*റമളാൻ ചിന്ത 9*
                           🌹🌹🌹

*അംഗീകരിക്കാനൊരു വാക്ക്*

ഇന്നലെ കിടക്കും മുമ്പ് ഫേസ് ബുക്കിൽ കണ്ണോടിച്ചപ്പോൾ ഹൃദയസ്പർശിയായ ചില വരികൾ വായിക്കാനിടയായി. ഒരു വിദ്യാർത്ഥി സുഹൃത്തിന് അവൻ്റെ സുഹൃത്ത് സഹോദരി ജന്മദിനാശംസ നേർന്നു കൊണ്ടെഴുതിയത്. ആ വരികളിൽ പ്രകടമായ ആത്മാർത്ഥതയും, പ്രോത്സാഹന മനസ്ഥിതിയുമാണ് അത് മുഴുവനായും വായിച്ചു തീർക്കാൻ പ്രേരിപ്പിച്ചത്. നമ്മ നിറഞ്ഞ യുവാവിൻ്റെ  നിസ്വാർത്ഥ സമീപനം കൊണ്ട് പ്രത്യാശ ലഭിച്ച തൻ്റെ നേരനുഭവത്തിന് നന്ദി പറഞ്ഞുള്ളയാ കുറിപ്പ് ഹൃദയം കവർന്നു. ജന്മ വൈകല്യം കൊണ്ട് വീട്ടക
ഏകാന്തതയിൽ ഒതുങ്ങേണ്ടി വന്ന സഹോദരങ്ങൾക്ക് കൂടപ്പിറപ്പു നിലയുറപ്പിച്ച് പ്രത്യാശയുടെ നിറക്കൂട്ട് തീർത്ത് പ്രാപഞ്ചികാനന്ദങ്ങളിലേക്ക് പറക്കാൻ ചിറകൊരുക്കിയ അത്യപൂർവ്വസൗഹൃദം. ഭക്ഷണമൊരുക്കുന്നത് മുതൽ ജൈവാവശിഷ്ടം വൃത്തിയാക്കുന്നതിൽ പോലും വിരസത കാണിക്കാത്തവൻ്റെ ഉള്ളനുഭവങ്ങൾ വരച്ച അക്ഷര ഫ്രയിം എത്ര ആവേശം നൽകുന്നു. സ്വന്തത്തിലേക്ക് ഒതുങ്ങുന്ന ഈ ലോക്ക്ഡൗൺ ജീവിതം, വളരെ ചിന്തിപ്പിച്ചു പോയ വാക്കുകൾ. കൂടെ നിന്ന് കരുത്തേകുന്ന സഹോദര സുഹൃത്തിൻ്റെ നന്മ മനസ്സ് തുറന്ന് പറയുന്ന ആ എഴുത്ത് ഒരു പ്രോത്സാഹനമായി പരിസമാപ്തി കുറിക്കുന്നു. 

നോക്കൂ....തന്നിലന്തർലീനമായ കർത്തവ്യ ബോധമായിരിക്കാം ആ സഹോദരൻ നിറവേറ്റിയത്, എന്നാൽ അതനുഭവിച്ചവർ തിരിച്ചേകുന്ന പ്രചോദന വചനങ്ങൾ തീർത്ത പ്രധാന്യം. അത് എത്ര കാലം വേണമെങ്കിലും അംഗ പരിമിത ജീവിതങ്ങളെ പരിചരിക്കാൻ ആ സഹോദന് ഊർജ്ജമേകുമെന്നുറപ്പ്.

നന്നായി.... എന്നൊരു വാക്ക് മതി, ഒരാളുടെ ജീവിതത്തെ മാറ്റാൻ... നിസ്സാരമായി നാം കരുതുന്ന ഒരു പ്രോത്സാഹനമായിരിക്കാം, മണിക്കൂറുകളോളം നാം നടത്തുന്ന സുവിശേ പ്രസംഗങ്ങളെക്കാൾ അപരനിൽ പ്രത്യാശ നൽകുന്നത്. അത് വളർച്ചയും, ഉന്നത കാഴ്ചപ്പാടുകളും പ്രദാനം ചെയ്യുമെന്നത് അവിതർക്കം.
ഓരോ വ്യക്തിയും തൻ്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിക്കുന്നത് മറ്റൊരാളിൽ നിന്ന് ലഭിക്കാവുന്ന ഒരു നല്ല വാക്കാണ്. അതിലൂടെ ലഭിച്ചേക്കാവുന്ന ഊർജ്ജ പ്രതിഫലനം അനിർവ്വചിനീയമാണ്.

മലയാളത്തിൻ്റെ നീർമാതളം, കമല സുരയ്യ എഴുതിയ ഒരു ചെറുകഥയാണ് *'കടലിൻ്റെ വക്കത്ത് ഒരു വീട്'.* അതിസങ്കീർണ്ണതകളില്ലാത്ത ലളിത ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു കഥ...

നിരുത്തരവാദിയായ അറമുഖൻ എന്ന അമിത മദ്യപാനിയുടെ കുടുംബ പശ്ചാതലത്തിൽ വികാസം പ്രാപിക്കുന്ന രചന. തൻ്റെ ചെയ്തികളുടെ തിക്തഫലമായി അന്തിയുറങ്ങിയിരുന്ന കൂര നഷ്ടപ്പെടുത്തി തെരുവിലിറങ്ങേണ്ടി വരുന്ന ദയനീയത. ദാന ഭക്ഷണവും, കടൽത്തീരവാസവും, മടങ്ങേണ്ടയൊരു കൂരയെന്ന സ്വപ്നത്തെ വരച്ചു കാട്ടുന്നു.
സ്വാർത്ഥനും, മുരടനുമായ തൻ്റെ ഭർത്താവിനോടു അതൃപ്തി  അവളിൽ നാൾക്കുനാൾ വർദ്ധിക്കുന്നു. ബാല്യത്തിലെ സംഗീത താൽപര്യങ്ങൾ ദുർഘടമാം തെരുവു ജീവിതത്തിലലിഞ്ഞ മനസ്സുമായി ഭർത്താവിനൊപ്പം ജീവിക്കുന്ന അവൾക്കുൾക്കൊള്ളാവുന്ന ഒന്നും അയാളിലില്ലെന്ന് ബോധ്യപ്പെടുത്തുന്നു. ഭർത്താവിൻ്റെ നോട്ടം കൊണ്ടോ, വാക്ക് കൊണ്ടോയുള്ള കാരുണ്യമോ,  ദയയോ ലഭിക്കാതെ ആത്മ സംഘർഷമാകുന്ന ജീവിതം. മരുപ്പച്ച നഷ്ടപ്പെട്ട ദാമ്പത്യത്തിൽ പ്രതീക്ഷയറ്റ സ്ത്രീ മനസ്സിൽ ചാപല്യമുണ്ടാകുന്നു. ട്രൈനിൽ പാട്ടു പാടി ഉപജീവിതം നയിക്കുന്ന നാടോടിയുമായി അവൾ അടുക്കുന്നു. സംഗീതത്തെപ്പറ്റി പറഞ്ഞും, വീട്ടുജോലിക്കവളെ പ്രചോദിപ്പിച്ചും അയാൾ അവളിൽ പ്രതീക്ഷയുണ്ടാക്കുന്നു. ദാരിദ്ര്യത്തിലും ശുഭ പ്രതീക്ഷ കൈ വെടിയാതെ ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ച യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കടലിന്റെ വക്കത്തു പാര്‍ക്കുവാനും ഭാഗ്യം വേണം .രാത്രിയില്‍ കടലിന്റെ പാട്ടും കേട്ട് നക്ഷത്രങ്ങളെയും നോക്കി കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ ..",
തങ്ങളുടെ സമ്പാദ്യത്തിലെ മൂല്യമുള്ള രോമപ്പുതപ്പ് അയാൾക്കു തൻ്റെ ഓർമ്മക്കായി സമ്മാനിക്കുന്നതും. അത് ചോദ്യം ചെയ്യുന്ന അറുമുഖത്തിനു പുഞ്ചിരിയോട്‌ കൂടി അവള്‍ കൊടുക്കുന്ന ന്യായീകരണം അയാള്‍ എന്നോടു സംഗീതത്തെ പറ്റി സംസാരിച്ചു എന്നതാണ്...

കഥയിലെ ധാർമ്മിക -മുല്യ വശങ്ങളെ ചർച്ചക്കെടുക്കാനല്ല ഈയവസരം ഉപയോഗിക്കുന്നത്. 
ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട അംഗീകാരം ഭർത്താവിൽ നിന്ന് ലഭിക്കാത്തതിനാൽ ഭാര്യയിലുണ്ടായിട്ടുള്ള മനസ്സംഘർഷം. തന്നിലെ വ്യക്തിത്വത്തെ അംഗീകരിച്ച നാടോടി ഗായകൻ അവളിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനവും പരിവർത്തനവും...പ്രണയവും, കാമത്തിനുമപ്പുറം അംഗീകരിക്കപ്പെടുക എന്നത് അനിവാര്യതയാണെന്ന ബോധത്തിലേക്ക് ഈ കഥ നമ്മെ നയിക്കുന്നു. 

ഷട് *'പ്രാ'* കൾ (പ്രതീക്ഷ, പ്രതികരണം, പ്രചോദനം, പ്രവർത്തി, പ്രശംസ, പ്രകീർത്തനം) ഉണ്ടാക്കുന്ന പ്രതിഫലം ഓരോ വ്യക്തിയിലും അനിർവ്വചനീയമാണ്. ചെറിയ കുട്ടികൾ മുതൽ, പ്രായമേറിയവർ വരെ തങ്ങളെ അംഗീകരിപ്പിക്കാനും, പ്രശംസ പിടിച്ചുപറ്റാനും ചെയ്തു കൂട്ടുന്നതെന്തെല്ലാം!. 
മലയാളി നെഗറ്റീവിസത്തിൻ്റെ മാന്യതയില്ലായ്മയാണ്, അപരനെ അംഗീകരിക്കാതിരിക്കൽ. പ്രചോദനവും, പ്രശംസയും വിരളമായ ഒരു സമൂഹം ഭൂമിയിൽ ഉണ്ടെങ്കിൽ അത് നാം ആയിരിക്കും. സ്വാർത്ഥവും, നിഷേധാത്മകവുമായ വാക്കുകളും പ്രവർത്തിയും സ്വന്തത്തിനും, ചുറ്റുപാടുകൾക്കും ഒരു തരത്തിലും ഉപകാരപ്പെടില്ല. എന്ന് മാത്രമല്ല അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിനാശകരവുമാണ്. 
വാക്കാലും, നോക്കിലും ക്രിയാത്മകമായ പരിശുദ്ധി വളർത്താനായാൽ തന്നെ ഒരു വ്യക്തി വിജയിച്ചു. ഒന്ന് പ്രശംസിക്കുന്നതിലൂടെ നമ്മിലെ നന്മക്കൊപ്പം, അപരൻ്റെ തന്മയും വളരുന്നു. ഇഷ്ടത്തേയും, സ്നേഹത്തേയും പ്രകടമാക്കണമെന്ന് പറയാറുള്ള പോൽ, നമ്മിലെ പ്രോത്സാഹന മനോഗതിയും പുറത്തെടുക്കേണ്ടതുണ്ട്. അതിലൂടെ നാം ഒരാളുടെ അസ്ഥിത്വത്തെ അംഗീകരിക്കുകയും, സ്വത്തബോധമുണർത്തുകയുമാണ്. ചെയ്യുന്ന നന്മകളുടെ ഏറ്റക്കുറച്ചിൽ നോക്കാതെ പ്രശംസിക്കാനും, പ്രചോദിപ്പിക്കാനും നമുക്കാവട്ടെ ഈ മന:സ്സംഘർഷ ഘട്ടത്തിലെന്നാശംസിക്കുന്നു.
ശുഭദിനം

Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Tarikh-i-Firoz Shahi