റമളാൻ ചിന്ത 17
                                 🌹🌹🌹


                     മാതൃ ദിന കുടുംബങ്ങൾ


മെയ് മാസത്തിൽ  പ്രധാനമായും രണ്ട് UN ദിനാചരണങ്ങൾ ഉണ്ടല്ലോ?. അതിൽ ഒന്ന് ഇതെഴുതുന്ന ദിവസത്തിലെ *'ലോക മാതൃദിനം' (May - 10)* അടുത്ത ഒരാഴ്ച കൾക്കപ്പുറം *മെയ് 20ന് 'ലോക കുടുംബ ദിനവും'.* രണ്ടും അടിസ്ഥാനപ്പെടുത്തുന്നത് മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിൻ്റെ അഭിവാജ്യഘടകങ്ങളെ... മാതാവു വാർത്തെടുക്കുന്ന കുടുംബത്തിലൂടെ വളരുന്ന സാമൂഹിക നന്മ.


പ്രകൃതി ജീവജാലങ്ങൾ ആവാസ വ്യവസ്ഥയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതു പോലെ മനുഷ്യജീവിതത്തിലെ പ്രയോഗിക മുന്നേറ്റത്തിന് കുടുംബ വ്യവസ്ഥ അനിവാര്യമാണല്ലോ. കുടുംബത്തിൻ്റെ കെട്ടുറപ്പും, ദൃഢതയും നില നിർത്താനാവുന്നത് സാമൂഹിക പുരോഗതിയും, ലോക നന്മയും ഉയർത്തും. ക്രിസ്തു വർഷങ്ങൾക്കു മുമ്പ് തന്നെ പ്രമുഖ ചൈനീസ് തത്വചിന്തകനായ ലുബു വെയ് നിർവ്വചിച്ചത് , *"കുടുംബം ക്രമമുള്ളതാണെങ്കിൽ രാജ്യം ക്രമമുള്ളതായിരിക്കും, രാജ്യം ക്രമമുള്ളതാണെങ്കിൽ ലോകമെങ്ങും ഐശ്വര്യം വിളയാടും."* മാനുഷിക പരിഗണനയും, അംഗീകാരവുമാണല്ലോ ഓരോ ബന്ധത്തേയും ഊട്ടിയുറപ്പിക്കുന്നത്. അപ്പോൾ പരിഗണനയും, അംഗീകാരവും കുടുംബത്തിൽ തന്നെ ലഭ്യമാക്കുക എന്നത് അതിൻ്റെ ബലം വർദ്ധിപ്പിക്കും. സ്വന്തം താൽപര്യങ്ങളിൽ മാത്രം അഭിരമിച്ച്, മറ്റുള്ളവരെ അവഗണിക്കുന്ന മനോഭാവം ഒരു കുടുംബാന്തരീക്ഷത്തിന് ഗുണകരമല്ല. ഞാൻ എനിക്ക് എന്നതിനേക്കാൾ മറ്റുള്ളവർ എന്നതിന് മുൻതൂക്കം നൽകാനായാൽ സന്തുഷ്ട പരമായ കുടുംബ ജീവിതം രൂപപ്പെടുത്താം.
കുടുംബത്തിൻ്റെ കെട്ടുറപ്പിന് ഓരോ അംഗത്തിനും തുല്യ പങ്കുണ്ട്. 

വ്യാവസായ വിപ്ലവാനന്തര പാശ്ചാത്യ ലോകങ്ങളിൽ വേരറ്റുപോയ കുടുംബ വ്യവസ്ഥ ആ സമൂഹത്തിൽ വരുത്തിയ മൂല്യച്യുതി അടയാളപ്പെടുത്തുന്നു. അനാവശ്യമാ തെറ്റിദ്ധാരണകളും, സ്വതന്ത്ര കാഴ്ചപ്പാടുകളും എത്രത്തോളം സാമൂഹികാന്തരങ്ങൾക്ക് തത് മേഖലയിൽ കാരണമായി എന്നത് അനുഭവജ്ഞാനമുള്ളവർക്കറിയാം. 

 ആവശ്യാനുസരണം ഇച്ഛാപൂർത്തീകരണത്തിലധിഷ്ഠിതമായി ബന്ധങ്ങൾ മാറിയപ്പോൾ സ്നേഹവും, പരസ്പര വിശ്വാസവും നഷ്ടമായി. തിരിച്ചെടുക്കാനാകാത്ത വിധം വേരറ്റുപോയ അനുകമ്പയും, സഹകരണങ്ങളും. ശിരോ സമ്മർദ്ദങ്ങളിൽ സ്വത്വബോധം നശിച്ച് ആത്മഹത്യയിലും, വിഷാദത്തിലുമലയുന്ന ഒരു പറ്റമായി ആ സമൂഹത്തെ രൂപാന്തരപ്പെടുത്തി.

വൈവിദ്ധ്യങ്ങളെ ഉൾകൊണ്ട് വസുദേവ കുടുംബകമെന്ന മഹത് ആശയത്തിലൂന്നി സാമുഹിക പശ്ചാതലം രൂപപ്പെടുത്തിയ ഇന്ത്യയിൽപ്പോലും അതിൻ്റെ ബഹിർസ്ഫുരണങ്ങൾ വല്ലാതെ വേരോടിയിരിക്കുന്നു. നിസ്സാര കാരണങ്ങളിൽ വഴി പിരിയുന്ന ദമ്പതികൾ ഇന്ന് നിത്യ കാഴ്ചകളായി മാറുന്നു. അനാവശ്യ സംശയങ്ങളെ വളർത്തിയെടുത്ത് പരസ്പരം ചളിവാരിയെറിഞ്ഞ് വഴി പിരിയുന്ന എത്രയെത്ര സംഭവങ്ങൾ സംസ്കാര സമ്പന്നരായ മലയാളി സമൂഹത്തിലും. തീർപ്പു കലിപ്പിക്കാനാവാതെ കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കുന്ന ഇത്തരം സംഭവങ്ങൾ വരുത്തി തീർക്കുന്ന അപകടം നാം മനസ്സിലാക്കുന്നില്ല!. ഒന്ന് സ്വസ്ഥമായിരുന്നു ചിന്തിച്ചാൽ, അല്ലെങ്കിൽ മറു വശത്തിരിക്കുന്ന വ്യക്തിയുടെ വികാരങ്ങളെ ഒന്ന് മാനിച്ചിടപഴകിയിരുന്നെങ്കിൽ മാറുമായിരുന്ന നിസ്സാര പ്രശ്നമാണിതെന്നോർക്കണം. 

മാന്യത സ്പർശിക്കുന്ന വാക്കുകളോ, സൗഹൃദത്തിലൂന്നിയ സമീപനമോ, ആദരവും, വിനയവും തീർക്കുന്ന ഇടപെടലുകളോ, ക്ഷമയോടെയുള്ള പ്രതികരണമോ മതിയാകാം ഇത്തരം നിത്യ തകർച്ചയുടെ കയത്തിൽ നിന്ന് രക്ഷനേടാനുള്ള ഒരു പിടിവള്ളി. എന്നാൽ ബഹുഭൂരിപക്ഷവും അത്തരം സമീപനങ്ങൾക്ക് ഇടനൽകാതെ അനാരോഗ്യകരവും, യുക്തിരഹിതവും, വികലവുമായ ചിന്തകളാൽ സ്വയം തീർക്കുന്ന വാരിക്കുഴികളിൽ ചാടി ചത്തൊടുങ്ങുന്നു... 
മുല്ലാ നസ്റിൻ്റെ രസകരമായ ഒരു കഥ പഠിപ്പിക്കുന്ന ധാർമിക ബോധം ഇത്തരുണത്തിൽ പ്രസക്തമാവും.
ഒരിക്കൽ ചന്തയിലൂടെ നടക്കുമ്പോൾ മുല്ലാ നസ്ർ നല്ല ഭംഗിയുള്ളൊരു ഘടികാരം കാണുന്നു. വല്ലാതെ ആകർഷിച്ച ആ ഘടികാരം വലിയ വില നൽകി അദ്ദേഹം വീട്ടിലെത്തുന്നു. അങ്ങനെ വീട്ടിൽ വരുന്ന അതിഥികളുടെ ശ്രദ്ധ പതിയുമാറ് ഒരിടം കണ്ടെത്തി അത് സ്ഥാപിക്കാൻ നിൽക്കുമ്പോഴാണ്. ആണിയും ചുറ്റികയുമില്ലാത്ത കാര്യം ഓർമ്മ വന്നത്. അങ്ങനെ അയൽ വാസിയിൽ നിന്ന് വങ്ങാമെന്ന് തീരുമാനിച്ച് ഇറങ്ങുമ്പോൾ മുല്ലയുടെ മനസ്സിലൊരു സംശയം. താൻ ചുറ്റിക ചോദിച്ചാൽ അയൽവാസി തരുമോ? അത് തരാതിരിക്കില്ല എന്നുറപ്പിച്ച് ഇറങ്ങുമ്പോൾ രാത്രിയായി ഇനി ചോദിക്കാൻ പറ്റിയ സമയമല്ല. കാലത്ത് എണീറ്റ് ചുറ്റികക്കായി ഇറങ്ങുമ്പോൾ അടുത്ത സംശയം. ഇത്ര നേരത്തേ ചെന്നാൽ അയൽവാസി എന്താടോ നിനക്കൊന്നും ഉറക്കവുമില്ലേ, മെനക്കെടുത്താൻ എന്ന് പറയുമോ?. അങ്ങനെ വൈകിട്ടും, രാവിലെയും ചുറ്റികക്കായി ഇറങ്ങുമ്പോൾ എന്തെങ്കിലും സംശയങ്ങൾ മുല്ലയേ തടഞ്ഞു. ചിന്താമഗ്നനായി മൂന്ന് ദിവസം ഘടികാരം ചുമരിൽ തറഞ്ഞില്ല. അടുത്ത ദിവസം രാവിലെ നേരേ അയൽവാസിയുടെ വീട്ടിൽ ചെന്ന് മുല്ല ദേശ്യത്തോടെ "തൻ്റെ ആണിയും, ചുറ്റിയും താൻ തന്നെ പുഴുങ്ങി തിന്നോ" എന്നും പറഞ്ഞ് ഇറങ്ങിപ്പോയി... കാര്യം മനസ്സിലാകാതെ അയൽവാസി സ്തബ്ധനായി നിന്നു.

തമാശ രൂപത്തിലെങ്കിലും ഈ കഥ തരുന്ന സന്ദേശം പ്രധാന്യമുള്ളതാണ്. നമ്മുടെ അനാവശ്യ ചിന്തകളിൽ നിന്ന് ഉടലെടുക്കുന്ന അപക്വമായ ചെയ്തികളാണ് പലപ്പോഴും ഊഷ്മളമായ ബന്ധങ്ങളെ തകർത്തു കളയുന്നത്.
ഒരു കുടുംബ ബന്ധമുറപ്പിക്കുന്നതിന് ധാരാളം ഘടകങ്ങൾ പ്രവർത്തിക്കേണ്ടതും, നിലനിർത്തേണ്ടതുമുണ്ട്. അവയിൽ ചിലതാണ് ഗുണപരാമായ ആഗ്രഹങ്ങൾ, നമ്മയുള്ള മനോഭാവം, സ്നേഹത്തോടെയുള്ള ഇടപഴകലുകൾ, പ്രസന്നമായ സമീപനം, പ്രത്യാശാപരും, പ്രചോദിപ്പിക്കാനുമുള്ള മനസ്സ്, ദൃഢവും, ആദർശത്തിലധിഷ്ഠിതമായ നിലപാടുകൾ, കരുണയുള്ള സ്വഭാവം, പ്രതിബദ്ധതയും, അർപ്പണമനോഭാവവും, വിജയേച്ഛ, സദ്ഭാവന, കുലീനവും മാന്യവുമായ   ഇടപെടലുകൾ...
പലപ്പോഴും വേണ്ട വിധത്തിൽ ഈ ഗുണങ്ങളെ പ്രകടിപ്പിക്കാത്തതാണ് കുടുംബ ബന്ധങ്ങളെ വേരറുക്കുന്നത്. ഭക്തി നഷ്ടവും, ആധുനിക ഭ്രമങ്ങളും മനുഷ്യനിലെ സ്വഭാവ ഗുണങ്ങളെ ക്ഷയിപ്പിക്കുന്നു എന്നതിൽ സംശയമില്ല. പുരോഗതിയിലേക്കുള്ള നിലക്കാത്ത പ്രയാണം നഷ്ടപ്പെടുത്തുന്നത് ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള പ്രാപ്തിയാണ്. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് ചേക്കേറിയപ്പോൾ നഷ്ടപ്പെട്ടത് സ്നേഹിക്കാനുള്ള പ്രയോഗിക അനുഭവങ്ങളാണ്. വീട്ടകങ്ങളിൽ ആളെണ്ണം കുറഞ്ഞപ്പോൾ അകലം വർദ്ധിക്കുന്നയവസ്ഥ. സ്നേഹവും, ഇഷ്ടവുമൊക്കെ ഫേസ്ബുക്ക് വാളിലെ നിർവ്വികാര സ്പർശനമായപ്പോൾ, ചിരിയും, സങ്കടങ്ങളുമെല്ലാം വാട്സപ്പ് ചിഹ്നങ്ങളിൽ ഒതുങ്ങി. പരസ്പരം പ്രശ്നങ്ങൾ പങ്ക് വെക്കാനും, വികാര-വിക്ഷേഭങ്ങൾ പ്രകടമാക്കാനും അവസരം നഷ്ടപ്പെട്ട് മലിനമാക്കപ്പെട്ടു മനുഷ്യ വികാരങ്ങൾ... വാശിയും, വൈരാഗ്യവും പറഞ്ഞ് തീർക്കേണ്ടതാണെന്ന ബോധം നഷ്ടപ്പെട്ടു, കേവലം മൊബൈൽ സ്ക്രീനിലെ ആനിമേഷൻ പ്രതികാരങ്ങൾ മനസ്സിൽ കുടിയേറി...
മനസ്സിൽ കുമിഞ്ഞുകൂടുന്നു സ്വാർത്ഥമായ ചിന്തകൾ പരസ്പരമുള്ള സ്നേഹകൈമാറ്റത്തിലൂടെ തെളിമയുള്ളതാക്കാനാകും. ഒരു സൂഫിയുടെ ശിഷ്യൻ ഇടക്കിടെ ആത്മീയധ്യാപനങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് കണ്ട പേരമകൻ ഇതെന്തിനാ ഇടക്കിടെ വായിക്കുന്നത് എന്ന് ചോദിക്കുന്നു. അദ്ദേഹം തൻ്റെ തൊട്ടടുത്ത് തീ കായാനുപയോഗിച്ചിരുന്ന കരി പിടിച്ച ബക്കറ്റ് എടുത്ത് കൊടുത്ത് താഴെ നിന്നു വെള്ളം നിറക്കാനാവശ്യപ്പെടുന്നു. തുരുമ്പിച്ച് ഓട്ടകളുള്ള ബക്കറ്റുമായി മുകളിലെത്തുമ്പോഴേക്കും വെള്ളമെല്ലാം തൂവിപ്പോകുന്നു. അപ്പോൾ മുത്തശ്ശൻ പറഞ്ഞു വേഗതകുവായതിനാൽ വെള്ളം പോകുന്നത്. അടുത്ത പ്രാവശ്യം വെള്ളവുമായി വരുമ്പോഴും അങ്ങനെ സംഭവിക്കുന്നു. പല ശ്രമങ്ങളും പരാചയപ്പെട്ടപ്പോൾ പേരമകൻ മുത്തച്ചനോട് ഇത് പാഴ് വേലയാണെന്ന് പറയുന്നു. അപ്പോൾ മുത്തശ്ശൻ ചോദിച്ചു ബക്കറ്റിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ?. അപ്പോഴവൻ കയ്യിൽ പിടിച്ച ബക്കറ്റ് നോക്കിയത് അത് കരിയെല്ലാം പോയി വൃത്തിയായിരിക്കുന്നു. ബന്ധങ്ങൾ ഇങ്ങനെയാണ് ഒരു വിധത്തിൽ  നാം ദർശിക്കുന്ന പൊട്ടലുകൾക്കപ്പുറത്ത് ഒരു തിളക്കം കാണാനാവും.
മനുഷ്യരുടെ നിസ്സഹായത വെളിപ്പെടുത്തിയ ഈ മഹാമാരി ഘട്ടത്തിൽ പ്രതീക്ഷ നൽകുന്ന ഒരു ഗവേഷണം വരികയുണ്ടായി. ഖത്തർ മന:ശാസ്ത്ര ഗവേഷകർ അയിഷ സുൽത്താനയും, സാജിത അതാരിയുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത് കുടുംബ ബന്ധങ്ങൾ ഊഷ്മളപ്പെടുത്താൻ, സ്നേഹവും, ആരവും നിലനിർത്തി ബന്ധങ്ങൾ ശക്തി പ്രാപിക്കാൻ ഈ കുറഞ്ഞ ദിനങ്ങൾക്കായെന്നതാണ്. 
പിതാവ് കുടുംബത്തിൻ്റെ ശിരസ്സാണെങ്കിൽ മതാവ് ഹൃദയമാണെന്ന് പറയാനുണ്ട്. രണ്ടും പ്രവർത്തിക്കാനായാലെ കുടുംബമെന്ന ശരീരത്തിൽ ആത്മാവ് നിലനിൽക്കൂ. ഒരു കുടുംബത്തെ പൂങ്കാവനമാക്കുന്നതും,  പുറമ്പോക്കാക്കുന്നതിലും അവരുടെ ഇടപഴകലിന് വലിയ പങ്കുണ്ട്. നഷടപ്പെട്ട കൂട്ടുകുടുംബ മഹിമയിലേക്ക് മടങ്ങുക എന്നത് പ്രാവർത്തിക മെല്ലെങ്കിലും, ഓരോ അണുകുടുംബങ്ങളിലും സ്നേഹം കൊണ്ട് കുടുംബ വിശാലത വരുത്താം എന്ന് ബോധ്യപ്പെടുത്തിയ ദിനങ്ങൾ. അവ തിരിച്ചെത്തിച്ച മൂല്യങ്ങളെ കെടാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ... ഓരോ മാതാപിതാക്കളും സ്നേഹം കൊണ്ട് മക്കളിലേക്കിറങ്ങാനും, ബഹുമാനവും, കടപ്പാടുമായി മാതാപിതാക്കൾക്ക് സന്തോഷമേകാൻ മക്കൾക്കുമാകട്ടെ എന്നാശംസിക്കുന്നു.
ശുഭം
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR