റമളാൻ ചിന്ത 13
                                                               🌹🌹🌹


                                                            എതിർ ഭാവം

ചെറുതും വലുതുമായ എത്ര എത്ര എതിർപ്പുകൾ നേരിടേണ്ടി വരുന്ന ജീവിതമാണ് ഓരോ മനുഷ്യരുടേതും. എന്ത് ചെയ്താലും നന്മ കാണാത്ത സാമൂഹിക പശ്ചാതലങ്ങളിൽ മനസ്സു മടുത്ത എത്രയോ പുരോഗമന ചിന്തകൾക്ക് ലക്ഷ്യം കാണാനാകാതെ അസ്തമിക്കേണ്ടി വന്നിട്ടുണ്ട്. പ്രാപഞ്ചിക സത്യങ്ങൾ കണ്ടെടുക്കുന്നതിൽ അഹോരാത്രം പരിശ്രമിച്ച് ജീവൻ ത്യജിക്കേണ്ടി വന്ന എത്രയോ ചിന്തകർ. പ്രവാചകന്മാർ മുതൽ സാമൂഹിക പരിഷ്കർത്താക്കൾ വരെ....ബ്രൂണോ, കോപ്പർനിക്കസ്, ഗലീലിയോയിൽ നിന്ന് തുടങ്ങി സമകാലീന രാഷ്ട്രീയ വിരുദ്ധ സമരങ്ങളിൽ ജയിലിലടക്കപ്പെട്ടവരൊക്കെ എതിർപ്പുകൾ കൈമുതലാക്കിയവരാണല്ലോ...
എതിർപ്പുകളെ ക്രിയാത്മകമായി ഉപയോഗിക്കുന്നെങ്കിൽ അവ സമൂഹത്തിന് എത്രത്തോളം ഉപകാരപ്രദമാണെന്നത് പറയേണ്ടതില്ലല്ലോ. എതിർപ്പുകളെല്ലാം നിർഗുണ സ്വഭാവങ്ങളാണ് എന്ന പൊതുധാരയാകുന്നത് ദയനീയതയാണ്. ചിലതെങ്കിലും അതിനിർണ്ണായകവും, അഭിവാജ്യവുമാണെന്നത് മറക്കാനുമാകില്ല.

വ്യക്തിസ്വാതന്ത്രത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള ചൈനയിൽ ഏറ്റവും അധികം വായിക്കപ്പെടുന്നതും, നിരവധി അന്താരാഷ്ട്ര ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്ത *യാൻ ലിയാൻ കെ* യുടെ രചനകൾ എല്ലാം ഭരണകൂട വിമർഷനങ്ങളാൽ എതിർക്കപ്പെട്ടതും, രാജ്യത്ത് നിരോധനമുള്ളതുമാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവൽ *"ദ ഡെഡ് ആൻ്റ് ദ സൺസൈഡ്‌'*' മുന്നോട്ടു വെക്കുന്ന മിത്തിക്കൽ റിയലിസത്തിലധിഷ്ടിതമായ സ്വപ്നാടന ജീവിതം നിലവിലെ ചൈനയിലെ ജനതയുടെ സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നു. സർഗ്ഗരാഷട്രീയ ബോധത്തോടെ അദ്ദേഹം രചിക്കുന്ന നോവലുകൾ ഭരണകൂട സ്വസ്ഥത കെടുത്തുന്നു എന്നത് പറയേണ്ടതില്ലല്ലോ?. അതിനാലാവണം മുൻ നോവലുകളുടെ പേരിൽ നേരിട്ട തിക്താനുഭവങ്ങൾ പുതിയ രചനയിൽ എതിർപ്പിൻ്റെ തീവ്രത മയപ്പെടുത്തിയിരിക്കുന്നു എന്ന് തോന്നും. ഇലക്ട്രിക് സ്മശാനങ്ങളിൽ ദഹിപ്പിക്കുന്ന ശവങ്ങളിൽ നിന്നൊലിക്കുന്ന മാംസക്കൊഴുപ്പുകൾ ശേഖരിച്ചെടുത്ത് വൻ കമ്പനികൾക്ക് കച്ചവടമാക്കാൻ, ആചാരങ്ങളിൽ നിയന്ത്രണം വരുത്തി മരിച്ചവരെ  നിർബന്ധമായും ഇലക്ട്രിക് സ്മശാനങ്ങളിൽ ദഹിപ്പിക്കണമെന്ന് നിർബന്ധം പിടിക്കുന്ന ഗ്രാമ മുഖ്യൻ്റെ ലക്ഷ്യം എതിത്തു തോൽപ്പിക്കുന്ന ബന്ധുവും, മരണങ്ങൾ രഹസ്യമാക്കുന്നവരെ അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുകയും, കൈമാറ്റം ചെയ്യുന്ന ക്യാനുകൾ ഒളിപ്പിച്ച് വെച്ച് സൂക്ഷിക്കുന്ന ആളുടെ മനസംഘർഷം.
അവസാനത്തിലവൻ്റെ ധർമ്മസങ്കടങ്ങൾ തീർക്കാൻ തെറ്റുകൾ ഏറ്റ് പറഞ്ഞ് എല്ലാം ഒഴിക്കികളഞ്ഞു അധികാര ദുർവിനിയോഗത്തിലെ എതിർപ്പ് പ്രകടിപ്പിക്കുന്നു. എന്തിലും ലാഭം കാണാൻ വെമ്പുന്ന മുതലെടുപ്പിൻ്റെ സമകാലീന അധാർമ്മിക രാഷട്രീയ നേതൃത്വത്തെ ശവംതീനികളാക്കി എഴുത്തിലൂടെ തീർക്കുന്ന പ്രതിരോധം അല്ല എതിർപ്പ്. നോവലിസ്റ്റ് സ്വയം കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് പറയുന്ന എല്ലാം കണ്ടിട്ടും ഒന്നും തന്നെ പകർത്താനാവത്ത നിസ്സഹായത, ഭരണകൂടങ്ങൾ തീർക്കുന്ന അമിതനിയന്ത്രണങ്ങളോടുള്ള ആത്മരോശമാണ്... എതിക്കപ്പെടേണ്ട വസ്തുതകൾ കണ്ണും പൂട്ടി കാണാതിരിക്കാനുള്ള തത്രപ്പാട്.

സമകാലീന ദേശീയ-സംസ്ഥാന രാഷട്രീയ നയങ്ങളിൽ എതിർക്കപ്പെടേണ്ടവയെ എതിർക്കാനും,  സ്വീകരിക്കപ്പെടേണ്ടവയെ സ്വീകരിക്കാനും കാണിക്കുന്ന ജാഗ്രത പ്രശംസനീയം തന്നെയാണ്. എന്നാൽ പലപ്പോഴെങ്കിലും എതിർപ്പുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കാണാതിരിക്കാനുമാകില്ല. ലോകവ്യാപകമായ ആരോഗ്യ പ്രതിസന്ധി തീർത്തിരിക്കുന്ന ഈ ഘട്ടത്തിൽ സമർപ്പണവും, ആത്മാർത്ഥ മനോഭാവവും കൊണ്ട് നേരിടുന്ന ആരോഗ്യ, സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തന ക്ഷമതയെ ബാധിക്കു മാറ് ആരോപണ- പ്രത്യാരോപണങ്ങളുയർത്തുന്നത് അനാരോഗ്യകരം തന്നെ. എത്രയൊ ദിനങ്ങൾ കൊണ്ട് കൂട്ടായി രൂപപ്പെടുത്തിയെടുക്കുന്ന നമ്മകളെ ഒറ്റവാക്കു കൊണ്ടെങ്കിലും മുറിപ്പെടുത്തുന്നവർ ഓർക്കണം, നിങ്ങളുടെ ഭർത്സനങ്ങൾ അഴുക്കാക്കുന്നത് നിങ്ങളെ തന്നെയാണെന്ന യഥാർത്ഥ്യം.
ഒരിക്കൽ സുഫീ സന്നിധിയിൽ എത്തിയ വ്യാപാരി വലിയ ബഹളം വെച്ച് സംസാരിക്കാൻ തുടങ്ങി. തൻ്റെ മക്കളെ വ്യവസായ കാര്യങ്ങളിൽ ശ്രദ്ധയില്ലാതെ ആത്മീയ സ്വാധീനം വരുത്തിയതിന് സൂഫിയാണ് ഉത്തരവാദി എന്ന് പറഞ്ഞ്. മോശമായ വ്യാപാരിയുടെ വാക്കുകൾ സദസ്സിലെ ശിഷ്യർക്ക് പോലും അലോസരമുണ്ടാക്കി.എന്നാൽ ചിരിച്ചു കൊണ്ട് തൻ്റെ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ഗുരു എല്ലാം കേട്ടു. വന്ന ആവേശം അൽപ്പം തണുത്തപ്പോൾ വ്യാപാരി നീരസത്തോടെ സൂഫിക്കരികിൽ വന്ന് ചോദിച്ചു. ഞാൻ ഇത്രയെക്കെ പറഞ്ഞിട്ടും, നിങ്ങൾ എന്തുകൊണ്ട് മറുപടി പറയാതിരുന്നത്. ശാന്തനായി സൂഫി പറഞ്ഞു, ഞാൻ ഒരു സാധനം താങ്കൾക്കു നൽകുന്നു എന്ന് വിചാരിക്കുക.എന്നാൽ താങ്കളത് കൈപ്പറ്റാതിരുന്നാൽ എന്ത് സംഭവിക്കും. വ്യാപാരി മറുപടി നൽകി അത് താങ്കളുടെ കൈകളിൽ തന്നെ അവശേഷിക്കും. ചിരിച്ചു കൊണ്ട് സൂഫി പറഞ്ഞു താങ്കൾ ഇത്ര നേരം എനിക്ക് തന്നതൊന്നും ഞാൻ സ്വീകരിച്ചിട്ടില്ലായിരുന്നു. അതിനാൽ അവയൊക്കെ താങ്കളുടെ അടുത്ത് തന്നെയാണ്. അപമാനിതനായി വ്യാപാരി സൂഫി യോട് ക്ഷമ ചോദിച്ചു...
ചിലപ്പോൾ നാം ഉന്നയിക്കുന്ന എതിർപ്പുകൾ ആരിലേക്കും കൈമാറ്റം ചെയ്യപ്പെടാതെ, പ്രത്യേക ഗുണങ്ങളൊന്നും തീർക്കാതെ നമുക്കകം മലിനമാക്കി കൊണ്ടിരിക്കും... അവ കൂടുതൽ പരിഹാസ്യമാക്കുകയും, നമ്മിലെ മാന്യതയെ  കളങ്കപ്പെടുത്തുകയും ചെയ്യും. ഓർക്കുക ചില എതിർപ്പുകൾ അനിവാര്യം തന്നെ എന്നാൽ സമചിത്തതയില്ലാത്ത, സന്ദർഭോചിതമല്ലാതെ തെടുത്ത് വിടുന്ന എതിർപ്പുകൾ ചിലപ്പോൾ സാമൂഹിക വിപത്തുകൾ വിളിച്ചു വരുത്തും. സ്വാർത്ഥമായ താൽപര്യങ്ങൾക്ക് വേണ്ടി 30 വെള്ളിക്കാശിന് ഒറ്റുകാരനായ ജൂതാസുകൾ എക്കാലത്തും അപഹാസ്യകഥാപാത്രങ്ങൾ തന്നെയാണെന്ന് മനസ്സിരിത്തുക. യുക്തമായ വഴികൾ തേടാൻ, ന്യായമായ സമീപനമെടുക്കാൻ, ശക്തമായ നിലപാടുകൾ ഉയർത്താൻ സാധിക്കട്ടെ.
ശുഭം

Dr. Jayafar ali Alichethu
9946490994


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR