*റമളാൻ ചിന്ത 23*
🌹🌹🌹


*മാറ്റുവിൻ ശീലങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍*
*"ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക വാർദ്ധക്യത്തിലും അതിൽ നിന്ന് വ്യതിചലിക്കുകയില്ല" (സുഭാ: 22-6)*

മനുഷ്യൻ്റെ ശീലങ്ങൾ അവൻ്റെ വിധിയാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു യുറോപ്പിലൊക്കെ.നല്ലതാണെങ്കിലും, മോശമാണെങ്കിലും അത് 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന തത്വത്തിലങ്ങ് ഒതുക്കും. 'വളർത്തു ദോശം അല്ലാതെന്ത് പറയാൻ' എന്ന സ്ഥിരം അഴകുഴമ്പൻ മനോഭാവം പലപ്പോഴും വലിയ പ്രയാസങ്ങൾ വിളിച്ചു വരുത്തും. ശീലങ്ങൾ തീ പോലെയാണ്, ഭക്ഷണം പാകം ചെയ്യാനും, ഇരുട്ടിൽ വഴി തെളിക്കാനുമൊക്കേ അതുപകരിക്കും, എന്നാൽ അതെ തീകൊണ്ട് തലചൊറിഞ്ഞാൽ കഥ മാറും. നിമിഷ നേരം കൊണ്ട് വിനാശകാരിയാകാൻ ഒരു കനൽ മതി. ശീലങ്ങളും അങ്ങനെയാണ് ഒരാളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത് അയാളിൽ അന്തർലീനമായ പെരുമാറ്റ ശീലങ്ങളാണല്ലോ?.
*ശീലങ്ങൾ നമ്മുടെ തന്നെ പ്രവർത്തിയുടെ പുത്രിമാരാണെന്ന് പറയാറുണ്ട് (ജെറമി ടൈലർ).* അത് മോശമാണെങ്കിൽ ഞെരുക്കുന്ന ഒരു യജമാനനെപോലെയാണ്. മോചിതനാവാൻ നല്ല മെനക്കോട് വേണ്ടി വരും. 

ഒരിക്കൽ മീൻ കച്ചവടത്തിലേർപ്പെട്ടിരുന്ന ഒരു സ്ത്രീ പൂക്കട നടത്തുന്ന തൻ്റെ കൂട്ടുകാരിയെ സന്ദർശിക്കാൻ പോയി. കൂട്ടുകാരിയുടെ നിർബന്ധത്തിന് വഴങ്ങി അന്ന് അവിടെ താമസിക്കേണ്ടിയും വന്നു. രാത്രി പൂക്കടക്കാരി തൻ്റെ അതിഥിയുടെ മുറിക്കകത്ത് പരിമളം പരത്താൻ കുറെ പൂക്കൾ കൊണ്ട് വെച്ചു. എന്നാൽ സമയം കുറെ കഴിഞ്ഞിട്ടും മീൻകാരി പെണ്ണിന് ഉറക്കം ശരിയാകുന്നില്ല. അവൾ കുട്ടുകാരിയുടെ അടുത്ത് ചെന്ന് തനിക്ക് പുക്കളുടെ മണമേറ്റിട്ട് ഉറങ്ങാനാവുന്നില്ല, എൻ്റെ മീൻ കൊട്ടയടുത്ത് വെച്ച് കിടന്നോട്ടെ എന്ന് ചോദിക്കുന്നു. അങ്ങനെ കൂട്ടുകാരിയുടെ സമ്മതപ്രകാരം മീൻകാരി തൻ്റെ മീൻമണമേറ്റ് സുഖമായുറങ്ങി.

നമ്മുടെ ശീലങ്ങൾ ഇങ്ങനെയാണ് എത്ര ആസ്വാദനമേകുന്ന ഫലം ഉണ്ടേനറിഞ്ഞാലും അതിൽ നിന്ന് പുറത്ത് കടക്കാൻ ചിലപ്പോഴെങ്കിലും നമുക്ക് സാധിച്ചെന്ന് വരില്ല. തൻ്റെ വളർച്ചയെ മുരടിപ്പിക്കുന്നതിൽ, വിജയത്തിൻ ദുർഘട പാത തീർക്കുന്നതിൽ നിർണ്ണായകമാകുന്ന പല ശീലങ്ങളും കേവല ന്യായങ്ങളുടെ പേരിൽ ഉപേക്ഷിക്കാനാവാതെ മരവിച്ചു പോകുന്ന എത്രയെത്ര ജന്മങ്ങൾ.

ഒരിക്കൽ മുല്ലാ നസർ തൻ്റെ മോനെ അതിരാവിലെ വിളിച്ചുണർത്തി പറഞ്ഞു. കാലത്ത് നേരത്തേ എണീക്കുന്നത് ഭാഗ്യം കൊണ്ട് വരും. എന്നിട്ടതിന് ഒരു ദാഹരണം പറഞ്ഞു. ഞാൻ എണീറ്റ് അൽപ്പം നടക്കാനിറങ്ങിയപ്പോൾ വഴിയിൽ നിന്ന് ഒരു കെട്ട് പണം ലഭിച്ചു. മകൻ തിരിഞ്ഞ് കിടന്ന് പറഞ്ഞു, ഓഅപ്പോൾ നേരത്തേ എണീറ്റിട്ട് കാര്യമില്ല, അത്ഭുതത്തോടെ മുല്ല മോനെ നോക്കി ചോദിച്ചു അതെന്താ?. ഓ,ബാപ്പക്ക് മൂന്നേ എണീറ്റ് നടന്നയാൾക്ക് പണം നഷ്ടപ്പെട്ടില്ലേ, അയാൾ നിർഭാഗ്യവാനല്ലേ ?.

ചിലരുടെ ചിന്തകൾക്ക് നടപ്പു ശീലങ്ങളെ പൊളിച്ചെഴുതാൻ വലിയ മടിയാണ്. ഒരണുകിട വ്യതിചലിക്കാറില്ല. *" Once a habit is formed breaking can became difficult. "* സ്വയം മാറ്റത്തിന് വിധേയമാകാതെ ഒരു തരത്തിലുള്ള മാറ്റവും ദൈവം ഒരുക്കുകയില്ല എന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെ അധ്യാപനങ്ങൾ ഇതോടു ചേർത്തുവായിക്കേണ്ടതുണ്ട്.

പുത്രൻ്റെ ദുശീലങ്ങൾ മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു രാജാവ് രാജകുമാരനെ രാജ്യത്തെ പ്രമുഖ സൂഫിയുടെ അടുത്ത് കൊണ്ട് പോയി. കാര്യങ്ങൾ കേട്ട ഗുരു അവരുമായി തോട്ടത്തിലേക്കിറങ്ങി. കുമാരനോട് ചെറിയൊടു ചെടി പറിക്കാൻ പറഞ്ഞു. നിഷ്പ്രയാസം അവനത് ചെയ്തു. അങ്ങനെ അതിൻ്റെ വലുത് പറിക്കാനാവശ്യപ്പെട്ടു. അതിനൽപ്പം ശക്തി ഉപയോഗിക്കേണ്ടി വന്നു. പിന്നെ ഉയർന്നു നിൽക്കുന്ന ഒരു മരം കാണിച്ചു കൊടുത്ത് പിഴുത് എടുക്കാൻ പറഞ്ഞു. എത്ര ശ്രമിച്ചിട്ടും കുമാരനതിന് സാധിച്ചില്ല. അപ്പോൾ ഗുരു പറഞ്ഞു " ശീലങ്ങൾ ഇങ്ങനെയാണ് ആദ്യമാദ്യം ആയാസരഹിതമായി നമുക്കത്തിരുത്താനാവും, കൂടുതൽ വൈകുന്തോറും അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകും. വേണമെന്ന് കരുതിയാലും ചിലപ്പോൾ മാറ്റാൻ സാധിക്കാതെ അത് നമ്മിലെ ശരി - തെറ്റികളെ നിയന്ത്രിക്കും...

എല്ലാ ശീലങ്ങളും മൂന്ന് കണ്ണി വളയം കണക്കേയാണ് രൂപപ്പെടുന്നത്. ഒന്നാമതായി  *സൂചകം;* എന്ന് പറഞ്ഞാൽ നമ്മളിൽ ഒരു ശീലം രൂപപ്പെടുന്നതിന് ഒരു പശ്ചാതലം ഉണ്ടായിരിക്കും. ബാല്യത്തിലെ നിവർത്തിച്ചവ, രക്ഷിതാക്കളോ, സുഹൃത്തുക്കളോ സ്വാധീനം ചെലുത്തിയവ. പ്രത്യേകിച്ച് കുട്ടികൾ വളർച്ച പ്രാപിക്കുന്ന ഘട്ടത്തിൽ കുടുംബത്തിലെ സ്വാധീനം വലുതാണ്. സ്വഭാവരൂപീകരണവും, വ്യക്തി വികാസവുമെല്ലാം ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും. സന്തോഷവും, സഹകരണവും, ഭക്തിയുമുള്ള കുടുംബാന്തരീക്ഷം കുട്ടിയുടെ ഭാവി നന്മക്കായി ഉപകരിക്കും. വീട്ടകം തെറിവിളികളുടെയും, വിദ്വേഷത്തിൻ്റെയുമായാലോ നേർ വിപരീതവും. 
ഏതൊരു ശീലത്തേയും ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിന് അവ തരുന്ന ആദ്യ *പ്രതികരണം* വലിയ ഘടകമാണ്. ഏതൊരു ശീലത്തേയും ഒരാളുടെ ഭാഗമാക്കുന്നതിൽ അതിന് കിട്ടുന്ന പ്രതികരണം വലിയ പങ്ക് വഹിക്കുന്നു. ചെറുപ്പത്തിലെ മുതിർന്നവരെ ബഹുമാനിക്കുമ്പോൾ ലഭിക്കുന്ന പ്രോത്സാഹനം, ഏതൊരു പ്രായമായവരേയും ബഹുമാനിക്കാൻ പ്രാപ്തനാക്കും. അതിലൂടെ ജീവിത വിജയം സ്വായത്തമാക്കുവാൻ സാധിക്കുകയും ചെയ്യും.

 ഒരിക്കൽ പിറ്റ്സ് ബർഗിലെ ഡിപാർട്ട്മെൻ്റ് സ്റ്റോറിലെത്തിയ ഒരു വൃദ്ധ  മഴ കാരണം പുറത്തിറങ്ങാനാവാതെ അസ്വസ്ഥതയോടെ പല കൗണ്ടറിൻ്റെയും അടുത്ത് ചെന്ന് നോക്കി മടങ്ങുന്നു. പല ജോലിക്കാരും നിന്ന് തളർന്ന അവരെ കാണാത്ത വിധം നടന്നു നീങ്ങി. അതിനിടക്ക് ഒരു ചെറുപ്പക്കാരനായ സെയിൽസ്മാൻ ഒരു സ്റ്റൂൾ കൊണ്ടു വന്ന് അവരോടതിൽ ഇരിക്കാൻ പറഞ്ഞു. മഴ മാറിയപ്പോൾ അവരെ കൈ പിടിച്ച് വാഹനത്തിനടുത്തെത്തിക്കുന്നു. പോകും മുമ്പ് അയാളുടെ കാർഡ് വാങ്ങിക്കാൻ വൃദ്ധ മറന്നില്ല. ഒരു മാസത്തിനകം സ്‌റ്റോർ മാനേജർക്ക് ഒരു കോൾ വരുന്നു സ്കോട്ട്ലാൻറിലുള്ള വീട്ടിലേക്ക് ഫർനിഷിങ്ങ് ഓർഡറിനായിരുന്നത്.കൂടെ ആ ചെറുപ്പക്കാരനെ വിടണമെന്ന നിർദ്ദേശവും. മനേജർ കൂടുതൽ പരിചയമുള്ള ഒരാളെ അയക്കാമെന്നറിയിച്ചെങ്കിലും യുവാവ് മതിയെന്ന മറുപടി. അങ്ങനെ നിർബന്ധത്തിന് വഴങ്ങി യുവാവിനെ അയക്കുന്നു. അവൻ മടങ്ങി വന്നത് ലക്ഷക്കണക്കിന് ഡോളറിൻ്റെ ഓർഡറുകളുമായിട്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഉരുക്കു വ്യവസായ കോടീശ്വരൻ ആൻഡ്രൂ കാർണറിയുടെ കൊട്ടരത്തിൽ നിന്നുള്ള ഓർഡറായിരുന്നു അത്. അദ്ദേഹത്തിൻ്റെ മതാവായിരുന്നു അന്നാ യുവാവ് സഹായിച്ച സ്ത്രീ. പിന്നീട് യുവാവ് സ്റ്റാറിൻ്റെ ഉടമസ്ഥരിലൊരാളായി എന്നതാണ് ഇതിൻ്റെ അവസാനം. തൻ്റെ ജീവിതത്തിൽ രക്ഷിതാക്കളിൽ നിന്ന് പകർന്ന് കിട്ടിയ ഒരു നന്മ പ്രത്യേക പ്രചോദനങ്ങളൊന്നുമില്ലാതെ നടപ്പിലാക്കിയതിന് കിട്ടിയ *പ്രതിഫലം!.*

അതെ ഏതൊരു ശീലത്താനും ഒരു *പശ്ചാതലവും, പ്രതികരണവും ഉള്ള പോൽ മൂന്നാമതായി പാരിതോഷിക ( അനന്തര ഫലം)* വും ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സംഭവം. നല്ലതോ ചീത്തയോ ശീലങ്ങൾ ഏതൊന്നാണൊ നാം വാർത്തെടുക്കുന്നത് അതിനനുസരിച്ചുള്ള ഫലമവൻ കൊയ്യും. 

ഈ ലോക്ക് ഡൗൺ കാലം നമ്മിലെ പല അനാവശ്യ ശീലങ്ങളെയും മാറ്റുന്നതിന് പ്രാപ്തമാക്കിയിരിക്കാം. മാത്രമല്ല നമ്മുടെ കുടുംബ, സന്താന ശീലങ്ങളിലൊക്കെ ഒരു പൊളിച്ചെഴുത്തിന് സാധ്യത കാണാനുമാകാം.. നല്ല ബന്ധവും, നല്ല ശീലവും വളർത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
Dr. Jayafarali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi