റമളാൻ ചിന്ത 12
                            🌹🌹🌹


              വിശ്വാസമല്ലേ നമുക്കെല്ലാം

അമേരിക്കൻ സംവിധായകൻ പാട്രീഷ്യറിഗ്ഗൻ ഒരുക്കിയ 'The 33', എന്ന ഫിലിമിൻ്റെ പ്രമേയം ആഴത്തിലൂന്നിയ വിശ്വാസമാണ്. 2010 ൽ ചിലിയിലെ ഖനിയിൽ കുടുങ്ങിയ 33 തൊഴിലാളികളുടെ നടുക്കുന്ന ദിനങ്ങളെ  ചിത്രീകരിക്കുന്ന ഈ സിനിമ മുന്നോട്ടു വെക്കുന്നത് വിശ്വാസവും, ക്ഷമയും എങ്ങിനെ മനുഷ്യജീവിതത്തിന് അഭിവാജ്യമാണെന്നതും, അതു വിജയത്തിനെങ്ങനെ കരുത്താകുമെന്നതാണ്... ദൈവീകമായ, സ്വന്തത്തിനോടുള്ള, പരസ്പരമുള്ള വിശ്വാസങ്ങൾ ഒരഭിവാജ്യതയാണെന്ന് വ്യക്തമായിപ്പറയുന്നു ഈ ചിത്രത്തിൻ്റെ പ്രമേയം പരാമശിക്കപ്പെടേണ്ടത് തന്നെയാണ്.

ജന്മാനുഭവ പരിസര ജ്ഞാനങ്ങളിൽ നിന്ന് മനുഷ്യൻ ആർജ്ജിച്ചെടുക്കുന്ന മഹത്തായൊരനുഭവമാണല്ലോ വിശ്വാസം!. അതിനാൽ *മനുഷ്യഗുണത്തിലെ ഉന്നതമായ വിശേഷണമേതെന്ന് ചോദിച്ചാൽ വിശ്വാസമെന്ന് പറയേണ്ടി വരും.*

 ഓരോ ജീവിതവും സ്വായത്തമാക്കി പുലർത്തേണ്ട വിശ്വാസങ്ങളെ, മൂന്ന് വിശാല കാഴ്ചപ്പാടിലൂടെ വേർതിരിക്കാം... ആദ്യത്തേത് *താനും - സൃഷ്ടാവും തമ്മിലുള്ളത്,* രണ്ടാമത്തേത് *സ്വന്തത്തോടുള്ള വിശ്വാസമെങ്കിൽ,*

 അവസാനമായി *വ്യക്തിയും - ഇതര ജീവജാലങ്ങളുമായി* വെച്ച് പുലർത്തേണ്ട വിശ്വാസം. ഒന്നാമത്തേത്  വ്യക്തിയിധിഷ്ഠിതമെങ്കിലും, പലപ്പോഴും സാമൂഹിക ജീവിതത്തിൽ വലിയ തരത്തിൽ സ്വാധീനം ചെലുത്തപ്പെടുന്ന ഒന്നാണല്ലോ?. വേദഗ്രന്ഥങ്ങളുടെ അടിസ്ഥാന അദ്ധ്യാപനങ്ങൾ തുറന്ന് കാണിക്കുന്ന അത്യുൽകൃഷ്ടമായ വിശ്വാസം. എന്നാൽ ഇവ പലപ്പോഴും ഏറ്റവും ദുർബലപ്പെട്ട വിശ്വാസ സംഹിതയാണെന്ന് തോന്നിപ്പോകും. കാരണം മനുഷ്യൻ ആവശ്യാനുസരണം വ്യാഖ്യാനിച്ച് കളങ്കപ്പെടുത്തിയിട്ടുള്ളത് ഈ വിശ്വാസത്തിലായിരിക്കും. ഭാഗ്യവശാൽ വളരെ ന്യൂനപക്ഷത്തിന് മാത്രം ആത്മാർത്ഥമായി സ്വാംശീകരിക്കാനായ അത്യുന്നതമായവസ്ഥ.
മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഹാജറ എന്ന മാതാവിന് തളരാതെ തൻ്റെ മകൻ ഇസ്മായീലിനെ വളർത്താൻ പ്രേരിപ്പിച്ച തീ വിശ്വാസം... തീക്കുണ്ടത്തിലെ റിയപ്പെട്ട ഇബ്രാഹീം(അബ്രഹാം) (പ്രവാചകനും... നൈലിലൊഴുക്കപ്പെട്ട മൂസാ (മോസ) പ്രവാചകൻ്റെ മാതാവും, സാമൂഹിക ബഹിഷ്കരമേറ്റ മറിയംബീവിയു മെല്ലാം സ്വായത്തമാക്കിയ തലം. സൂഫീ സംഗീതത്തിലലിഞ്ഞുയരുന്ന ഞാനും നീയുമെന്ന സംജ്ഞ. 

സ്വന്തത്തിലുള്ള വിശ്വാസത്തെ രണ്ട് തലത്തിൽ നിന്ന് വായിച്ചെടുക്കാം. ജിവിതവിജയത്തിന് അത്യന്താപേക്ഷിതമായ ആത്മവിശ്വാസവും, അതിനെ ദുർബലമാക്കുന്ന അമിത വിശ്വാസവും.
സെൻ കഥകളിൽ വായിച്ചെടുക്കാവുന്ന ഒരു സംഭവം ഇങ്ങനെയാണ്, കൊടുംവനത്തിൽ വസിച്ചിരുന്ന ഒരു കൊള്ളക്കാരൻ തൻ്റെ ശക്തിയിൽ അമിതമായി അഹങ്കരിച്ചിരുന്നു. വനയാത്ര നടത്തുന്ന നിരപരാധികളെ അക്രമിക്കുകയും, വിരലുകൾ അറുത്തെടുത്ത് കഴുത്തിലണിഞ്ഞ് അട്ടഹസിച്ചാനന്ദം കണ്ടെത്തുകയും ചെയ്തു. ഗ്രാമവാസികളിൽ വലിയ ഭീതി നിറഞ്ഞിരിക്കുമ്പോൾ. ശ്രീബുദ്ധൻ തൻ്റെ സഞ്ചാരത്തിനിടയിൽ ഗ്രാമത്തിലെത്തുകയും, വനത്തിലൂടെ അടുത്ത പ്രദേശത്തേക്ക് പോകേണ്ടതന്വേഷിക്കുകയും ചെയ്തു. ഗ്രാമവാസികൾ അദ്ദേഹത്തെ തടയാൻ ശ്രമിച്ചെങ്കിലും, തൻ്റെ യാത്ര തുടർന്നു. അൽപ്പം ദൂരം താണ്ടിയപ്പോൾ കൊള്ളക്കാരൻ മുന്നിൽ പ്രത്യക്ഷപ്പെടുകയും, തൻ്റെ ഖഡ്ഗം കൊണ്ട് വഴി തടഞ്ഞു നിന്നു. ബുദ്ധൻ ചോദിച്ചു നിങ്ങൾ അതീവ ശക്തനാണല്ലേ?എങ്കിൽ കയ്യിലെ ഖഡ്ഗം കൊണ്ട് ആ മരത്തിൻ്റെ കൊമ്പ് രണ്ടായി മുറിക്കൂ... തൻ്റെ ശക്തിയിൽ അമിതാവേശമുണ്ടായിരുന്ന അയാൾ ഒറ്റ വെട്ടിന് കൊമ്പ് രണ്ട് തുണ്ടമാക്കി. ബുദ്ധൻ പറഞ്ഞു ഇനി നിങ്ങൾ മുറിച്ച ശാഖയെ പഴയതുപോൽ ചേർത്തുവെക്കൂ.. അസാധ്യമായ സംഗതിയിൽ തൻ്റെ ദൗർബല്യം മനസ്സിലാക്കിയയാൾ ബുദ്ധൻ്റെ ശിഷ്യത്വം സ്വീകരിച്ച ആ കൊള്ളക്കാരനാണ്. പിന്നീട് തൻ്റെ പ്രിയശിഷ്യനായി ബുദ്ധൻ പ്രഖ്യാപിച്ച ആംഗുലിമാല.
തന്നിലെ വിശ്വാസത്തെ കൈമുതലാക്കി വിജയം വരിക്കാനുതകും പോലെ, അതിൻ്റെ തെറ്റായ ഉപയോഗത്തിലൂടെ നാശത്തിലാകാനും ഒരാൾക്ക് സാധിക്കും.പരാജയപ്പെടുമ്പോൾ തന്നിലെ പ്രത്യാശയുടെ തിരിയായി വിശ്വാസത്തെ പരിവർത്തിക്കാനാവുന്നതിലാണ് വിജയം. മാത്രമല്ല സ്വയം വിശ്വാസമാർജ്ജിച്ചവനെ കരുത്താർജ്ജിക്കാൻ സാധിക്കൂ.

സാമൂഹിക ജീവി എന്ന നിലയിൽ ഒരു വ്യക്തി പുലർത്തേണ്ട മഹിത ഗുണമാണ് പരസ്പര വിശ്വാസമെന്നത്. അത് കുടുംബത്തിലോ, സൗഹൃദങ്ങളിലോ, തൊഴിലിടത്തിലോ, സാമൂഹിക ബന്ധങ്ങളിലോ ആവാം. തന്നിലെ വിശ്വാസത്തെ സ്വാംശീകരിക്കുന്നത് പോലെ സുപ്രധാനമാണ് അപരനോടുള്ള സത്യസന്ധമായ വിശ്വാസ്യതയും. പരസ്പര വിശ്വാസമില്ലായ്മയുടെ പ്രത്യാകാതങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ നിത്യേന നാം എത്രയോ കാണുന്നു. സ്വന്തം രക്ഷിതാക്കളെ വിശ്വാസത്തിലെടുക്കാനാവാത്ത മക്കൾ, തിരിച്ചും, ദാമ്പത്യ അവിശ്വാസങ്ങൾ, വിശ്വാസ സംഹിതകളിലെ പരസ്പര വിശ്വാസമില്ലായ്മ, ഭരണാധിപന്മാരും - ജനങ്ങളും തമ്മിലെ അവിശ്വാസങ്ങൾ, സുഹൃദ് ബന്ധങ്ങളിലെ ധാരണപ്പിശക്... അങ്ങനെ വിശ്വാസത്തിലെ ദൃഢത നഷ്ടപ്പെടുത്തുന്ന എത്ര സംഗതികൾ...

സുദീർഘമായ യാത്രയിൽ തോണിയിലിരിക്കുന്ന ഒരു കുട്ടിയുടെ കുസൃതികൾ കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഒരാത്മീയ ഗുരു. തികച്ചും ശാന്തമായിരുന്ന പ്രകൃതി പെട്ടെന്നാണ് അതിൻ്റെ രൗദ്രഭാവം പൂണ്ടത്. യാത്രക്കാർ പരിഭ്രാന്തരായി, ശക്തമായ കാറ്റിൽ വഞ്ചിയുലയാൻ തുടങ്ങി... ഗുരുവും, ശിഷ്യരുമടക്കം അപ്രതീക്ഷിത പരീക്ഷണത്തിൽ ഉലഞ്ഞു പോയി. എന്നാൽ അപ്പോഴും തൻ്റെ കളികളിൽ വ്യാപ്തനായിരുന്നു ആ കുട്ടി. ഒരു തരത്തിലുള്ള ഭയാശങ്കയോ, പ്രയാസമോ ഇല്ലാതെ ഇരിക്കുന്ന കുട്ടിയോട്, കാറ്റ് ശമിച്ചപ്പോൾ ഗുരു ചോദിച്ചു.ഇത്ര ശക്തമായിട്ട് കാറ്റ് വീശിയിട്ടും, തോണിയാടിയുലഞ്ഞിട്ടും നീ എന്തേ ഭയപ്പെട്ടില്ല. കുട്ടി പറഞ്ഞു എത്ര ശക്തമായ കാറ്റിനേയും മറികടന്ന് തോണിയെ ബാലൻസ് ചെയ്യാൻ എൻ്റെ പിതാവിനാവും എന്ന വിശ്വാസം തന്നെയാണ് എന്നിൽ ഭയപ്പാടില്ലാതാക്കിയത്.
വിശ്വാസം അങ്ങനെയാണ് കളങ്കമില്ലാത്ത സ്നേഹത്തിനൊപ്പം ചേർത്തുവെക്കാനാവുന്ന ആമൂല്യമായ ഗുണം. അതിനെ ദൃഢമാക്കുന്നതും, ഉടച്ചുകളയുന്നതും ക്ഷമിക്കാനാകുന്ന മനസ്സ് നഷ്ടപ്പെടുമ്പോഴാണ്. ചെറിയ പ്രതിസന്ധികളൊ, സംഭവങ്ങളോ ഉണ്ടാകുമ്പോഴേക്കും പരസ്പരം പഴിചാരി മറ്റൊരാളെ ഇകഴ്ത്തി കെട്ടാൻ ശ്രമിക്കുമ്പോൾ ഓർക്കുക പരാജയപ്പെടുന്നത് നാം തന്നെയാണ്. അതിലൂടെ നഷ്ടപ്പെടുത്തുന്നത് നമ്മിലെ നന്മയും, നിഷ്കളങ്കതയുമാണ്. വിശ്വസ്തതയിൽ ആത്മവഞ്ചന കാണാക്കാതിരിക്കാൻ, ഈടുറ്റ ബന്ധങ്ങൾ പടുത്തുയർത്താൻ, സംതൃപ്തമായൊരു വ്യക്തി ജീവിതമാസ്വദിക്കാനുമെല്ലാം. കാത്തിടാം ദൃഢമായ വിശ്വാസത്തെ... അങ്ങനെ വിശ്വാസമല്ലേ എല്ലാമെന്നുറക്കെ പ്രഖ്യാപിക്കാം.

ശുഭം

Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR