റമളാൻ ചിന്ത 22
🌹🌹🌹




മൂല്യം അമൂല്യമാമൊരു മൂല്യം
കോഴിക്കോട് ദയാപുരം വിദ്യാകേന്ദ്രത്തിൻ്റെ മുഖ്യ ശിൽപിയും, എഴുത്തുകാരനുമായ സി.ടി.അബ്ദുറഹീം തൻ്റെ ആത്മകഥയായ, പേരില്ലാത്ത ഭൂമിയിൽ അദ്ദേഹത്തിൻ്റെ ബാല്യകാല ഓർമ്മകളിൽ പിതാവിനെ ഓർത്തെടുക്കുന്ന ഒരു സംഭവം പറയുന്നുണ്ട്. നാട്ടിലെ ഓത്തുപള്ളി നടത്തിയിരുന്ന കോമുക്കുട്ടി മൊല്ല എന്ന തൻ്റെ പിതാവിൻ്റെ തുച്ഛ വരുമാനം കൊണ്ട് വീട്ടിലെ ദാരിദ്രം തീർക്കാനാവില്ലായിരുന്നു. പലപ്പോഴും വിശപ്പിനെ ആഹാരമാക്കി കിടന്നുറങ്ങേണ്ടി വന്ന ദിനങ്ങളേ ഓർത്തെടുത്ത് കൊണ്ട് ഒരു സംഭവമദ്ദേഹം വിവരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തുന്നതില്‍ കണിശക്കാരനായിരുന്നു ഉപ്പ. മൗനംകൊണ്ടുതന്നെ മക്കളിലും ആ മാതൃക പതിപ്പിക്കാന്‍ ശ്രദ്ധിച്ചു; ഏതുപട്ടിണിയിലും ആരെയും ആശ്രയിക്കാതിരിക്കാന്‍ പരിശീലിപ്പിച്ചു. ഗ്രാമത്തിന്റെ മതാധ്യാപകനെന്ന ആദരവ് ഭൗതികമായി പ്രയോജനപ്പെടുത്താന്‍ ഒരിക്കലും അദേഹം ഉദ്ദേശിച്ചില്ല. രോഗവും പട്ടിണിയും സ്ഥിരമായി കുടുംബത്തെ പിന്തുടര്‍ന്നിട്ടും ആരെയും ബുദ്ധിമുട്ടിക്കുകയോ ആരോടും പരാതിപ്പെടുകയോ ചെയ്യാതെ എല്ലാം സഹിച്ചു.
ആളുകളുടെ ആഹാരസമയങ്ങളില്‍ അയല്‍വീടുകളില്‍ പോവരുതെന്നത് മക്കള്‍ക്ക് നല്‍കിയ ശാസനയായിരുന്നു. അയല്‍പക്കത്തെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോയതിനായിരുന്നു ഉപ്പയില്‍ നിന്ന് എനിക്ക് അടികിട്ടിയതായ് ഓര്‍മ്മയുള്ള അപുര്‍വ്വം അനുഭവങ്ങളിലൊന്ന്.
ഞങ്ങളുടെ അയല്‍വീട്ടില്‍ അന്ന് ആഹാരത്തിന് വലിയ മുട്ടുണ്ടായിരുന്നില്ല. വിശപ്പ് സഹിക്കാഞ്ഞ് ആരും കാണാതെ ഞാന്‍ പതുക്കെ അവിടെച്ചെന്നു. ഉപ്പ കാര്യം പെട്ടെന്ന് മനസ്സിലാക്കി. എന്നെ തിരിച്ചുവിളിച്ചു.
ഉപ്പ: എവിടെ പോയിരുന്നു?
വീടിന്റെ ഇറയത്ത് സൂക്ഷിക്കുന്ന നേരിയ ചൂരല്‍ വടി കൈയില്‍ കണ്ടപ്പോള്‍ പേടിച്ചുവിറച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
'അങ്ങേതില്‍'.
'എന്തിന്?'
പിന്നെ അരയ്ക്ക് കീഴില്‍ പതിക്കുന്ന അടിയുടെ വേദനയില്‍ ഞാന്‍ പിടഞ്ഞു. ആര്‍ത്തു കരഞ്ഞു.
'ഈ സമയത്ത് ഒരു വീട്ടിലും പോവരുതെന്ന് പറഞ്ഞതല്ലേ?'
ഉമ്മ ഓടിവന്നു.
'വിശന്നുപൊരിയുന്ന ഈ മക്കളെ തല്ലാന്‍ എങ്ങനെ തോന്നുന്നു?' ഉമ്മയുടെ ചോദ്യം ഉപ്പയോടായിരുന്നു.
സ്‌നേഹനിധിയായ ആ പിതാവിന്റെ കണ്ണുകള്‍ നനഞ്ഞുവോ?
മരണംവരെ പാലിക്കേണ്ട അതിമഹത്തായ പാഠം പഠിപ്പിച്ച ആ നല്ല മനസ്സ് കണ്ണീരണിഞ്ഞുകൊണ്ട് പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്.
ഹൃദയസ്പർശിയായ ഒരു രംഗം നൽകുന്ന പാഠങ്ങൾ ഏറെയാണ് ഈ സംഭവത്തിൽ. ജീവിത മൂല്യങ്ങൾ എന്തെന്ന് സ്വയം നിർണ്ണയിക്കുകയും, അത് അഭിമാനത്തോടെ, നിഷ്കർശതയോടെ പാലിക്കുകയും ചെയ്ത പിതാവ്. വിശപ്പിൻ്റെ മൂർധന്യാവസ്ഥയിൽ പോലും പാലിക്കേണ്ട മര്യാദകളും, മൂല്യങ്ങളും മക്കളിലേക്ക് ബോധ്യപ്പെടുത്താൻ കാണിച്ച കണിശത എന്നിവയെല്ലാം ഇന്നത്തെ രക്ഷിതാവിന് ഉപകരിക്കും.
ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യ പാദം വരെ നമ്മുടെ ജീവിത പരിസരങ്ങളിൽ പാലിക്കേണ്ടിയിരുന്ന നില വ്യവസ്ഥകളുടെ ലംഘനത്തിൻ്റെ പേരിൽ അടി വാങ്ങിക്കാത്ത ഒരു വ്യക്തിയും ഉണ്ടായിരിക്കില്ല. അത്തരം ശിക്ഷാ രീതികൾ ആ തലമുറയിൽ അവശേഷിപ്പിച്ച മൂല്യബോധം വലുതായിരുന്നു. ശിക്ഷാവിധികളിലൂടെ സ്വഭാവരൂപികരണം ഒരനിവാര്യതയാണെന്ന വാദഗതിമുന്നോട്ടു വെക്കാനല്ല ഈ എഴുത്ത്. എന്നാൽ ഇത്തരം ഇടപെടലുകളിൽ വന്ന നിയന്ത്രണങ്ങൾ നഷ്ടപ്പെടുത്തിയ ചില സാമൂഹിക നമ്മകൾ കാണാതിരിക്കാനാവില്ലല്ലോ?.
ധാർമിക മൂല്യങ്ങളിൽ, വ്യക്തിസ്വാതന്ത്രത്തിലുമൊക്കെ വലിയ പ്രാധാന്യം കാണുന്ന കേരളത്തിനെ ഞെട്ടിപ്പിച്ചാണല്ലേ ഏപ്രിൽ 21 ൻ്റെസൂര്യാസ്തമയം കണ്ടത്. പത്തനംതിട്ടയിലെ കൊടുമണിൽ 16 വയസ്സുകാരെനെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ച് മൂടാൻ ശ്രമിച്ച സമപ്രായക്കാരായ രണ്ട് ടീനേജുകാരുടെ ക്രൂരത. അന്ന് കേരള മാധ്യമങ്ങൾ ഉറഞ്ഞു തുള്ളിയത് മൂല്യശോഷണം വന്ന ഒരു തലമുറയുടെ ദുരന്ത ഗതിയെ കുറിച്ചായിരുന്നു. രക്ഷിതാക്കൾ മുതൽ അവർ കാണാനിടയുണ്ടായിരുന്ന വഴിപോക്കർ വരെ വിചാരണക്ക് വിധേയരാകേണ്ടയവസ്ഥ. പഠന സംവിധാനങ്ങളും, അധ്യാപന രീതികളുമൊക്കെ മൂല്യം ബോധം നഷ്ടപ്പെട്ട കേവല മെറ്റീരിയലസ്റ്റിക് അപ്രോച്ചുകളായി വ്യാഖ്യാനിക്കപ്പെട്ടു. ചൈൽഡ് സൈക്കോളജിസ്റ്റുകളും, മനോരോഗ വിധഗ്ദരും പുതിയ തിസീസുകൾ തേടി ഗൂഗിൾ സഞ്ചാരത്തിലേക്കൂളിയിട്ടു. സംസ്കാരിക നായകന്മാർ ധാർമ്മിക ബോധത്തെപ്പറ്റി വാ തോരാതെ കവലകൾ തോറും ആർത്തട്ടഹസിച്ചു....
യഥാർത്ഥത്തിൽ എന്താണ് ഈ മാറ്റത്തിനടിസ്ഥാനം, കുടുംബ ബന്ധങ്ങളിൽ വന്ന ബഹുമാനക്കുറവാണ?. അതോ അധ്യാപന രീതിയുടെ അപര്യാപ്തതയോ? സൗഹൃദങ്ങളിലും,സാമൂഹിക ബന്ധങ്ങളിലും വന്ന ദൃഢതയ്ക്കുറവോ?.. ചോദ്യങ്ങൾ ഉയർത്തി കൊണ്ടിരിക്കേണ്ടതുണ്ട്. കാരണം വളരുന്ന തലമുറയുടെ ബോധങ്ങളിലേക്ക് ശരി തെറ്റിനെ നിർവചിച്ചു കൊടുക്കാൻനെങ്കിലും. നോട്ടർഡാം സർവകലാശാലയിൽ നടത്തിയ തൻ്റെ സംഭഷണത്തിൽ U. S സെനറ്റർ ലീസർമാൻ പറഞ്ഞ വാക്കുകൾ ഇത്തരുണത്തിൽ പ്രധാന്യം ഉണ്ടെന്ന് തോന്നുന്നു. " ശരിയും തെറ്റും സംബന്ധിച്ച് പണ്ടുണ്ടായിരുന്ന വീക്ഷണങ്ങൾ തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു". എവിടെ വെച്ചാണീ ബോധം നമുക്ക് നഷ്ടപ്പെട്ടത്, ആധുനികവത്കരണത്തിൻ്റെ അനിയന്ത്രിത ഒഴുക്കിൽപ്പെട്ട് ജീവിതത്തിനെ ഗുണാത്മകമാക്കാൻ സമയം തികയാതെ മനുഷ്യൻ പ്രതിസന്ധിയിലായിരിക്കുന്നു. പണം ഉണ്ടാക്കുന്നതിനുള്ള ഓട്ടത്തിനിടക്ക് കാണാതെ പോയ ചില നന്മകൾ ഉണ്ടായിരുന്നു. തലമുറകളായി പകുത്ത് നൽകിയിരുന്ന മൂല്യങ്ങൾ.
ലൗകിക വത്കരണം ( സ്വന്തം നിലപാടിലുറച്ച് ജീവിക്കുക, വിട്ടുവീഴ്ചാ മനോഭാവം നഷ്ടപ്പെട്ടിരിക്കുന്ന യവസ്ഥ) പതിനെട്ടാം നൂറ്റാണ്ടിൽ മത സംഹിത മൂല്യങ്ങളെ കീറിമുറിച്ച് ഉരവം പ്രാപിക്കാൻ തുടങ്ങി. അങ്ങനെ പരസ്പര ബഹുമാനവും, സഹകരണവും, കൃതജ്ഞതാ മനോഭാവവുമെല്ലാം പതിയെ പതിയെ വേരറ്റുപോയി. സ്വാർത്ഥത കൈ മുതലാക്കിയ മൊഡേണിസം അഴിമതിക്കും, മനുഷ്യത്വമില്ലായ്മയിലും വലയം പ്രാപിച്ചു. പണം മാനദണ്ഡമാക്കി മൂല്യങ്ങൾ അളന്നപ്പോൾ അധാർമ്മികതക്ക് മേൽക്കോഴ്മ ലഭിച്ചു (റോബർട്ട് വൂത് നൗ - പ്രിസ്റ്റൺ യൂണിവേഴ്‌സിറ്റി). അത്യാഗ്രഹങ്ങൾ കുന്നുകൂടി ശരി, തെറ്റുകൾ തരംതിരിക്കാനാവാതെയായി (ചെവ് ഊവ് നിൽസൺ, സ്വീഡൻ ). ഓരോരുത്തർക്കും ഏറ്റവും നല്ലത് എന്തെന്ന് തോന്നുന്നത് ശരിയായി വ്യാഖ്യാനിക്കപ്പെട്ടു.അങ്ങനെ മനുഷ്യ കുലം ഒരു ധാർമിക ശിലായുഗത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു ( ക്രിസ്റ്റീന ഹോഫ് സൊമേഴ്സ്).
കുടുംബ ബന്ധങ്ങളിലെ ധാർമികതകർച്ച മുതൽ, മതാധ്യാപനങ്ങളോടുള്ള നിഷേധാത്മക മനോഭാവം ഈ മൂല്യച്യുതിക്ക് അടിസ്ഥാനമായെന്ന് പറയാം. മനുഷ്യ ജീവനാണ് ഏറ്റവും ശ്രേഷ്ഠതയും, മൂല്യവും ഉള്ളത് എന്ന തത്വത്തിൽ നിന്ന് തെരുവ് നായയുടേയും, കോഴിയുടെയും, പശുവിൻ്റെ പേരിലുമൊക്കെ ജീവൻ ത്യജിക്കാൻ വിധിക്കപ്പെട്ടവനായി മനുഷ്യൻ മാറി.
ഒരിക്കൽ ഒരു യാത്രയ്ക്ക് പുറപ്പെട്ട സൂഫിക്കൊപ്പം തൻ്റെ ശിഷ്യനും ചേർന്നു. വഴിയിൽ വീണ ചെറിയ പുഴുവിനെപ്പോലും എടുത്ത് മരക്കൊമ്പിൽ വെക്കുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തിയിൽ ജിജ്ഞാസ തോന്നിയ ശിഷ്യൻ തൻ്റെ സംശയം പ്രകടിപ്പിക്കുന്നു. "കേവലം അഞ്ചാറു മണിക്കൂർ ആയുസ്സുള്ള പ്രാണികളുടെ ജീവന് അങ്ങെന്തിനാണ് ഇത്രയധികം ശ്രദ്ധ നൽകി സമയം ചിലവഴിക്കുന്നത് ", ഗുരു മറുപടി നൽകിയത് ഇങ്ങനെ "അറുപത് എഴുപത് വർഷം ജീനക്കുന്ന മനുഷ്യൻ്റെ ആയുസ്സ് പോലെ പ്രധാന്യമുണ്ട് ഒരു പുഴുവിൻ്റെ ആറു മണിക്കൂർ ജീവിതത്തിന്. അതിൻ്റെ ഓരോ മിനുട്ടും മനുഷ്യൻ്റെ ഒരു വർഷത്തിൻ്റെ പ്രധാന്യം കാണിക്കുന്നു". യാത്ര തുടരുന്നതിനിടയിൽ ഒരാൾ നിരുപദ്രവകാരികളായ ഉറുമ്പുകളെ ചവിട്ടിയരച്ച് കൊല്ലുന്നത് കണ്ട് ഗുരു തടയുന്നു. അതിൽ കുപിതനായ വ്യക്തി ഗുരുവിനെ തെറിവിളിച്ച് പോകുന്നു. ശിഷ്യൻ പറഞ്ഞു ഗുരു ആവശ്യമില്ലാതെ എന്തിനാണങ്ങ് അയാളോട് സംസാരിച്ചത്?. ഗുരു പറഞ്ഞു ചെറിയതെന്ന് തോന്നാമെങ്കിലും അയാളിലെ മൂല്യച്യുതികാണാതിരിക്കാനെനിക്കാവില്ല. നിരുപദ്രവകാരികളായ ഉറുമ്പിനോടുള്ള അയാളുടെ ചെയ്തികൾ തടഞ്ഞില്ലെങ്കിൽ എന്നിലെ മൂല്യബോധമാണത് നഷ്ടപ്പെടുത്തുന്നത്. അനീതി കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതിനപ്പുറം എന്ത് മൂല്യശോഷണമാണ് ഭൂമിയിലുള്ളത് ''.
നിസാര ജീവികളിലും പ്രധാന്യം കാണാനും, തിന്മകളെ ബോധ്യപ്പെടുത്തലും ഓരോരുത്തലിലേയും കർത്തവ്യമാണെന്ന മൂല്യവത്തായ സന്ദേശം നൽകുന്ന ഗുണപാഠം.
ചിലപ്പോഴെ ങ്കിലും നിസ്സാരമായി  നാം കരുതുന്ന ചില വൈകൃതങ്ങൾ മക്കളിലുണ്ടാവുമ്പോൾ ശ്രദ്ധിക്കാതിരുന്നാൽ, ഭാവിയിൽ വലിയ വില നൽകേണ്ടതായി വരും. ചെറുതും, വലുതുമായ മൂല്യശോഷണങ്ങളെ താക്കീതിനാലും, ഉപദേശത്താലും, ചിലപ്പോഴൊക്കെ ചെറിയ ശിക്ഷാവിധിയാലും തിരുത്തേണ്ടതുണ്ട്.കാരണം എന്താണ് ശരി - തെറ്റെന്ന് മനസ്സിലാക്കാനാകാത്ത ഒരു അപക്വതലമുറയുടെ കടിഞ്ഞാൻ കയ്യിലേന്തേണ്ടി വന്ന ഹതഭാഗ്യരാണ് ഇന്നത്തെ രക്ഷിതാക്കളും - അധ്യാപകരും. കുറ്റകൃത്യ മനോഭാവങ്ങൾ സ്വാധീനം ചെലുത്താവുന്ന വെർച്വുൽ ലോകത്തഭിരമിക്കുന്ന മക്കളോട്, "നമ്മൾ കടന്ന് പോയ അനുഭവങ്ങളും, നമ്മിലെ മൂല്യങ്ങളുടെയും ആകെ തുകയാണ് നമ്മളെന്ന് " പറഞ്ഞാൽ മനസ്സിലായെന്ന് വരില്ല.
ജീവിതത്തിന് അര്‍ത്ഥവും മനോഹാരിതയും നല്‍കുന്നത് നാം പുലര്‍ത്തുന്ന മൂല്യങ്ങളിലൂടെയാണ്. ഈശ്വരഭക്തി, സാഹോദര്യം, കൃത്യബോധം, അച്ചടക്കം, സേവനതത്പരത എന്നീ പഞ്ചശീലതത്വങ്ങള്‍ പാലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ ഉയരാന്‍ സാധിക്കും. സത്യം, നീതി, ദയ, കരുണ, ദീനാനുകമ്പ, പരസ്‌നേഹം, ആത്മാര്‍ത്ഥത, ധര്‍മ്മബോധം, അനുസരണം തുടങ്ങിയ മൂല്യങ്ങള്‍  ചെറുപ്പത്തിലേ ശീലിപ്പിക്കണം. അനുസരണം പല ഉത്തമ സ്വഭാവഗുണങ്ങളുടെയും അടിസ്ഥാനമാണ്. അതനുഭവിപ്പിക്കാൻ, ജീവിതമൂല്യങ്ങളെ വളർത്താൻ പ്രാപ്തരാക്കുന്ന ധാർമ്മിക കഥയോതാൻ നമ്മൾ വൃദ്ധസദനത്തിൽ തള്ളിയ മുത്തശ്ശനോ- മുത്തശ്ശിയോ അവർക്കൊപ്പമില്ലല്ലോ!. നമുക്ക് ലഭിച്ചിരുന്ന നേരനുഭവങ്ങളിലെ അയൽവാസികളുടെ കൊടുക്കൽ വാങ്ങലിൻ്റെ ഊഷമളത ചുറ്റുമതിലിനകത്തെ ഇൻറർലോക്ക് മുറ്റത്ത് നിന്നവൻ പരിചയിച്ചിട്ടില്ലല്ലോ!. അസുഖം വന്നാൽ അർദ്ധരാത്രി ഓടി വന്ന് താങ്ങിയെടുത്ത് വെളുക്കുവരെ ഉറക്കമിളച്ചിരുന്ന നമ്മുടെ ഓട്ടോക്കാരൻ സുഹൃത്തിൻ്റെ നന്മ പബ്ജി ഗയിം മുറികളിൽ അവനനുഭവിച്ചിട്ടില്ലല്ലോ!. മാളിലും, ഹാളിലും കയറിയിറങ്ങി നാം പഠിപ്പിച്ച മൊഡേണിറ്റി നഷടപ്പെടുത്തിയത് കല്യാണങ്ങളിലും, മരണങ്ങളിലുമെല്ലാം ഗ്രാമാന്തരീക്ഷത്തിൽ നാം അനുവർത്തിച്ചിരുന്ന പങ്കു വെക്കലുകളുടെയും, പരസ്പര സഹായത്തിൻ്റെയും നന്മയും മൂല്യവുമാണെന്ന തിരിച്ചറിവുകളല്ലേ!. ഇടക്കെക്കേ കൂട്ടുകുടുംബങ്ങളിലേക്കും, സൗഹൃദ കൂട്ടായ്മകളിലേക്കുമായി നമ്മുടെ ബാല്യങ്ങളിൽ നടത്തിയ യാത്രകളുടെ അനുഭൂതി പക്ഷേ ബീച്ചിലും, പാർക്കിലും,ഗയിംസ് കോർണറുകളിലും കയറിയുല്ലസിക്കുമ്പോൾ നമ്മുടെ മക്കൾക്ക് കിട്ടുന്നില്ലല്ലോ!.
ബൈബിളധ്യാപനം പോൽ അനുസരണയിൽ നിന്ന് സ്വഭാവത്തിലേക്കും, നിയമങ്ങളിൽ നിന്ന് മനോഭാവങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ നമ്മുടെ മക്കളെ പ്രാപ്തമാക്കിയാൽ അവരെയോർത്ത് കണ്ണീരണിയേണ്ടി വരില്ല എന്നോർമിക്കുക.
ശുഭം
Dr. Jayafarali Alichethu
9946490944

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Model Question by Dr. JR