റമളാൻ ചിന്ത - 25
                               🌹🌹🌹


                മിണ്ടാതിരിക്കലാണ് വാക്ക്


വാക്കുകൾ തീർക്കുന്ന മുറിവുകൾ വെച്ച് കെട്ടാൻ ഒരു പക്ഷേ മരുന്നുണ്ടായെന്ന് വരില്ല. സംസാരിക്കാനുള്ള കഴിവ് തീർച്ചയായും ദൈവാനുഗ്രഹങ്ങളിൽ മഹത്തരം തന്നെ. ഇമാം ഗസ്സാലി പറയുന്നു., "നാവ് ദൈവത്തിൻ്റെ അപാര സൃഷ്ടി വൈഭവത്തിൽ പെട്ടതാണ്. അതിൻ്റെ വലിപ്പം ചെറുതാണ്. എന്നാൽ അത് കൊണ്ട് ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്". പലപ്പോഴും നാമത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് അതിൻ്റെ മൂല്യം നിർണ്ണയിക്കുക. ഇരുതല മൂർച്ചയുള്ള വാളിനോടാണ് അതിനെ ഉപമിക്കാറുള്ളത്. നന്മയിലുപയോഗിച്ച് ജയം വരിക്കാനും, തിന്മയിലുപേക്ഷിച്ച് തുലക്കാനുമെളുപ്പമാണ് വാക്കിൻ്റെ പ്രവർത്തനങ്ങൾ. പരിശുദ്ധ ഖുർആനിൻ്റെ കൽപനകളിൽ കാണാനാവും, "നീ നിൻ്റെ ദാസമ്മാരോട് പറയുക, അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്." എങ്കിൽ വിജയിച്ചവരുടെ കുട്ടത്തിലേക്ക് എടുത്തുയർത്തപ്പെടും.
ഒരാളുടെ വിശ്വാസം ശരിയാകണമെങ്കിൽ ഹൃദയം നന്നാവണം, ഹൃദയം നന്നാവണമെങ്കിൽ നാവ് നന്നാവണം. മറ്റുള്ളവരെ വാക്കിനാൽ മുറിപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന എത്രയോ ഹതഭാഗ്യർ നമുക്കിടയിലുണ്ട്. കളവും, ഏഷണിയും, പരദൂഷണം മുതലായവയുടെ മൊത്ത കച്ചവടക്കാർ. ഒരു ദിവസത്തെ കണക്കെടുത്താൽ തൻ്റെ നാവുകൊണ്ട് മറ്റൊരാളെ വേദനിപ്പിക്കാൻ മാത്രം സമയം ചിലവഴിക്കുന്നവർ. അങ്ങനെ സ്വയം തീർക്കുന്ന അവിശ്വാസ പടുകുഴിയിലേക്ക് തേരേന്തി പോകുന്ന നഷടക്കച്ചവടക്കാർ.

നാവിനെ നിയന്ത്രിച്ച് നിർത്തൽ ഒരോരുത്തരുടേയും നിർബന്ധിത ബാധ്യതയാണ്. കാരണം നമ്മളിൽ നിന്നുയരുന്ന ഒരു വാക്കിനാൽ ഉണ്ടായേക്കാവുന്ന വീഴ്ച ഭയാനകമാകുന്നു.

ബുദ്ധിയുള്ളവർ നിശബ്ദത ഒരലങ്കാരമായി കൊണ്ട് നടക്കാറുണ്ട്. കവി പാടിയ പോൽ " ഒരാളുടെ ബുദ്ധിപൂർണ്ണമായാൽ സംസാരം കുറയും". ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുർആനിക ഓർമ്മപ്പെടുത്തൽ കൂടി ഇതോടൊപ്പം മനസ്സിരുത്തേണ്ടതാണ്. വാക്ചാതുരി കൊണ്ട് മായാജാലം തീർക്കാമെന്ന് വിചാരിക്കുന്നത് താൽക്കാലികതയാണെന്ന് പറയേണ്ടി വരും. ചിന്തകളെ പ്രചോദിപ്പിക്കുന്ന വാക്കുകൾ വലിയ വിപ്ലവങ്ങൾ രൂപപ്പെടുത്തും.

ഇമാം ഗസ്സാലി അദ്ദേഹത്തി ഇഹ്യയിൽ സംസാരത്തെ നാലായി തരം തിരിച്ചിരിക്കുന്നു; ദോശം മാത്രമുള്ളത്, ഗുണം മാത്രമുള്ളത്, ഗുണ -ദോശസമ്മിശ്രം, ഗുണ -ദോശമില്ലാത്തത്.
നമ്മളുടെ സംസാരരീതിയുടെ പ്രത്യാഘാതങ്ങൾ അനുസരിച്ച് കൃത്യമായി ഇതിലേതെങ്കിലുമൊന്നിൽ ഉൾപ്പെടുത്താനാവുമെന്നത് എത്ര കൃത്യം!.

ഇമാം അലി (റ) മൂന്ന് കാര്യങ്ങൾ നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ സാധ്യമല്ല (വാ വിട്ട വാക്ക് , നഷടപ്പെടുത്തിയ സമയം, നഷടപ്പെടുത്തിയ അവസരം) എന്നതിൽ ഒന്നാമതെണ്ണിയതും വാക്കുകളെ തന്നെ.

അനാവശ്യ സംസാരം, അനുചിത ഭക്ഷണം, അസ്ഥാനത്തുള്ള മയക്കവുമാണ് മുൻഗാമികളിൽ പലരുടെയും പരിചയം വിളിച്ചു വരുത്തിയിരുന്നെതെന്ന് കാണാം. മനുഷ്യരിൽ പ്രശ്ന പരിഹാരത്തിൽ സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അവൻസദാ സമയവും മൗനിയായാൽ മതി. കോപം നിയന്ത്രിക്കുന്നതിലൂടെ ഒരു വലിയ അളവ് പ്രശ്നങ്ങളിൽ നിന്ന് വഴിമാറാൻ സാധിക്കും. എന്നാൽ അത്തരക്കാർക്ക് ആവശ്യം വേണ്ട ഒരു ഘടകമാണ് ക്ഷമയോടെ നിലനിൽക്കുക എന്നത്. 

ഒരിക്കൽ പ്രമുഖ സൂഫിവര്യനടുത്തെത്തിയ ഒരാൾ കോപത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ  പലപ്പോഴും സ്വസ്ഥത നഷ്ടമാകുന്നു. നുരഞ്ഞു പൊങ്ങുന്ന വൈകാരികതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നന്വേഷിക്കുന്നു.  അപ്പോൾ ഗുരു അദ്ദേഹത്തോട് ഒരു പാത്രം നിറയെ വെള്ളം എടുക്കാനറിയിച്ചു. വെള്ളവുമായി വന്നപ്പോൾ അതിലേക്ക് തൻ്റെ കയ്യിലെ  വലിയൊരു കല്ല് ഇട്ടു കൊടുക്കുന്നു. വലിയ തിരയിളക്കത്തോടെ വെള്ളം ഇളകി ഓളം തീർത്തു. എന്നിട്ട് വന്നയാളോട് ചോദിച്ചു ഈ തരംഗങ്ങൾ എങ്ങിനെ വീണ്ടും നിശ്ചലമാകും? അദ്ദേഹം പറഞ്ഞു, "അതിന് കുറച്ചു നേരം കാത്തിരുന്നാൽ മതി"...

തീർച്ചയായും ഒരൽപ്പം ക്ഷമിക്കാനുള്ള മനസ്സുണ്ടായാൽ തീരാവുന്നതേ ഒള്ളൂ മനുഷ്യൻ്റെ വികാരങ്ങൾ തീർക്കുന്ന വേലിയേറ്റങ്ങൾ നിയന്ത്രിക്കാൻ.
പ്രവാചകൻ സുലൈമാൻ (സോളമൻ ) പറഞ്ഞ പോൽ " സംസാരം വെള്ളിയാണെങ്കിൽ മൗനം സ്വർണ്ണമാണ്". സംസാരം കൊണ്ടുണ്ടാകുന്ന നേട്ടത്തേക്കാൾ മൗനം കൊണ്ട് തീർക്കാവുന്ന വിജയം നിർവ്വചിക്കുന്ന വചനങ്ങൾ.
കവികളും, ചിന്തകരും വാക്കിനെ തീയിനോടാണ് ഉപമിക്കാറ്. ഹെക്ടർ കണക്കിന് ആമസോൺ   കാടുകളെ ചുട്ടെരിച്ച് പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ ഭീഷണിയിലാക്കിയത് ഒരു തീപ്പൊരിയാണെങ്കിൽ. ഒരു മനുഷ്യൻ്റെ വാക്ക് കൊണ്ട് രൂപപ്പെട്ട ലോകയുദ്ധങ്ങൾ അതെ ഗണത്തിൽ പെടുത്താം. ബൈബിൾ സദൃശവാക്യങ്ങൾ പറയുന്ന പോൽ; മരണവും ജീവനും നാവിൻ്റെ അധികാരത്തിലിരിക്കുന്നു (18:21).
ജീവിക്കാനും, കൊല്ലാനുമുള്ള ഓർഡറുകൾ ഒരു നാവിൻ തുമ്പിൽ നിന്നുയരുന്നു എന്നത് ഇതിൻ്റെ നേർസാക്ഷിമാണല്ലോ?.
കോവിഡ് പ്രയാസത്തിൽ പോലും വാക്കുകളാൽതീർക്കുന്ന ഉപദ്രവങ്ങൾ, ഉപകാരങ്ങൾക്ക് കടപ്പെട്ടൊരു ബോധത്തിൽ നിർത്തട്ടെ...

Dr. Jayafar ali Alichethu
9946490994


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi