റമളാൻ ചിന്ത 18
                           🌹🌹🌹


                     ഉണ്മയെത്തേടി                      ആത്മബോധത്തിലേക്ക്

മലയാളത്തിൽ വാണിജ്യ വിജയം നേടി പ്രേക്ഷക പ്രീതി നേടിയ *അറാൻ തമ്പുരാൻ* എന്ന ചിത്രത്തിലെ മോഹൻ ലാൽ തകർത്താടിയ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് യഥാർത്ഥത്തിൽ ഓരോ മനുഷ്യൻ്റെയും അന്തരാളങ്ങളിൽ
പലപ്പോഴായി ഉദ്ഭൂതമായിട്ടുണ്ടാവും. ഉണ്മയിലേക്കുള്ള ഒരെത്തിനോട്ടത്തിന് ഒരിക്കലെങ്കിലും മുതിരാത്തവരായി ആരുണ്ട്?. ഒരുത്തരം തേടി എത്രയോ ചോദ്യങ്ങൾ ഏകാന്തമായി ഉണർവ്വിലും, ഉറക്കിലും നാം പ്രകൃതിയിലെറിഞ്ഞിരിക്കും?. മേൽപറഞ്ഞ കഥാപാത്രം മുന്നോട്ടു വെക്കുന്നത് വേദാന്തികളിലൂടെ നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട ഒരു ചോദ്യമാണ്... അറിവിൻ്റെ ഗിരിനിരകൾ കീഴടക്കുമ്പോഴും ഒരു വൻ്റെയുള്ളിൽ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, *ഞാനാര്?* അതിൻ്റെ അർത്ഥമറിയുക എന്നതാണ് ഓരോ മനുഷ്യാത്മാവിൻ്റെയും ജീവിതാന്വേഷണവും, ജന്മ നിയോഗവും. നിശ്ചയം മനുഷ്യൻ അവൻ്റെ സ്വത്വത്തെ കണ്ടെത്താനുള്ള പ്രയാണം ജന്മാരമ്പത്തിൽ തുടങ്ങുന്നുണ്ട്. *"Who am I" ?.*.. ആത്മീയ തലങ്ങളിൽ അറ്റമില്ലാതെ അലയാൻ മുനിമാരേയും, പ്രവാചകന്മാരേയും, ആത്മീയ ഗുരുക്കന്മാരെയുമെല്ലാം നിർബന്ധിപ്പിച്ച മുഖ്യ ഘടകം. വ്യാസനും, മോസയും, യേശുവും, നബി മുഹമ്മദരുമെല്ലാം അന്വേഷിച്ചലഞ്ഞ സംജ്ഞ. 
പ്രപഞ്ചത്തെ മനുഷ്യനും, മറ്റു ജൈവഗണങ്ങളുമായി വിഭജിക്കുമ്പോൾ, ആദ്യത്തേതിൻ്റെ നിലനിൽപിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ആത്യന്തിക സൃഷ്ടി വൈഭവം ദർശിക്കാനാവും. ഇതര ജീവജാലങ്ങളുടെ ആവിർഭാവ കാലഘടന മനുഷ്യനിർമ്മിതിയേക്കാൾ പഴക്കമുള്ളതെങ്കിലും. അത് മനുഷ്യ സൗകര്യങ്ങൾക്കായി ഒരുക്കപ്പെട്ടതാണെന്ന വേദഗ്രന്ഥവചനങ്ങൾ വ്യക്തമാക്കുന്നു. പ്രപഞ്ച സത്യങ്ങളെ തിരിച്ചറിയാനുള്ള തൃഷ്ണതയിൽ നിന്നുരുവം കൊണ്ടതാവാം, താനാരാണെന്ന ചോദ്യം?. ഈ അന്വേഷണങ്ങൾ പ്രാപഞ്ചിക രഹസ്യങ്ങളിലൂടെ സൃഷ്ടി വൈഭവങ്ങളിലേക്കും അതിലൂടെ സൃഷ്ടാവിലേക്കും നീളുന്നു. അങ്ങനെ താനാരാണെന്ന ജിജ്ഞാസകൾ തങ്ങളുടെ കഴിവുകളിൽ വിശ്വാസമർപ്പിക്കുന്നതിലേക്ക് വെളിച്ചം വീശി.
സ്വന്തം കഴിവുകൾ അറിയുന്നതിനെ തന്നെയാണല്ലോ ആത്മബോധനം എന്ന് വിളിക്കുക. സ്വന്തം പ്രാപ്തികളിലുള്ള ജ്ഞാനത്തെ ഞാനാരാണെന്ന ചോദ്യത്തിനുത്തരത്തിലേക്ക് നയിക്കുന്നു. അങ്ങനെ ആത്മീയാന്വേഷണങ്ങളുടെ വിശ്രമമില്ലായ്മ ആത്മബോധത്തിലേക്ക് എത്തിക്കുകയും ചെയ്തു. 

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മെയ്സ്റ്റര്‍ എക്ഹാര്‍ട്ട് എന്ന ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞന്‍ സ്വയം മനസ്സിലാക്കുന്ന കാര്യത്തെപ്പറ്റി വളരെ രസകരമായി പറയുന്നതിങ്ങനെയാണ്. “ഒരു മനുഷ്യന്‍റെ മനസ്സിനു ചുറ്റിലും ഒട്ടനവധി കവചങ്ങളുണ്ട്. കുറെയൊക്കെ അനാവരണം ചെയ്തെന്നു സമാധാനിക്കുമ്പോള്‍ നമുക്കു കാണാം – മുപ്പതോ നാല്പതോ കാളയുടെയോ കരടിയുടെതോ പോലുള്ള തൊലിയാണു വീണ്ടും. നാം പലതും മനസ്സിലാക്കി എന്ന് സമാധാനിക്കുമ്പോഴും ഒന്നും മനസ്സിലാവാത്ത സ്ഥിതിയിലായിരിക്കും. നിങ്ങള്‍ നിങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി അവഗാഢം പഠിക്കുക; അറിയുക നിങ്ങളാരാണെന്ന്”.
ഈ അവസ്ഥയിലേക്കുയർത്തുന്നതാണല്ലോ, വേദജ്ഞാന ആധ്യാപനങ്ങളിലെ ആത്മാവിനെ തൊട്ടറിയാനാകുമെന്ന പ്രഖ്യാപനങ്ങളെല്ലാം. തത് അടിസ്ഥാനത്തിൽ അപൂർവ്വമായി മാത്രം മനുഷ്യർക്ക് അനുഭവിച്ചറിയാനാവുന്ന ആത്മീയ ഉന്നതി.
 മുണ്ടകോപനിഷത്തിലെ ശ്ലോകങ്ങളിൽ ദർശിക്കാനാകുന്ന ജ്ഞാനത്തിൻ്റെ ഉന്നതി. ആനന്ദസ്വരൂപമായും, അമൃത സ്വരൂപമായുമൊക്കെ ആത്മാവിനെ നിർവ്വചിക്കാൻ പ്രാപ്തമാക്കുന്നെന്ന് പറയാം. ഇങ്ങനെ പ്രാപ്തികളേയും, പരിമിതികളേയും കൃത്യമായി നിജപ്പെടുത്താനുതകുന്ന പരിജ്ഞാനം കരഗതമാക്കുന്നതോടെ താനാരാണെന്നതിൻ്റെ കണ്ടെത്തൽ പൂർത്തിയാകുന്നു...

അത്മാവിനെ അന്വേഷിച്ച് അടുത്ത് വന്ന ശിഷ്യനോടു സൂഫി പറഞ്ഞു. "അത് സർവ്വവ്യാപനവും നിൻ്റെ ബാഹ്യവും, ആന്തരികവുമായി ദർശിക്കാനാകുന്ന ഒന്നാണെന്ന്". അപ്പോൾ മുരീദ് ആരാഞ്ഞു, "ആത്മീയ ജ്ഞാനം ഇത്രയധികം സ്വായത്തമാക്കിയിട്ടും തനിക്കെന്തു കൊണ്ട്  ആത്മബോധം അനുഭവിക്കാനാവുന്നില്ല". ഗുരു പറഞ്ഞു; "നിന്നിലെ അഹങ്കാരമതിനെ മറക്കുന്നു". "അഹങ്കാരമോ, എന്നിലോ!?". ശിഷ്യൻ ആശ്ചര്യം തൂകി. ഗുരു വിശദീകരിച്ചു. "നിന്നിലെ ഞാനെന്ന ഭാവം (അഹം) നിൻ്റെ ജ്ഞാനോയർച്ച തടയുന്നു. അഹമെന്ന ഭാവം ഉപേക്ഷിക്കാനുമാകില്ല ധ്യാന പ്രാപ്തി ലഭിക്കുന്നതിനാൽ."

 സ്വന്തത്തെ അലങ്കാരമാക്കുന്നത് ആത്മീയ ഉന്നതി തകർക്കുമെങ്കിലും, ശക്തി - ക്ഷയങ്ങൾ കണ്ടെത്താനാകുക എന്നത് അത്മ ബോധത്തിനനിവാര്യമാണുതാനും. ശരിയേത്, തെറ്റേത് എന്നറിയാനാവാത്ത അഹംബോധത്തിലേക്ക് മനുഷ്യനെത്തുന്നു.

എലിസബത്ത് ഗിൽബർട്ട് എന്ന എഴുത്തുകാരി തന്റെ ബെസ്റ്റ് സെല്ലറായ *‘ഭക്ഷിക്കുക, പ്രാർത്ഥിക്കുക, സ്നേഹിക്കുക’* എന്ന കൃതിയിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലൂടെ ഒരു ദിവസം അവർ ധൃതിയിൽ നടന്നുപോവുകയായിരുന്നു. പെട്ടെന്ന് ഒരു കണ്ണാടിയിൽ അവർ തന്റെ തന്നെ പ്രതിഛായ കണ്ടു ഒരു നിമിഷം നിശ്ചലയായി. ആ പ്രതിബിംബത്തെ നോക്കി അവർ തന്നോടു തന്നെ ഇങ്ങനെ പറഞ്ഞുവത്രെ, ഓ എനിക്ക് കൃത്യമായി ഈ വ്യക്തിയെ അറിയാമല്ലോ. ഇവളാണല്ലോ എന്റെ ബെസ്റ്റ് ഫ്രണ്ട്. 

അതെ സ്വന്തത്തോട് കളങ്കമില്ലാതെ അലിഞ്ഞു ചേരാനാകുന്നത് തന്നെയാണ് ഒരാളുടെ ജീവിത പുരോഗതിയെ നിർണ്ണയിക്കുക. അത് പ്രത്യാശയോടെ ലക്ഷ്യങ്ങളിലേക്കെത്താൻ ക്ഷമ നൽകും. *ദ കൗണ്ട് ഓഫ് മോൻ്റി ക്രിസ്റ്റോ* എന്ന തൻ്റെ കൃതിയിൽ *അലക്സാണ്ടർ ഡ്യൂമണ്ട്* പറയും പോലെ, *"AII human wisdom is contained in these twowords; WAIT and HOPE".*

താടിയും മുടിയും എത്രകണ്ട് സ്വാഭാവികമായ മുഖത്തെ മാറ്റുന്നു എന്നു മനസ്സിലാവുക കണ്ണാടിയിൽ നോക്കുമ്പോഴാണ്. സ്വാഭാവികമായ മുഖം അവിടെത്തന്നെ ഉണ്ട്. മുടിയിഴകൾ വളർന്നപ്പോൾ സ്വാഭാവികമുഖം മറയുന്നു എന്നേയുള്ളൂ. അമിതമായ മുടിയിഴകളെ നീക്കിയും വെട്ടിക്കുറച്ചും ഒരു ബാർബർ എങ്ങനെ നമ്മുടെ സ്വാഭാവിക മുഖം വീണ്ടെടുക്കുന്നുവോ അതുപോലെ വേണ്ടാത്തതൊക്കെയും വലിച്ചെറിഞ്ഞ് സ്വയം വ്യക്തത വരുത്തുക. വിശുദ്ധിയുടെ വ്യക്തിത്വം വീണ്ടെടുത്തു വളരുക എന്നത് ഒരോ വ്യക്തിയുടേയും സ്വത്വാന്വേഷണ ബാധ്യതയാണ്. 
അത് ഒരു സാമൂഹിക ജീവി എന്നതിൽ മനുഷ്യൻ്റെ ഗുണഫലത്തെ വർദ്ധിപ്പിക്കുന്നു.
സമൂഹത്തില്‍ നന്നായി പെരുമാറുവാനും നല്ല ബന്ധങ്ങള്‍ സൂക്ഷിക്കാനും ആദ്യം വേണ്ടത് സ്വയം തിരിച്ചറിവാണെന്ന് *ഗോള്‍മാന്‍* വ്യക്തമാക്കുന്നു. 

ഒരിക്കൽ തൻ്റെ മൂന്ന് ശിഷ്യരെ വിളിച്ചിരുത്തി ഗുരു ചോദിച്ചു. "എൻ്റെയും നിൻ്റെയും താടിയിൽ ഓരേസമയം തീ പിടിക്കുന്നു, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം".
ഒന്നാമൻ പറഞ്ഞു ഞാൻ എൻ്റെ താടിയിലെ തീയണച്ചിട്ട് അങ്ങയുടെ താടിയിലെ തീ അണയ്ക്കും. രണ്ടാമൻ ഞാൻ ഗുരുവേ അങ്ങയുടെ താടിയിലെ തീ അണക്കാൻ ശ്രമിക്കും. രണ്ടിലും തൃപ്തിയാകാതെ ഗുരു മൂന്നാമനിലേക്ക് പ്രതീക്ഷയോടെ കണ്ണയക്കുന്നു. അവൻ്റെ മറുപടി ഇങ്ങനെയായിരുന്നു. "എൻ്റെ ഒരു കൈ കൊണ്ട് അങ്ങയുടെ താടിയും, മറ്റേത് കൊണ്ട് എൻ്റെ താടിയും അണക്കുമെന്ന്".  ഗുരുസംത്രപ്തനായി.

സ്വയം തേടുന്ന ഒരോ വ്യക്തിയും യഥാർത്ഥ്യങ്ങളോട് സമരസം പ്രാപിക്കാൻ ശ്രമിക്കണമെന്ന് ഈ കഥ വിളിച്ചോതുന്നു.

 അയാതാർത്ഥ്യങ്ങളിൽ ഭ്രമിച്ചുള്ള അന്വേഷണങ്ങളും, കണ്ടെത്തലുകളും  ഉണ്മയെത്തേടിയുള്ള ലക്ഷ്യത്തിലെത്താൻ മാർഗ്ഗതടസ്സം സൃഷ്ടിക്കും.

ഞാനാരെന്നതിലെ വ്യക്തത യഥാർത്ഥ്യങ്ങളെ ഉൾകൊണ്ടു ബോധ്യമാകുമ്പോഴെ ഓരോരുത്തരുടേയും സ്വത്വാന്വേഷണം പരിപൂർണ്ണമാകൂ. അതിലൂടെ മാത്രമേ നമ്മുടെ ഉത്തരവാദിത്വങ്ങളെ പറ്റി ബോധമുണർത്തു. അങ്ങനെ ഒരുഘട്ടത്തിലേക്കെത്തുന്നതിലൂടെ സാമൂഹ്യജീവി എന്ന നമ്മിലെ കർത്തവ്യങ്ങളെ പൂർത്തീകരിക്കാനാകൂ.
സ്വന്തത്തേ തേടിയുള്ളൊരപരത്വ യാത്രയിൽ നാം നടന്നു നീങ്ങുന്നു. അതിലൂടെ ശ്രീനാരായണ ഗുരു പറഞ്ഞ പോൽ ഒരാത്മ നിർവൃതി സ്വായത്തമാക്കുന്നു.
" പ്രിയ പരൻ്റെയുതെൻ പ്രിയം സ്വകീയ - പ്രിയമപര പ്രിയമിപ്രകാരമാകും നയമതിനാലെ നരന്നു നന്മ നൽകും ക്രിയയപരപ്രിയ ഹേതുവായ് വരേണം".

ശുഭം
Dr. Jayafarali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR