റമളാൻ ചിന്ത - 27
Dr.ജയഫർ അലി ആലിച്ചെത്ത് *കോപം* സെൻറ് പോളിൻ്റെ പ്രസക്തമായൊരു വചനം ഇങ്ങനെ വായിക്കാം, *"നിങ്ങളുടെ കോപത്തിന്മേൽ സൂര്യൻ അസ്തമിക്കരുത്".* ഒരാൾക്ക് കോപം ഉണ്ടാകുന്നെങ്കിൽ അതിനെ നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്. അനിയന്ത്രിത കോപം വരുത്തുന്ന ഭവിഷ്യത്തുകൾ മാറാൻ സമയമെടുക്കുമെന്നത് സ്വാഭാവികമെങ്കിലും, കൂടുതൽ സമയദൈർഘ്യം കൂടാതെ അത് തീർക്കേണ്ടതുണ്ടെന്ന ഗുണപാഠമാണ് മേൽവചനം. *തെരുവുയുദ്ധം ജയിക്കുന്നതിനെക്കാൾ ബലവാൻ കോപത്തെ നിയന്ത്രിക്കാൻ സാധിക്കുന്നവനാണെന്ന്* പുണ്യ വചനങ്ങളിൽ പറയുന്നു. *ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലാണ് കോപം എന്നതു തത്വവും.* ദേഷ്യാവസ്ഥയിൽ ഉപയോഗിക്കുന്ന വാക്കുകളും, ചെയ്തുകൂട്ടുന്ന പ്രവർത്തികളും വിവേകപൂർവ്വമാകില്ലല്ലോ?. മനുഷ്യനെ അപക്വമതിയാക്കുന്നതിനും, വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നതിനും കോപം ഹേതുവാകാം. ഒരു നിമിഷത്തെ *കോപാവസ്ഥയിൽ പറഞ്ഞു കൂട്ടുന്ന വാക്കുകൾ വരുത്തുന്ന മുറിവുകൾ ഉണക്കാൻ ഒരായുസ്സ് മുഴുവനും തികഞ്ഞെന്ന് വരില്ല.* ദേഷ്യം പേറുന്നവനെക്കാൾ ബുദ്ധിമുട്ടു സഹിക്കേണ്ടിവരുന്നത് ദേഷ്യത്തിന് ഇരയാകുന്നവനാണ് . ദേഷ്യക്കാരൻ ദേഷ്യം തീർന്നുകഴിയുന്നതോടെ ശാന...