റമളാൻ ചിന്ത 29
                          🌹🌹🌹
               
            സ്നേഹം അളന്നൊഴുക്കരുത്

സ്നേഹത്തോളം പരിപാവനമായതെന്തുണ്ട് ഭൂമിയിൽ. അളവറ്റുകൊടുക്കാനും വാങ്ങാനും പറ്റുന്ന അപൂർവ്വമായതൊന്ന്. സ്വാർത്ഥതയോടെ വിൽക്കുന്നതിനും, നിസ്വാർത്ഥതയോടെ പങ്കുവെക്കാനുമാകുന്ന വികാരം. കിട്ടുമ്പോഴും, നൽകുമ്പോഴു പരിധി കൽപ്പിക്കേണ്ടതില്ലാത്, കൊടുക്കുന്തോറും ഇരട്ടിക്കുന്ന മാധുര്യം. മൂല്യം കണക്കാക്കാനാവാത്തത് എന്ന് പറയാം, ജനനം മുതൽ മരണം വരെ നിർലോഭം ലഭ്യമാക്കാവുന്ന ഒരദൃശ്യ ജ്ഞാനം.

 സ്നേഹിച്ചവരും, സ്നേഹിക്കപ്പെട്ടവരും മാത്രം വിജയം നേടിയ ഒരു ലോകത്താണല്ലോ നാം നിലകൊള്ളുന്നത്. വൈവിധ്യമാർന്ന രൂപങ്ങൾ, ഭാവങ്ങൾ. ചിലർക്കു മധുരിക്കുന്നോർമ്മയായ്, മറ്റു ചിലർക്ക് കയ്പ്പേറും നോവായ്... മാതാവും - പുത്രനും മുതൽ, കാമുകീ - കാമുകന്മാർ വരെ, അടിമയും -ഉടമയും മുതൽ സൃഷ്ടാവും, സൃഷ്ടിയും വരെ അതിരറിയാതെ പരന്നു കിടക്കുന്നത്. മണ്ണിൽ വിതച്ച വിത്തിനോട് കർഷകനുള്ള ആത്മ തലം മുതൽ നിമിഷ സംതൃപ്തിക്കോടുന്ന കാമ വൈകൃതങ്ങൾ വരെ സ്നേഹത്തിൻ്റെ വിത്യസ്ഥതലങ്ങൾ... സ്നേഹത്തിനെ പൊതിഞ്ഞു കെട്ടിയ പുറംചെട്ടയുടെ കാഴ്ച ഭംഗിയെത്ര അപാരം. പ്രണയത്തിന് മാതൃക തീർത്ത വാലൻ്റയ്നും, മുംതാസ് മഹലും കൊത്തിവെച്ച സ്നേഹ കാവ്യങ്ങൾ. അതെ *സ്നേഹിക്കാൻ പഠിക്കണം ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ* ഈ നിശ്ചിത ഭൂമിയായുസ്സിനകത്ത്. ഉത്തമ സ്നേഹങ്ങൾക്കായിരം ഉദാഹരണങ്ങൾ കേൾക്കാനും, കണ്ടാസ്വദിക്കാനും സാധിച്ചവരാണ് നമ്മളെല്ലാം. ആയിരം ഗാനങ്ങൾ നാവിൻതുമ്പിൽ സ്നേഹമെന്ന വികാരത്തെ കോർത്തുരുവിടാൻ നമുക്കായി. എവറസ്റ്റു പോലെ മാനംമുട്ടെ വളർന്ന സ്നേഹസങ്കൽപ്പങ്ങൾ കോർത്തിണക്കി ആയിരക്കണക്കിന് വോള്യങ്ങൾ എഴുതിത്തീർക്കാൻ നമുക്കായി. എന്നിട്ടുമെന്തേ നിരന്തരം സ്നേഹത്തെ ഓർമ്മപ്പെടുത്താൻ നാം നിർബന്ധിതരാവുന്നത്. ഒറ്റ രാത്രിക്ക് വേണ്ടി പത്ത് മാസം മാതൃത്വത്തിൻ്റെ നോവാനന്ദമാസ്വദിച്ച്, അമ്മിഞ്ഞപ്പാൽ പകർന്നപ്പോൾ കിട്ടിയ അവിർണ്ണനീയ നിർവൃതികളെയെല്ലാം മറന്നു വൈകാരിക നിമിഷങ്ങളിലെ ആവേശത്തിന്, സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് തലയോട്ടി ചിതറിത്തെറിപ്പിച്ചവസാനിപ്പിക്കാൻ മാത്രം സാധിച്ചെടുക്കുന്ന കാടത്തം എങ്ങിനെ രൂപപ്പെടുന്നത്.

ആദ്യ മനുഷ്യൻ ആദമും ഹവ്വയും, യൂസഫും - സുലേഹയും, ഈശയും മതാവ് മറിയമും,  കൃഷ്ണനും - രാധയും, പ്രവാചകൻ മുഹമ്മദും മകൾ ഫാത്വിമയുമെല്ലാം,  സനേഹത്തിൻ്റെ വിത്യസ്ഥ മുഖങ്ങളാണല്ലോ? വായിച്ചെടുക്കുമ്പോൾ മനസ്സിൽ തട്ടുന്ന എത്ര സ്നേഹമതികളായ കഥാപാത്രങ്ങൾ. എല്ലാത്തിലുമപ്പുറം വിവരണാധീതമായി, മഹത്തായൊരു സംജ്ഞയായി സ്നേഹം പാറിക്കളിക്കുന്നു...

മഹാരാഷ്ട്രയിലെ ബുർധാന ജില്ലയിൽ നിന്നൊരു നിഷ്കളങ്ക സ്നേഹത്തിൻ്റെ കഥ നീറുന്ന മനസ്സിലാവാഹിച്ചവരാണല്ലോ നാം... 

കർഷക ദമ്പതികൾ നിത്യദ്ധ്വാനത്തിലൂടെ സ്വരൂപിക്കുന്ന തുക കൊണ്ട് വലിയ സ്വപ്‌നങ്ങളാന്നുമില്ലാതെ സന്തോഷകരമായി കഴിയുന്നു. മൂന്ന് പെൺമക്കളുടേയും വിവാഹം നടത്തി കൊടുത്ത് ആത്മനിർവൃതിയിൽ അന്നന്നത്തെ ആഹാരത്തിനുള്ളത് കണ്ടെത്തി ആ കുടിലിൽ കഴിയുന്നവർ. ഒരുമിച്ചുണർന്ന് അരവയർ നാസ്തയുമായി കൃഷി ഭൂമിയിലിറങ്ങി വൈകുന്നേരം വരെ കിളച്ചും, മെതിച്ചും കളപറിച്ചും ജീവിതം തള്ളിനീക്കുന്നവർ. ആയിടക്കാണ് ഭർത്താവിന് ഒരു  ക്ഷീണം തോന്നുന്നതും അടുത്തുള്ള ആരോഗ്യ സെൻ്ററിൽ കാണിക്കുന്നതും. സാരമായ ശരീരിക പ്രശ്നം കണ്ടത്തിയ ഡോക്ടർ പട്ടണത്തിലെ സൂപർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നു. നീക്കിയിരിപ്പ് ഒന്നുമില്ലാത്ത ആ വയോധികർ വിധിയുടെ കരാളഹസ്തങ്ങളേ നിസ്സഹായതയോടെ  ദർശിക്കുന്നു. തൻ്റെ പ്രാണനായകൻ്റെ ജീവൻ നിലനിർത്താൻ വഴികാണാനാവാതെ ഹൃദയം നൊന്തു ആ വയോദിക പത്നി തകർന്നു പോകുന്നു. പരാജയപ്പെടാൻ മനസ്സില്ലെന്നുറച്ച് അടുത്ത വീടുകളിൽ നിന്നും, പരിചയക്കാരിൽ നിന്നും കഴിയാവുന്നത്ര പണം കണ്ടെത്തി ഭർത്താവിനേയും കൂട്ടി പട്ടണത്തിലേക്ക്. അപരിഷ്കൃത വേഷവിധാനം തന്നെ അവമതിപ്പും, അവഹേളനയുമായപ്പോൾ പരിഷ്കൃതരുടെ കണ്ണിൽ അവരൊരു കരടായി. നീണ്ട കാത്തിരിപ്പുകൾ, കയ്യിലെ പണത്തിൻ്റെ തൊണ്ണൂറു ശതമാനവും അടക്കേണ്ടി വന്നതിന് ശേഷം ഡോക്ടറുടെ നിർദ്ദേശം കൂടുതൽ ടെസ്റ്റുകളും, ചികിത്സാ സൗകര്യത്തിന് ഹോസ്പിറ്റൽ വാസവും. വീട്ടിൽ നിന്നിറങ്ങിയത് മുതൽ സമയ മിത്രയും വിശപ്പറിയാതെ കഴിഞ്ഞെങ്കിലും, ഭീതി നിറഞ്ഞ ഈ സമയം അവരിൽ ക്ഷീണം നൽകി. കാൻ്റീൻ ഭക്ഷണത്തിന് കാശു തികയില്ലെന്നറിഞ്ഞ്, റോഡുവക്കിലെ സമൂസക്കടയിൽ നിന്ന് രണ്ടെണ്ണം വാങ്ങി വിശപ്പടക്കാൻ തീരുമാനിച്ചു. തൻ്റെ ഭർത്താവിനായി താൻ കൊടുക്കുന്ന അവസാന ഭക്ഷണമാകുമോ ഇത് എന്ന ചിന്ത അവരുടെ കവിളുകളിൽ കണ്ണുനീർ ചാലൊഴുക്കി. സമൂസ  പൊതിഞ്ഞെടുത്ത പേപ്പറിൽ കണ്ട വാർത്ത ആ വൃദ്ധയെ മറ്റൊരദ്ധ്യായം രചിക്കാൻ, പുത്തൻ ദൃഢനിശ്ചയത്തിലേക്കാനയിച്ചു. 
ബാരാമതി മാരത്തൺ വാർത്തയും അതിൻ്റെ ആകർഷക സമ്മാനത്തുകയുമായിരുന്നു ആ അക്ഷരത്തുണ്ടിലവരുടെ കണ്ണുടക്കാൻ കാരണം.  താൽക്കാലികമെങ്കിലുംവീട്ടിലെത്തി ചികിത്സ പണമന്വേഷിക്കുന്നതിനും, തൻ്റെ നല്ല പാതിയുടെ സംരക്ഷണ കരങ്ങൾ തനിക്ക് നഷ്ടപ്പെടുമോ എന്നോർത്തു കൊണ്ടും നിദ്രയില്ലാത്ത രാത്രി പക്ഷേ ആ വൃദ്ധയുടെ ആന്തരാളങ്ങളിൽ ചില കനൽ തരികളെരിയുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഭർത്താവിനെ പരിചരിച്ചാശ്വസിപ്പിച്ചവർ വേഗം പുറത്തിറങ്ങി. ബാരാമതി മാരത്തൺ വേദിയിലേക്ക് ദൃതിയിൽ നടന്നു നീങ്ങി. മഹാരാഷ്ട്രൻ പാരമ്പര്യ  രീതിയിൽ മുഷിഞ്ഞ ചുവന്നസാരിയെടുത്തൊരു വൃദ്ധ മണിക്കൂറുകളോളം കേണപേക്ഷിച്ച് ആ മത്സരത്തിൽ പങ്കെടുക്കാൻ അവസരം കണ്ടെത്തി. ചുറുചുറുക്കുള്ള, നിരന്തരം പരിശീലനം നേടിയ കൗമാര, യൗവ്വനക്കാർക്കിടയിൽ പരിഹാസ്യമോ - പാടെ അവഗണിച്ചതോ ആയ ഒരറുപത്തഞ്ചുകാരി... മത്സരം തുടങ്ങി ആരുടേയും ശ്രദ്ധയാകർഷിക്കാതിരുന്ന ആ വൃദ്ധ വേച്ചു വേച്ച് ഓടിക്കൊണ്ടിരുന്നു. തെണ്ടയിൽ വെള്ളം വറ്റി, കാലുകൾ പൊട്ടി ചോര വന്നിട്ടും അവർ പിന്തിരിഞ്ഞില്ല. പത്തമ്പത് വർഷമായി തൻ്റെ തണലും, നിഴലുമായ ഭർത്താവിൻ്റെ വേദന കടിച്ചമർത്തുന്ന മുഖം അവരുടെ മനസ്സിൽ മിന്നായമായി... പങ്കെടുത്തതു കൊണ്ട് തനിക്കൊന്നും നേടാനാവില്ലെന്നും, പരാജയപ്പെട്ടാൽ താൻ ആരാലും ശ്രദ്ധ കിട്ടാതെ പഴയ പടി മടങ്ങേണ്ടി വരുമെന്ന ബോധം അവരിലേക്കിരച്ചുകയറി. പുതിയൊരു ഊർജ്ജം ഞരമ്പുകളെ ത്രസിപ്പിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു ഭർത്താവിൻ്റെ മുഖവും,ഫിനിഷിംങ് ലൈനും മാത്രം കണ്ട്. അത് വരെ അവഗണനയോടെ കണ്ട റോഡിനിരുവശത്തിലും തിങ്ങിനിറഞ്ഞിരുന്ന കാഴ്ചക്കാർ അവർക്കായി ആർത്തുവിളിച്ചു. ശരീരം തളർന്നു വീഴുമെന്നായിട്ടും, ഊർജ്ജം സ്വരൂപിച്ചവർ സമാപന വരക്കു കുറുകേ പറന്ന് വിജയക്കൊടി നാട്ടി. ചുറ്റുമുള്ള ആരവങ്ങളും, അനുമോദനങ്ങളും അവർ കേട്ടതെയില്ല, സമ്മാനതുക കൈപ്പറ്റി പൊളുകെട്ടി ചോര വാർന്ന കാലിൽ സംഘാടകർ നൽകിയ തുണി ചുറ്റിയവർ നടന്നു നീങ്ങി. ഭർത്താവിനെ ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ ഉറപ്പാക്കാൻ... ഇതൊരു കെട്ടുകഥയല്ല, ലത ഭഗവാൻ ഖാരെ എന്ന വയോദ്ധികയുടെ നിസ്വാർത്ഥ സ്നേഹത്തിൻ്റെയും, മനക്കരുത്തിൻ്റെയും രേഖപ്പെടുത്തിയ ചരിത്രം. എത്ര മഹനീയമായ സ്നേഹഗാഥയാണീ വന്ദ്യ വൃദ്ധ ദമ്പതികൾ തീർത്തത്. ഈ സ്നേഹത്തെ വരും ലോകത്തോട് വിളിച്ചു പറയാനൊരു പ്രണയ സൗധം ആരുണ്ടാക്കും? 

സ്നേഹം അങ്ങനെയാണ് പ്രത്യേകിച്ചൊന്നും കിട്ടുമെന്ന് പ്രതീക്ഷിക്കാതെ തുറന്ന മനസ്സിനാൽ കൈമാറ്റം ചെയ്യാവുന്ന ഒരമൂല്യ ഔഷധം. ലോക്ക് ഡൗൺ കാലത്ത് പരിശുദ്ധ റമളാൻ വിടചൊല്ലുന്ന ഈ വേളയിൽ നമുക്കാവണം സ്നേഹം കൊടുത്ത്, സ്നേഹം തിരിച്ചു വാങ്ങാൻ. പ്രത്യേകിച്ചെന്തെങ്കിലും തിരിച്ചു കിട്ടുമെന്ന് ആശിക്കാതെ തന്നെ...
ശുഭം. 
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR