റമളാൻ ചിന്ത 15
                            🌹🌹🌹
                   ധർമ്മമേ കർമ്മം


ജീവിതത്തിൻ്റെ ധർമ്മമെന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജന്മം കൊണ്ട് തന്നെ കർമ്മനിരധനായ മനുഷ്യൻ തൻ്റെ കർമ്മം ധർമ്മത്തിലധിഷ്ഠിതമാക്കാൻ എത്ര ശ്രദ്ധ നൽകാറുണ്ട്?. ലാഭക്കൊതിയും, അത്യാഗ്രഹവും കൊണ്ട് നാം തീർക്കുന്ന ജീവിതത്തിൻ്റെ അർത്ഥം എന്താണ്?. അന്ധത നിറഞ്ഞു, പ്രകൃതി ചൂഷകരായി ശുഷ്കിച്ച മനുഷ്യനോട് ധർമ്മസ്ഥാപനത്തെ പറയാനൊക്കുമോ?.
നന്മ വറ്റാത്ത മനസ്സുകൾ എക്കാലവും പ്രതീക്ഷ തന്നെയാണ്. ഓരോ ദുരന്തമുഖത്തും സ്വയം മറന്ന് പ്രവർത്തിക്കുന്ന എത്രയോ മനുഷ്യർ തങ്ങളുടെ ജീവിതത്തിൻ്റെ ധർമ്മമാണ് ചെയ്തു തീർക്കുന്നത് എന്നഭിമാനം കൊള്ളാറുണ്ട്. സ്വന്തം ജീവനേക്കാൾ ധർമ്മത്തിലധിഷ്ഠിതമായ കർമ്മ പൂർത്തീകരണത്തിന് പ്രാമുഖ്യം നൽകുന്ന എത്രയോ ഉദാഹരണങ്ങൾ.

ഇറാൻ സിനിമാ സംവിധായകൻ നിമജാവിദ് ഒരുക്കിയ 'വാർഡൻ' എന്ന ചിത്രം, പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത് അതിലെ മുഖ്യ കഥാപാത്രത്തിൻ്റെ സങ്കീർണ്ണ ജീവിതത്തിലൂടെയാണ്. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെടുന്ന ജയിൽ സംവിധാനത്തിൻ്റെ പശ്ചാതലത്തിൽ വികാസം പ്രാപിക്കുന്ന കഥാതന്തു. ഡിപാർട്ട്മെൻറിൻ്റെ നിർദ്ദേശപ്രകാരം പ്രവർത്തികൾ പൂർത്തികരിക്കാനിരിക്കുന്ന അവസരത്തിലാണ്. തൊഴിലുടമസ്ഥനെ വധിച്ച അഹമ്മദ് എന്ന അന്തേവാസി ജയിൽ ചാടിയ യഥാർത്ഥ്യം മനസ്സിലാക്കുന്നത്. തൻ്റെ പ്രമോഷൻ അംഗീകരിക്കപ്പെടേണ്ട നിർണ്ണായ സമയത്ത് ഉണ്ടായ ഈ അനിഷ്ടകരമായ സംഭവത്തിൽ ജയിൽ മാറ്റ പ്രക്രിയ തടസ്സപ്പെടുന്നു. അവസാനം വികസന അതോറിറ്റിയിൽ നിന്നും, മേലുദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ട സമ്മർദ്ദത്തിലുലയുന്ന സന്ദർഭം. തടവുകാരുടെ ഗുണത്തിന് പ്രവർത്തിക്കുന്ന ഒരു സംഘാടക, ചിലപ്പോഴെങ്കിലും തൻ്റെ പ്രണയ മനസ്സിൽ കുളിരേകിയവളാണ് ജയിൽ ചാട്ടത്തിന് കൂട്ട് നിന്നതെന്ന് മനസ്സിലാക്കാനും, അതിനവരെ പ്രേരിപ്പിച്ചത് അഹമ്മദ് നിരപരാധിയാണെന്ന് വിശ്വാസമാണെന്നറിയുന്നതോടെ വാർഡൻ യഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നു. നിയമ വ്യവസ്ഥയിലെ നീതിയും തന്നിലെ ധർമ്മ നീതിയും തമ്മിൽ നടക്കുന്ന പോരാട്ടമാണ് പിന്നീട് ചിത്രത്തിൻ്റെ രംഗങ്ങൾ മാറുന്നു. കേസിൽ സാക്ഷി പറഞ്ഞയാൾ തന്നെ നിരപരാധിത്വം അംഗീകരിച്ചപ്പോൾ തന്നെ തന്നിലെ ധർമ്മിക ഉത്തരവാധിത്തം ജോലിയുയർച്ചയല്ല, നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കലാണെന്ന ബോധത്തിലേക്ക് വാർഡൻ മാറുന്നു. അങ്ങനെ അധർമ്മവ്യവസ്ഥയെ സ്വയം നടപ്പിലാക്കിയ ധാർമികനീതി കൊണ്ട് സംരക്ഷിക്കാനും അതിലൂടെ ധർമ്മ പരിപാലനം നടത്തുന്നതായി കാണാം. *ധർമ്മാ രക്ഷതി രക്ഷിത:* ധർമ്മം പരിപാലിക്കുന്നവരെ ധർമ്മവും പരിപാലിക്കുമെന്ന വേദ വാക്യം പോൽ ചില മൂല്യങ്ങൾ കെടാതെ സൂക്ഷിക്കാനാവുമെന്ന് ഈ ചിത്രം മനസ്സിലാക്കി തരുന്നു.

ഒരോരുത്തരിലും അധിഷ്ഠിതമായ ശരികളാണല്ലോ ധർമ്മം. സാഹചര്യങ്ങൾക്കും, സന്ദർഭങ്ങൾക്കുമനുസരിച്ച് നിർണ്ണയിക്കപ്പെടേണ്ട ആശയം. അതിനാലാണല്ലോ കർണപർവ്വം ധർമ്മത്തെ വിവരിച്ചത്:
*ധാരണാർദ്ധർമ്മമിത്യാഹു: ധർമ്മോ ധാരയതേ പ്രജാ : യത്സ്യാദ്ധാരണ സംയുക്തംസ ധർമ്മ ഇതി നിശ്ചയ:*
ധാരണം ചെയ്യുന്നത് ധർമ്മം, ആരുടെ ?പ്രജകളുടെ, അതിനാൽ ധാരണത്തോടു കൂടി ജീവരക്ഷ ചെയ്യുന്ന പ്രവർത്തി ഏതൊ അത് ധർമ്മം.
അതിനാൽ മാനവ ധർമ്മത്തെ വ്യഖ്യാനിക്കുന്നതിൽ പുരാണ സംസ്കൃതികൾ വലിയ ഊന്നൽ നൽകുന്നു. ഓരോ വ്യക്തിയുടെയും സ്വഭാവ വൈകല്യങ്ങൾ പരിഹരിച്ച് ഉത്തമനാക്കുന്നതിൽ ധാർമ്മിക തത്വങ്ങൾക്ക് വലിയ പങ്ക് ഉണ്ട്. എല്ലാ മത സംഹിതകളുടേയും മുഖ്യ ഊന്നൽ ധർമ്മ പരിപാലനമാണല്ലോ?. പ്രപഞ്ച സത്യങ്ങൾ മുതൽ പ്രവാചകന്മാർ വരെ ധാർമ്മിക സ്വരൂപത്തെ വർണ്ണിക്കുന്നതിൽ സമവായം കണ്ടെത്തിയെന്നത് യാദൃശ്ചികതയല്ല. കാരണം മനുഷ്യരെ ഉത്തമനാക്കുന്നതിൽ നിർദേശിക്കപ്പെടേണ്ട വഴികൾ ഒരേ ലക്ഷ്യത്തിലേക്കായതിനാലാവാം അങ്ങനെ ഒരു ഐക്യപ്പെടൽ!.

ആത്മാപദേശതകത്തിൽ ഗുരു ധർമ്മ ത്തെ ലളിതമായി വിവരിക്കുന്നു:

 *പ്രിയപൻ്റെയതൻ പ്രിയം സ്വകീയ പ്രിയ പര പ്രിയ മി പ്രകാരമാകും നയമതിനാലെ നരന്നു നന്മ നൽകും ക്രിയയപര പ്രിയ...*
പ്രവർത്തനങ്ങളിൽ അപരൻ്റെ തൃപ്തി കാംക്ഷിക്കാനാകുന്നത് ധർമ്മത്തിനഭിവാച്യ ഘടകമാണെന്ന് മനസ്സിലാക്കാം. അവ ആചാരങ്ങളിലൂടെ രൂപ പ്രാപിക്കുന്നു എന്നനുമാനിക്കാം. ധർമ്മ പാലനത്തിൻ്റെ ഏറ്റവും താഴ്ന്ന തലം സുഖ പ്രാപ്തിയെങ്കിൽ, ഈശ്വരചൈതന്യമുൾകൊള്ളാനായി നിഷ്ഠിക്കുന്നവ ഉന്നതവുമാണ്.
അതു കൊണ്ടാണല്ലോ കാലികവും - സനാധനമായും ധർമ്മത്തെ വേർതിരിച്ചത്.

ധർമ്മാ- അധർമ്മ നിർണ്ണയത്തിൽ നിർണ്ണായക സ്വാധീനമാകുവാൻ റഷ്യൻ സാഹിത്യകാരൻ
*ഫിയോദർദസ്തയേവ്സ്കി* യുടെ രചനകൾക്കാവുന്നു. പലപ്പോഴും സ്വയം അകപ്പെട്ടിരുന്ന അധാർമ്മിക ജീവിത പരിസരങ്ങളുടെ അനുഭവ തീരത്ത് നിന്ന് അദ്ദേഹം പൊറുക്കിയെടുക്കുന്ന ജ്ഞാനങ്ങൾ വിവരണാധീതമാണ്. ചൂതാട്ട ജീവിതം പോൽ ധർമ്മാ-അധർമ്മ ബോധങ്ങൾ രൂപപ്പെടുത്തുന്നതിൽ നൈമിഷിക ചിന്തകൾക്കുള്ള പ്രാധാന്യം കുറ്റവും ശിക്ഷയും, കരമസോവ് സഹോദരന്മാർ പോലുള്ള ലോക ക്ലാസിക് രചനകളിൽ അദ്ദേഹം വരച്ചിടുന്നു.
എന്തു തന്നെ വിവരണങ്ങളിലൊതുകയാലും ധർമ്മമെന്നത്, മാനവ കർമ്മങ്ങൾ പുലർത്തേണ്ട അടിസ്ഥാന നീതിബോധതമാണ്, അതിലൂടെ രൂപപ്പെടുത്തുന്ന ചില ചിട്ടകളാണ്. അവ ലോകനിലനിൽപ്പിനും, മനുഷ്യജീവിത ലക്ഷ്യപ്രാപ്തിക്കും കവചമാക്കേണ്ടതും, പുലർത്തേണ്ടതുമായ ചില മൂല്യങ്ങളുടെ ആകെത്തുക എന്ന് പറയാം ( ധരണാത് ധർമ്മ).
ചുരുക്കി പറഞ്ഞാൽ ധർമ്മ സ്ഥാപനത്തിന് ഓരോ വ്യക്തിയും ബാധ്യസ്ഥനാണെന്ന കുരുക്ഷേത്രസന്ദേശം ഉൾകൊണ്ട് പരിവർത്തനത്തിന് പ്രയത്നിക്കാം. ഒരു സൂഫി ഉപദേശകഥ പോൽ...
ഒരിക്കൽ ശിഷ്യൻ ഗുരുവിനോട് എന്താണ് ജീവിതം? എന്നാരായുന്നു.
ധ്യാനത്തിലായിരുന്ന അദ്ദേഹം കണ്ണ് തുറന്ന് തൻ്റെ തുകൽ സഞ്ചിയിൽ കയ്യിടുന്നു. അതിൽ നിന്ന് ഒരു വൃത്താകൃതിയുള്ള കണ്ണാടി കഷണം എടുത്ത് കാണിച്ച് ഇതാണ് ജീവിതം. മനസ്സിലാവാതെ ശിഷ്യൻ അശ്ചര്യംപൂണ്ടു. ഗുരു വിശദീകരിക്കുന്നു.
എൻ്റെ ബാല്യത്തിൽ ഞാൻ കൊണ്ട് നടന്നിരുന്ന ഒരു വലിയ കണ്ണാടിയുണ്ടായിരുന്നു. ഒരു ദിവസം അത് താഴെ വീണുടഞ്ഞു. ചിന്നി ചിതറിയ കണ്ണാടിക്കഷണങ്ങൾ കൂട്ടിവെച്ച് പഴയ രൂപത്തിലാക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ പഴയ ഭംഗിയോടെ, പ്രതിബിംബങ്ങളിൽ വക്രതയുണ്ടാക്കാതെ അതിനെ ശരിയാക്കാനാവില്ല എന്ന് ബോധ്യപ്പെട്ടു. അവസാനം അതിൽ നിന്ന് വലിയ ചില്ല കഷണമെടുത്തു. ഒരാകൃതിയുമില്ലാത്ത അതിൻ്റെ അരുകുകൾ ദിനങ്ങളുടെ ക്ഷമാപൂർണ്ണമായ പരിശ്രമത്താൽ ഉരശി മിനുക്കി. അവസാനം അത് ഇത് പോലെ ഒരു ചെറിയ കണ്ണാടിയായി മാറി. അങ്ങനെ കണ്ണാടി പൊട്ടിൽ നിന്ന് വീണ്ടും ഒരു കണ്ണാടിയുണ്ടാക്കി ഞാൻ കളി തുടർന്നു. അന്നാ പ്രവൃത്തിയേ ഓർക്കുമ്പോഴെല്ലാം ഞാൻ പുതിയ ചില കാര്യങ്ങൾ മനസ്സിലാക്കി. അതായത് ഞാനീ കണ്ണാടി പോലെ പരിവർത്തനമുണ്ടാക്കണം. മനസ്സിലെ അസൂയകളും, അഹങ്കാരവുമാകുന്ന അരികും മൂലയും ഉരച്ചു കളഞ്ഞു പ്രകാശം കണ്ണാടി കാട്ടി ഇരുട്ടിലേക്ക് അടിക്കും പോൽ ആത്മീയപ്രകാശം ചുറ്റുമുള്ളവരിലേക്ക് പ്രതിഫലിപ്പിക്കണം.
അതെ ഇടക്കിടെ തേച്ച് മിനുക്കി തിളക്കപ്പെടുത്തേണ്ട നമ്മിലെ ധർമ്മബോധമാണ് ജീവിതം.

കലുഷിത കാലത്ത് സഹജീവി സ്നേഹവും, ബഹുമാനവും നിലനിർത്താനാവുന്നത് തന്നെ ധർമ്മ വിജയമാണ്. ഉപകാരമില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനെങ്കിലും ചിന്തകളെ പാകപ്പെടുത്തുവാൻ സാധിച്ചാൽ ധാർമ്മിക ഉത്തരവാദിത്തം നിറവേറ്റാമെന്ന് പ്രത്യാശിക്കാം.

ശുഭം

Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR