്ഥ വിജയമാണ്... മനുഷ്യർ അങ്ങനെയാണ്, ഉള്ളപ്പോൾ ഇല്ലാത്തതിനെ ഓർത്ത് പരാതപിച്ച് സമയം കഴിച്ചുകൂട്ടും, ഇല്ലാത്തപ്പോൾ ഉണ്ടാവേണ്ടതിനെ കുറിച്ചാവലാതിയും. യഥാർത്ഥമായി നേടിയിട്ടുള്ളതിൽ ആനന്ദം കണ്ടെത്താൻ സാധിക്കാത്ത ദൗർഭാഗ്യത...
ആരണ്യക സൗന്ദര്യത്തിൽ വിരാചിച്ചിരുന്ന കാക്ക ഒരിക്കൽ അരയന്നത്തെ കണ്ട് അസൂയ പൂകുന്നു. തൂവെള്ള നിറത്തിൽ വലിയ ചിറകുകളാൽ സുന്ദരി. കാക്ക പരിഭവവുയുമായി അരയന്നത്തിനടുത്ത്. അപ്പോൾ മയിലിൻ്റെ സൗന്ദര്യം വിവരിച്ചു കാക്കയെ കൂടുതൽ പ്രചോദിപ്പിക്കുന്നു. ഉടനെ കാക്ക മയിലിനെ തേടി പറക്കുന്നു. വനാതിർത്ഥിയിൽ ഉല്ലസിക്കുന്ന മയിലിനടുത്തെത്തി കാക്ക തൻ്റെ അഭംഗിയെക്കുറിച്ച് പരിതപിക്കുന്നു... തന്നെക്കാൾ സുന്ദരിയും, നല്ല ശബ്ദത്തിനുടമയുമായ തത്തയുടെ മഹത്വം പറഞ്ഞു മയിൽ പറന്നകന്നു. കാക്ക തത്തക്കടുത്തെത്തി. കൂട്ടിലടക്കപ്പെട്ട തന്നെക്കാൾ എത്ര ഭാഗ്യവതിയാണ്, ആകാശത്ത് പറന്നാനന്ദിക്കാനാവുന്ന കാക്കയെന്ന് വിശമത്തോടെ പറഞ്ഞ് തത്ത നിശ്വസിക്കുന്നു. തന്നിലെ സൗഭാഗ്യത്തിൽ ആനന്ദം കണ്ട് കാക്ക തിരിച്ച് കാട്ടിലേക്ക് തന്നെ പറന്നു...യഥാർ സംതൃപ്തി കാഴ്ചയിലല്ലെന്ന തിരിച്ചറിവിനാൻ
ജീവിതം വലിയ അദ്ധ്യായങ്ങൾ ചേർത്തു തുന്നിയ കട്ടിയുള്ള പാഠപുസ്തകമാണ്. ചിലപ്പോഴെങ്കിലും അക്ഷത്തെറ്റുകുടാതെ അത് വായിച്ചെടുക്കാനായാൽ അല്ല അതിലേക്കൊരു നോട്ട മയച്ചാൽ കണ്ടെടുക്കാവുന്ന സംതൃപ്ത ജ്ഞാനത്തിൻ്റെ നിഗൂഢമാം കലവറ തുറന്നെടുക്കാം. ഒളിപ്പിച്ച് വെച്ച സൗഭാഗ്യങ്ങൾ മനസ്സിലാകാതെ, ലഭ്യമല്ലാത്തതിൽ നിരാശ തോന്നിക്കുന്ന ഒരു തരം ജാലവിദ്യക്കാരനാണ് ഭൗതികത എന്നും. ഉള്ളത് പൊറുക്കിയെടുത്ത്, സ്വസ്ഥമായി ജീവിക്കാനായാൽ നേടാവുന്നതാണ് ആത്മീയ നിർവൃതിയെന്നും മനസ്സിലാക്കുക. കയ്യിലുള്ളത് രുചിക്കാതെ, കമ്പിലുള്ളതിന് ചാടിയാൽ കൈവിട്ട് പോകുമെല്ലാം എന്നോർമ്മിപ്പിക്കുന്നു.
ശുഭം
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR