റമളാൻ ചിന്ത 20
🌹🌹🌹


*അവകാശികളില്ലാ ഭൂമി*

പ്രതിസന്ധിയുടെ ഈ കൊറോണ കാലത്ത് നമ്മുടെ ചിന്തയിലുയരേണ്ട ഒരു ചോദ്യമാണല്ലോ ഈ ഭൂമിയുടെ അവകാശി ആരാണ്?. പ്രകൃതിയിൽ ഉരുവം കൊള്ളുന്ന ജൈവ - അജൈവ ഘടകങ്ങൾക്കെല്ലാം തുല്യാവകാശം ഉണ്ടെന്ന് ബേപ്പൂർ സുൽത്താൻ തൻ്റെ മഹത്തരരചനയായ *'ഭൂമിയുടെ അവകാശികളിൽ'* സ്ഥാപിക്കുന്നതാണല്ലോ?. *വെള്ളപ്പൊക്കത്തിലും, ശബ്ദിക്കുന്നകലപ്പയിലു* മെല്ലാം ഭൂമിയിൽ മനുഷ്യേതര ജീവിതങ്ങൾക്ക് അനുവദിക്കപ്പെട്ട പ്രധാന്യം നമുക്ക് കാണാനാവും. 
 ജനനമെടുക്കുന്ന ഏതൊരു സൃഷ്ടിയും പ്രകൃതിക്കനുയോജ്യരായി, അതൊരുക്കുന്ന സൂക്ഷ്മ സംവിധാനങ്ങൾക്ക് വിധേയരായി ജീവിക്കുമ്പോൾ. മനുഷ്യർ മാത്രം തങ്ങളുടെ സ്വാർത്ഥമാം വികൃത മനോഭാവത്തിനടിമപ്പെട്ടു എല്ലാത്തിലും കൈകടത്തുന്നു.!!! പ്രപഞ്ചത്തിലെ ഏതൊരു സൃഷിടിയും അതിൻ്റെ ജന്മ ലക്ഷ്യത്തെ മാത്രം ശ്രദ്ധ ചെലുത്തി പ്രവർത്തിക്കുകയും, തന്താങ്ങളുടെ അവതാര സായൂജ്യം നേടുകയും ചെയ്യുന്നു.

 എന്നാൽ തൻ്റെ ആഗ്രഹസഫലീകരണത്തിലഭിരമിച്ച്, ഒന്നും മതിയാക്കാനാവാതെ അവസാന തുള്ളി കുടിനീർ പോലുമിറക്കാനാകാതെ വിലപിച്ച് തീരുന്നതു കേവല മനുഷ്യ ജന്മം. പ്രപഞ്ചസൃഷ്ടി ഘട്ടം മുതൽ ഇക്കാലം വരെ പ്രകൃതിദത്തമായ പരിവർത്തനങ്ങൾ തുലോം പരിമിതമാണല്ലോ മനുഷ്യർക്കൊഴികേ.
തുച്ചമെന്ന് വിശേഷിപ്പിക്കാവുന്ന 70-80 വയസ്സിനുള്ളിൽ ഒരു മനുഷ്യ ജന്മം വരുത്തി തീർക്കുന്ന കൈകടത്തൽ എത്ര ഹാനികരമാണ് ഭൂമിക്ക് മേൽ. തനിക്ക് ശേഷം തലമുറകൾ അനുഭവിക്കേണ്ട സൃഷ്ടി സൂക്ഷിപ്പിനെ കൊത്തിയിടിച്ചും, കുഴിച്ചുമാന്തിയും ചൂഷണം ചെയ്ത് തകർത്തു കളഞ്ഞർമ്മാദിക്കുന്ന അപരിഷ്കൃതത. ആകാശം മുതൽ ആഴക്കടൽ വരെ മനുഷ്യൻ മലിനമാക്കാത്ത ഇടങ്ങളില്ല. ഒന്നിനും ഉടമസ്ഥതയില്ലാത്ത കേവല ഭിക്ഷാടകൻ കൊട്ടാര നിയന്ത്രണം ഏറ്റെടുത്തപോൽ... ജീവിച്ചിരുന്നെന്ന് തെളിക്കാൻ പോലും അവശേഷിപ്പുകൾ വെക്കാനാവാത്തവർ ത്വര മൂത്ത് വെട്ടിപ്പിടിച്ചും - കൊത്തിയെടുത്തും അപകടം വിളിച്ചു വരുത്തുന്നു.
ഹാറൂൻ റഷീദ് ബാഗ്ദാദ് സുൽത്താൻ്റെ  കൊട്ടാരത്തിലേക്ക് എത്തിയ ഒരു സൂഫിവര്യൻ സുൽത്താനോട്, ''താങ്കൾ ആരാണെന്ന് ആരായിരുന്നു." തെല്ലഹങ്കാരത്തോടെ അദ്ദേഹം "ഞാനീ സാമ്രാജ്യം നിയന്ത്രിക്കുന്ന ഭരണാധികാരി" എന്ന് പ്രതിവചിക്കുന്നു. അപ്പോൾ ഈ "സത്രമാരുടേതാണ്?." ആയിരൊത്തൊന്ന് രാവുകളിലെ വർണ്ണശോഭയേറുന്ന ബാഗ്ദാദിലെ തലയെടുപ്പുള്ള ഹാഷിമിയ്യ കൊട്ടാരത്തെ ചൂണ്ടിയിട്ട് സൂഫി ചോദിക്കുന്നു. ദേശ്യത്താൽ ചുവന്ന് തുടുത്ത കണ്ണുമായി സൂഫിയേനോക്കി ഇത് തൻ്റെ കൊട്ടാരമാണെന്ന്  മറുപടി നൽകുന്നു. സൗമ്യനായി സൂഫി ചോദിച്ചു, "താങ്കൾക്ക് മുന്നേ ഇവിടെ ആരായിരുന്നു"... തൻ്റെ പിതാവ്, സുൽത്താൻ ശാന്തനായി പറഞ്ഞു. അതിന് തലമുറകൾ മുന്നേ... ഇനി താങ്കൾക്കു ശേഷം ഇതിൽ ആരായിരിക്കും?. ചോദ്യം കേട്ട് നിശ്ചലനായ സുൽത്തനെ നോക്കി ആ സൂഫി പറഞ്ഞു. തുച്ഛമായ കാലത്തേക്ക് വന്ന് പോകുന്ന ഒരു ദേശാടന പക്ഷിയാണ് മനുഷ്യൻ. അധികാര ഗർവിനാൽ എല്ലാം തൻ്റേതെന്ന് കരുതിയഹങ്കരിക്കരുത്. താങ്കൾക്ക് മുമ്പും, താങ്കൾക്ക് ശേഷവും ഈ പ്രപഞ്ചത്തിൻ്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
എത്ര ലളിതമായാണ് സ്വാർത്ഥതയെ പൊളിച്ചടുക്കാൻ ആ സൂഫി ചിന്തക്കായത് എന്ന് ചിന്തിക്കേണ്ടത് തന്നെ.

 ഈ കോവിഡ് കാലത്ത്  മറ്റ് ചരാചരങ്ങളെല്ലാം സ്വതന്ത്രമായുല്ലസിക്കുമ്പോൾ, ഒരു സൂക്ഷ്മാണുവിൻ്റെ രൂപത്തിൽ എത്ര നിസ്സാരമായി മനുഷ്യനെ തളച്ചിടാൻ പ്രകൃതി സംവിധാനങ്ങൾക്കായി. ഒന്നിനും ആക്രാന്തമില്ലാതെ, ജീവനു വേണ്ടി കേഴുന്ന എത്ര ദൗർഭാഗ്യകരമായ നിമിഷങ്ങൾ. *"2020 കഴിയുമ്പോൾ നിങ്ങളിൽ ജീവൻ അവശേഷിക്കുന്നെങ്കിൽ തന്നെ നിങ്ങൾ വിജയിച്ചവനായി"* എന്ന് തിരുത്താൻ കഴിഞ്ഞ കാര്യ പ്രസക്തമായ ഇടപെടൽ. 
*ഖലീൽ ജിബ്രാൻ 'നാടോടി'* എന്ന അദ്ദേഹത്തിൻ്റെ മോറൽ കഥാസമാഹാരത്തിൽ കുറിച്ചിട്ട *'സമാധാനം'* മെന്നതലക്കെട്ടിൽ മൂന്ന് നായകളുടെ ഒരു കഥയുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം;
വെയിൽ കാഞ്ഞിരിക്കുകയായിരുന്ന മൂന്ന് നായകളിൽ ഒന്നാമൻ പറഞ്ഞു.
നമുക്കുള്ള പോലെ സഞ്ചാര സ്വാതന്ത്രം വെറെ എവിടെയും കാണില്ല, എന്തൊരു സ്വസ്ഥജീവിതം.
അപ്പോൾ രണ്ടാമൻ പറഞ്ഞു. നാം കലയിൽ പ്രാവീണ്യമുള്ളവരാണ്, പൂർവ്വികരേക്കാൾ മനോഹരമായി നാം ചന്ദ്രനെ നോക്കി കുരക്കുന്നില്ലെ?.
എല്ലാം കേട്ടിരുന്ന മൂന്നാമൻ തൻ്റെ തത്വമവതരിപ്പിച്ചു. നമുക്കിടയിലെ സന്തോഷവും, ശാന്തതയും പരസ്പരം മനസ്സിലാക്കാനാകുന്നതുമാണ് എൻ്റെ താൽപര്യം. പെട്ടന്ന് ഒരു പട്ടിപിടിത്തക്കാരൻ പതുങ്ങി വരുന്നത് കണ്ട് ചിതറിയോടവേ, മൂന്നാമൻ വിളിച്ചുകൂവി, "ജീവനും കൊണ്ട് ഓടിക്കോളൂ, സംസ്കാരം നമ്മുടെ പിറകിലുണ്ട്"..
ഭൂമിയുടെ അസ്വസ്ഥതയുടെ ആകെ തുക മനുഷ്യനാണെന്നോർമ്മിപ്പിക്കുന്ന ഈ കഥയെ പല കാഴ്പ്പാടുകളിലൂടെ വായിക്കാനാവുമെങ്കിലും, അവസാനത്തെ നായയുടെ വാക്കുകൾ എടുത്ത് വിശദീകരിക്കാനാണ് ഇത്തരുണത്തിൽ ശ്രമിക്കുന്നത്. സ്വസ്ഥമായ പ്രകൃതി സംവിധാനത്തിലേക്ക് പരിഷ്കാരിയെന്ന് സ്വയം മേനി നടിച്ച് കടന്നു കയറാനും, വേട്ടയാടാനും സാധിക്കുന്ന വക്രീകരണ മനോഭാവത്തെ പരിഷ്കാരമെന്ന് കരുതുന്നതിലും വലിയ പ്രഹസനം മറ്റെന്തുണ്ട്. എല്ലാത്തിലും അവകാശം സ്ഥാപിച്ച്, സ്വയമധികാരമുറപ്പിച്ചു നശിപ്പിച്ചെടുക്കുന്ന ഭൂമിയിലെ ഏറ്റവും വിനാശ മനോഗതിയുടെ അപ്പോസ്തലമ്മാർ...
പ്രവചനാതീത കാലത്തേക്ക് ഒരുക്കിയ പ്രപഞ്ചത്തിൻ രക്തമൂറ്റിക്കുടിച്ച് മൃതപ്രായനാക്കിയ താന്തോന്നി. ഒരു പക്ഷേ അണയും മുമ്പ് പ്രകൃതി ഒരുക്കിയ ശുചീകരണ യജ്ഞമാകാം ഈ തിരിച്ചറിവിൻ കാലം. സ്വാർത്ഥതയവസാനിപ്പിച്ച് ഇതര സൃഷ്ടികൾക്ക് കൂടി അർഹതയുള്ള, വരാനിരിക്കുന്ന കോടാനക്കോടി തലമുറക്കാസ്വദിക്കാനുള്ള തുകൂടിയാണ് ഈ ഭൂമി എന്ന് മറക്കാതിരിക്കലാവട്ടെ ഇക്കാലത്തെ പ്രാമുഖ്യം നൽകേണ്ട പ്രവർത്തനം.
ശുഭം
Dr. Jayafar ali Alichethu
9946490994

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR