റമളാൻ ചിന്ത 26
🌹🌹🌹

*നന്ദിയാരോട് ചൊല്ലണം*

വളരെ പ്രയാസകരമായ ഒരു സമയത്ത് സ്വന്തത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണല്ലോ ലേകരാജ്യങ്ങളിലൊക്കേയും മനുഷ്യർ. ആർക്കും മുതലെടുപ്പിന് താൽപര്യമില്ല, പരസ്പരവൈര്യങ്ങൾ തീർക്കാൻ ആഗ്രഹങ്ങളില്ല, ചൂഷണ, സ്വാർത്ഥതകളില്ലാത്ത പ്രകൃതി സ്നേഹമനോഭാവങ്ങൾ മാത്രം. അപകട നിരക്കുകൾ കുറഞ്ഞിരിക്കുന്നു. തിടുക്കം കാരണം ചീറിപ്പാഞ്ഞിരുന്ന പരസ്പരം നോക്കാൻ, മിണ്ടാൻ പോലും സമയമില്ലാത്ത തിരക്കുപിടിച്ച ജീവിതങ്ങൾ ഇന്ന് നിശ്ചലമായി. ആവശ്യാനുസരണം സമയത്തെ ഉപയോഗപ്പെടുത്താനാവുന്നു. ഒന്നിനും സമയം കിട്ടുന്നില്ല, സമയം നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ എന്ന് പറഞ്ഞിരുന്നവർ. സമയം ഞാൻ തീരുമാനിക്കും പോലെ ഉപയോഗിക്കാനാവുന്നു എന്ന് സന്തോഷിക്കുന്ന യവസ്ഥ.
 ലോകത്തെ അടക്കി വാണിരുന്ന അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെല്ലാം പ്രവർത്തനരഹിതം. മനുഷ്യ വിരുദ്ധമായിരുന്നവ ,മനുഷ്യ ജീവനു വേണ്ടി പ്രവർത്തിപ്പിക്കപ്പെടുന്നു.

 എത്ര നിസ്സാരമാണ് മനുഷ്യൻ കെട്ടിപ്പൊക്കി ഊതിവീർപ്പിച്ച ഭൗതികത എന്ന 'നീർ കുമിള'കൾ. അഹങ്കാരത്തിൻ മൂർദ്ധന്യതയിൽ അഭിരമിച്ചിരുന്ന മോഡേണിറ്റി, വ്യവസായ വിപ്ലവ മുദ്രാവാക്യങ്ങൾ എല്ലാം നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്നാണിനി ഒന്ന് കരകയറാനാവുക എന്ന പ്രതീക്ഷയില്ലാത്ത രോധം മാത്രം... ഇനിയൊരു ലോക ക്രമം പോലും നിർണ്ണയിക്കാൻ, അടയാളപ്പെടുത്താൻ ഈ കാലം ഉപയോഗിക്കുമെന്ന നിഗമനങ്ങൾ. ഇതിനെല്ലാം കാരണമായത് ബില്യൻ കണക്കേ ഡോളറുകൾ മുടക്കി രൂപപ്പെടുത്തിയ ആയുധമേൽക്കോഴ്മയോ, പടയണികളോ അല്ലല്ലോ? നിസ്സാരമായൊരു പ്രകൃതി സൃഷ്ടി, ഒരു വൈറസ് തീർത്ത പരിവർത്തന ലോകം. മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങളിൽ നിന്ന് വളരെ മുന്നോട്ടാഞ്ഞ് അണു വ്യാപനതന്ത്രത്തിലേക്ക് മാറിയോ എന്ന് തോന്നിപ്പോകുന്നു. വികസന രാഷട്രങ്ങൾ രൂപപ്പെടുത്തിയ മിഥ്യാധാരണകൾ പൊളിച്ചടുക്കുന്ന വാക്ക് പോരുകൾ... പരസ്പരം കുറ്റപ്പെടുത്തലുകൾക്ക് മാത്രം മാധ്യമ ദർശനം നൽകേണ്ട ഗതികേട്. അതെ എക്കാലത്തേയും പോലെ ഭൂമിയിലെ സമാധാന പരിപാലനത്തിന് വിഘ്നം മനുഷ്യൻ മാത്രമെന്ന് ഉറപ്പാക്കുന്ന സംഭവങ്ങൾ.
മനുഷ്യസൃഷ്ടിയുമായി ബന്ധപ്പെട്ട തീരുമാനം ദൈവം തൻ്റെ ഉത്തമ അടിമകളായ മലാഖമാരോട് പറയുന്ന സന്ദർഭം വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണോ ഈ തീരുമാനമെന്ന് തിരിച്ച് ചോദിക്കുന്ന മാലാഖമാർ. എത്ര സൂക്ഷ്മമായ നിരീക്ഷണമാണ് അന്ന് മലാഖമാർ നടത്തിയിരുന്നത് എന്ന് തൻ്റെ ചെയ്തികൾ കൊണ്ട് തെളിയിക്കാൻ ഈ വർഗ്ഗത്തിനായിട്ടുണ്ട്.  ഇന്ന് മനുഷ്യൻ ശാസ്ത്ര-സങ്കേതിക അത്യുന്നതിയിൽ വിരാചിക്കുന്ന ഘട്ടത്തിലും മറ്റാമില്ലാതെ ആ ചോദ്യം പ്രധാന്യമർഹിക്കുന്നു. എങ്ങനെയെന്നാൽ ഇരുട്ടിൽ നാണയ തുട്ട് തപ്പുന്ന വിഡ്ഢിയായി പരിഹാസമേറ്റു വാങ്ങി കൊണ്ടിരിക്കുന്നു എന്നത് യഥാർത്ഥ്യം. വസ്തുതകൾ മനസ്സിലാക്കാൻ പല അടയാളങ്ങളും പ്രകൃതിയോ അതിൻ്റെ സൃഷ്ടാവോ നൽകാൻ ശ്രമിച്ചിട്ടും, നന്ദികേട് മാത്രം കാണിക്കുന്ന തനി സ്വഭാവം ഇന്നും കൈവിടാൻ തയ്യാറാകുന്നില്ല മനുഷ്യർ. സൃഷ്ടാവിനോടുള്ള വിശ്വാസത്തിൽ പോലും കളങ്കവും, കാപട്യവും ചാർത്തുന്ന നന്ദികേടു മനോഭാവം.

ബൽക്ക രാജ്യത്തെ രാജാവ് ഇബ്രാഹീം ആത്മീയതയെക്കാൾ ഭൗതിക പ്രാധാന്യം കൽപ്പിച്ച ഒരു വ്യക്തിയായിരുന്നു. തൻ്റെ അംഗരക്ഷക വലയത്തിൽ അഭിമാനം കൊണ്ട് അഹങ്കാരിയായി വാഴുകയായിരുന്നദ്ദേഹത്തിന് ഒരു രാത്രി ഉണ്ടായ അനുഭവം നൽകിയ തിരിച്ചറിവൊന്ന് പറയാം. 
ഒരിക്കൽ രാത്രിയുറക്കത്തിലേക്ക് വഴുതിയ രാജാവ് വലിയൊരു ശബ്ദം കേട്ട് നെട്ടിയുണർന്നു. ആരാണവിടെ എന്നുച്ചത്തിൽ ചോദിച്ചദ്ദേഹം എണീറ്റു. ഞാൻ അങ്ങയുടെ സുഹൃത്താണ്, എൻ്റെ ഒട്ടകത്തെ നഷ്ടപ്പെട്ടിരിക്കുന്നു. അതിനെ തിരയുകയാണ് എന്നൊരു മറുപടിയാണ് അദ്ദേഹത്തിന് കിട്ടിയത്. ദേശ്യം വന്ന രാജാവ് തട്ടും പുറത്താണോ ഒട്ടകത്തെ തിരയുന്നതെന്ന് ആരായുന്നു. അപ്പോൾ മുകളിലിൽ നിന്ന് മറുപടി, "അശ്രദ്ധനായ രാജാവേ, കേൾക്കുക സ്വർണ്ണത്തളികയിലുണ്ട്, സ്വർണ്ണ കിടക്കയിൽ ഉറങ്ങുന്ന അങ്ങ് ദൈവത്തേ തിരയുന്നതിലും ഭേദമല്ലേ അത്" എന്നായിരുന്നു. പ്രവർത്തികൾ എപ്രകാരമാണ് നമ്മിലെ വിശ്വാസത്തെ നിർണ്ണയിക്കുന്നത് എന്ന് ബോധ്യമാക്കുന്ന സംഭവം. യഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടാവില്ല നമ്മിലെ പ്രവർത്തനങ്ങൾ പലപ്പോഴും. തൻ്റെ ശരികൾ മാത്രം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടുന്നത് പ്രായോഗിക ചിന്തകളാണ്. പിന്നെ പ്രവർത്തിക്കുന്നതെല്ലാം ഒരു തരം അന്ധകാര, അജ്ഞതക്കൂട്ടിൽ തളക്കപ്പെട്ട പോലെയാണ്. യദൃശ്ചികമായി ഒരൊട്ടകത്തിരച്ചിലുകാരൻ വരേണ്ടി വരും കണ്ണ് തുറപ്പിക്കാൻ. കൊറോണ ഒരു പുനർവിചിന്തനമാവണം, ഭൗതിക ഭ്രമം മൂടിക്കെട്ടിയ കപടതയെ കീറി മുറിച്ചു യഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ. വിശ്വാസവും, മാനവ സ്നേഹവും, സാഹോദര്യ ബഹുമാനവും, പ്രകൃതിസംരക്ഷണവുമൊക്കെ കൈവിടാതിരിക്കേണ്ടതിൻ ആവശ്യകത ബോധ്യപ്പെടുത്താൻ. അത് മാനവ നന്മയുയർത്തിപ്പിടിക്കാനുതകും വിധം വളർത്താം.
ശുഭം
Dr. Jayafar Ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR